കര്‍മഫലങ്ങളുടെ ബന്ധനത്തില്‍ നിന്നും മുക്തിനേടാന്‍.

കഴിഞ്ഞ ലക്കത്തില്‍ സ്വപ്നവും ജാഗ്രതാവസ്ഥയും തമ്മിലുള്ള വ്യത്യാസവും, രണ്ടവസ്ഥകളേയും കര്‍മങ്ങളുടെ കുരുക്കഴിക്കാനുള്ള ഉപാധികളായി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും സദ്ഗുരു വിശദമായി പ്രതിപാദിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന് ഇതിലുള്ള പങ്കിനെക്കുറിച്ചദ്ദേഹം തുടര്‍ന്നു സംസാരിക്കുന്നു.
 
 

सद्गुरु

കഴിഞ്ഞ ലക്കത്തില്‍ സ്വപ്നവും ജാഗ്രതാവസ്ഥയും തമ്മിലുള്ള വ്യത്യാസവും, രണ്ടവസ്ഥകളേയും കര്‍മങ്ങളുടെ കുരുക്കഴിക്കാനുള്ള ഉപാധികളായി എങ്ങിനെ പ്രയോജനപ്പെടുത്താം എന്നതിനെക്കുറിച്ചും സദ്ഗുരു വിശദമായി പ്രതിപാദിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസത്തിന് ഇതിലുള്ള പങ്കിനെക്കുറിച്ചദ്ദേഹം തുടര്‍ന്നു സംസാരിക്കുന്നു.

സദ്ഗുരു : കര്‍മങ്ങളെ പലതരത്തില്‍ നമ്മള്‍ അവലോകനം ചെയ്തിരിക്കുന്നു. കര്‍മത്തിന്റെ തന്നെ പല തലങ്ങളെകുറിച്ച്‌ നമ്മള്‍ സംസാരിക്കാറുണ്ട്. അത്‌ ഓരോരുത്തരുടേയും കാഴ്‌ചപ്പാടനുസരിച്ചായിരിക്കും. തല്‍ക്കാലം കര്‍മം എന്നുവെച്ചാല്‍ പ്രവൃത്തി എന്നര്‍ത്ഥമെടുക്കാം. ഒന്നാമതായി നമ്മള്‍ ഓര്‍ക്കേണ്ടതിതാണ്‌, ‘ആരുടെ പ്രവൃത്തി?’ അതിനുത്തരം, ‘എന്റെ പ്രവൃത്തി’ എന്നുമാത്രമായിരിക്കണം. കര്‍മങ്ങള്‍ നമ്മെ ചുറ്റിവരിഞ്ഞിരിക്കുന്നു, അതുകൊണ്ടാണ്‌ ഈ ചുരുളഴിക്കല്‍ വേണ്ടി വരുന്നത്‌. ഈ ബാധ്യത ഇറക്കി വയ്ക്കല്‍ സ്വാഭാവികമായി നടക്കുന്ന ഒരു പ്രക്രിയയാണ്‌. "അതില്‍ എനിക്കായി ഒന്നും ചെയ്യാനില്ല. എന്റെ ചിന്തകളും, വികാരങ്ങളും, എടുത്തുചാട്ടങ്ങളുമൊക്കെ ഞാനറിയാതെ സംഭവിച്ചു പോവുകയാണ്‌,” എന്ന കരുത്തറ്റ വിശ്വാസമുണ്ടെങ്കില്‍, തന്റെ ഭാഗത്തുനിന്നും ഒരു നീക്കവും ആവശ്യമായി വരുന്നില്ല. എല്ലാം താനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. പലപ്പോഴും തോന്നുക, താനല്ല മറ്റാരോ ആണ്‌ അതെല്ലാം ചെയ്യുന്നതെന്നാണ്‌. കുറെനേരം സ്വസ്ഥമായി, നിശബ്ദമായി, അവനവനെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നാല്‍, മനസ്സ്‌ അതിന്റേതായ രീതിയില്‍ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്നു എന്ന വിഷയം മനസ്സിലാക്കാം. ഏതോ ബാധ നിങ്ങളില്‍ കയറിക്കൂടിയിരിക്കുന്നതുപോലെയാണ്‌ തോന്നുക. മനസ്സ്‌ വാസ്തവത്തില്‍ ചെയ്യുന്നത്‌, നിങ്ങള്‍ ഉണ്ടാക്കിവെച്ച കുടുക്കുകള്‍ അഴിച്ചുമാറ്റുകയാണ്‌. അപ്പോള്‍ ജീവിതം എന്നു പറഞ്ഞാല്‍ പ്രവൃത്തിയും, സ്വപ്‌നം എന്നു പറഞ്ഞാല്‍ ചെയ്‌തതഴിച്ചുമാറ്റലുമാണെന്നാണോ?

ആധുനിക വിദ്യാഭ്യാസം, അറിവു നേടാനോ, ആത്മസാക്ഷാത്‌ക്കാരത്തിനോ ഒരാളെ സഹായിക്കുന്നില്ല.

അങ്ങനെയല്ല, ഇതു രണ്ടും ചേര്‍ന്നതാണ്‌ ജീവിതം. അതില്‍ പ്രവൃത്തിയും നിവൃത്തിയുമുണ്ട്‌, ബന്ധനവും മോചനവും ഉണ്ട്. ഒന്നിനെക്കുറിച്ചും കാര്യമായി ചിന്തിക്കുന്നില്ലെങ്കില്‍, അവിടെ കൂടുതലായും നടക്കുന്നത്‌ കെട്ടഴിക്കലാണ്‌. അല്‌പം ബോധപൂര്‍വമാണ്‌ ചെയ്യുന്നതെങ്കിലോ, കൂടുതല്‍ കെട്ടുകള്‍ സൃഷ്‌ടിക്കും. ഇത് രണ്ടും കടന്ന്, തികഞ്ഞ ജ്ഞാനത്തോടു കൂടിയാണ്‌ പ്രവൃത്തിക്കുന്നതെങ്കില്‍ അഴിച്ചുമാറ്റല്‍ വേഗം നടക്കും, പുതിയ കെട്ടുകള്‍ തീരെ ഉണ്ടാവുകയുമില്ല. ഭാഗികമായ അറിവ്‌ കൂടുതല്‍ കെട്ടുകള്‍ക്കു കാരണമാകുന്നു, അങ്ങനെയുള്ള സാഹചര്യത്തില്‍ ഈ കെട്ടഴിക്കല്‍ പ്രക്രിയയുടെ വേഗത കുറയും, വളരെ കുറയും. ജ്ഞാനികളുടെ കാര്യത്തിലാണെങ്കില്‍ ബന്ധനവും മോചനവും ചേര്‍ന്ന സമ്മിശ്രമാണ് നടക്കുക. ജ്ഞാനി എന്ന് പറഞ്ഞാല്‍ അറിവു നേടിയവനെന്നര്‍ത്ഥം, അല്ലാതെ ഉയര്‍ന്ന വിദ്യാഭ്യാസം ലഭിച്ചവനെന്നല്ല. പ്രവൃത്തിയും നിവൃത്തിയും ഒരേ സമയത്തുതന്നെ നടത്തിക്കൊണ്ടുപോകാന്‍ സാധിക്കണം; സാധിക്കും. സ്വപ്‌നവും, ജാഗ്രതാവസ്ഥയും, രണ്ടിനേയും വേര്‍തിരിച്ചു കാണാതിരിക്കുകയാണുത്തമം. എന്റെ അഭിപ്രായം, രണ്ടവസ്ഥകളേയും സ്വപ്‌നമായി കാണുക, അല്ലെങ്കില്‍ രണ്ടിനേയും ജാഗ്രതാവസ്ഥയുടെ തന്നെ രണ്ടു തലങ്ങളായി കാണുക, ഇതൊരു സ്വപ്‌നം, അതോ കൂടുതല്‍ അഗാധമായ ഒന്ന്‍. അല്ലെങ്കില്‍ ഇതൊരു യാഥാര്‍ത്ഥ്യം, മറ്റേത്‌ വേറൊരു തരത്തിലുള്ള യാഥാര്‍ത്ഥ്യം. ഈ വസ്‌തുത മനസ്സിലാക്കി കഴിഞ്ഞാല്‍ രണ്ടവസ്ഥകളേയും കുരുക്കഴിക്കാനുള്ള ഉപാധികളായി നിങ്ങള്‍ക്കു പ്രയോജനപ്പെടുത്താം. കൂടുതല്‍ കുരുക്കുകള്‍ സൃഷ്‌ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം.

