सद्गुरु

എന്‍റെ നന്മ, നിന്‍റെ നന്മ, ഇനിയൊരാളുടെ നന്മ, എല്ലാവരുടേയും നന്മ അങ്ങനെ നന്മകള്‍ പലതാണ്. ആരും പൂര്‍ണമായും ശരിയല്ല, എന്നാല്‍ മുഴുവന്‍ തെറ്റാണെന്നും പറയാന്‍ വയ്യ. അതുപോലെത്തന്നെയാണ് നന്മയുടേയും തിന്മയുടേയും കാര്യവും.

സദ്‌ഗുരു : കാലവും ദേശവും ഗ്രഹനിലയും എന്തുതന്നെയായാലും അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ഉയരങ്ങളിലേക്കെത്താന്‍ ഒരു മനുഷ്യന് സാധിക്കും. അവനവന്‍റേതായ ഒരു സുവര്‍ണകാലം ആന്തരികമായി സൃഷ്ടിക്കാനും അവനു കഴിയും. കാലം എത്രതന്നെ അധഃപതിച്ചാലും അവനവന്‍റേതായ നല്ല ഒരു ലോകം ചമച്ച് സന്തോഷമായി ജീവിക്കാന്‍ മനുഷ്യനാവുമെന്ന് ഓര്‍മ്മയുണ്ടായിരിക്കണം. ഓരോരുത്തര്‍ക്കും അവനവനെ സംബന്ധിച്ച തെറ്റായ പല സങ്കല്‍പങ്ങളുമുണ്ട്. അതുകൊണ്ടാണ് ഇങ്ങനെയൊരു കഥ ഉണ്ടായതുതന്നെ. ജീവിതത്തെപറ്റി മനുഷ്യര്‍ക്കുള്ള വലിയ തെറ്റിദ്ധാരണ, അതിന്‍റെ പ്രതീകമാണ് മഹാഭാരതം എന്ന കഥ. മനുഷ്യരുടെ സങ്കടങ്ങള്‍, യാതനകള്‍, ഉയര്‍ച്ചകള്‍, പതനങ്ങള്‍ എല്ലാം അതിലുണ്ട്. ആ കഥ അങ്ങനെ അനസ്യൂതം തുടര്‍ന്നു പോകുന്നു. ജീവനുമായി സമരസപ്പെട്ട് പോകാനുള്ള ബദ്ധപ്പാടിലാണ് മനുഷ്യരെപ്പോഴും. അപൂര്‍വ്വം ചിലര്‍ ആ ശ്രമങ്ങളില്‍ വിജയിക്കുന്നു. എന്നാല്‍ അവരുടെ വാക്കുകള്‍ ബഹുജനം ശ്രദ്ധിക്കുന്നില്ല. അവര്‍ പറയുന്നത് സാധാരണ മനുഷ്യര്‍ തെറ്റായ വിധത്തിലെടുക്കുന്നു. വാക്കുകളില്‍ വെളിച്ചം നിറയ്ക്കാനാവില്ല, എന്നാല്‍ മിഴികള്‍ തുറന്നു നോക്കിയാല്‍ വെളിച്ചം കാണുമെന്നു തീര്‍ച്ച. അതുപോലെത്തന്നെ തുറന്ന മനസ്സോടെ ജീവിതത്തെ സമീപിക്കൂ, അതേ സൗമനസ്യത്തോടെ ജീവിതവും നിങ്ങളെ സ്വന്തമാക്കും.

