सद्गुरु

കണ്ണടച്ചാലുണ്ടാകുന്ന ആത്മീയാനുഭവങ്ങളെക്കുറിച്ച് സദ്ഗുരു വിവരിക്കുന്നു.

ചോദ്യകര്‍ത്താവ്: സദ്ഗുരോ വളരെ കാലമായി ആഴത്തിലുള്ള ആത്മീയാനുഭവങ്ങള്‍ എനിക്കുണ്ടാകാറുണ്ട്. കണ്ണടച്ചാല്‍ പല കാഴ്ചകളും മുന്നില്‍ തെളിഞ്ഞുകാണാം.

സദ്ഗുരു: (ചിരിക്കുന്നു) മാലാഖമാര്‍ പ്രത്യക്ഷപ്പെടുന്നതാണോ?

ചോദ്യകര്‍ത്താവ് : അങ്ങനെയൊന്നുമല്ല.

സദ്ഗുരു: എന്നാല്‍ ചെകുത്താന്മാരായിരിക്കുമൊ? (ചിരി)

ചോദ്യകര്‍ത്താവ്: ചൈതന്യവത്തായ രൂപരേഖകളാണ് ഞാന്‍ കാണുന്നത്. മുഖങ്ങളുടെ.... കാണുന്നതൊന്നും എനിക്കു നിയന്ത്രിക്കാനാവാറില്ല

സദ്ഗുരു: അത് മനസ്സിന്‍റെ പ്രകൃതമാണ്. കാണാന്‍ ആശിക്കുന്നതെല്ലാം കാട്ടിത്തരും. വളരെ ശക്തിയുള്ള ഒരു ഉപകരണമാണത്. അതിന് നിരവധി പാളികളുണ്ട്. ബോധമനസ്സില്‍ സങ്കല്‍പിക്കാത്ത കാര്യങ്ങളും അത് കാട്ടിത്തരും, കാരണം എല്ലാറ്റിന്‍റേയും പാടുകള്‍ അവിടെ പതിഞ്ഞു കിടക്കുന്നുണ്ട്. അതുകൊണ്ട് ഒരു സംഗതി പ്രത്യേകം ഓര്‍ക്കേണ്ടതുണ്ട്. സാധാരണ ചുറ്റുപാടുകള്‍ വിട്ട് വേറൊരു തലത്തിലേക്ക് നിങ്ങള്‍ പ്രവേശിക്കുമ്പോള്‍ അതിനെ താങ്ങാന്‍ കഴിവുള്ള ഒരടിത്തറ മനസ്സില്‍ ദൃഢമായി ഉണ്ടായിരിക്കണം. നിങ്ങളുടെ ബുദ്ധി യുക്തിപൂര്‍വമുള്ള ചിന്തയുടെ ആസ്ഥാനം – ഉറച്ചതായിരിക്കണം, ചാഞ്ചല്യമുള്ളതാകരുത്.


കണ്ണടച്ചാല്‍ ലോകം അപ്രത്യക്ഷമാകണം

കണ്ണടച്ചാല്‍ ലോകം അപ്രത്യക്ഷമാകണം, നവ്യമായ അനുഭവങ്ങള്‍ തേടുന്നതില്‍ തെറ്റില്ല, പക്ഷെ ദൃഢബുദ്ധിയുണ്ടായിരിക്കണം അല്ലെങ്കില്‍ മനസ്സിന്‍റെ സമനിലതെറ്റും. ഒരിക്കല്‍ അതു സംഭവിച്ചാല്‍ പിന്നീടത് നിര്‍ത്താന്‍ സാധിച്ചെന്ന് വരില്ല. എന്തുവേണമെങ്കിലും നിങ്ങള്‍ക്കു സങ്കല്‍പിക്കാം. സങ്കല്‍പത്തിന് യാഥാര്‍ത്ഥ്യത്തേക്കാള്‍ കൂടുതല്‍ ശക്തിയുണ്ട്. അതെപ്പോഴും ഓര്‍മ്മവേണം. മാനസിക വിഭ്രാന്തി അല്‍പമെങ്കിലുമുള്ള ഒരാളെ ശ്രദ്ധിച്ചാലറിയാം അയാളെ സംബന്ധിച്ചിടത്തോളം അയാളുടെ സങ്കല്‍പത്തിനു മാത്രമേ അര്‍ത്ഥമുള്ളൂ. സത്യത്തേക്കാള്‍ ദൃഢമായതാണ് അയാളുടെ തോന്നല്‍. കണ്ണടച്ചാല്‍ കാണുന്ന കാഴ്ചകളുടെ തെളിച്ചം, കണ്ണുതുറന്നു കാണുന്ന കാഴ്ചകള്‍ക്കുണ്ടാവില്ല.

