കര്‍മ്മങ്ങള്‍ എങ്ങനെയാണ് അനുഷ്‌ഠിക്കേണ്ടത്?

ഇവിടെ നാം ഏതായാലും കര്‍മം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഹിറ്റ്‌ലറിന്‍റെ മാര്‍ഗം വേണോ അതോ മഹാത്മാഗാന്ധിയുടെ മാര്‍ഗം വേണോ എന്ന്‍ നിശ്ചയിച്ചാല്‍ മതി. ഇപ്പോള്‍ ഉത്തമമായി തോന്നുന്നത്‌ ചെയ്യാം. ഏതായാലും പ്രവൃത്തിചെയ്യാന്‍ തീരുമാനിച്ച സ്ഥിതിക്ക്‌ അത്‌ പൂര്‍ണമനസ്സോടെ നമുക്ക്‌ ചെയ്യാം.
 
 

सद्गुरु

അന്വേഷി: ഒരാളെ തന്‍റെ യുക്തിക്കതീതമായി ഗുരുവിലേക്കടുപ്പിക്കുന്നത്‌ അദ്ദേഹത്തിന്‍റെ വിശിഷ്‌ട വ്യക്തിത്വമാണെന്നു ഞാന്‍ വിശ്വസിക്കുന്നു. അതിനാലാണ്‌ ഞാന്‍ ഇന്ന്‍ അങ്ങയുടെ അടുത്ത്‌ ഇവിടെ ഇരിക്കുന്നത്‌ സദ്‌ഗുരോ.

സദ്‌ഗുരു: താങ്കളെ അദ്ദേഹത്തിലേക്ക്‌ ആകര്‍ഷിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാമാണ്‌? അദ്ദേഹത്തെ കാണുവാനുളള ഇഷ്‌ടം, അദ്ദേഹത്തിന്‍റെ സംസാരം കേള്‍ക്കാനുള്ള താല്‍പര്യം, അതുമല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രവൃത്തിയിലുളള മതിപ്പാവാം. നിങ്ങളുടെ ആകര്‍ഷണം ഇതിനപ്പുറം പോവാന്‍ സാധ്യതയില്ല. ഒരു ഗുരുവിനെ തിരിച്ചറിഞ്ഞ്‌ അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നതിന്‌ ഒരാള്‍ക്ക്‌ വ്യക്തമായ ഗുണവിശേഷം ഉണ്ടാകണം.

അഡോള്‍ഫ്‌ ഹിറ്റ്‌ലര്‍ സ്വന്തം പാര്‍ട്ടി രൂപികരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ കൂടെയുണ്ടായിരുന്നത്‌ വിരലില്‍ എണ്ണാവുന്നത്ര സുഹൃത്തുക്കള്‍ മാത്രമായിരുന്നു. വീടിന്‍റെ നിലവറയില്‍ വച്ച്‌, താന്‍ ഈ ലോകംതന്നെ ചുരുങ്ങിയ കാലയളവില്‍ കാല്‍ക്കീഴിലാക്കാന്‍ പോവുന്നു എന്ന്‍ ശക്തമായ ഭാഷയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞപ്പോള്‍, അവരുടെ ഭാവനകള്‍ ചിറകുവച്ച്‌ ആകാശത്തോളമെത്തി. തൊഴില്‍രഹിതനായ ഒരു സാധാരണ ചെറുപ്പക്കാരനായിരുന്നു ഹിറ്റ്‌ലര്‍, പക്ഷെ ശക്തമായ ഭാഷയില്‍ സംസാരിക്കാന്‍ കഴിവുള്ളയാളായിരുന്നു. അവരെ സംബന്ധിച്ചിടത്തോളം ആ മനുഷ്യന്‍ ലോകം ഭരിക്കാന്‍പോവുന്ന ദൈവമായിരുന്നു, ഈ ഭൂഗോളത്തിന്‍റെ ഭാവി കൈയിലെടുക്കാന്‍ പോന്നയാള്‍. ഇങ്ങിനെയാണ്‌ ഹിറ്റ്‌ലര്‍ തന്‍റെ പ്രതിഛായ വാര്‍ത്തെടുത്തത്‌. ഈ ലോകം താന്‍ ഭരിക്കുമെന്ന്‍ വിശ്വസിക്കത്തക്കവിധം ശക്തമായിരുന്നു ആ പ്രതിരൂപം; അത്‌ സത്യത്തിനടുത്തുവരെയെത്തുകയും ചെയ്‌തു. നിങ്ങള്‍ മനസ്സില്‍ ഒരു വിടവുപോലുമില്ലാതെ ഒരു പ്രതിരൂപം സൃഷ്‌ടിക്കുകയും, നിരന്തരമായി അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്‌താല്‍, അത്‌ സംഭവിച്ചിരിക്കും.

