മനസ്സിലെ മാലിന്യങ്ങൾ
 
 

सद्गुरु

ആത്മീയ സാധനയ്ക്കിടയിൽ വരുന്ന ചിന്തകളെക്കുറിച്ച് സദ്ഗുരു.
ചോദ്യകർത്താവ് : നമസ്കാരം, സദ്ഗുരു. ക്രിയകൾ ചെയ്യുന്ന സമയത്ത് മനസ്സിൽ കടന്നുവരുന്ന അനേകം ചിന്തകൾ വാസ്തവത്തിൽ എനിക്കൊരു വെല്ലുവിളി തന്നെയാണ്. അവയെ അകറ്റിനിർത്തി ക്രിയയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ഞാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ ഇപ്പോഴും അത് നടപ്പാക്കാൻ പറ്റുന്നില്ല. ഞാൻ ഇനി എന്താണ് ചെയ്യേണ്ടത്?

സദ്ഗുരു : ശരി. നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കാൻ നല്ലതു പോലെ ശ്രമിക്കുന്നുണ്ട്. പക്ഷെ ചിന്തകൾ നിങ്ങളെ വിട്ടു പോകുന്നില്ല, അല്ലെ? ഇത് മനസ്സിന്റെ സ്വഭാവമാണ്. നിങ്ങൾക്ക് മനസ്സിനോടുമാത്രം എന്തോ വൈരാഗ്യമുണ്ടെന്നു തോന്നുന്നു. ക്രിയകൾ ചെയ്യുമ്പോഴും, ധ്യാനത്തിലിരിക്കുമ്പോഴും നിങ്ങളുടെ വൃക്കകളും ശ്വാസകോശങ്ങളും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് നിങ്ങളെ അലട്ടുന്നില്ല. ഹൃദയം സ്പന്ദിക്കുന്നതും ഒരു പ്രശ്നമാകുന്നില്ല. ഇതുപോലെ നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും പ്രവർത്തിക്കാം. പക്ഷെ ബുദ്ധി പ്രവർത്തിക്കാൻ പാടില്ല. ആത്മീയ കാര്യങ്ങൾ ചെയ്യുമ്പോൾ ബുദ്ധി പ്രവർത്തിക്കരുതെന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമാണ്.

നിങ്ങളുടെ ഉള്ളിലുള്ളതെന്താണോ അതിന്റെ വാസന മാത്രമാണ് ചിന്തകൾ - ചിലപ്പോൾ സുഗന്ധമായിരിക്കും; ചിലപ്പോൾ ദുർഗന്ധമായിരിക്കും.

നിങ്ങളുടെ ഉള്ളിലുള്ളതെന്താണോ അതിന്റെ വാസന മാത്രമാണ് ചിന്തകൾ - ചിലപ്പോൾ സുഗന്ധമായിരിക്കും; ചിലപ്പോൾ ദുർഗന്ധമായിരിക്കും. പുതിയതായി യാതൊന്നും അവിടെ കടന്നു വരുന്നില്ല. നിങ്ങൾ സമ്പാദിച്ചുവച്ചിട്ടുള്ള വസ്തുക്കൾ നിങ്ങളുടെ തലച്ചോറിലേക്ക് കടക്കാൻ സമ്മതിക്കാതിരുന്നാൽ നിങ്ങളുടെ ബുദ്ധിക്ക് അത്ഭുതകരമായ വിധത്തിൽ പ്രവർത്തിക്കുവാൻ സാധിക്കും. അസാധ്യമെന്ന് തോന്നിയ കാര്യങ്ങൾ പോലും സാധ്യമാകും. പക്ഷെ, ഇപ്പോൾ അതിൽ നിറയെ നിങ്ങൾ നിറച്ചുവച്ച മാലിന്യങ്ങളാണുള്ളത്. അതുകൊണ്ടാണ് നിങ്ങൾക്ക് അതിനെ നിയന്ത്രിക്കാൻ പാട് പെടേണ്ടിവരുന്നത്; അതിനെ പ്രവർത്തനരഹിതമാക്കാൻ ആഗ്രഹിക്കുന്നത് തെറ്റാണ്.

