ലജ്ജയും കുറ്റബോധവും

ലജ്ജയും കുറ്റബോധവും സാമൂഹ്യമനസാക്ഷിയില്‍ നിന്നുരുത്തിരിഞ്ഞു വരുന്നതെങ്ങനെയെന്ന് സദ്ഗുരു വിവരിക്കുന്നു.
സദ്ഗുരു:- ലജ്ജയും കുറ്റബോധവും യഥാര്‍ത്ഥത്തില്‍ രണ്ടു സാമൂഹ്യ പ്രതിഭാസങ്ങളാണ്. ഒരു സമൂഹത്തില്‍ കുറ്റബോധം തോന്നാനിടയുള്ള സംഗതി മറ്റൊരു സമൂഹത്തില്‍ അതിനു കാരണമാകുന്നില്ല. നാണക്കേടും കുറ്റബോധവും സ്വാഭാവികമായി ഉണ്ടാവുന്നതല്ല, അത് പലപ്പോഴും മതപരമായി നമ്മളില്‍ പറ്റിചേര്‍ന്നിട്ടുള്ളതാണ്. പാപങ്ങളുടെ പട്ടിക തയ്യാറാക്കാം. ആദ്യത്തെ പാപം നിങ്ങളുടെ ജന്മമാണ്. പാപത്തില്‍ കൂടിയാണ് നിങ്ങള്‍ പിറന്നിട്ടുള്ളത്. ചില മതതത്വങ്ങളുടെയും ചിന്തകളുടെയും പിന്‍ബലമില്ലായിരുന്നുവെങ്കില്‍ ലജ്ജയും പാപവുമൊന്നും ലോകത്തില്‍ നിലനിന്നു പോരുമായിരുന്നില്ല. ഇത് രണ്ടുമില്ലായിരുന്നുവെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ പ്രവൃത്തികളെ തിരുത്തുമായിരുന്നു. കുറ്റബോധവും നാണക്കേടും ജീവിതത്തില്‍ നിഴല്‍ നിലങ്ങളുണ്ടാക്കുന്നു. നിങ്ങള്‍ക്ക് നിരന്തരം തെറ്റുകള്‍ ചെയ്യാം, അതിനെ കുറിച്ചൊന്നു ഖേദിക്കാം, കൈ കഴുകി അതേ തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കാം.
സാമൂഹ്യ മന:സാക്ഷിയില്‍ നിന്നാണ് ലജ്ജയും കുറ്റബോധവും നാമ്പിടുന്നത്, വിശ്വചൈതന്യത്തില്‍ നിന്നല്ല.
സാമൂഹ്യ മന:സാക്ഷിയില്‍ നിന്നാണ് ലജ്ജയും കുറ്റബോധവും നാമ്പിടുന്നത്, വിശ്വചൈതന്യത്തില്‍ നിന്നല്ല. പാപത്തെയും കുറ്റബോധത്തെയും കുറിച്ച് കൂടുതല്‍ സംസാരിക്കുന്നവരാണ് കൂടുതലായും അരുതാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നത്. എന്തു പാപം ചെയ്താലും അതില്‍ നിന്നും മുക്തി നേടാനുള്ള മാര്‍ഗ്ഗം ആഴ്ച തോറും അവരുടെ മുന്നില്‍ തെളിയുന്നു. ബോധവും മനസാക്ഷിയും രണ്ടാണ്. ബോധം അറിവാണ്. അതാണ് നമ്മുടെ നിലനില്പിന് ആധാരമായ പ്രജ്ഞ. ആദ്ധ്യാത്മിക സാധനകളെല്ലാം ബോധത്തിന്റെ തലത്തിലുള്ളതാണ്. മനസാക്ഷി എന്ന് പറയുന്നത് സമൂഹവുമായി ചേര്‍ന്ന് നില്‍ക്കുന്ന ഒരു പ്രതിഭാസമാണ്. അതിന്റെ അടിസ്ഥാനം മതവുമായി ബന്ധപ്പെട്ടിട്ടുള്ളതാണ്. ജീവിതത്തിലെ പല പല സംഗതികളെക്കുറിച്ചും അത് നിങ്ങളില്‍ കുറ്റബോധം ഉളവാക്കുന്നു. അത് നിങ്ങളുടെ മനസ്സിന്‍റെ ശക്തി കെടുത്തുന്നു. “ഞാന്‍ കൊള്ളരുതാത്തവന്‍" എന്ന ചിന്ത ബലപ്പെടുത്തുന്നു. വാസ്തവത്തില്‍ നമുക്ക് വേണ്ടത് മനസാക്ഷിയല്ല, ശുദ്ധമായ ബോധമാണ്, കാരണം ബോധം എല്ലാം ഉള്‍ക്കൊള്ളുന്നതാണ്. അത് നിങ്ങളുടെ പ്രവൃത്തികളേയും ഉള്‍ക്കൊള്ളുന്നു. തെറ്റായ ഒരു കാര്യം നിങ്ങള്‍ ചെയ്യാതിരിക്കുന്നത്, അത് തെറ്റാണ് എന്നറിയുന്നത് കൊണ്ടല്ല. “അങ്ങിനെയൊരു തെറ്റ് ആരെങ്കിലും എന്നോടു ചെയ്‌താല്‍ അതെന്നെ വിഷമിപ്പിക്കും. അതുകൊണ്ട് ആരുടെ നേരെയും ഞാനത് ചെയ്യുകയില്ല"എന്ന് നിങ്ങള്‍ വിചാരിക്കുന്നതുകൊണ്ടാണ്.
മനസാക്ഷിയുടെ വഴി അതാണ്, എന്നാല്‍ ബോധത്തിന്റെ വഴി സര്‍വവും ഉള്‍ക്കൊള്ളുക എന്നതാണ്. വിശാലമായ ഒരു പദ്ധതിയുടെ തീരെ ചെറിയൊരു അംശമാണ് നിങ്ങളും നിങ്ങളുടെ പ്രവൃത്തികളും. മനസാക്ഷി നിങ്ങളില്‍ ഭയവും പാപചിന്തയും ശിക്ഷയെ കുറിച്ചുള്ള ആശങ്കയും ഉറപ്പിച്ചു നിര്‍ത്തുന്നു. അതാണ് മനുഷ്യ ജീവിതത്തെ തകര്‍ക്കുന്നത്. അങ്ങിനെയൊരു മാനസികാവസ്ഥയില്‍ വളര്‍ച്ചയോ വികാസമോ പ്രതീക്ഷിക്കാനാവില്ല. ലജ്ജയും പാപബോധവും മനുഷ്യന്‍റെ പുരോഗതിയെ ഒട്ടും തന്നെ സഹായിക്കുന്നില്ല. വളരാനും വികസിക്കാനും പരിമിതികളെ അതിലംഘിച്ചുയരുവാനും സ്വയം പരിവര്‍ത്തനപ്പെടാനുമുള്ള അവന്‍റെ പ്രവണതക്ക് അവ തടസ്സം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. അവ മനുഷ്യന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് കടിഞ്ഞാണിടുന്നു.