ചിന്തകളും വികാരങ്ങളും പ്രവര്‍ത്തിക്കുന്നത്‌ നിങ്ങളുടെ അറിവോടുകൂടിയല്ല. ജീവിതം സഫലമാക്കാന്‍ നിങ്ങള്‍ തനതായ ചില ലക്ഷ്യങ്ങളോടെയാണു മുന്നേറുന്നത്. ഇത്‌ എല്ലാവരുടെ കാര്യത്തിലും എപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്‌. എന്നാലും സാമാന്യമായി പറഞ്ഞാല്‍, ഇന്നത്തെ വിദ്യാഭ്യാസരീതി തന്നെയാണ്‌ ഇതിന്‌ പ്രധാനമായും കാരണമായിരിക്കുന്നത്‌. അത്‌ നിങ്ങളുടെ മനസ്സില്‍ തീവ്രമായ ആഗ്രഹങ്ങള്‍ വളര്‍ത്തിയെടുക്കുന്നു. ആധുനിക വിദ്യാഭ്യാസം, അറിവു നേടാനോ, ആത്മസാക്ഷാത്‌ക്കാരത്തിനോ ഒരാളെ സഹായിക്കുന്നില്ല. ശരീരത്തിന്റേയും മനസ്സിന്റേയും സാദ്ധ്യതകളെ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള മാര്‍ഗങ്ങളും നിര്‍ദ്ദേശിയ്ക്കുന്നില്ല. കുറെയധികം മോഹങ്ങളും, ആഗ്രഹങ്ങളും മനുഷ്യ മനസ്സില്‍ വളര്‍ത്തിയെടുക്കുക മാത്രമാണ്‌ അത്‌ ചെയ്യുന്നത്‌. മനുഷ്യന്റെ മോഹം - അതാണ്‌ കര്‍മങ്ങളെ സൃഷ്‌ടിക്കുന്നത്‌. പ്രവൃത്തിയല്ല, കര്‍മങ്ങളെ പ്രതിയുള്ള ആഗ്രഹമാണ്‌ കെട്ടുപാടുകള്‍ക്ക്‌ കാരണമാകുന്നത്‌.

കര്‍മത്തിന്റെ വഴിയില്‍, അഴിച്ചു മാറ്റലുകള്‍ക്ക്‌ കാരണമാവുന്നത്‌ നമ്മുടെ പ്രവൃത്തികളാണ്‌; കെട്ടുപാടുകള്‍ക്കു കാരണമാകുന്നത്‌ നമ്മുടെ തീവ്രമായ ആഗ്രഹങ്ങളും.

തീര്‍ത്താല്‍ തീരാത്ത ആഗ്രഹങ്ങള്‍, അതാണ്‌ വിദ്യാഭ്യാസം നേടിയവരുടെ ദുഃഖത്തിന്‌ ഹേതുവാകുന്നത്‌. വിദ്യാഭ്യാസത്തെ മാത്രം ഇതിന്റെ പേരില്‍ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വയറു നിറച്ച്‌ ഭക്ഷണം കഴിച്ച്‌ സന്തോഷത്തോടെ കുറച്ചുനേരം ഇരിക്കാനോ ഉറങ്ങാനോ ആധുനികയുഗത്തിലെ സമൂഹത്തിന് സാധിക്കുന്നില്ല. ഭക്ഷണം കഴിക്കുമ്പോഴും അവര്‍ ബിസിനസ്സുകാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും. കേട്ടാല്‍ തോന്നും, ലോകം മുഴുവന്‍ നേരെയാക്കേണ്ട ചുമതല അവരില്‍ നിക്ഷിപ്‌തമായിരിക്കുന്നുവെന്ന്. പ്രത്യേക ലക്ഷ്യങ്ങളൊന്നുമില്ലാതെ ഒട്ടനവധി മോഹങ്ങള്‍ അവരുടെ ഉള്ളില്‍ കയറിപ്പറ്റിയിരിക്കുന്നു. അതുകൊണ്ട്‌ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ അവര്‍ വീണ്ടും വീണ്ടും ചെയ്‌തുകൊണ്ടിരിക്കുന്നു. കര്‍മത്തിന്റെ കെട്ടുകളുണ്ടാക്കാന്‍ ഇത്‌ ശക്തമായ ഒരുപാധിയാണ്‌. കര്‍മത്തിനു കാരണമാവുന്നത്‌ പ്രവൃത്തിയല്ല, അതിന്റെ പുറകിലുള്ള ഫലേച്ഛയാണ്‌.