തലച്ചോറിനെ നിങ്ങളുടെ ശരീരത്തിന്റെ മകുടമാക്കി വെയ്ക്കുന്നതിനുപകരം അതിനെ ഒരു കുപ്പത്തൊട്ടിയാക്കിയിരിക്കുകയാണ്. ശാരീരികമായി നോക്കിയാൽ അത് കിരീടം തന്നെയാണ്. യോഗയുടെ ഭാഷയിൽ സഹസ്രാരം എന്നത് ആയിരം ദളങ്ങളുള്ള താമരയാണ്. ആയിരം എന്നത് കൃത്യമായ സംഖ്യയായിട്ടല്ല, അനേകം എന്ന അർത്ഥത്തിലാണ് ഉപയോഗിക്കുന്നത്. നിങ്ങളുടെ ബുദ്ധി അസ്തിത്വ പ്രക്രിയയിൽ രൂഡമൂലമാണെങ്കിൽ എണ്ണമറ്റ സാധ്യതകൾ നിങ്ങൾക്ക് മുന്നിൽ തുറന്നുവരും. പക്ഷെ ഇപ്പോൾ നിങ്ങളുടെ തലച്ചോർ നിങ്ങളുടെ മനസ്സിൽ മാത്രം ഒതുങ്ങിക്കഴിയുകയാണ്.ഇത് കേൾക്കുമ്പോൾ നിങ്ങൾ പറയും ; "സദ്ഗുരോ, അത് തന്നെയാണ് ഞാനും പറയുന്നത് - ഈ ചിന്തകളെ എങ്ങിനെയാണ് ഒഴിവാക്കുക എന്ന് പറഞ്ഞുതരാമോ?" പക്ഷെ അതല്ല നിങ്ങൾ യാഥാർത്ഥ്ത്തിൽ പറയുന്നത്. നിങ്ങൾക്ക് ജ്ഞാനോദ്ദീപനത്തെക്കുറിച്ച് ചില മായാമോഹങ്ങളുണ്ട്. ഇതിനെ ഞാൻ മായാമോഹങ്ങൾ എന്ന് വിശേഷിപ്പിക്കാൻ കാരണമുണ്ട്. ജ്ഞാനോദ്ദീപനം ഒരാൾക്കും ചെയ്യാൻ പറ്റുന്ന ഒരു കാര്യമല്ല. നിങ്ങൾ വെളിച്ചത്തെ ഉണ്ടാക്കുന്നില്ലല്ലോ? വെളിച്ചത്തെ കാണുന്നത് മാത്രമല്ലേയുള്ളു? അതിരാവിലെ സൂര്യൻ ഉദിക്കുമ്പോൾ നിങ്ങളല്ല ആ വെളിച്ചത്തെ സൃഷ്ടിക്കുന്നത്. കണ്ണുകൾ തുറന്നു വെച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് ആ പ്രകാശം കാണുവാൻ സാധിക്കും എന്നുമാത്രം. ഇനി നിങ്ങൾ വെളിച്ചത്തെ സൃഷ്ട്ടിക്കുകയാണെന്നിരിക്കട്ടെ, (ടോർച്ച് കൊണ്ട്). നിങ്ങൾ തന്നെ അത് കത്തിച്ചു കൊണ്ടേയിരിക്കണം. ആ വെളിച്ചം കെട്ടുപോകുമെന്ന ഭയം എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. വിദ്യാഭ്യാസവും ജ്ഞാനസമ്പാദനവും തമ്മിലുള്ള വ്യത്യാസം അതാണ്. പത്തോ, നൂറോ, ആയിരമോ പുസ്തകങ്ങൾ പഠിച്ചാൽ നിങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചു എന്ന പറയാം. എന്നിട്ടും ഏതെങ്കിലുമൊരു സമയത്ത് നിങ്ങൾക്ക് വേണ്ടത്ര അറിവില്ലാതെ വരും.