നമുക്കെല്ലാവര്‍ക്കും കണ്ണിമകളുണ്ട്. കണ്ണടച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നുംതന്നെ കാണാനാവില്ല. കണ്ണടക്കുന്നതോടെ ലോകം അപ്രത്യക്ഷമാകുന്നു. അതാണതിന്‍റെ അര്‍ത്ഥം. എന്നാല്‍ കണ്ണടച്ചു കഴിഞ്ഞാലും പിന്നേയും നിങ്ങള്‍ കാഴ്ചകള്‍ കാണുന്നുവെങ്കില്‍ അത് ചുറ്റുപാടുമുള്ളതോ മറ്റൊരു ലോകത്തിലേതോ ആകാം അതിന്‍റെ അര്‍ത്ഥം നിങ്ങള്‍ക്ക് മാനസികമായി എന്തോ പന്തികേടുണ്ട് എന്നാണ്. അല്ലെങ്കില്‍ത്തന്നെ മനസ്സ് വളരെ സങ്കീര്‍ണ്ണമായ ഒരു വസ്തുവാണ്. അതുകൊണ്ട് സാധനയിലെ ആദ്യപാഠം കണ്ണടച്ചു കഴിഞ്ഞാല്‍ ഒന്നും കാണരുത് എന്നാണ്. മനസ്സ് തികച്ചും അചഞ്ചലമായിരിക്കേ, മിഴികളടച്ചിട്ടും, എന്തെങ്കിലും കാണുന്നു എങ്കില്‍ അത് ഒരു ദര്‍ശനമാണ്, ഉള്‍ക്കാഴ്ചയാണ്. അല്ലാത്തതെല്ലാം മനസ്സിന്‍റെ വിഭ്രാന്തി മാത്രമാണ്.

ഒരു കാര്യം ഓര്‍മ്മവേണം. സമനിലയിലായ മനസ്സും അതു തെറ്റിയ മനസ്സും, അതിനും ഇടയിലുള്ള അതിര്‍ വരമ്പ് അതിലോലമാണ്. സ്ഥിരബുദ്ധിയുള്ള ഒരാള്‍ അടുപ്പിച്ച് മൂന്നു ദിവസം മനസ്സിന് സമ്മര്‍ദ്ദം നല്‍കിയാല്‍ സ്വാഭാവികമായും സ്ഥിരബുദ്ധി നഷ്ടപ്പെടും. അതുകൊണ്ടാണ് അപൂര്‍വ കാഴ്ചകളെ പറ്റി പറയുമ്പോള്‍ ഞങ്ങള്‍ അവരെ എപ്പോഴും നിരുത്സാഹപ്പെടുത്തുന്നത്. യഥാര്‍ത്ഥത്തില്‍ കാണുന്നുണ്ട് എങ്കില്‍ പോലും അത് ആവശ്യമില്ലാത്തതാണ്. അതുകൊണ്ടാണ് ഞാന്‍ അതിനെ നിസ്സാരമാക്കുന്നത്. അതുകൊണ്ട് ഒരു ലക്ഷ്യവും നിങ്ങള്‍ക്കു നേടാനാവില്ല. ഏതോ മരച്ചില്ലയില്‍ നിന്ന് എന്തോ തൂങ്ങികിടക്കുന്ന കാഴ്ച കണ്ടു. ആവട്ടെ അതുകൊണ്ടെന്തു ഗുണം? നിങ്ങളുടെ ആന്തരിക വളര്‍ച്ചയെ അത് ഒരു തരത്തിലും സഹായിക്കുന്നില്ല.


മനസ്സ് തികച്ചും അചഞ്ചലമായിരിക്കേ, മിഴികളടച്ചിട്ടും, എന്തെങ്കിലും കാണുന്നു എങ്കില്‍ അത് ഒരു ദര്‍ശനമാണ്, ഉള്‍ക്കാഴ്ചയാണ്.

