കൈവശപ്പെടുത്തിയത് എന്ത്? കൊണ്ടുപോകുന്നത് എന്ത്?

 

सद्गुरु

മഹാനായ പോരാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന അലക്സാണ്ടര്‍ ചക്രവര്‍ത്തിയെക്കുറിച്ച് ഒരു കഥയുണ്ട്.

പല സാമ്രാജ്യങ്ങളും പിടിച്ചടക്കിയശേഷം സന്തോഷത്തോടെ നാട്ടിലേക്കു മടങ്ങാന്‍ തുനിഞ്ഞ അലക്സാണ്ടര്‍ക്കു കഠിനമായ രോഗം ബാധിച്ചു. രോഗവിമുക്തനായി ജീവിക്കുന്ന കാര്യം ബുദ്ധിമുട്ടാണ് എന്ന നിലയിലായി അദ്ദേഹത്തിന്‍റെ അവസ്ഥ. അമ്മയെ ഒന്നു കാണണം എന്ന് അദ്ദേഹം അതിയായി മോഹിച്ചു. ആ മോഹം നിറവേറാതെ താന്‍ മരിക്കാന്‍ പോവുകയാണെന്നും ചക്രവര്‍ത്തിക്കു മനസ്സിലായി. തന്‍റെ സൈനാധിപന്മാരെ എല്ലാം അടുത്തു വിളിച്ച് മരണശയ്യയില്‍ കിടന്ന അദ്ദേഹം പറഞ്ഞു.

"എന്‍റെ അവസാനത്തെ മൂന്ന് ആഗ്രഹങ്ങളും നിങ്ങള്‍ നിറവേറ്റണം. എന്‍റെ ശവപ്പെട്ടി ചുമക്കുന്നത് എന്‍റെ ഭിഷഗ്വരന്മാരായിരിക്കണം. അവസാനയാത്രാ സമയത്ത് ശവമഞ്ചം പോകുന്ന പാതയുടെ ഇരുവശത്തും മുത്തും, മണിയും, പൊന്നും ഞാന്‍ പിടിച്ചെടുത്ത നവരത്നങ്ങളും വിതറിവേണം പോകാന്‍. രണ്ടു കൈകളും പുറത്തേക്ക് ഇട്ടു വേണം ശവപ്പെട്ടി മൂടാന്‍. ശവമഞ്ചം പോകുമ്പോള്‍ മഞ്ചത്തിനിരുവശത്തും കൈകള്‍ തൂങ്ങിയാടിക്കൊണ്ടിരിക്കണം." ഇതു കേട്ടിരുന്ന സൈനാധിപന്‍ കണ്ണുനീരോടെ ചോദിച്ചു. "ചക്രവര്‍ത്തി തിരുമനസ്സേ ഈ വിചിത്രമായ ആഗ്രഹത്തിന്‍റെ ഉദ്ദേശമെന്താണ്?"

"ഞാന്‍ ജീവിതത്തില്‍ അനുഭവിച്ചറിഞ്ഞ മൂന്നു പ്രധാനപ്പെട്ട പാഠങ്ങള്‍ ജനങ്ങളെ അറിയിക്കാനാണ് ഇങ്ങനെ ചെയ്യാന്‍ പറഞ്ഞത്. എത്ര മഹാനായ രാജാവാണെങ്കിലും വൈദ്യന്മാര്‍ക്ക് അവന്‍റെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുകയില്ല. ഈ സത്യം ലോകത്തെ അറിയിക്കാനാണ് അവരെക്കൊണ്ട് എന്‍റെ ശവമഞ്ചം ചുമപ്പിക്കുന്നത്. ഒരു തരിസ്വര്‍ണ്ണം പോലും മരിച്ചവന്‍ കൂടെ കൊണ്ടു പോകുന്നില്ല എന്ന് അറിയിക്കാനാണ് വഴിനീളെ പൊന്നും രത്നവും വിതറാന്‍ പറഞ്ഞത്.ഭൂമിയില്‍ ജനിക്കുമ്പോള്‍ ഒന്നുമില്ലാത്തവനായിട്ടാണു വന്നത്. പോകുമ്പോഴും അപ്രകാരം തന്നെയെന്ന് ശവപ്പെട്ടിക്കുവെളിയില്‍ തൂങ്ങിയാടുന്ന കൈകള്‍ ജനങ്ങളോടു പറഞ്ഞുകൊള്ളും." നിറഞ്ഞ മിഴികളോടെ അലക്സാണ്ടര്‍ ചക്രവര്‍ത്തി പറഞ്ഞു.