ജ്ഞാനോദയം, അതു നിങ്ങൾ പുസ്തകങ്ങൾ വച്ച് പഠിക്കുന്നില്ല. നിങ്ങൾ ജ്ഞാനസമ്പാദനത്തിൽ ഏർപ്പെട്ടിരിക്കുക മാത്രമാണ്. അത് അവസാനമില്ലാത്ത ഒരു പ്രക്രിയയാണ്. നിങ്ങൾക്കറിയാത്ത ഏതെങ്കിലും ഒരു പ്രത്യേക അറിവ് ഒരു ജ്ഞാനിക്കുണ്ടോ? ഇല്ല. ജ്ഞാനിക്കറിയാത്ത ഏതെങ്കിലും ഒരു പ്രത്യേക കാര്യമുണ്ടോ? അതുമില്ല. ഞാൻ വെറുതെ വാക്കുകൾ കൊണ്ട് കളിക്കുകയാണെന്ന് വിചാരിക്കേണ്ട. ഇത് ജീവിതത്തിന്റെ ഭാഗമാണ്.

നിങ്ങളുടെ കരളിലോ, വൃക്കയിലോ നടക്കുന്ന പ്രവർത്തനം നിങ്ങളുടെ മനസ്സിലെ ചിന്തകളേക്കാൾ എത്രയോ സങ്കീർണ്ണമാണ്. ഈ അവയവങ്ങളുടെ പ്രവർത്തനം നിങ്ങളെ ശല്യപ്പെടുത്തിന്നില്ലായെങ്കിൽ നിങ്ങളുടെ ചിന്തകൾ മാത്രം എന്തിനു നിങ്ങളെ ശല്യം ചെയ്യണം? ഞാൻ എന്നാൽ എന്റെ ചിന്തകൾ എന്ന നിങ്ങളുടെ വിശ്വാസമാണ് ഇതിനു കാരണം. നിങ്ങൾ എന്തിനെപ്പറ്റിയെങ്കിലും ചിന്തിക്കുമ്പോൾ: ‘ഇവ എന്റെ ചിന്തകളാണ്' എന്നല്ല പറയുന്നത് ‘ഞാൻ ചിന്തിക്കുന്നു' അഥവാ 'എനിക്ക് തോന്നുന്നു' എന്നാണ് നിങ്ങളുടെ ചിന്തകളുമായി നിങ്ങൾ താദാത്മ്യം പ്രാപിക്കുന്നതുകൊണ്ടാണ് അവ നിങ്ങളെ ശല്യപ്പെടുത്തുന്നത്. നിങ്ങളുടെ വൃക്കകൾ ശരിയായി പ്രവർത്തിക്കുന്നിടത്തോളം കാലം നിങ്ങൾ അതിനെക്കുറിച്ച് ആലോച്ചിക്കുന്നില്ല. ശരിയായി പ്രവർത്തിക്കുന്നിടത്തോളം കാലം ഇങ്ങനെ ഒരു അവയവം ഉണ്ടെന്നുപോലും അധികമാളുകളും അറിയുന്നില്ല. വൃക്കകൾ ഉപകരണങ്ങൾ മാത്രമാണ്. നല്ലപോലെ പ്രവർത്തിക്കുന്നതുകൊണ്ട് നമുക്കവയെപ്പറ്റി മറന്നു കളയാം.