വീടിന്‍റെ നിലവറയില്‍ വച്ച്‌, താന്‍ ഈ ലോകംതന്നെ ചുരുങ്ങിയ കാലയളവില്‍ കാല്‍ക്കീഴിലാക്കാന്‍ പോവുന്നു എന്ന്‍ ശക്തമായ ഭാഷയില്‍ ഹിറ്റ്‌ലര്‍ പറഞ്ഞപ്പോള്‍, അവരുടെ ഭാവനകള്‍ ചിറകുവച്ച്‌ ആകാശത്തോളമെത്തി

വേറെയും ഒരു വഴിയുണ്ട് ‌ഒന്നും ആവശ്യപ്പെടാതെയും ഒന്നിനേപ്പറ്റിയും ചിന്തിക്കുകപോലും ചെയ്യാതെയും കാര്യങ്ങള്‍ സംഭവിക്കാം, എന്നാല്‍ അതിലേക്ക്‌ കടക്കുന്നതിന്‌ മുന്‍പ്‌ അവനവനെത്തന്നെ നല്ലതുപോലെ ഒന്ന്‍ ചൂടാക്കേണ്ടതായിരിക്കുന്നു. ഒരിക്കല്‍പോലും തീയില്‍ ചാടിയിട്ടില്ലാത്തവര്‍ക്ക്‌ വെള്ളത്തിന്‍റെ തണുപ്പ്‌ ആസ്വദിക്കാന്‍ കഴിയില്ല. പകുതി മനസ്സോടെ ഉറക്കംതൂങ്ങി ജീവിതം കഴിച്ചുകൂട്ടിയവര്‍ക്ക്‌ മറ്റൊരു രീതി അറിയാന്‍ കഴിയില്ല. അല്‍പ സമയത്തേക്കെങ്കിലും ഭ്രാന്തമായ ആവേശം എന്തിനോടെങ്കിലും തോന്നിയാല്‍, അത്‌ നിങ്ങളുടെ ഊര്‍ജപ്രഭാവത്തെ കൊടുമുടിയിലെത്തിക്കുകയും അത്‌ ചലനാത്മകമാവുകയും ചെയ്യും. അപ്പോള്‍ അതിനെ മറ്റൊരു രൂപത്തിലാക്കുക എളുപ്പമാണ്‌. കര്‍മയോഗ, അല്ലെങ്കില്‍ പ്രവൃത്തിയുടെ മാര്‍ഗം കൊണ്ട് ‌ ഉദ്ദേശിക്കുന്നത്‌ അതാണ്‌. ഒരു സാധകന്‍ കര്‍മ മാര്‍ഗം സ്വീകരിക്കുന്നത്‌ ഈ ഉദ്ദേശ്യത്താലാണ്‌.

