सद्गुरु

ചോദ്യം: പ്രണയവും വിവാഹവും വലിയ പ്രശ്നങ്ങള്‍ക്കു കാരണമാകുന്നത് എന്തുകൊണ്ടാണ്?

സദ്ഗുരു: ശാരീരികമായി നോക്കുമ്പോള്‍ സ്ത്രീയും പുരുഷനും വിരുദ്ധ വിഭാഗങ്ങളാണ്. പ്രത്യുല്‍പാദനം നടക്കാനും, വംശം നിലനില്‍ക്കാനും വേണ്ടി പ്രകൃതിതന്നെ രൂപകല്‍പന ചെയ്ത ഒരു സവിശേഷതയാണ് ഇത്. മുത്തശ്ശിക്കഥയില്‍ പറയുന്നതുപോലെ കൊറ്റികള്‍ അച്ഛനമ്മമാര്‍ക്കുള്ള സമ്മാനമായി പുരപ്പുറത്ത് കൊണ്ടുവെക്കുന്നതാണ് കുഞ്ഞുങ്ങള്‍ എങ്കില്‍, ഇങ്ങനെയൊരു ശാരീരിക വേര്‍തിരിവിന്‍റെ ആവശ്യമുണ്ടാകുമായിരുന്നില്ല. മാത്രമല്ല പ്രത്യുല്‍പാദനത്തിനുള്ള ത്വര മനുഷ്യനില്‍ പ്രകൃതി സ്വാഭാവികമായി ഉള്‍ചേര്‍ത്തിട്ടുള്ളതാണ്, വംശാഭിവൃദ്ധി ഉറപ്പുവരുത്താന്‍ ഈ സഹജവാസന ഇല്ലായിരുന്നുവെങ്കില്‍ മനുഷ്യന്‍റെ ശ്രദ്ധ നിശ്ചയമായും ആ ദിശയിലേക്ക് തിരിയുമായിരുന്നില്ല. ശരീരത്തിലെ ഓരോ കോശവും, തലച്ചോറിലേതടക്കം ഹാര്‍മോണുകളുടെ പിടിയിലാവുന്നു. അങ്ങനെ മനുഷ്യന്‍റെ താല്‍പര്യം നിര്‍ബന്ധപൂര്‍വം അങ്ങോട്ടു തിരിയുന്നു. ഉള്ളില്‍ നിന്നുള്ള തള്ളല്‍ മറികടക്കണമെങ്കില്‍ ആര്‍ക്കായാലും അസാമാന്യമായ കരുത്തുതന്നെ വേണം. അതില്ലാത്തവര്‍ക്ക് ജീവിതം ഇതുതന്നെയാണ്. പത്തോ പതിനൊന്നോ വയസ്സാകുന്നതുവരെ ഇങ്ങനെയൊരു ചോദന ആരും അറിയുന്നില്ല. മറ്റുള്ളവരുടെ കാര്യം അവര്‍ക്ക് വെറും നേരമ്പോക്കായിരിക്കും. പെട്ടെന്നാണ് ഒരു പ്രത്യേക തരം രാസപ്രവര്‍ത്തനം ശരീരത്തിനകത്ത് സംഭവിക്കുന്നതോടെ കാര്യമെന്താണെന്ന് കുട്ടികള്‍ മനസ്സിലാകുന്നത്. അതോടെ അവരെ സംബന്ധിച്ചിടത്തോളം അതൊരു ജീവിത യാഥാര്‍ത്ഥ്യമായിത്തീരുന്നു.