ഇതാണ് ജീവിതത്തിന്‍റെ പരമസത്യം. ജീവിച്ചിരിക്കുമ്പോള്‍ മറ്റുള്ളവരോടു കാട്ടുന്ന അടുപ്പം, അതാണ് ജീവിതത്തിന്‍റ ഗതിവിധികള്‍ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങളില്‍ ഒന്ന്.

ഒരു കാര്യം വ്യക്തമായി അറിയുക.വിത്ത് ഏതാണോ, അതിന്‍റെ സ്വാഭാവിക ഗുണം എന്താണോ, അതിന്‍റെ അടിസ്ഥാനത്തിലാണ് മരങ്ങള്‍ വളരുന്നത്. ആല്‍ മരവും, തെങ്ങും തങ്ങളില്‍ കേമനാരാണ് എന്നു തെളിയിക്കാന്‍ ശ്രമിക്കുന്നില്ല. പനയും മാവും ശിഖരങ്ങളെച്ചൊല്ലി ഒരിക്കലും പോരടിക്കാറില്ല. ഈ നാലു വൃക്ഷങ്ങള്‍ക്കും ഒരു തോട്ടത്തില്‍ നില്‍ക്കാന്‍ കഴിയും. പക്ഷെ ഒരേ രീതിയില്‍, ഒരേ രൂപത്തില്‍ നില്‍ക്കാന്‍ സാധിക്കില്ല.

മനുഷ്യരും ഇതുപോലെയാണ്. സ്വന്തം കഴിവിന് അനുസരിച്ചുള്ള വളര്‍ച്ച അവര്‍ക്കുണ്ടാവും. ഇതില്‍ ആരും കേമന്മാരാകുന്നില്ല, ആരും മണ്ടന്മാരും ആകുന്നില്ല.

അധികാരവും, പദവിയും, ധനവും, അന്തസ്സും അവന്‍റെ ഏതൊക്കെയോ കഴിവുകള്‍ കൊണ്ടു കിട്ടിയതായിരിക്കും. ഏതൊക്കെ നന്നായി വിനിയോഗിക്കണം, ഏതുതരത്തില്‍ വിനിയോഗിക്കണം, എങ്ങനെ ഉപയോഗിച്ചു കൂടാ എന്നുള്ള തിരിച്ചറിവും അവന് ഉണ്ടായിരിക്കും.

ഉള്ളിലൊന്ന് പുറമേയൊന്ന് എന്ന രീതിയില്‍ പൊരുമാറുന്നവര്‍ ഇന്ന് എല്ലായിടത്തും ഉണ്ട്. സ്വയരക്ഷയ്ക്കെന്ന വ്യാജേന ചിലര്‍ പൊയ്മുഖങ്ങള്‍ മാത്രമണിഞ്ഞു ജീവിക്കുന്നു. സുഹൃത്തുക്കളുടെ ഇടയില്‍ മാത്രമല്ല, അച്ഛനും മക്കളും തമ്മിലും ഭാര്യാഭര്‍ത്താക്കന്മാരുടെ ഇടയിലും, മറ്റെല്ലാ ബന്ധങ്ങളുടെ ഇടയിലും ഈ കള്ളത്തരങ്ങള്‍ പെരുകിക്കഴിഞ്ഞിരിക്കുന്നു.