അവനവന്‍റെ പരിമിതികള്‍ക്കുള്ളില്‍ ഓരോ വ്യക്തിയും അവനവനെത്തന്നെ മയക്കി കിടത്തിയിരിക്കുകയാണ്

പറഞ്ഞു മനസ്സിലാക്കാവുന്ന ഒന്നല്ല ജീവിതം. വാക്കുകള്‍കൊണ്ട് ഒരാളെ പ്രചോദിപ്പിക്കാം, മനസ്സിലെ മായക്കാഴ്ചകളെ മായ്ച്ചുകളയാം. അവനവന്‍റെ പരിമിതികള്‍ക്കുള്ളില്‍ ഓരോ വ്യക്തിയും അവനവനെത്തന്നെ മയക്കി കിടത്തിയിരിക്കുകയാണ്. ആ അനുഭവമാണ് സത്യം എന്നും അവര്‍ വിശ്വസിക്കുന്നു. ആ മയക്കം വിട്ടുണരുമ്പോള്‍ അവര്‍ക്കു ഭയം തോന്നുന്നു. പ്രപഞ്ചത്തിന്‍റെ അനന്തത അവരെ അമ്പരപ്പിക്കുന്നു. അതുകൊണ്ട് ചിലര്‍ ഒരു ഭാഗത്തേക്കുതന്നെ വട്ടം തിരിയുമ്പോള്‍ അവരെ എതിര്‍വശത്തേക്കു തിരിച്ചു നിര്‍ത്തേണ്ടതുണ്ട്. എങ്കില്‍ മാത്രമേ അവര്‍ക്ക് ശരിയായ ദിശാബോധമുണ്ടാകു. ഈ ശ്രമം, അതാണ് മഹാഭാരതം.

ആര്‍ എന്തൊക്കെതന്നെ ചെയ്യുമ്പോഴും അവരുടെ വിശ്വാസം താന്‍ ചെയ്യുന്നത് ശരിയാണ്, നല്ലതിനാണ് എന്നായിരിക്കും. എന്‍റെ നന്മ, നിന്‍റെ നന്മ, ഇനിയൊരാളുടെ നന്മ, എല്ലാവരുടേയും നന്മ അങ്ങനെ നന്മകള്‍ പലതാണ്. ആരും പൂര്‍ണമായും ശരിയല്ല, എന്നാല്‍ മുഴുവന്‍ തെറ്റാണെന്നും പറയാന്‍ വയ്യ. അതുപോലെത്തന്നെയാണ് നന്മയുടേയും തിന്മയുടേയും കാര്യവും. കഥ അങ്ങനെ തുടരുകയാണ്.

മഹാഭാരതം പ്രത്യേകിച്ചൊരു വ്യക്തിയുടെ കഥയല്ല. അത് ഇതിഹാസത്തിന്‍റെ വകുപ്പില്‍പെട്ടതാണ്. ഭാരതത്തില്‍ മഹാഗ്രന്ഥങ്ങള്‍ മൂന്നു വിഭാഗത്തില്‍ പെട്ടവയാണ്; ഇതിഹാസം, പുരാണം, വേദം. വേദങ്ങളിലധികവും അവ്യക്തമായ ആശയങ്ങളാണ്. അതില്‍ ശാസ്ത്രസിദ്ധാന്തങ്ങളും, ദൈവീകകാര്യങ്ങളുടെ വ്യാഖ്യാനങ്ങളുമുണ്ട്. പുരാണങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നത് അമാനുഷരുടെ കഥകളാണ്. എന്നാല്‍ ഇതിഹാസത്തിലുള്ളത് മനുഷ്യരുടെ തന്നെ ജീവിതമാണ്. അതിന് ചരിത്രവുമായി കുറച്ചൊക്കെ ബന്ധമുണ്ട് എന്നേ പറയാനാവു; പൂര്‍ണമായുമില്ല. വസ്തുതകള്‍ ചരിത്രത്തില്‍ വേരൂന്നി നില്‍ക്കുന്നു, എന്നാലും ഇത് ഓരോ മനുഷ്യന്‍റേയും കഥയാണ്. നിങ്ങളുടെ ജീവിതത്തിന്‍റെ അര്‍ത്ഥമാണ് അതില്‍ കുറിച്ചിട്ടിരിക്കുന്നത്. ആ കഥകൊണ്ട് നിങ്ങളുടെ ജീവിതം മെച്ചപ്പെടണമെങ്കില്‍ അത് നിങ്ങളുടെ കഥയായിരിക്കണം.

https://www.publicdomainpictures.net