ഇവിടെ നാം ഏതായാലും കര്‍മം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. ഇനി ഹിറ്റ്‌ലറിന്‍റെ മാര്‍ഗം വേണോ അതോ മഹാത്മാഗാന്ധിയുടെ മാര്‍ഗം വേണോ എന്ന്‍ നിശ്ചയിച്ചാല്‍ മതി. ഇപ്പോള്‍ ഉത്തമമായി തോന്നുന്നത്‌ ചെയ്യാം. ഏതായാലും പ്രവൃത്തിചെയ്യാന്‍ തീരുമാനിച്ച സ്ഥിതിക്ക്‌ അത്‌ പൂര്‍ണമനസ്സോടെ നമുക്ക്‌ ചെയ്യാം. നിങ്ങള്‍ക്ക്‌ ഏത്‌ പ്രതിഛായയാണ്‌ വേണ്ടതെന്ന്‍ നിങ്ങള്‍ക്കറിയാമോ? ഏത്‌ രീതിയില്‍ വേണമെന്ന്‍ നമുക്ക്‌ തീരുമാനിക്കാം. ലോകം ഭരിക്കുകയാണോ, ലോകസേവനം ചെയ്യുകയാണോ നിങ്ങള്‍ക്കിഷ്‌ടം? അതാണ്‌ തിരഞ്ഞെടുക്കാനുള്ളത്‌. സാധാരണയായി ഒരാള്‍ ഇഷ്‌ടപ്പെടുക ലോകം ഭരിക്കാനാണ്‌. ഒരാള്‍ പാതി മനസ്സോടെ കാര്യങ്ങള്‍ ചെയ്യുന്ന രീതിക്കാരനാണെങ്കില്‍, അയാള്‍ക്ക്‌ സ്വന്തം ഭാര്യയെ മാത്രമേ ഭരിക്കാന്‍ കഴിയൂ. ലോകം ഭരിക്കാന്‍ കഴിയാത്ത അയാള്‍ മക്കളേയും ഭാര്യയേയും ഭരിക്കുന്നു. അത്തരത്തിലുള്ള ഒരാള്‍ക്ക്‌ അതിനുള്ള കഴിവോ, തീവ്രമായ അഭിലാഷമോ ഇല്ല; അല്ലെങ്കില്‍ അയാള്‍ ഒരു ഹിറ്റ്‌ലര്‍ ആകുമായിരുന്നു. തന്‍റെ ആശയങ്ങളോട്‌ യോജിക്കാന്‍ വിസമ്മതിക്കുമ്പോള്‍ സ്വന്തം ഭാര്യയേയും മക്കളേയും പീഡിപ്പിക്കുന്ന ഒരുവന്‍ നാളെ ലോകചക്രവര്‍ത്തിയായാല്‍, വടിക്കുപകരം വാളെടുക്കും. അയാള്‍ക്കു ലോകം ഭരിക്കാനുള്ള കഴിവോ തീവ്രമായ അഭിലാഷമോ ഇല്ല എന്നതാണ്‌ പരമാര്‍ത്ഥം. അല്ലെങ്കില്‍ അയാള്‍ ചക്രവര്‍ത്തി ആകുമായിരുന്നു.

ഇപ്പോള്‍ നിങ്ങളുടെ മുന്‍പിലുള്ള മാര്‍ഗം ഇത്രമാത്രം – ഒന്നുകില്‍ ഭരിക്കുക അല്ലെങ്കില്‍ സേവനം ചെയ്യുക. ഇതില്‍ നിങ്ങള്‍ക്ക്‌ ഏറ്റവും പൊരുത്തപ്പെടാനാവുന്നതും ദൈവീകമായതും സാക്ഷാത്‌കാരത്തിലേക്ക്‌ നയിക്കുന്നതുമായത്‌ തിരഞ്ഞെടുക്കുക. നിമിഷംതോറും, വര്‍ദ്ധിച്ച തീവ്രതയോടെ, ഇടതടവില്ലാതെ അത്‌ അനുഷ്‌ഠിക്കുക. അങ്ങിനെയാവുമ്പോള്‍, പിന്നെ ഒരു അനുഷ്‌ഠാനവും ആവശ്യമില്ലാത്ത ഒരു ദിവസം വരും. യഥാര്‍ത്ഥ കര്‍മം തീവ്രമായി അനുഷ്‌ഠിക്കാന്‍ അറിയാത്ത ഒരുവന്‌ നിഷ്‌ക്രിയനാവാനും കഴിയില്ല. അങ്ങനെയുളള നിഷ്‌ക്രിയത്വം അലസതയായിമാറും. ജീവിതത്തില്‍ എല്ലായ്‌പ്പോഴും വിശ്രമം എടുക്കുന്നവര്‍ യഥാര്‍ത്ഥ വിശ്രമത്തില്‍ നിപുണരാകണം, അല്ലേ? പക്ഷെ അതല്ല സത്യം. ഏറ്റവും തീവ്രമായ രീതിയില്‍ കര്‍മം അനുഷ്‌ഠിക്കുന്ന ആള്‍ക്കുമാത്രമേ വിശ്രമം എന്താണെന്ന്‍ അറിയാന്‍ കഴിയൂ.