അതുകൊണ്ട് ഈ വക അനുഭവങ്ങളുടെ പുറകേ പോകരുത്. പ്രഥമവും പ്രധാനവുമായ സാധന ശരീരത്തേയും മനസ്സിനേയും നിശ്ചലമാക്കുകയാണ്. നിശ്ചലമായ മനസ്സിനു മുമ്പില്‍ മാലാഖയൊ, ചെകുത്താനോ, ദൈവമോ തന്നെ വന്നു നിന്നാലും നിങ്ങള്‍ ഇളകുകയില്ല. ആ ഒരു അവസ്ഥയിലെത്തികഴിഞ്ഞാല്‍ ഏതു തരം കാഴ്ചകള്‍ കണ്ടാലും അത് നിങ്ങളെ ഒരു നിലക്കും സ്വാധീനിക്കുകയില്ല. സാമാന്യമായി പറഞ്ഞാല്‍ കണ്ണുതുറന്നിരിക്കേ എന്തെല്ലാം കാണുന്നുവോ അതുമാത്രം കണ്ടുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടും നല്ലത്. ആരോടും തര്‍ക്കിക്കാന്‍ ഞാന്‍ തയ്യാറല്ല. കണ്ണടച്ചാല്‍ എല്ലാം അപ്രത്യക്ഷമാകണം. ഇമകള്‍ പൂട്ടിയാല്‍ പിന്നെ കാഴ്ചയില്ല. കാതുകള്‍ പൊത്തിയാല്‍ പിന്നെ കേള്‍വിയുമില്ല. അതാണ് പ്രകൃതി നിയമം.

കണ്ണടച്ചിരിക്കേ കാഴ്ചകള്‍ കാണുന്നു എന്നത് ആദ്ധ്യാത്മിക പുരോഗതിയുടെ ലക്ഷണമല്ല. വായപൊത്തിയിരിക്കുമ്പോഴും സംസാരിക്കുക, കാതുകള്‍ പൊത്തിയിട്ടും കേട്ടുകൊണ്ടിരിക്കുക ഇതെല്ലാം യുക്തിക്കു നിരക്കാത്തതാണ്. സ്വന്തം മനസ്സിന്‍റെ നിയന്ത്രണം കൈവിട്ടു പോകുന്നതിന്‍റെ സൂചനയാണത്. സൂക്ഷിക്കണം മനസ്സ് എന്ന അത്യത്ഭുതകരമായ ഈ ഉപകരണം നഷ്ടപെട്ടാല്‍ പിന്നെ ജീവിതത്തില്‍ ഒന്നും ശേഷിക്കുന്നില്ല.

നിങ്ങളുടെ ആന്തരികാനുഭവങ്ങള്‍ വിശേഷിച്ചും കണ്ണടക്കുമ്പോള്‍ കാണുന്ന കാഴ്ചകള്‍ എല്ലാം എനിക്കു വിട്ടുതരൂ അതായത് നിങ്ങള്‍ അതിനെക്കുറിച്ചു ചിന്തിക്കുകയൊ, അമ്പരക്കുകയൊ, വിശകലനം നടത്താല്‍ ശ്രമിക്കുകയൊ ഒന്നും വേണ്ട. മറ്റുള്ളവരുമായി പങ്കുവെക്കുകയുമരുത്. എല്ലാ എന്‍റെ മുമ്പില്‍ വെച്ചുകൊള്ളു. എന്‍റെ താല്‍പര്യം ഒന്നു മാത്രമാണ്. നിങ്ങളുടെ ആദ്ധ്യാത്മിക വളര്‍ച്ച കൂടുതല്‍ അറിയാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എങ്കില്‍ മറ്റെല്ലാ താല്‍പര്യങ്ങളും മാറ്റിവെച്ച് എന്നോടൊപ്പം പ്രവര്‍ത്തിക്കാം. ഇഷ്ടാനിഷ്ടങ്ങള്‍ തടസ്സമാവരുത്, ശരീരവും ബുദ്ധിയും പൂര്‍ണമായും സ്വന്തം നിയന്ത്രണത്തിലാവണം. എങ്കില്‍ മാത്രമേ മുമ്പില്‍ വിജയത്തിന്‍റെ വഴി തെളിയൂ.