കര്‍മത്തിന്റെ വഴിയില്‍, അഴിച്ചു മാറ്റലുകള്‍ക്ക്‌ കാരണമാവുന്നത്‌ നമ്മുടെ പ്രവൃത്തികളാണ്‌; കെട്ടുപാടുകള്‍ക്കു കാരണമാകുന്നത്‌ നമ്മുടെ തീവ്രമായ ആഗ്രഹങ്ങളും. അവനവനെപ്പറ്റി എത്രയും കൂടുതല്‍ ചിന്തിക്കുന്നുവോ അത്രയും ശക്തമായിരിക്കും നിങ്ങളുടെ ആഗ്രഹങ്ങളും. ആഗ്രഹങ്ങള്‍ എന്നു പറയുമ്പോള്‍ ഞാന്‍ ഉദ്ദേശിക്കുന്നത്‌ മഹത്തായ ലക്ഷ്യങ്ങളെ കുറിച്ചല്ല, ശക്തമായ ഫലേച്ഛകളെക്കുറിച്ചാണ്. ആരോടെങ്കിലും ദേഷ്യപ്പെടുമ്പോള്‍ നിങ്ങള്‍ കെട്ടുകള്‍ അഴിക്കുകയാണ്‌, അതേസമയം പുതിയ കെട്ടുകള്‍ ഉണ്ടാക്കുകയുമാണ്‌. പെട്ടെന്ന്‍ പൊട്ടിത്തെറിച്ച്‌ ക്ഷണത്തില്‍ നിങ്ങള്‍ ശാന്തനായേക്കാം, അല്ലെങ്കില്‍ കഠിനമായി ദേഷ്യപ്പെട്ട്‌ പുതിയ ആഗ്രഹം സൃഷ്‌ടിച്ചേക്കാം. “കാണിച്ചു കൊടുക്കാം ഞാന്‍! അവര്‍ക്കെങ്ങനെയെന്നോടിത് ചെയ്യാന്‍ തോന്നി?” ഈ വിധത്തില്‍ ചിന്തിക്കുന്നതൊടുകൂടി നിങ്ങള്‍ വലിയൊരു കെട്ടിന്‌ തുടക്കമിടുകയായി. ദേഷ്യം, പലപ്പോഴും ഒരു പൊട്ടിത്തെറിക്കലാണ്‌. അതേ സമയം, എപ്പോഴോ നിങ്ങളുടെ ഉള്ളില്‍ സംഭവിച്ച ഏതോ ഒരു കുരുക്ക്‌ അഴിച്ചുമാറ്റലുമാണത്. ദേഷ്യം വെറുപ്പിന്‌ കാരണമാകുന്നു. വെറുപ്പ്‌, വിദ്വേഷം, ഇവ മനസ്സില്‍ വാശി ഉണ്ടാക്കുന്നു. തന്‍റെ ഉള്ളില്‍ വെറുപ്പും വിദ്വേഷവും വരുത്തിയതെന്തോ, അതിനെ നശിപ്പിക്കണമെന്ന വാശി. സ്വാര്‍ത്ഥപരമായ ഉദ്ദേശ്യത്തോടുകൂടിയ ദേഷ്യമാണ്‌ വിദ്വേഷമാകുന്നത്‌. അസൂയ, ഒരുദ്ദേശ്യമാണ്‌, അതേ സമയം ചുറ്റിയ കുരുക്കുകളഴിക്കലുമാണ്‌. കുറച്ചെങ്കിലും സമചിത്തത കൈവന്നിട്ടുള്ള ഒരാള്‍ ദേഷ്യവും വെറുപ്പുമൊക്കെയുണ്ടെങ്കിലും, അത്‌ പ്രകടിപ്പിക്കാതെയിരിക്കാന്‍ ശ്രദ്ധിക്കും. മുഖം ശാന്തമാക്കിവെച്ചുകൊണ്ട്‌ ചെയ്യേണ്ട പ്രവൃത്തിയില്‍ മുഴുകിയിരിക്കും. അതേ പോലെ തന്നെ കാമം കുരുക്കഴിക്കലാണ്‌, അതില്‍ ശക്തമായ വികാരപ്രകടനമുള്ളതുകൊണ്ട് അത് കെട്ടുപാടുണ്ടാക്കുന്നതുമാണ്‌, കാരണം അതിലൊരു നിക്ഷിപ്തതാത്പര്യവുമുണ്ട്.