എളുപ്പത്തില്‍ അനുസരിക്കാന്‍ ബുദ്ധിമുട്ടുള്ള നിയമങ്ങള്‍ മനുഷ്യനെ പലപ്പോഴും വഴിതെറ്റിക്കും, പലനിയമങ്ങളും ന്യായീകരിക്കാനും, പിന്‍തുടര്‍ന്നു പോകാനും ആവാത്തവിധം നിര്‍മ്മിക്കപ്പെട്ടവയാണ്. സന്മാര്‍ഗ്ഗത്തെക്കുറിച്ചുള്ള അര്‍ത്ഥമില്ലാത്ത ധാരണകള്‍ പലര്‍ക്കും ഒരു വെല്ലുവിളിയായി തോന്നാം. എന്‍റെ ഇഷ്ടത്തിനു ജീവിക്കാനുള്ള സ്വാതന്ത്ര്യമോ സൗകര്യമോ ഇല്ല എന്ന തോന്നല്‍ ഒരുവനില്‍ ശക്തമാവുമ്പോള്‍ അവന് മറ്റുള്ളവരെ കബളിപ്പിക്കാനുള്ള അഭിവാഞ്ച കൂടുന്നു.

തന്‍റെ സ്വന്തം പ്രകൃതം മറച്ചുവെച്ച് മറ്റൊരാളായി വേഷം കെട്ടേണ്ടി വരുമ്പോള്‍ എത്ര ഊര്‍ജ്ജവ്യയമാണ് ഉണ്ടാവുന്നത്? ആരോടൊക്കെ, എന്തൊക്കെ കള്ളങ്ങളാണ് പറഞ്ഞത് എന്നു സദാ ഓര്‍മ്മിക്കേണ്ടി വരുന്നു. സുഖിച്ചും, സന്തോഷിച്ചും ജീവിക്കാനുള്ള അസുലഭസന്ദര്‍ഭങ്ങള്‍ ഈ രീതിയില്‍ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കുന്നു. സത്യസന്ധമായി പൊരുമാറാന്‍ കഴിഞ്ഞാല്‍ ഈ നഷ്ടങ്ങള്‍ സംഭവിക്കുന്നില്ല. ഒന്നിനെപ്പറ്റിയും ആലോചിച്ച് ആശങ്കപ്പെടാതെ, സമാധാനത്തോടെ സ്വസ്ഥമായിക്കഴിയാം.

എത്രയോപേര്‍ എന്നോട് ഇത്തരത്തില്‍ തന്ത്രപൂര്‍വ്വം പൊരുമാറിയിട്ടുണ്ട്. ഞാനത് അറിഞ്ഞഭാവം പോലും കാണിച്ചിട്ടില്ല.

എന്തുകൊണ്ട്?

എനിക്ക് മനുഷ്യരില്‍ അപാര വിശ്വാസമുണ്ട്. നമ്മളെ കബളിപ്പിക്കാന്‍ വരുന്നവന്‍റെ ഉള്ളിലെ മനുഷ്യത്വത്തെ പൂര്‍ണ്ണമായി ഉത്തേജിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഇത്തരം നിസ്സാര പ്രവൃത്തികളില്‍ നിന്നും അവര്‍ മോചിതരായി മെച്ചപ്പെട്ട മനസ്സുള്ളവര്‍ ആയിത്തീരും എന്നു ഞാന്‍ കരുതുന്നു.

അതിനുള്ള പ്രേരകശക്തി എനിക്കു ലഭിക്കാത്ത കാലം വരെ അതെനിക്കു തോല്‍വി തന്നെയായിരിക്കും. എന്നോട് സത്യസന്ധമായി പെരുമാറാനുള്ള പ്രേരണ അവരില്‍ ഉണര്‍ന്നുയരണം. അതുവരെ ഞാന്‍ തോറ്റവന്‍ തന്നെ.

 
 
 
 
  0 Comments
 
 
Login / to join the conversation1