ശരിയായി പ്രവർത്തിക്കാത്തതിനെപ്പറ്റി നമ്മൾ എപ്പോഴും ബോധവാന്മാരായിരിക്കും. ഞാൻ നിങ്ങളുടെ തലച്ചോറിനെപ്പറ്റിയാണ് പറയുന്നത്. ശരിയായി പ്രവർത്തിക്കുമ്പോൾ നിങ്ങൾക്ക് അതിനെപ്പറ്റി ആലോചിക്കേണ്ട. നിങ്ങൾ അതുമായി താദാത്മ്യം പ്രാപിച്ചിട്ടില്ലെങ്കിൽ അതിനെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല. നേരെമറിച്ച്, താദാത്മ്യം പ്രാപിച്ചാൽ അത് ഒരു പ്രശ്നമാകും. നിങ്ങൾ നിങ്ങളുടെ ചിന്തകളാണ് വാസ്തവത്തിൽ നിങ്ങൾ നിങ്ങളല്ലാത്ത ഒരു കാര്യവുമായിട്ടാണ് താദാത്മ്യം പ്രാപിച്ചിട്ടുള്ളത്. ഇത് സംഭവിച്ചാൽ നിങ്ങൾക്ക് മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതാകും. അഴുകിയ ഭക്ഷണം കഴിച്ചാൽ വയറ്റിൽ വായുവിന്റെ ശല്യം ഉണ്ടാകുന്നത് പോലെയാണത്. അതിനെ ഒരു അടപ്പിട്ട് വയ്ക്കാൻ സാധിക്കില്ല, ചീത്ത ഭക്ഷണം കഴിക്കാതിരിക്കുകതന്നെ വേണം.

മനസ്സിനെ ഒരു തമാശയാക്കണമോ അതോ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമോ? പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമെങ്കിൽ അസത്യങ്ങളെ പുറത്താക്കണം അപ്പോൾ സത്യം ഉയർന്നു വരും അസത്യത്തിന്റെ അഭാവമാണ് സത്യം.

അഴുകിയ ഭക്ഷണത്തിന്റെ സ്ഥാനത്ത് നമുക്ക് നിങ്ങൾക്ക് നിങ്ങളെപ്പറ്റിയുള്ള തെറ്റായ ധാരണകളെ വയ്ക്കാം. ഞാൻ ശരീരമാണെന്നു തോന്നിയ ഉടൻ നിങ്ങളുടെ ചിന്തകളും വികാരങ്ങളും അനന്തമായി വ്യാപിക്കാൻ തുടങ്ങും. മനസ്സിന്റെ സ്വഭാവമാണ് അതെന്നാണ് പലരുടെയും വിചാരം. വാസ്തവത്തിൽ മനസ്സ് അങ്ങനെയല്ല; അങ്ങനെ ആകാൻ പാടില്ല. എല്ലാ സമയത്തും വയറു വേദനയുള്ള ഒരാൾക്ക് അത് സ്വാഭാവികമായി തോന്നാം. കുട്ടിക്കാലം മുതലേ എന്റെ കണ്മുൻപിൽ മലനിരകൾ ഉണ്ടാകാറുണ്ട് - ഉറക്കത്തിലും ഉണർന്നിരിക്കുമ്പോഴും. അന്ന് ഞാൻ വിചാരിച്ചിരുന്നത് എല്ലാവരുടെയും കണ്ണിൽ മലനിരകളുണ്ടെന്നാണ്. 16 വയസ്സിനു ശേഷമാണ് അങ്ങനെയല്ല എന്ന കാര്യം എനിക്ക് മനസ്സിലായത്. പക്ഷെ ഈ മലനിരകൾ വാസ്തവത്തിൽ ഉണ്ടായിരുന്നു. ഇതിനെക്കുറിച്ച് ആരോടും സംസാരിക്കാൻ പറ്റാത്തതുകൊണ്ട് ഞാൻ അത് എവിടെയാണെന്ന് അന്വേഷിച്ചു നടന്നു. (ഒടുവിൽ സദ്ഗുരു വെള്ളിയാങ്കിരി കാണുകയും അവിടെ ധ്യാനലിംഗ സ്ഥാപിക്കുകയും ചെയ്തു).