പ്രകൃതി അതിന്‍റേതായ രാസപ്രവര്‍ത്തനത്തിലൂടെ നിങ്ങളെ മയക്കിവെച്ചിരിക്കുകയാണ്, വംശവര്‍ദ്ധന എന്ന ലക്ഷ്യം സഫലമാക്കാന്‍ വംശത്തിന്‍റെ തുടര്‍ച്ച, നിലനില്‍പ്പ് .... ഇതെല്ലാം പ്രകൃതിയുടെ ആവശ്യമാണ്. അതിനുള്ള മാര്‍ഗങ്ങള്‍ അത് സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നു. അങ്ങനെയാണ് സ്ത്രീയും പുരുഷനും പരസ്പരം ആകര്‍ഷിക്കപ്പെടുന്നത്. പ്രകൃതി തന്‍റെ ബലത്താല്‍ അവരെ തമ്മില്‍ യോജിപ്പിപ്പിക്കുന്നു എന്നു പറയാം പ്രകൃതിയുടെ ആവശ്യമാണത്. അതിനുള്ള മാര്‍ഗങ്ങള്‍ അത് സ്വയം സൃഷ്ടിക്കുകയും ചെയ്യുന്നു. പ്രകൃതിയുടെ രാസപ്രവര്‍ത്തനത്തിന്‍റെ ഫലമായി പുരുഷമനസ്സില്‍ സ്ത്രീയോടും സ്ത്രീമനസ്സില്‍ പുരുഷനോടുമുള്ള താല്‍പര്യമുളവാകുന്നു. ആ താല്‍പര്യം പരമാവധി പ്രയോജനപ്പെടുന്നതിലാകും തുടര്‍ന്നുള്ള ശ്രദ്ധ.

കൊടുത്തും വാങ്ങിയും പരസ്പരം പ്രയോജനമുണ്ടാവണം. ഓരോ ബന്ധത്തിന്‍റേയും അടിസ്ഥാന തത്വം അതാണ് കൊടുത്തും വാങ്ങിയും തുടര്‍ന്നുപോകുന്ന ഒരു ബന്ധം.

കൊടുത്തും വാങ്ങിയും പരസ്പരം പ്രയോജനമുണ്ടാവണം. ഓരോ ബന്ധത്തിന്‍റേയും അടിസ്ഥാന തത്വം അതാണ് കൊടുത്തും വാങ്ങിയും തുടര്‍ന്നുപോകുന്ന ഒരു ബന്ധം. കൊടുക്കലും വാങ്ങലും ഒരു നിത്യസംഭവമാകുമ്പോള്‍ ഒരാള്‍ക്ക് തോന്നാനിടയുണ്ട്, "ഞാന്‍ കൊടുക്കുന്ന അത്ര എനിക്ക് തിരിച്ചുകിട്ടുന്നില്ല."

സമൂഹത്തില്‍നിന്നും നമ്മള്‍ പഠിക്കുന്ന ഒരു പാഠം കൊടുക്കുന്നതിനേക്കാള്‍ കൂടുതലായി കിട്ടണം, അപ്പോഴേ കച്ചവടം ലാഭകരമാകുന്നുള്ള എന്നാണ്. വിവാഹബന്ധമായാലും കച്ചവടബന്ധമായാലും സംഗതി ഇതുതന്നെയാണ്. അതുകൊണ്ടാണ് ബന്ധങ്ങളില്‍ സ്നേഹത്തിന് ഊന്നല്‍ നല്‍കുന്നത്. ലാഭനഷ്ട കണക്കുകള്‍ക്കപ്പുറത്തേക്ക് ബന്ധങ്ങള്‍ വളരണം. ഓരാളോടുള്ള അടുപ്പം വൈകാരികമായി ശക്തി പ്രാപിക്കുമ്പോള്‍ സ്വാഭാവികമായും കണക്കുകൂട്ടലുകള്‍ നമ്മള്‍ മറക്കുന്നു. "എത്ര കിട്ടുന്നു എന്ന് ഞാന്‍ കണക്കാക്കുന്നില്ല. എനിക്കെത്രത്തോളം കൊടുക്കാനാവും എന്നു മാത്രമാണ് ഞാന്‍ ചിന്തിക്കുന്നത്" നിങ്ങളുടെ മനോഭാവത്തിന് വലിയ മാറ്റം വരുന്നു. അങ്ങനെയുള്ള ബന്ധങ്ങളാണ് ഭംഗിയായി മുമ്പോട്ടു പോകുന്നത്. പരസ്പരമുള്ള വികാര തീവ്രതയ്ക്ക് ശക്തി കുറയുമ്പോഴാണ് കൊടുക്കലും വാങ്ങലും കണക്കുകളായി ജീവിതത്തില്‍ മുന്നോട്ടുവരുന്നത്. ജീവിതത്തില്‍ പലരുമായി നമുക്ക് ഇത്തരം കൊടുക്കല്‍വാങ്ങല്‍ ബന്ധമുണ്ട്, എന്നാല്‍ അതിനൊക്കെ ഒരു പരിധിയുമുണ്ട്. വേണമെങ്കില്‍ പ്രയാസം കൂടാതെ വേണ്ടെന്നുവക്കാവുന്ന ബന്ധങ്ങളാണ് അവയിലേറെയും. എന്നാല്‍ ദാമ്പത്യബന്ധം ആ കൂട്ടത്തില്‍പെടുന്നില്ല. തുണയുമായി ഒരേകൂട്ടില്‍ കഴിയുന്ന പക്ഷിയുടേതുപോലെയാണത്. എന്നും എപ്പോഴും ഒരുമിച്ച് എന്ന അവസ്ഥ. അയാള്‍ എന്നെ ഉപയോഗിക്കുകയാണ് എന്ന തോന്നലുണ്ടാവുക അപൂര്‍വമല്ല. പണമൊ വസ്തുവകകളോ മാത്രമാണെങ്കില്‍ ഒരു ഒത്തുതീര്‍പ്പിലെത്താം. പല സംഗതികളും നമുക്ക് പറഞ്ഞു തീര്‍ക്കാനാവും. എന്നാല്‍ ഇവിടെ വീടും പണവും മാത്രമല്ല ശരീരവും കൂടി അതില്‍ ഉള്‍പ്പെടുന്നുണ്ട്. അതുകൊണ്ടുതന്നെ പരസ്പരം സംഘര്‍ഷത്തിന് മൂര്‍ച്ചയേറും.