സ്വന്തം മനസ്സിലുണ്ടാവുന്ന സര്‍വ വിചാരവികാരങ്ങളേയും നിങ്ങള്‍ അതേപടി പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍, നിങ്ങളെ ഒരു വന്യമൃഗവുമായി താരതമ്യപ്പെടുത്തേണ്ടി വരും.

ആലോചിച്ചു നോക്കൂ, സ്വന്തം മനസ്സിലുണ്ടാവുന്ന സര്‍വ വിചാരവികാരങ്ങളേയും നിങ്ങള്‍ അതേപടി പ്രകടിപ്പിക്കാന്‍ മുതിര്‍ന്നാല്‍, നിങ്ങളെ ഒരു വന്യമൃഗവുമായി താരതമ്യപ്പെടുത്തേണ്ടി വരും. അതിനെ തേച്ചുമിനുക്കാനായി നിങ്ങള്‍ അതിന്റെയിടയില്‍ ഒരു ഉദ്ദേശ്യം, അല്ലെങ്കില്‍ ഫലകാംക്ഷ തിരുകിവെയ്ക്കുന്നു. അത്‌ കുരുക്കഴിക്കലാണ്‌. വിചാരവികാരങ്ങളെ നിരന്തരം പരിഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്‌ ആത്മഹത്യക്കു സമമാണ്‌, കാരണം അതുവഴി അഴിയ്ക്കുന്നതിനേക്കാള്‍ അതിവേഗത്തില്‍ നിങ്ങള്‍ പുതിയ കെട്ടുകളുണ്ടാക്കുന്നു. മനസ്സ്‌ ഇരുമുഖത്തോടുകൂടിയതായിത്തീരുന്നു. ഒരു തലത്തില്‍ അത്‌ കെട്ടഴിച്ചുമാറ്റുന്നു, മറ്റൊരു തലത്തില്‍ തനതായ ലക്ഷ്യങ്ങള്‍ വെച്ചു പുലര്‍ത്തുന്നു. പരിഷ്‌കൃതരെന്നു പറയുമ്പോള്‍ സാമൂഹ്യപരമായ മേന്മകള്‍ വെച്ചു പുലര്‍ത്തുന്നവര്‍ എന്നേ ഞാന്‍ അര്‍ത്ഥമാക്കുന്നുള്ളു. ശരിയായ സാംസ്കാരിക ചിന്തകര്‍ എന്നു ധരിക്കരുത്‌. സാധാരണക്കാരേക്കാള്‍ കൂടുതലായി പ്രയാസമനുഭവിക്കുന്നത്‌ ‘ഞങ്ങള്‍ പരിഷ്‌കൃതര്‍’ എന്ന്‍ സ്വയം മേനി നടിക്കുന്നവരാണ്‌.

സാധാരണക്കാരുടെ മനസ്സിലെ ദേഷ്യവും പകയും വെറുപ്പും സ്‌നേഹവുമെല്ലാം അവര്‍ സങ്കോചം കൂടാതെ തുറന്നു കാട്ടുന്നു. അവരുടെ പെരുമാറ്റ രീതികള്‍ക്ക്‌ മയം കുറവായിരിക്കും. പരിഷ്‌ക്കാരികള്‍ എന്ന്‍ നടിക്കുന്നവരേക്കാള്‍ പലകാര്യത്തിലും അവര്‍ താഴെക്കിടയിലായിരിക്കും. സ്വയം പരിഷ്‌കൃതരെന്ന്‍ അവകാശപ്പെടുന്നവര്‍, തുടക്കം മുതലേ മറ്റുള്ളവരെ വഞ്ചിക്കാന്‍ ശീലിച്ചിരിക്കും. ക്രമേണ അതില്‍ സാമര്‍ത്ഥ്യം നേടി അവര്‍ അവരെത്തന്നെ വഞ്ചിക്കാന്‍ തുടങ്ങും. പലപ്പോഴും സ്വന്തം ഉള്ളിലിരുപ്പ്‌ അവര്‍ക്കുതന്നെ മനസ്സിലാക്കാനാവില്ല.