യഥാര്‍ത്ഥ കര്‍മം തീവ്രമായി അനുഷ്‌ഠിക്കാന്‍ അറിയാത്ത ഒരുവന്‌ നിഷ്‌ക്രിയനാവാനും കഴിയില്ല.

നിഷ്‌ക്രിയത്വം എന്താണെന്ന്‍ അറിയണമെങ്കില്‍ ആദ്യമായി നിങ്ങള്‍ പ്രവര്‍ത്തനം എന്താണെന്നറിയണം. നിങ്ങള്‍ക്ക്‌ ഇനിയും അത്‌ അറിയാറായിട്ടില്ല. ഉണര്ന്നിരിക്കുന്ന ഓരോ നിമിഷവും ഞാന്‍ ശരീരം കൊണ്ടും മനസ്സു കൊണ്ടും എന്നെ സമര്‍പണം ചെയ്‌തുകൊണ്ടിരിക്കുന്നു. ഉറക്കത്തിലും ഉണര്ന്നിരിക്കുമ്പോഴും ഒരു ദിവസത്തില്‍ ഇരുപത്തിനാല്‌ മണിക്കൂറും ഇടവേളയില്ലാതെ ഈ കര്‍മം എല്ലാ തീവ്രതയോടുംകൂടി ഞാന്‍ ചെയ്‌തു കൊണ്ടിരിക്കുന്നു. അതു കൊണ്ടുമാത്രമാണ്‌ എന്‍റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത്‌. അതിന്‌ ഇത്ര തീവ്രത വന്നത്‌ അതില്‍ പ്രത്യേകമായി ഒരര്‍ത്ഥവും ഞാന്‍ കല്‍പിക്കാത്തതുകൊണ്ടാണ്‌. ഇരുപത്തിനാലു മണിക്കൂറും അതേ തീവ്രത നില നിര്‍ത്തുന്നു. അപ്പോള്‍ അതിന്‌ ഒരു പ്രത്യേക ശക്തി കൈവരുന്നു. ത്യാഗം, സമര്‍പണം എന്നൊക്കെ പയുന്നത്‌ അതാണ്‌. അത്തരത്തിലുള്ള സമര്‍പണത്തില്‍നിന്ന്‍, ഒരാള്‍ക്ക്‌ അകത്തും പുറത്തുമുണ്ടാവുന്ന മാറ്റങ്ങള്‍, വാക്കുകളാല്‍ വിവരിക്കാനാവില്ല.