മറ്റേതൊരു അവയവത്തെക്കാൾ സചേതനമാണ് നമ്മുടെ മസ്തിഷ്ക്കം. മറ്റെല്ലാ അവയവങ്ങൾക്കും നിശ്ചിതമായ ജോലിയുണ്ട്. ബുദ്ധിക്ക് കുറെ നിശ്ചിതമായ ജോലിയുണ്ട്, ബാക്കിയുള്ളത് സ്വതന്ത്രമാക്കിയിട്ടിരിക്കയാണ്. മനുഷ്യന് മാത്രമുള്ള ഒരു സവിശേഷതയാണത്. മറ്റു ജന്തുക്കൾക്ക് കൃത്യമായ ലക്ഷ്യങ്ങളുണ്ട്, അതിനപ്പുറം പോകേണ്ടതില്ല. ഭക്ഷണം കഴിക്കുക, നന്നായി വളരുക, സന്താനോത്പാദനം നടത്തുക, എന്നെങ്കിലും മരിക്കുക - ഇതെല്ലാം ഉറപ്പായ കാര്യങ്ങളാണ്.

"ഞാൻ എന്തിനിവിടെ വന്നു? എന്റെ ജീവിതം എന്താണ്? ഞാൻ എവിടെ നിന്നുവന്നു? ഞാൻ എങ്ങോട്ടാണ് പോകുക?" മനുഷ്യൻ മാത്രമാണ് ഇങ്ങനെയെല്ലാം ചിന്തിക്കുന്നത്. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

നിങ്ങളുടെ പ്രശനം നിങ്ങളുടെ ഉള്ളിൽ ഉയർന്നു വന്ന ഒരു പുതിയ സാധ്യതയാണ്. ഒരു കുരങ്ങനോ മറ്റ് ഏതെങ്കിലും ജന്തുക്കൾക്കോ ഇത്തരമൊരു പ്രശ്നം വരുന്നില്ല. ഇത് വാസ്തവത്തിൽ ഒരു പ്രശ്നമല്ല. ഒരു നല്ല കഴിവാണ്. ഇവിടെയിരുന്നുകൊണ്ട് 1000 മൈൽ ദുരെയുള്ളതോ, 1000 കൊല്ലംമുൻപ് നടന്നതോ, 1000 കൊല്ലത്തിനു ശേഷം നടക്കാവുന്നതോ ആയ ഒരു കാര്യത്തെക്കുറിച്ച് നിങ്ങൾക്ക് ചിന്തിയ്ക്കാം. ഈ കഴിവ് എങ്ങനെ ഉപയോഗിക്കണമെന്നറിയാത്തവർക്ക് ഇതൊരു പ്രശ്നമാണ്. തല ചൊറിഞ്ഞാൽ ചിന്തിക്കാൻ സാധിക്കുമെന്നാണ് ചിലരുടെ വിചാരം.

ഒന്നാമതായി നിങ്ങളുടെ ബുദ്ധിക്ക് അനാവശ്യമായ ഭക്ഷണം കൊടുക്കാതിരിക്കു. സത്യം മാത്രം കൊടുത്താൽ മതി, അസത്യം വേണ്ട. പക്ഷെ നമ്മുടെ കൈയിൽ സത്യമില്ല; വളരെ അധികം നുണകൾ ഉണ്ടുതാനും. നിങ്ങൾ വിശ്വസിക്കുന്നതും ഉണ്ടാക്കിയെടുക്കുന്നതുമായ എല്ലാ അറിവുകളും ഇറക്കി വയ്ക്കുകയാണെങ്കിൽ നിങ്ങളുടെ മനസ്സ് ശൂന്യമായിത്തീരും. പക്ഷെ ശൂന്യമായ മനസ്സുകൊണ്ട് എന്ത് പ്രയോജനമാണ് ഉള്ളത്? പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളെക്കുറിച്ചും ചിന്തിക്കാമെന്നതാണ് ഇതുകൊണ്ടുള്ള പ്രയോജനം അല്ലെങ്കിൽ അതൊരു തമാശയായിതീരും. നിങ്ങൾക്ക് വേണ്ടത് തിരഞ്ഞെടുക്കാം - മനസ്സിനെ ഒരു തമാശയാക്കണമോ അതോ പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമോ? പ്രപഞ്ചത്തിന്റെ കേന്ദ്രമാക്കണമെങ്കിൽ അസത്യങ്ങളെ പുറത്താക്കണം അപ്പോൾ സത്യം ഉയർന്നു വരും അസത്യത്തിന്റെ അഭാവമാണ് സത്യം.

