മനസ്സും തലച്ചോറും ഒന്ന് തന്നെയാണോ?
മനസ്സും തലച്ചോറും തമ്മിലുള്ള അന്തരമെന്താണെന്ന് സദ്ഗുരു വിവരിക്കുന്നു.
 
 

ചോദ്യം: മനസ്സും തലച്ചോറും ഒന്ന് തന്നെയാണോ?

സദ്ഗുരു: അല്ല: അവ ഒന്നല്ല; രണ്ടാണ്. നിങ്ങളുടെ ചെറുവിരല്‍ പോലെ തലച്ചോറ് നിങ്ങളുടെ ദേഹത്തിന്‍റെ ഭാഗമാണ്; അതിനു വേറെ ധര്‍മ്മവുമുണ്ട്. തലച്ചോറില്ലാതെ മനസ്സിനു പ്രവര്‍ത്തിക്കാന്‍ കഴിയുമോ? തലച്ചോറിന്‍റെ അഭാവം മാത്രമല്ല, മറ്റു പലതിന്‍റെയും അഭാവം മനസ്സിനെ പ്രവര്‍ത്തനരഹിതമാക്കും. മനസ്സിനെ പ്രവര്‍ത്തനരഹിതമാക്കാന്‍ തലച്ചോറ് ചൂഴ്ന്നെടുക്കണമെന്നില്ല. അതിനു വേറെ പല വഴികളുമുണ്ട്.

തലച്ചോറ് ഭൗതികമായ ഒരു വസ്തുവാണ്. അതു ശരീരമാണ്. അതിനു പ്രത്യേക കര്‍ത്തവ്യങ്ങളുണ്ട്‌; ഇവ മനസ്സിന്‍റെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണ്. പക്ഷെ മനസ്സ് ഒരു ഹേതുവും വ്യാപാരവുമാണ്. ഒരുദാഹരണം പറയാം. നിങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഭാഷണത്തിന് അസ്തിത്വമുണ്ട്. നിങ്ങള്‍ വര്‍ത്തമാനം മതിയാക്കി മിണ്ടാതിരിക്കുമ്പോള്‍, നിങ്ങളുടെ ഭാഷണം എവിടെ പോകുന്നു? അതു നിങ്ങളുടെ വായക്കകത്ത്‌ കാത്തിരിക്കുകയാണോ? അല്ല! അത് അപ്പോള്‍ അസ്തിത്വത്തിലില്ല. നിങ്ങള്‍ ഭാഷണം എന്ന കര്‍മ്മത്തില്‍ ഏര്‍പ്പെടുമ്പോള്‍ മാത്രമേ നിങ്ങള്‍ ഉച്ചരിക്കുന്ന വാക്കുകള്‍ക്ക് അസ്തിത്വമുള്ളൂ. നിങ്ങള്‍ മൗനം പൂണ്ടിരിക്കുമ്പോള്‍ നിങ്ങളുടെ ഭാഷണത്തിന് അസ്തിത്വമില്ല.

തലച്ചോറ് ശാരീരികമായ ഒരു വസ്തുവാണ്. തലച്ചോറ് എന്നാല്‍ ചിന്തകളും നിങ്ങള്‍ മനസ്സ് എന്നു വിളിക്കുന്ന മറ്റു കാര്യങ്ങളും മാത്രമല്ല. അത് നിങ്ങളുടെ കരള്‍, ഹൃദയം മുതലായ മുഖ്യാവയവങ്ങള്‍ മുതല്‍ ചെറുവിരലിന്‍റെ അറ്റം വരെയുള്ള ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു തച്ചനാണ്.