ആത്മസാക്ഷാത്‌കാരം ലഭിച്ച അനേകം യോഗിവര്യന്മാര്‍ ലോകത്ത്‌ ജീവിച്ചിരുന്നിട്ടുണ്ട്. അവരുടെ ഊര്‍ജം ഇപ്പോഴും ഇവിടെ പ്രസരിക്കുന്നുണ്ട്, എന്നാല്‍ ഒറ്റക്ക്‌ അവര്‍ക്ക്‌ ഒന്നും ചെയ്യാന്‍ സാധ്യമല്ല. ഈ വഴിക്ക്‌ രാവും പകലും ഇടതടവില്ലാതെ ശ്രമിക്കുന്നവര്‍ ചുരുക്കം, എന്നാല്‍ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ടുമാത്രമേ എന്തെങ്കിലും മാറ്റങ്ങള്‍ സംഭവിക്കൂ. അങ്ങിനെയാണ്‌ വിവേകാനന്ദന്മാര്‍ സൃഷ്‌ടിക്കപ്പെടുന്നത്‌. മഹാത്മാഗാന്ധിമാര്‍ ഉണ്ടാവുന്നതും അങ്ങിനെയാണ്‌. അവര്‍ ജനിക്കുകയല്ല. യഥാര്‍ത്ഥ ധീരനെ സൃഷ്‌ടിക്കുന്നതിന്‍റെ ശാസ്‌ത്രമാണത്‌, എന്നാല്‍ ഇത്‌ അടക്കി ഭരിക്കാനുള്ള ശക്തിയല്ല, എടുത്തുമാറ്റാന്‍ കഴിയുന്നതുമല്ല. ഒരാള്‍ക്കും അത്‌ എടുത്തുമാറ്റാന്‍ കഴിയുകയില്ല, എന്തെന്നാല്‍ നിങ്ങള്‍ എവിടെത്തന്നെയായാലും ഇതുതന്നെയാവും ചെയ്യുക. ഭരിക്കണമെങ്കില്‍ നിങ്ങള്‍ക്ക്‌ ഇരിക്കാന്‍ ഒരു കസേര വേണം. ആരെങ്കിലും, നിങ്ങളെ കസേരയില്‍നിന്ന്‍ വലിച്ചു മാറ്റിയാല്‍ നിങ്ങള്‍ ദുഃഖാര്‍ത്തനാകും. ഇത്‌ അങ്ങിനെ അല്ല. നിങ്ങളെ എവിടെ വിട്ടാലും നിങ്ങള്‍ ചെയ്യാനുള്ള ജോലി കൃത്യമായി ചെയ്യുന്നു. സാഹചര്യങ്ങളോ ഫലത്തെക്കുറിച്ചുള്ള ആകാംക്ഷയോ ഒന്നും ഒരു പ്രശ്‌നമാവുന്നില്ല. അങ്ങിനെയേ നിങ്ങള്‍ക്ക്‌ ചെയ്യാന്‍ കഴിയുകയുള്ളു. നിങ്ങളെ നരകത്തില്‍ കൊണ്ടിട്ടാലും നിങ്ങള്‍ അങ്ങിനെ മാത്രമേ ചെയ്യൂ; സ്വര്‍ഗത്തിലിട്ടാലും നിങ്ങള്‍ അതുതന്നെ ചെയ്യും. ഇത്‌ നിങ്ങളെ കര്‍മം, കര്‍മഫലം ഈ ചിന്തകളില്‍നിന്ന്‍ മോചിപ്പിക്കുന്നു. കര്‍മഫലത്തില്‍നിന്ന്‍ മോചിതനായാല്‍ കര്‍മങ്ങള്‍ സ്വമേധയാ സംഭവിക്കുന്നു. കര്‍മത്തില്‍നിന്നുള്ള മോചനത്തിന്‌ നിങ്ങള്‍ പ്രവര്‍ത്തനം നിര്‍ത്തണമെന്നില്ല. അത്‌ സ്വയം അലിഞ്ഞ്‌ ഇല്ലാതാവും.

ഒരു സെന്‍ വിഹാരത്തില്‍ എണ്‍പതിലധികം വയസ്സുള്ള ഒരു ഗുരുവുണ്ടായിരുന്നു. ദിവസേന അദ്ദേഹം പൂന്തോട്ടത്തില്‍ കഠിനമായി അദ്ധ്വാനിച്ചിരുന്നു. സെന്‍ വിഹാരങ്ങളില്‍, ഉദ്യാനപരിപാലനം അനുഷ്‌ഠാനത്തിന്‍റെ ഒരു പ്രധാന ഭാഗമായിരുന്നു. രാവും പകലും സന്യാസിമാര്‍ ഉദ്യാനത്തില്‍ പണിയെടുത്തിരുന്നു. വര്‍ഷങ്ങളായി ഗുരുവും അത്‌ ചെയ്‌തിരുന്നു. എണ്‍പതു കഴിഞ്ഞിട്ടും ശരീരക്ഷീണം വക വെയ്ക്കാതെ അദ്ദേഹം അത്‌ തുടര്‍ന്നു. ദിവസം മുഴുവന്‍ അദ്ദേഹം തോട്ടത്തില്‍ പണിയെടുത്തു. പല സന്ദര്‍ഭങ്ങളിലും ശിഷ്യന്മാര്‍ അദ്ദേഹത്തെ പിന്‍തിരിപ്പിക്കാന്‍ ശ്രമിച്ചുവന്നു. ``അങ്ങ്‌ ദയവായി വിശ്രമിക്കുക. ഞങ്ങള്‍ എല്ലാവരും ഉണ്ടല്ലോ. ഈ ജോലി ഞങ്ങള്‍ ചെയ്‌തോളാം”, അവര്‍ പറയും. എന്നാല്‍ അദ്ദേഹം ഇതൊന്നും ചെവിക്കൊള്ളാതെ, തന്നാല്‍ കഴിവത്‌ ചെയ്‌തുകൊണ്ടിരുന്നു. പണിയെടുക്കാനുള്ള അദ്ദേഹത്തിന്‍റെ ആരോഗ്യം കുറഞ്ഞിട്ടുണ്ടാവും, എന്നാല്‍ അതിനുള്ള ഉത്സാഹം ഒട്ടും കുറഞ്ഞിരുന്നില്ല. ഒരേ തീവ്രതയോടെ അദ്ദേഹം തന്‍റെ ജോലി ചെയ്‌തു വന്നു.