ഒരു വിഡ്ഢിക്കു മാത്രമേ സത്യത്തെക്കുറിച്ച് സംസാരിക്കുവാൻ സാധിക്കുകയുള്ളു. അറിവുള്ളവർ അതിനെ സംബന്ധിച്ചുള്ള കാര്യങ്ങൾ പറഞ്ഞേക്കാം. പക്ഷേ അതിനെപ്പറ്റി പറയുവാൻ സാധിക്കുകയില്ല. ഭൗതികമായ നിലനിൽപ്പുള്ളതിനെ മാത്രമേ നിർവചിക്കാൻ സാധിക്കുകയുള്ളു. അവ അളക്കപ്പെടാവുന്നതും, അതിർത്തികൾ ഉള്ളവയുമായിരിക്കണം. അതിരുകളില്ലാത്തതും, അളക്കുവാൻ പറ്റാത്തതുമായ വസ്തുക്കളെക്കുറിച്ച് സംസാരിക്കുവാൻ സാധിക്കുകയില്ല. സത്യം കണ്ടുപിടിക്കുന്നതല്ല പ്രധാനം; നമ്മൾ തന്നെ ഉണ്ടാക്കിയ പ്രശ്നങ്ങൾ ഇല്ലാതാക്കുക എന്നതാണ്. സത്യം സ്ഥിരീകരിക്കേണ്ട ആവശ്യമില്ല. സത്യത്തിന്റെ മടിയിലാണ് നാമെല്ലാം സ്ഥിതി ചെയ്യുന്നത്.

ക്രിയ ചെയ്യുമ്പോൾ എന്തെല്ലാം ചിന്തകളാണ് നിങ്ങളുടെ മനസ്സിലുള്ളതെന്ന് എന്നോട് പറയണ്ട. ചിന്തകളെക്കുറിച്ച് ഉത്കണ്ഠ വേണ്ട. അവയെ ചെറുക്കാൻ നോക്കരുതെന്നതാണ് ഏറ്റവും പ്രധാനം. വൃക്കകൾ പ്രവർത്തിക്കുന്നതുപോലെ ചിന്തകളും പ്രവർത്തിക്കട്ടെ. നിങ്ങളുടെ വൃക്കയിലുള്ളതെല്ലാം പരിശുദ്ധമാണ്. അതുപോലെ നിങ്ങളുടെ ബുദ്ധിയിലുള്ളതും മുഴുവൻ പരിശുദ്ധമാണ്. അതിനെക്കുറിച്ച് എന്തിനു വേവലാതിപ്പെടണം?
ചിന്തകളെ നല്ലത്, ചീത്ത എന്ന് തരംതിരിക്കാതിരിക്കു. ചിന്തകൾ നല്ലതോ ചീത്തയോ അല്ല ; അവ വെറും ചിന്തകൾ മാത്രമാണ്.