നിങ്ങളുടെ മനസ്സും ഇതു പോലെ തന്നെയാണ്. പ്രവര്‍ത്തനത്തില്‍ മാത്രമേ അതിന് ആസ്തിക്യമുള്ളൂ.പ്രവര്‍ത്തനത്തിന്‍റെ അഭാവത്തില്‍ അതിന് അസ്തിത്വമില്ല. അതു ഭൗതികമായ ഒരു വസ്തുവല്ല. നിങ്ങളുടെ മനസ്സ് എവിടെയാണ് എന്നു നിങ്ങള്‍ അറിയുന്നില്ല. എവിടെയാണെന്ന് അറിയാമായിരുന്നെങ്കില്‍ നിങ്ങള്‍ അതിന് എന്നോ സ്ഥിരത നല്‍കുമായിരുന്നു. പ്രവൃത്തിയിലൂടെ മാത്രം അതിനെ അറിയുന്നതായത് കൊണ്ടാണ് അത് എവിടെയാണെന്ന് നിങ്ങള്‍ക്കു നിശ്ചയമില്ലാത്തത്. പക്ഷെ തലച്ചോറ് ശാരീരികമായ ഒരു വസ്തുവാണ്. തലച്ചോറ് എന്നാല്‍ ചിന്തകളും നിങ്ങള്‍ മനസ്സ് എന്നു വിളിക്കുന്ന മറ്റു കാര്യങ്ങളും മാത്രമല്ല. അത് നിങ്ങളുടെ കരള്‍, ഹൃദയം മുതലായ മുഖ്യാവയവങ്ങള്‍ മുതല്‍ ചെറുവിരലിന്‍റെ അറ്റം വരെയുള്ള ശരീരഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഒരു തച്ചനാണ്.

തലച്ചോറും മനസ്സും ഒന്നല്ല;രണ്ടും രണ്ടാണ്. പക്ഷെ, അവ തമ്മില്‍ ബന്ധമുണ്ടോ? തീര്‍ച്ചയായും ബന്ധമുണ്ട്! എല്ലാ വസ്തുക്കളും തമ്മില്‍ തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ എല്ലാ കോശങ്ങളും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തിനും അതിന്‍റെതായ മനസ്സുണ്ട്. നിങ്ങളുടെ ജീനുകളില്‍ പല തരം ഓര്‍മ്മകള്‍ അടങ്ങിയിട്ടുണ്ട്; ആ ഓര്‍മ്മകളെ ആധാരമാക്കി ജീനുകള്‍ വര്‍ത്തിക്കുന്നു. അതും ഒരു തരം മനസ്സു തന്നെയാണ്.

യോഗയില്‍ നമ്മള്‍ ഒരു മനുഷ്യനെ അഞ്ചു പാളികളായി കാണുന്നു. അതില്‍ മൂന്നെണ്ണം ഭൗതികമായ പൊരുളുകളാണ്. മറ്റു രണ്ടെണ്ണം വേറൊരു മണ്ഡലത്തിലാണ്. ഭൗതിക ശരീരം, മാനസിക ശരീരം, ഊര്‍ജ ശരീരം എന്നിവ ഭൗതികമാണ്; ഒന്നില്ലാതെ മറ്റുള്ളവയ്ക്ക് നിലനില്‍പ്പില്ല. നിങ്ങളുടെ ശരീരം ഭൗതികമാണ്; പ്രത്യക്ഷമാണ്. നിങ്ങളുടെ മാനസികശരീരം പ്രത്യക്ഷമല്ലെങ്കിലും ഇതിലെ ഓരോ കോശത്തിനും അതിന്‍റെതായ ബുദ്ധിശക്തിയുണ്ട്. അതു മാനസികമായ അസ്തിത്വമാണ്. തലച്ചോറ് നിങ്ങളുടെ തലയില്‍ സ്ഥിതി ചെയ്യുന്നു. പക്ഷെ അങ്ങനെ ഒരു പ്രത്യേക സ്ഥലത്തു സ്ഥിതി ചെയ്യുന്ന ഒന്നല്ല മനസ്സ്. അത് എല്ലായിടത്തുമുണ്ട്. അത് ഒരു കര്‍മ്മമാണ്; ഒരു പ്രവര്‍ത്തനം! ആ പ്രവര്‍ത്തനം നിങ്ങള്‍ അവസാനിപ്പിച്ചാല്‍, മനസ്സ് പിന്നെ നിലനില്‍ക്കുന്നില്ല.

ഭൗതിക ശരീരം, മാനസിക ശരീരം, ഊര്‍ജ ശരീരം എന്നിവ ഭൗതികമാണ്; ഒന്നില്ലാതെ മറ്റുള്ളവയ്ക്ക് നിലനില്‍പ്പില്ല. നിങ്ങളുടെ ശരീരം ഭൗതികമാണ്; പ്രത്യക്ഷമാണ്. നിങ്ങളുടെ മാനസികശരീരം പ്രത്യക്ഷമല്ലെങ്കിലും ഇതിലെ ഓരോ കോശത്തിനും അതിന്‍റെതായ ബുദ്ധിശക്തിയുണ്ട്. അതു മാനസികമായ അസ്തിത്വമാണ്.