പാപവും പുണ്യവും
സദ്ഗുരു പറയുന്നു, “ജീവിതത്തിന്റെ അഗാധതയിലേക്ക് ആണ്ടിറങ്ങുക അതൊന്നു മാത്രമാണ് പുണ്യം. ജീവിതത്തിന്റെ ശരിയായ അര്‍ത്ഥമറിയാതെ കഴിഞ്ഞുപോവുക അതാണ് പാപം.”ശരി തെറ്റ് എന്നീ സങ്കല്‍പ്പങ്ങള്‍ ഒഴിച്ച് നിര്‍ത്തി നിരീക്ഷിച്ചാല്‍ മനസിലാകും, അവനവന് അറിയാവുന്ന രീതിയിലാണ് ഓരോരുത്തരും സ്വന്തം ജീവിതത്തെ കൈകാര്യം ചെയ്യുന്നത് എന്ന്. ജീവിതത്തെ ഓരോരുത്തരും ഓരോരോ വിധത്തിലാണ് മനസിലാക്കുന്നത്. ആ നിമിഷം ഏറ്റവും നല്ലതായി തോന്നുന്നതെന്താണോ, അതാണ് നമ്മള്‍ ഓരോരുത്തരും ചെയ്യുന്നത്. ഒരു കൊലയാളി ഒരാളെ വകവരുത്തുന്നു, കാരണം, ആ നിമിഷം അതാണ് ശരി എന്ന് അവന്‍റെ മനസ്സില്‍ തോന്നി. അവിടെ ശരിയും തെറ്റും വിഷയമാകുന്നില്ല. സ്വന്തം നിലനില്‍പ്പിന് എന്താണോ ആവശ്യമായിട്ടുള്ളത് അതിനെ കുറിച്ച് മാത്രമേ അയാള്‍ ആ നിമിഷം ചിന്തിക്കുന്നുള്ളൂ. നമുക്കും നോക്കാനുള്ളത് അത്രമാത്രം.
കുറ്റവും ശങ്കയും - പുണ്യവും
നന്മ തിന്മകള്‍ പാപ പുണ്യങ്ങള്‍, എല്ലാ ജനസമൂഹങ്ങളിലും ഈ വക ചിന്തകള്‍ വേരുറച്ചവയാണ് - കുട്ടിക്കാലം മുതല്‍ തന്നെ നമ്മള്‍ ഇവയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കേട്ടാണ് വളരുന്നത് എന്നതാണ് ഏറെ ദൌര്‍ഭാഗ്യകരം. പാപങ്ങള്‍ എന്ന് വക തിരിച്ചു നിര്‍ത്തിയിട്ടുള്ള കാര്യങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകും മനുഷ്യരെല്ലാവരുംതന്നെ സദാ പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന്. സാഹചര്യങ്ങള്‍ ആ വിധമാണെന്നിരിക്കെ, നിത്യ ജീവിതത്തില്‍ ചെറിയ ചെറിയ കാപട്യങ്ങള്‍ കാട്ടുക മനുഷ്യരുടെ സാമാന്യശീലമായിരിക്കുന്നു. നമ്മുടെ മനസ്സില്‍ ശാന്തിയും സന്തോഷവും ഇല്ല, അതുകൊണ്ടാണ് പഠിപ്പിക്കല്‍ നമുക്ക് ആവശ്യമായി വരുന്നത് - ഇത് രണ്ടും എങ്ങിനെ നേടാം എന്ന് നാം പഠിക്കേണ്ടിയിരിക്കുന്നു.
പാപങ്ങള്‍ എന്ന് വക തിരിച്ചു നിര്‍ത്തിയിട്ടുള്ള കാര്യങ്ങളിലൂടെ കണ്ണോടിക്കുമ്പോള്‍ മനസ്സിലാകും മനുഷ്യരെല്ലാവരുംതന്നെ സദാ പാപങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന്.
ജീവിതത്തെ പറ്റി നിങ്ങള്‍ക്കുള്ള സ്വന്തം വിലയിരുത്തലുകള്‍ മാറ്റിനിര്‍ത്തിയാല്‍ - ജീവിതം അതിന്‍റെ പാട്ടിന് ഒഴുകി പോവുകയാണ്, പലപ്പോഴും വളരെ വിചിത്രമായ രീതിയില്‍. അവനവനു ആവശ്യമായതെന്തോ അത് കൈകൊള്ളുക, ശേഷിക്കുന്നത് വിട്ടുകളയുക. മനുഷ്യന് ജീവിതത്തെ സംബന്ധിച്ച് അത്രമാത്രമേ ചെയ്യാനാവൂ.. കൈവരുന്നതിനെയൊക്കെ നല്ലത് ചീത്ത എന്ന് തരം തിരിക്കാന്‍ തുടങ്ങിയാല്‍ ഒന്നിനെ കുറിച്ചും ഒരു തീരുമാനത്തിലെത്താനാവില്ല. സംശയം മാത്രമായിരിക്കും ഫലം. അതിനു ജീവിതത്തില്‍ വലിയ സ്ഥാനം ഉണ്ട് താനും, കാരണം അരുതാത്തത് എന്ന് നിങ്ങള്‍ കരുതുന്ന പല കാര്യങ്ങളും പലരും ചെയ്തുകൊണ്ടിരിക്കുന്നു - നിങ്ങളും അതിലൊരാളാണ്.