നിങ്ങളുടെ മനസ്സിൽ ഏതുതരം മാലിന്യമാണോ ഉള്ളത് അതിനനുസരിച്ചിരിക്കും നിങ്ങളുടെ ചിന്തകൾ . ഇന്നലത്തെ മാലിന്യത്തിനനുസരിച്ചിരിക്കും ഇന്നത്തെ ഗന്ധം. കുപ്പത്തൊട്ടിയിൽ നിങ്ങൾ എന്ത് ഇട്ടു എന്നതിനനുസരിച്ചിരിക്കും അത്. ഇന്നലെ കണ്ട സിനിമയും, സംഭവിച്ച കാര്യങ്ങളും ഇന്ന് ഓർമ്മയിൽ വരും. ചിന്തകളെ വിലയിരുത്തേണ്ട കാര്യമില്ല; അവ വെറും മാലിന്യം മാത്രമാണ്. അവ വാസ്തവം പോലുമല്ല. ചിന്ത എന്നാൽ വാസ്ഥവമല്ലാത്തത് എന്നാണ് അർത്ഥം. നിങ്ങളാരാണെന്ന അറിവിന്റെ അധികഭാഗവും ഇപ്പോൾ നിങ്ങളുടെ ബോധത്തിലില്ല. ഇതെല്ലാം നിങ്ങൾ ഉണ്ടാക്കിയെടുക്കുന്നതാണ്. സൃഷ്ടിയുടെ സ്വഭാവത്തെക്കുറിച്ചും, സൃഷ്ടാവിനെക്കുറിച്ചും അറിയണമെങ്കിൽ നിങ്ങൾ മനസ്സിൽ ഒന്നും സൃഷ്ടിക്കരുത്. നിങ്ങൾ ഇപ്പോൾ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. സ്വയം ഉണ്ടാക്കി എടുക്കുന്നത് വെറും പാഴ്വേലയാണ്.

നിങ്ങൾ ക്രിയ ചെയ്താൽ മതി - ചിന്തകളെ ഒന്നും ചെയ്യണ്ട. അവയെ മാറ്റാൻ ശ്രമിച്ചാലും, തുടർച്ചയായി ചിന്തകൾ ഉണ്ടാക്കുവാൻ ശ്രമിച്ചാലും, 108 പുണ്യ ചിന്തകൾ ഉണ്ടാക്കുവാൻ ശ്രമിച്ചാലും നിങ്ങൾ ചിന്തകളെ ആണ് ശ്രദ്ധിക്കുന്നത്.

സാധന ചെയ്യുന്ന സമയത്ത് ചിന്തകളെ അവിരാമമായി മനസ്സിലേക്ക് വരാൻ അനുവദിച്ചാൽ അവ പെട്ടന്ന് നിന്നുപോകും. തലച്ചോർ പ്രവർത്തിക്കുന്നില്ല എന്ന് തോന്നും. ചിന്തകൾ നിങ്ങളെ അലട്ടുവാൻ അനുവദിക്കരുത്. നിങ്ങളുടെ മനസ്സിൽ എന്താണോ ഉള്ളത്, അതിനനുസരിച്ച് ചിന്തകൾ കടന്നുവരും. ഇതിന് യാതൊരു പ്രാധാന്യമോ പരിണിതഫലമോ ഇല്ല. നിങ്ങൾ ക്രിയ ചെയ്താൽ മതി - ചിന്തകളെ ഒന്നും ചെയ്യണ്ട. അവയെ മാറ്റാൻ ശ്രമിച്ചാലും, തുടർച്ചയായി ചിന്തകൾ ഉണ്ടാക്കുവാൻ ശ്രമിച്ചാലും, 108 പുണ്യ ചിന്തകൾ ഉണ്ടാക്കുവാൻ ശ്രമിച്ചാലും നിങ്ങൾ ചിന്തകളെ ആണ് ശ്രദ്ധിക്കുന്നത്. വൃക്കകൾ അവയുടെ കാര്യം നോക്കിക്കോളും; കരൾ അതിന്റെ ജോലി ചെയ്തുകൊള്ളും; ബുദ്ധി അതിന്റെ ജോലിയും ചെയ്തുകൊള്ളും - നിങ്ങൾ സാധന മാത്രം ചെയ്താൽ മതി.

 
 
 
 
  0 Comments
 
 
Login / to join the conversation1