നിങ്ങള്‍ മനസ്സിനെ “ടേണ്‍ ഓഫ്” ചെയ്താലും അത് “ഓഫ്” ആകുക മാത്രമല്ല, തീര്‍ത്തും ഇല്ലാതാകുകയും ചെയ്യും.നിങ്ങള്‍ അതിനെ “ടേണ്‍ ഓണ്‍” ചെയ്താല്‍ അത് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുന്നു. അത് ഒരു സിനിമ പോലെയാണ്. സിനിമ നടന്നുകൊണ്ടിരിക്കുമ്പോള്‍ അത് യഥാര്‍ത്ഥത്തേക്കാള്‍ യഥാര്‍ത്ഥമാണ്. ഒരു സ്വിച്ചു കൊണ്ട് അതിനെ ഇല്ലാതാക്കാം. യുദ്ധരംഗമാകട്ടെ, പ്രേമരംഗമാകട്ടെ, നിങ്ങള്‍ ഒരു സ്വിച്ച് “ടേണ്‍ ഓഫ്” ചെയ്താല്‍ പിന്നെ അതില്ല. അതു പോലെയാണ് മനസ്സ്. വാസ്തവമായിട്ടുള്ള ഒരു വലിയ നാടകം നടക്കുകയാണ്. നിങ്ങളുടെ ജീവിതാനുഭവത്തില്‍, മനസ്സിനുള്ളില്‍ നടക്കുന്നതാണ് പുറമേ നടക്കുന്നതിനേക്കാള്‍ നിങ്ങള്‍ക്കു പ്രധാനം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പറയുന്നതാണ് ചുറ്റുമുള്ള ലോകം പറയുന്നതിനേക്കാള്‍ നിങ്ങള്‍ക്കു പ്രധാനം. പക്ഷെ അതിനെ “സ്വിച്ച് ഓഫ്” ചെയ്താല്‍ പിന്നെ അതില്ല. അപ്പോഴാണ് മനസ്സിന്‍റെ പരിഹാസ്യമായ സ്വഭാവം നിങ്ങള്‍ കാണുന്നത്. വലിയ നാടകമെല്ലാം ഒരുക്കുമെങ്കിലും അതു തീര്‍ത്തും ദുര്‍ബലമാണ്. അതു സിനിമ പോലെയാണ്. “ടേണ്‍ ഓഫ്” ചെയ്യൂ; പിന്നെ അതില്ല.

മനസ്സ് ഉണര്‍ന്നിരിക്കുമ്പോഴുള്ള ഒരു സിനിമയാണെങ്കില്‍ കുഴപ്പമില്ല. ആ സിനിമ യാതൊരു പ്രശനവും ഉണ്ടാക്കുന്നില്ല. നിങ്ങളുടെ വീട്ടില്‍ ഒരു ഡി.വി.ഡി. ഉണ്ടെന്നു വിചാരിക്കൂ. നിങ്ങളുടെ വീട്ടിലെ ചുമരുകളെല്ലാം സ്ക്രീനുകളാണെന്നു വിചാരിക്കൂ. സദാസമയവും ഒരേ സിനിമ കളിച്ചു കൊണ്ടിരുന്നാല്‍ അത് നിങ്ങള്‍ക്കു ശല്യമായിരിക്കില്ലേ? അത് നിങ്ങളെ ഭ്രാന്ത് പിടിപ്പിക്കും. അതു തന്നെയാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്. ഒരു വ്യക്തിയുടെ മനസ്സ് അയാളുടെ അധീനത്തിലല്ലെങ്കില്‍ നമ്മള്‍ പറയും അയാള്‍ക്ക് ഭ്രാന്താണെന്ന്. നിങ്ങളുടെ സിനിമ മോശമാണെന്നു ഞാന്‍ പറയുന്നില്ല. ഏതു തരം സിനിമയായാലും എല്ലാ നേരവും കളിച്ചു കൊണ്ടിരുന്നാല്‍ അത് ഭയാനകമാകും. നമുക്ക് ആവശ്യമുള്ളപ്പോള്‍ തുടങ്ങുകയും മതിയെന്നു തോന്നുമ്പോള്‍ നിര്‍ത്തുകയും ചെയ്യാമെങ്കില്‍ മാത്രമേ സിനിമ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. അങ്ങനെയാണെങ്കില്‍ അത് സുന്ദരമായ ഒരു സിനിമയായിരിക്കും.

 
 
 
 
  0 Comments
 
 
Login / to join the conversation1