सद्गुरु

ഏതാനും വര്‍ഷം മുമ്പ് ഒരു സത്സംഗത്തില്‍ വെച്ച് സദ്ഗുരു പറയുകയുണ്ടായി മനുഷ്യന് സംഭവിക്കാവുന്ന ഏറ്റവും വലിയൊരു ദുരന്തം മാനസികരോഗം ബാധിക്കുക എന്നതാണെന്ന്. എന്തുകൊണ്ടാണ് മനുഷ്യന്‍ പെട്ടെന്നൊരു മാനസികരോഗിയായി മാറുന്നത്? അതിന് പ്രതിവിധികള്‍ വല്ലതുമുണ്ടോ? അതോ എന്നും മരുന്നും ചികിത്സയുമായി കഴിയേണ്ടിവരുമൊ? ഈ സംഗതികളെ കുറിച്ചാണ് സദ്ഗുരു ഇത്തവണ ചര്‍ച്ച ചെയ്യുന്നത്.

സദ്ഗുരു: മാനസിക വിഭ്രാന്തിയുള്ള ഒരാളെ ശ്രദ്ധിച്ചു നോക്കൂ. ഇതിലും വലിയൊരു ദുരന്തം ഒരു മനുഷ്യന് അനുഭവിക്കാനില്ല എന്ന് നമുക്ക് മനസ്സിലാകും. ഒട്ടേറെ സാദ്ധ്യതകളുള്ള ഒരുപകരണമാണ് മനസ്സ്. ആ സാദ്ധ്യതകള്‍ നമുക്ക് പ്രയോജനപ്പെടുത്താനായാല്‍, ജീവിതം എല്ലാവിധത്തിലും മികവുറ്റതാകും. അതേസമയം സ്വന്തം മനസ്സുതന്നെ തനിക്ക് എതിരായാലോ? ജീവിതമാകെ ദുരിത പൂര്‍ണമാകും. നമ്മുടെ മനസ്സിന് ഉത്തേജനം നല്‍കുന്നത് നമ്മുടെ മനസ്സുതന്നെയാണ്. ആ മനസ്സ് മുഖം കറുപ്പിച്ചാല്‍ എവിടെനിന്നാണ് ജീവിതത്തിലേക്ക് വെളിച്ചം കടന്നുവരിക? പുറമെയുള്ള ആരെങ്കിലുമാണ് നമ്മുടെ ദു:ഖത്തിന് കാരണമാകുന്നത് എങ്കില്‍ അവരില്‍നിന്നും നമുക്ക് ഒഴിഞ്ഞു മാറാം. ഒരാള്‍ക്കും നമ്മുടെ മനസ്സിനെ പീഢിപ്പിക്കാനാവില്ല. അവര്‍ എന്തെങ്കിലും ചെയ്യുന്നു, അതിന് നിങ്ങള്‍ നിങ്ങളുടേതായ വിധത്തില്‍ പ്രതികരിക്കുന്നു. ചിലപ്പോള്‍ ആരും ഒന്നും ചെയ്യാതെതന്നെ നിങ്ങളുടെ മനസ്സ് പ്രതികരിക്കാന്‍ തുടങ്ങുന്നു. അങ്ങനെ സംഭവിച്ചാല്‍ അത് മാനസികായ ഒരു താളപ്പിഴയാണ്.

എങ്ങനെയാണ് അതില്‍ നിന്നും പുറത്തു കടക്കുക? എത്രത്തോളം കേട് സംഭവിച്ചിട്ടുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അത്. ചിലര്‍ക്കു വലിയ ദോഷമില്ലാതെ പുറത്തു കടക്കാനാവും, മറ്റു ചിലരില്‍ മാനസികമായ ആ പന്തികേട് തലച്ചോറിനെ സാരമായി ബാധിച്ചിരിക്കും. അത്തരം സാഹചര്യങ്ങളില്‍ ബാഹ്യമായ ചികിത്സ ദീര്‍ഘകാലം നടത്തേണ്ടിവരും. പ്രത്യേകം മരുന്നുകളും കഴിക്കേണ്ടിവരും. മാനസിക വിഭ്രാന്തികളെ മയക്കത്തിലാക്കുകയാണ് സാമാന്യമായി ചെയ്തുവരുന്നത്. തലച്ചോറിന്‍റേയും മനസ്സിന്‍റേയും ഒരു ഭാഗത്തെ മാത്രം പ്രവര്‍ത്തനങ്ങളെ ഒതുക്കിനിര്‍ത്തുക പ്രയാസമുള്ള സംഗതിയാണ്. അതുകൊണ്ട് ഇങ്ങനെയുള്ള ചികിത്സ ശരീരത്തെയാകെ തളര്‍ത്തുന്നു.