പുണ്യവും പാപവും മനുഷ്യന്റെ സൃഷ്ടികളാണ്, അതിനെക്കുറിച്ചുള്ള സംശയങ്ങളും, കുറ്റഭാരങ്ങളും പേറുന്നതും നിങ്ങള്‍ തന്നെ. പുണ്യ പാപങ്ങളുടെ പാര്‍ശ്വഫലങ്ങള്‍ ആണ് സംശയവും അപരാധ ഭീതിയും. രണ്ടും ഒഴിവാക്കാനാവില്ല. ഒഴിവാക്കണമെന്ന് ഉണ്ടെങ്കില്‍, ആദ്യംതന്നെ ലോകമനസ്സില്‍ നിന്നും പുണ്യ പാപങ്ങള്‍, നന്മ തിന്മകള്‍ തുടങ്ങിയ സങ്കല്പങ്ങള്‍ തുടച്ചുമാറ്റണം. അതിനു നമ്മള്‍ തയ്യാറാവുന്നില്ല. ജീവിതത്തെ അതിന്റെ മട്ടില്‍ സ്വീകരിക്കാന്‍ - കാണാന്‍ - നമ്മള്‍ സന്നദ്ധരല്ല. പുണ്യ പാപങ്ങളെ മുന്‍നിര്‍ത്തിക്കൊണ്ട് വലിയൊരു കളിയിലേര്‍പ്പെട്ടിരിക്കുകയാണ് ലോകം മുഴുവനും തന്നെ. നമ്മുടെ സ്വന്തം ബുദ്ധിക്കും ബോധത്തിനും അനുസരിച്ചല്ല നമ്മള്‍ ജീവിതം നയിക്കുന്നത്. നമ്മിലെ മാനവികതക്കും അതില്‍ സ്ഥാനമില്ല - കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഒരു സദാചാര ബോധം, അതിനനുസൃതമായിട്ടാണ് നമ്മള്‍ ജീവതം മുന്നോട്ട് കൊണ്ടുപോകുന്നത്.
ഓരോ മനുഷ്യനിലും അവന്റെ മനുഷ്യത്വം പൂര്‍ണ വികാസം പ്രാപിച്ചിട്ടുണ്ട് എങ്കില്‍ ശരി തെറ്റുകളെ കുറിച്ച് ഇനിയൊരാള്‍ പഠിപ്പിച്ചു തരേണ്ടതായി വരുമോ? കൊള്ളാവുന്നതെന്താണ്, തള്ളേണ്ടുന്നവ എന്താണ് എന്ന് സ്വാഭാവികമായും നമ്മള്‍ മനസ്സിലാക്കുകയില്ലേ? ഒരാളും പറഞ്ഞു തരാതെ തന്നെ ആ അറിവ് നമ്മളുടെ ഉള്ളില്‍ തെളിഞ്ഞു വരികയില്ലേ? സ്വന്തം സദാചാര മൂല്യങ്ങള്‍ക്കനുസരിച്ച് നിങ്ങള്‍ നിങ്ങളുടെ ജീവിതം നയിക്കുന്നു. അതിന്റെ ഒരു ഭാഗമാണ് സംശയവും പാപചിന്തയും. അതൊഴിവാക്കാന്‍ നിങ്ങള്‍ക്കാവില്ല. ആത്യന്തികമായി മനുഷ്യത്വത്തിന്‍റെ തെളിവിലും നിറവിലും ഊന്നിയാണ് നിങ്ങളുടെ ജീവിതം മുന്നോട്ടുപോകുന്നതെങ്കില്‍ അതിനിടയിലേക്ക് സംശയങ്ങളും കുറ്റബോധവും കടന്നു കയറുകയില്ല