സ്നേഹസാന്ദ്രമായ ആ നിമിഷങ്ങളില്‍ മാത്രമേ സ്ത്രീയും പുരുഷനും ഒന്നാകുന്നുള്ളൂ. അതില്ലാതാകുമ്പോള്‍ തമ്മില്‍തമ്മിലുള്ള ചേര്‍ച്ചയും അസാദ്ധ്യമാകുന്നു. ശാരീരികമായും വൈകാരികമായും, മറ്റു തരത്തിലും യോജിച്ചുപോവുക പ്രയാസകരമായിത്തീരുന്നു. ഇത്തരം ബന്ധങ്ങളില്‍ ശരീരത്തിനുള്ള വലുതായ പങ്ക്, എന്നെ മറ്റേയാള്‍ ചൂഷണം ചെയ്യുകയാണ് എന്ന തോന്നലിന് കാരണമാവുന്നു.

ചോദ്യം: ഇതിനുള്ള പോംവഴി എന്താണ്?

എന്തിനും, ഏതിനും സ്ത്രീപുരുഷ വിവാദവും സ്വത്വ പ്രഖ്യാപനവുമായി തെരുവിലേക്കിറങ്ങേണ്ടതില്ല. ഒരുമിച്ചു ജീവിക്കുന്ന രണ്ടു മനുഷ്യര്‍ എന്നും മനസ്സിലുണ്ടാവട്ടെ.