[pullquotealign="right"]കണ്ണടച്ചതുകൊണ്ടുമാത്രം നിങ്ങള്‍ മോചിതനാവില്ല. കണ്ണ്‌ തുറക്കുമ്പോള്‍ എല്ലാം പഴയപടിയാവും. മല മുകളില്‍ തപസ്സിരുന്നിട്ടും കാര്യമില്ല. നിങ്ങളുടെ കര്‍മം പ്രവര്‍ത്തിച്ചുതന്നെ തീര്‍ക്കണം

ഒരു നാള്‍ ശിഷ്യന്മാര്‍ അദ്ദേഹത്തിന്‍റെ പണിയായുധങ്ങള്‍ ഒളിപ്പിച്ചുവച്ചു. ആ ദിവസം അദ്ദേഹം ഭക്ഷണം കഴിച്ചില്ല. അടുത്ത ദിവസവും അദ്ദേഹം പണിയായുധങ്ങള്‍ കാണാത്തതിനാല്‍ ഭക്ഷണം കഴിച്ചില്ല. മൂന്നാം ദിവസവും ഇതാവര്‍ത്തിച്ചു. പരിഭ്രാന്തരായ ശിഷ്യന്മാര്‍ പറഞ്ഞു, ``നമ്മള്‍ പണിയായുധങ്ങള്‍ ഒളിപ്പിച്ചു വച്ചതിന്‍റെ ദേഷ്യത്തില്‍ അദ്ദേഹം ഭക്ഷണം കഴിക്കുന്നില്ല.” പിറ്റേ ദിവസം പണിയായുധങ്ങള്‍ തിരികെ കൊണ്ടുവച്ചു. അദ്ദേഹം അന്ന്‍ പണി ചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തു. അന്ന്‍ വൈകുന്നേരത്തെ ക്ലാസില്‍ അദ്ദേഹം പറഞ്ഞു, "പണി ഇല്ല, ഭക്ഷണവും ഇല്ല.” തിരിച്ചുപോയി അദ്ദേഹം സമാധിയായി. അത്‌ അവസാനത്തെ ദിവസം ആയിരുന്നു. അദ്ദേഹത്തെപ്പോലെയൊരാള്‍ക്ക്‌ കര്‍മം അനുഷ്‌ഠാനമായിരുന്നു. എവിടെയെന്നും ഏതു തരത്തിലുള്ളതെന്നും പ്രശ്‌നമായിരുന്നില്ല. നിങ്ങള്‍ അദ്ദേഹത്തെ നരകത്തിലോ സ്വര്‍ഗത്തിലോ ഭൂമിയിലോ എവിടെയിട്ടാലും അദ്ദേഹം അതുപോലെതന്നെ ആയിരിക്കും. ഒരിക്കല്‍ നിങ്ങള്‍ അങ്ങിനെ ആയിക്കഴിഞ്ഞാല്‍ ബാഹ്യലോകത്തില്‍നിന്ന്‍ നിങ്ങള്‍ മോചിതനായി. കണ്ണടച്ചതുകൊണ്ടുമാത്രം നിങ്ങള്‍ മോചിതനാവില്ല. കണ്ണ്‌ തുറക്കുമ്പോള്‍ എല്ലാം പഴയപടിയാവും. മല മുകളില്‍ തപസ്സിരുന്നിട്ടും കാര്യമില്ല. നിങ്ങളുടെ കര്‍മം പ്രവര്‍ത്തിച്ചുതന്നെ തീര്‍ക്കണം. അതേ മാര്‍ഗമുള്ളൂ.

 
 
  0 Comments
 
 
Login / to join the conversation1