ആധുനിക വിദ്യാഭ്യാസം ഈ സാമര്‍ത്ഥ്യത്തെ കൂടുതല്‍ ശക്തമാക്കുകയാണ്‌ ചെയ്യുന്നത്‌. മനുഷ്യ മനസ്സിന്റെ പ്രകൃതവും പ്രവര്‍ത്തനവും അവര്‍ മനസ്സിലാക്കുന്നില്ല. അതിനെ വികസിപ്പിക്കുന്നതെന്താണ്‌, വൃത്തികേടാക്കുന്നതെന്താണ്‌ എന്നൊന്നും അവര്‍ തിരിച്ചറിയുന്നില്ല. അതേസമയം വിശാലമായൊരു ലോകം അവരുടെ മുമ്പില്‍ തുറക്കപ്പെടുകയും ചെയ്യുന്നു. മനുഷ്യമനസ്സിനെപ്പറ്റി ശരിയായ വിധത്തില്‍ അറിയാതേയും പഠിക്കാതെയുമാണ്‌ അവര്‍ ഈ ലോകത്തെ അഭിമുഖീകരിക്കുന്നത്‌. ഉപരിതലത്തെ മാത്രം സ്പര്‍ശിക്കുന്ന തരത്തിലുള്ള വിവരങ്ങളാണ്‌ ആധുനിക വിദ്യാഭ്യാസം എല്ലാവര്‍ക്കും പകര്‍ന്നു നല്‍കുന്നത്‌. ഈ വിദ്യാഭ്യാസം കൂടുതല്‍ കെട്ടുപാടുകളുണ്ടാക്കാന്‍ മാത്രമേ ആര്‍ക്കായാലും പ്രയോജനപ്പെടുത്തുകയുള്ളു. ലോകത്തിലെ ഭൌതിക വിഷയങ്ങളില്‍ അവര്‍ കൂടുതല്‍ അറിവുനേടുന്നുണ്ടാകാം, എന്നാല്‍ ജീവിതമെന്ന പ്രതിഭാസത്തെ കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുന്നത്‌ പഠിപ്പുള്ളവരേക്കാള്‍ പഠിപ്പുകുറഞ്ഞവരാണ്‌.

ഇന്ത്യയിലെ ഒരു ഗ്രാമത്തില്‍ചെന്ന്‍ ഒരു സാധാരണ കൃഷിക്കാരനെ കണ്ട് സംസാരിച്ചു നോക്കൂ, പ്രായോഗിക കാര്യങ്ങളെക്കുറിച്ച്‌ അവര്‍ക്കുള്ള അറിവ്‌ ആരേയും അതിശയിപ്പിക്കും. സ്വന്തം ശരീരസ്ഥിതിയെ കുറിച്ച്‌, ആരോഗ്യത്തെ കുറിച്ച്‌, ചുറ്റുപാടുകളെ കുറിച്ച്‌, മനുഷ്യബന്ധങ്ങളെ കുറിച്ച്‌, ഒക്കെയുള്ള അവരുടെ അറിവും പരിചയവും, എത്ര പഠിപ്പുള്ളവരേക്കാളും ഉയര്‍ന്ന തലത്തിലായിരിക്കും. അതിനു പ്രധാനകാരണം വൈവിധ്യമാര്‍ന്ന ആശയങ്ങളും വിവരങ്ങളും കടന്നു കൂടി, അവരുടെ മനസ്സിനെ കലുഷമാക്കിയിട്ടില്ല എന്നതാണ്‌. അവരുടെ ബുദ്ധി യഥാസ്ഥാനത്തു തന്നെയാണ്‌. പഠിപ്പുള്ള പലരെകുറിച്ചും നമുക്ക്‌ ഇന്നങ്ങനെ പറയാനാവില്ല. ഇതിനെല്ലാം വിദ്യാഭ്യാസത്തെ മാത്രം കുറ്റം പറഞ്ഞാല്‍ പോരാ, നമ്മളും അതിന്‌ ഉത്തരവാദികളാണ്‌. നാം നേടിയെടുക്കുന്ന അറിവുകള്‍, നമുക്കും സമൂഹത്തിനും ഗുണകരമായ രീതിയില്‍ പ്രയോജനപ്പെടുത്താന്‍ നമ്മള്‍ പഠിച്ചിട്ടില്ല. വിദ്യാഭ്യാസത്തില്‍നിന്നും നമ്മള്‍ നേടേണ്ടത്‌ കൂടുതല്‍ ശക്തിയും ഉണര്‍വ്വും തെളിച്ചവുമാണ്‌. എന്നാല്‍ നമ്മള്‍ക്കു കിട്ടിയിട്ടുള്ളതോ, ആകപ്പാടെയുള്ള ഒരുതരം ആശയക്കുഴപ്പവും, ജീവിതത്തെകുറിച്ചുള്ള വലിയ ആശങ്കയും!

 
 
  0 Comments
 
 
Login / to join the conversation1