മാനസിക വിഭ്രാന്തികളെ മയക്കത്തിലാക്കുകയാണ് സാമാന്യമായി ചെയ്തുവരുന്നത്. തലച്ചോറിന്‍റേയും മനസ്സിന്‍റേയും ഒരു ഭാഗത്തെ മാത്രം പ്രവര്‍ത്തനങ്ങളെ ഒതുക്കിനിര്‍ത്തുക പ്രയാസമുള്ള സംഗതിയാണ്. അതുകൊണ്ട് ഇങ്ങനെയുള്ള ചികിത്സ ശരീരത്തെയാകെ തളര്‍ത്തുന്നു.

സ്ഥിരബുദ്ധിക്കും, ചിത്തഭ്രമത്തിനും ഇടയിലുള്ള അതിര്‍ വരമ്പ് തീരെ ലോലമായിട്ടുള്ളതാണ്. അത് മുറിച്ചുകടക്കുക ചിലര്‍ക്കൊരു രസമാണ്. നിങ്ങള്‍ ആരേയെങ്കിലും കഠിനമായി ദേഷ്യപ്പെട്ടു, നിങ്ങളുടെ പൊട്ടിത്തെറി പേടിച്ച് അയാള്‍ നിങ്ങളുടെ ആവശ്യങ്ങള്‍ നടത്തിയിരുന്നു. അതിനെകുറിച്ച് നിങ്ങളെന്താണ് പറയുക. "ഭ്രാന്തു പിടിച്ചതുപോലെ ഞാന്‍ അവന്‍റെ നേരെ തട്ടിക്കയറി. പാവം, പേടിച്ച് ഞാന്‍ പറഞ്ഞതുപോലെ ചെയ്തു."

ശരിയല്ലേ. നിങ്ങള്‍ ഭ്രാന്തനെപോലെ പെരുമാറി. ഉടനെ സാമാന്യസ്ഥിതിയിലേക്കു മടങ്ങുകയും ചെയ്തു. അതില്‍ നിങ്ങള്‍ ഊറ്റം കൊള്ളുന്നു. ആലോചിച്ചുനോക്കൂ ഭ്രാന്തിന്‍റെ ആ അവസ്ഥയില്‍ നിന്ന് പിന്‍വാങ്ങാന്‍ നിങ്ങള്‍ക്കു സാധിച്ചില്ല എങ്കില്‍, എന്താകും സ്ഥിതി?

അസൂയ, പക, ദേഷ്യം, നിരാശ, മദ്യം, മയക്കുമരുന്ന് തുടങ്ങിയതെല്ലാം സ്ഥിരബുദ്ധിയുടെ വരമ്പ് മുറിച്ചു കടക്കാനുള്ള കാരണങ്ങളാണ്. ഇത്തിരി ഭ്രാന്ത്, സുഖമാണ് എന്ന് നിങ്ങള്‍ വിചാരിക്കുന്നു. തിരിച്ചുവരാനാകും എന്ന് വിശ്വാസമാണ് ആ വിചാരത്തിനു പുറകില്‍. എന്നാല്‍ ഞാന്‍ പറയാം, ഇന്ന് നമ്മള്‍ ഭ്രാന്തന്‍മാര്‍ എന്നു കണക്കാക്കുന്നവരില്‍ ഏറേയും ഒരുകാലത്ത് സ്ഥിരബുദ്ധിയും ബോധവും ഉള്ളവരായിരുന്നു. ഓര്‍ക്കാപ്പുറത്ത് ഒരു ദിവസമാണ് അവര്‍ക്കെല്ലാം നഷ്ടമായത്. എവിടെയൊ എന്തോ കൈവിട്ടുപോയി, അതോടെ ജീവിതവും നഷ്ടമായി.

ശരീരത്തിന് രോഗമുണ്ടാകുന്നതുപോലെയാണ് ഇതും. ഇന്നലെ വരെ നല്ല ആരോഗ്യം, ഇന്നുരാവിലെ ഡോക്ടര്‍ പറയുന്നു, “നിങ്ങള്‍ക്ക് കാര്യമായ തകരാറെന്തോ ഉണ്ട്” എന്ന് ഇതെല്ലാം സാധാരണയായി സംഭവിക്കുന്നതാണ്. മനസ്സിനേയും ഇങ്ങനെ ചില അസുഖങ്ങള്‍ ബാധിക്കാം. ശരീരത്തിനു രോഗം ബാധിച്ചാല്‍ സഹായിക്കാനും സഹതപിക്കാനും ആളുണ്ടാകും. എന്നാല്‍ രോഗം മനസ്സിനാണെങ്കില്‍ എല്ലാവരും അകലം പാലിക്കുകയാണ് ചെയ്യുക. കാരണം, അത് മനസ്സിലാക്കാന്‍ പറ്റാത്ത സംഗതിയാണ്..... ദുരൂഹതയുള്ളതാണ് അവരുടെ രോഗാവസ്ഥ വാസ്തവത്തിലുള്ളതാണോ അഭിനയമാണോ എന്നു തന്നെ തിരിച്ചറിയാനാവില്ല. അഭിനയമാണെങ്കില്‍ കര്‍ക്കശമായി പെരുമാറാം. വാസ്തവത്തിലുള്ളതാണെങ്കില്‍ സഹതാപം പ്രകടിപ്പിക്കാം. നൂല്‍പ്പാലത്തിന്‍റെ മേലേയുള്ള നടപ്പ്...... ഒട്ടും എളുപ്പമല്ല.രോഗിയെ സംബന്ധിച്ചിടത്തോളം അതേറ്റവും സങ്കടകരമാണ്. അതിലേറെ സങ്കടകരമായിരിക്കും വീട്ടിലുള്ളവരുടെ അവസ്ഥ.