സദ്ഗുരു: "ഞാന്‍ സ്ത്രീയാണ്" “നീ പുരുഷനാണ്" എന്ന വേര്‍തിരിവില്‍ നിന്നും പുറത്തുകടക്കുക. ഇരുപത്തിനാലു മണിക്കൂറും ഈയൊരു വിചാരവുമായി കഴിഞ്ഞുകൂടേണ്ടതില്ല. നിത്യജീവിതത്തില്‍ അങ്ങനെയുള്ള ചില സമയങ്ങളും സന്ദര്‍ഭങ്ങളുമുണ്ട് സ്ത്രീ സ്ത്രീയായും പുരുഷന്‍ പുരുഷനായും നില്‍ക്കേണ്ട അവസരങ്ങള്‍ അല്ലാത്ത സമയം മുഴുവന്‍ നമ്മള്‍ ഓരോരുത്തരും കേവലം മനുഷ്യന്‍ മാത്രമാണ്. എന്നാല്‍ സമൂഹം നമ്മെ ശീലിപ്പിച്ചിരിക്കുന്നത് അങ്ങനെയല്ല എന്നതാണ് വാസ്തവം. നമ്മുടെ പെരുമാറ്റത്തിലും, ഭാഷയിലും, വസ്ത്രധാരണത്തിലുമെല്ലാം എപ്പോഴും ഈ വ്യത്യസ്തത പുലര്‍ത്താന്‍ നമ്മള്‍ ബാധ്യസ്ഥരാണ്, സമൂഹ നിയമമനുസരിച്ച് സ്ത്രീക്കും പുരുഷനും തനതായ ലക്ഷ്യങ്ങള്‍, മാര്‍ഗങ്ങള്‍, ചുമതലകള്‍ ഇരുപത്തിനാലു മണിക്കൂറും ആ ചട്ടങ്ങള്‍ പിന്‍തുടര്‍ന്നുകൊണ്ടുപോകാന്‍, സ്ത്രീപുരുഷബോധം കൈയ്യൊഴിയാന്‍ നമുക്ക് സാവകാശം ലഭിക്കുന്നില്ല. ആവശ്യം വരുമ്പോള്‍ മാത്രം സ്ത്രീയോ പുരുഷനോ ആയി നില്‍ക്കുക. അല്ലാത്തപ്പോഴൊക്കെ ഈ മഹത്തായ പ്രകൃതിയുടെ ഒരു ഭാഗം മാത്രമാണ് ഞാന്‍ എന്ന ബോധം നിലനിര്‍ത്തുക. സ്ത്രീപുരുഷ സംഘര്‍ഷം ഒഴിവാക്കാന്‍ ഇതു മാത്രമാണ് പോംവഴി, സ്വയം ജീവിതത്തിന്‍റെ ഒരു തുണ്ടായി മാറുക. എന്തിനും, ഏതിനും സ്ത്രീപുരുഷ വിവാദവും സ്വത്വ പ്രഖ്യാപനവുമായി തെരുവിലേക്കിറങ്ങേണ്ടതില്ല. ഒരുമിച്ചു ജീവിക്കുന്ന രണ്ടു മനുഷ്യര്‍ എന്നും മനസ്സിലുണ്ടാവട്ടെ.

സ്ത്രീപുരുഷന്‍ രണ്ടും രണ്ടു ശാഠ്യങ്ങളാണ്. രണ്ടു ശാഠ്യങ്ങള്‍ ഒരുമിച്ചു നില്‍ക്കുക പ്രയാസമാണ് ഞാനൊരു സ്ത്രീ അല്ലെങ്കില്‍ പുരുഷന്‍ എന്ന ബോധം എത്രത്തോളം നിങ്ങളില്‍ തീവ്രമാണോ അത്രത്തോളം ശക്തമായിരിക്കും നിങ്ങളുടെ ശാഠ്യവും. ശാഠ്യം ഏറുന്തോറും സ്വാഭാവികമായും ഏറ്റുമുട്ടലുകളുണ്ടാവും. അപരന്‍റെ സ്വാതന്ത്ര്യത്തില്‍ കൈകടത്തുകയും ചെയ്യും. അത് സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കും.

ഞാന്‍ ഒരു മനുഷ്യന്‍ എന്ന ബോധമാണ് നിങ്ങളില്‍ ശക്തമായിട്ടുള്ളത്. ഞാന്‍ സ്ത്രീയാണ്, പുരുഷനാണ് എന്നീ തോന്നലുകള്‍ കേവലം സാമാന്യതലത്തില്‍ മാത്രമായിരിക്കും. നിങ്ങളുടെ വ്യക്തിത്വത്തിന്‍റെ മികവ് മനുഷ്യന്‍ എന്ന നിലയിലായിരിക്കും. സ്ത്രീ പുരുഷന്‍ എന്ന വേര്‍തിരിവ്‌ നിങ്ങളെ സംബന്ധിച്ചിടത്തോളം അപ്രസക്തമാകും. നിങ്ങളിലെ സര്‍ഗവാസനകള്‍ കൂടുതല്‍ പ്രകാശപൂര്‍ണമാകും. നിങ്ങളുടെ സാദ്ധ്യതകള്‍ക്ക് പ്രകടമാവാന്‍ കൂടുതല്‍ അവസരങ്ങളുണ്ടാകും.