മനുഷ്യരില്‍ മാനസികമായ പാകപ്പിഴകള്‍ വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ സമൂഹത്തിലുണ്ടാവണം. അതിനുവേണ്ടി നമ്മള്‍ ഒന്നായി ബോധപൂര്‍വ്വം ശ്രമിക്കുകയും വേണം.

മനുഷ്യരില്‍ മാനസികമായ പാകപ്പിഴകള്‍ വരാതിരിക്കാനുള്ള സാഹചര്യങ്ങള്‍ സമൂഹത്തിലുണ്ടാവണം. അതിനുവേണ്ടി നമ്മള്‍ ഒന്നായി ബോധപൂര്‍വ്വം ശ്രമിക്കുകയും വേണം. നമ്മുടെ നാട്ടിലെ പഴയകാല സംസ്കാരത്തെകുറിച്ച് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നതെന്തുകൊണ്ടാണെന്നൊ?

ഇരുനൂറോ മുന്നൂറോ കൊല്ലങ്ങള്‍ മുമ്പുവരെ ഈ നാട്ടില്‍ മാനസികരോഗികള്‍ ഉണ്ടായിരുന്നില്ല എന്നുതന്നെ പറയാം. സാമൂഹികഘടന ആ വിധത്തിലായിരുന്നു എന്നതുതന്നെയാണ് പ്രധാനകാരണം. ആ ഘടനക്ക് കാലക്രമങ്ങളില്‍ എങ്ങനേയോ തകര്‍ച്ച സംഭവിച്ചിരിക്കുന്നു. ബോധപൂര്‍വ്വമല്ലെങ്കിലും ആ തകര്‍ച്ചക്ക് കാരണക്കാര്‍ നമ്മള്‍തന്നെ. ഇന്ന് ഗ്രാമങ്ങളില്‍പോലും മാനസിക വിഭ്രാന്തിയുള്ളവര്‍ ഒരു സാധാരണ കാഴ്ചയായിരിക്കുന്നു. പഴയകാലത്തെ സ്ഥിതി ഇതായിരുന്നില്ല. ചിത്തഭ്രമം ബാധിച്ചവര്‍ സമൂഹത്തില്‍ വളരെ വിരളമായിരുന്നു. ഇപ്പോഴാകട്ടെ അവരുടെ എണ്ണം കൂടികൊണ്ടുമിരിക്കുന്നു. മറ്റൊരു പ്രത്യേകത സമ്പന്നര്‍ക്കിടയിലാണ് മാനസിക വിഭ്രാന്തി അനുഭവിക്കുന്നവര്‍ കൂടുതലായി കാണപ്പെടുന്നത് എന്നതാണ്.

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ആദ്ധ്യാത്മികമായി ഏറെ ഉയര്‍ന്ന അപൂര്‍വം ചിലര്‍ക്കു മാത്രമേ മറ്റു ബന്ധങ്ങള്‍ ഒഴിവാക്കി ജീവിക്കാനാവു. നമ്മുടെ മുമ്പിലുള്ളത് രണ്ടു വഴികളാണ്. ഒന്നുകില്‍ ആദ്ധ്യാത്മിക മാര്‍ഗത്തിലേക്കു പൂര്‍ണമനസ്സോടെ പ്രവേശിക്കുക, അല്ലെങ്കില്‍ ദൃഢമായ നല്ല സാമൂഹ്യബന്ധങ്ങള്‍ മെനഞ്ഞെടുക്കുക; നിങ്ങളുടെ തളര്‍ച്ചയിലും വളര്‍ച്ചയിലും കൈത്താങ്ങേകുന്ന നല്ല ബന്ധുക്കളും മിത്രങ്ങളും സമ്മര്‍ദ്ദങ്ങള്‍ക്കൊണ്ടു വീര്‍പ്പുമുട്ടിക്കാത്ത, എന്നാല്‍ ഏതു സന്ദര്‍ഭത്തിലും സഹായിക്കാന്‍ തയ്യാറായ ഒരുപിടി നല്ല സുഹൃത്തുക്കള്‍ ഒരാളുടെ ഏറ്റവും വലിയ ശക്തിയും സമ്പത്തുമാണത്.