കാന്തിസരോവരം: നാദം മുഴങ്ങുന്ന ബ്രഹ്മതീര്‍ത്ഥം

തടാകതീരത്തുള്ള ഒരു പാറക്കല്ലില്‍ കണ്ണുകള്‍ തുറന്ന് ഞാന്‍ നിശ്ചലം ഇരുന്നു. പതുക്കെ പതുക്കെ കണ്‍മുമ്പിലെ രൂപങ്ങള്‍ ഓരോന്നായി എന്‍റെ ബോധമണ്ഡലത്തില്‍നിന്നും മറഞ്ഞു, ബാക്കിയായത് നാദം മാത്രം...
 

തടാകത്തിന് കാവല്‍ നില്‍ക്കുംപോലെ അത്യുന്നതമായ ധവളഗിരിശൃംഗങ്ങള്‍. അവ അപ്പാടെ ആ നിശ്ചലമായ ജലവിതാനത്തില്‍ പ്രതിഫലിച്ചു കാണാം. ആരേയും അത്ഭുതസ്തബ്ധരാക്കുന്ന ദൃശ്യഭംഗി! ഭൂമിയില്‍ ഇങ്ങനേയും ഒരിടമുണ്ടോ!

സദ്‌ഗുരു : യോഗീ പരമ്പരയില്‍ ശിവനെ ഈശ്വരനായി പരിഗണിക്കപ്പെട്ടിട്ടില്ല. അവിടുന്ന് ഈ ഭൂമിയില്‍ അധിവസിച്ചിരുന്ന ഒരു വ്യക്തിയാണ്, യോഗീ പരമ്പരയുടെ മൂല സ്രോതസ്സാണ്. ശിവന്‍ ആദിയോഗിയാണ്, ആദിഗുരുവാണ്. ആദിഗുരു ആദ്യമായി തന്‍റെ ഏഴു ശിഷ്യര്‍ക്ക് യോഗശാസ്ത്രം ഉപദേശിച്ചുകൊടുത്തത് കാന്തിസരോവരത്തിന്‍റെ തീരത്തുവെച്ചായിരുന്നു. ഹിമാലയത്തില്‍ കേദാരനാഥത്തില്‍ നിന്നും ഏതാനും കിലോമീറ്ററുകള്‍ക്കപ്പുറം കാണപ്പെടുന്ന ഒരു ഹിമതടാകമാണ് കാന്തിസരോവര്‍. അവിടെവച്ചാണ് ആദിയോഗി തന്‍റെ ഏഴു ശിഷ്യമാര്‍ക്ക് ആദ്യമായി യോഗശാസ്ത്രം സമ്പൂര്‍ണമായി വെളിപ്പെടുത്തിക്കൊടുത്തത്. ആ ഋഷിമാരാണ് പിന്നീട് സപ്തര്‍ഷികള്‍ എന്ന പേരില്‍ പുരാണ പ്രസിദ്ധരായത്. യോഗശാസ്ത്രം മനുഷ്യമനസ്സിനെ ഉണര്‍ത്താനും ഉയര്‍ത്താനുമുള്ള സവിശേഷമായ ഒരു വിദ്യയാണ്. ഇന്നത്തെ ഭാഷയില്‍, അതിനായി മാത്രം പ്രത്യേകം രൂപപ്പെടുത്തിയിട്ടുള്ള സാങ്കേതികവിദ്യ എന്നു പറയാം.

കാന്തി സരോവരം – കൃപാ സരോവരം:

ഐതിഹ്യങ്ങള്‍ പറയുന്നത് ഇങ്ങനെയാണ്. കേദാരനാഥത്തില്‍ കാന്തിസരോവരത്തിന്‍റെ തീരത്തായി ശിവപാര്‍വതിമാര്‍ വാണരുളിയിരുന്ന കാലം. അവരെ സന്ദര്‍ശിക്കാനായി ധാരാളം ഋഷിമാര്‍ അവിടെ വന്നെത്തുക പതിവായിരുന്നു. ആ പരിസരത്തു തപസ്സുചെയ്തിരുന്ന മഹാമുനിമാരെ ചെന്നുകാണുക ശിവപാര്‍വതിമാരുടേയും പതിവായിരുന്നു.

ഒന്നും രണ്ടും വര്‍ഷം കൂടുമ്പോള്‍ കാന്തിസരോവരത്തിന്‍റെ പരിസരങ്ങളില്‍ ഞാനും ഏകാന്തസഞ്ചാരത്തിനായി ചെന്നെത്താറുണ്ടായിരുന്നു. 1994ല്‍ ആണ് ഞാന്‍ അവിടെ ആദ്യമായി പോയത്. 2013 ലെ വെള്ളപ്പൊക്കത്തില്‍ കാന്തിസരോവരമാണ് തടം തകര്‍ന്ന് കേദാര്‍നാഥത്തിലേക്ക് കുത്തിയൊഴുകിയെത്തിയത്. ഇന്ന് കാന്തിസരോവരം ഗന്ധിസരോവരമെന്ന പേരിലാണ് അറിയപ്പെടുന്നത്. അത് വെറുമൊരു സരോവരമല്ല, കൃപാസരോവരം തന്നെയാണ്.

2013 ലെ വെള്ളപ്പൊക്കത്തില്‍ കാന്തിസരോവരമാണ് തടം തകര്‍ന്ന് കേദാര്‍നാഥത്തിലേക്ക് കുത്തിയൊഴുകിയെത്തിയത്. അത് വെറുമൊരു സരോവരമല്ല, കൃപാസരോവരം തന്നെയാണ്.

ബഹുദൂരം നടന്ന് ഞാന്‍ കേദാര്‍നാഥത്തിലെത്തി അവിടെവച്ചാണ് ഞാന്‍ ആദ്യമായി കാന്തിസരോവരത്തെ പറ്റി കേട്ടത് ഒരു ദിവസം ഉച്ചതിരിഞ്ഞ് ഞാന്‍ രണ്ടു രണ്ടരയോടെ പുറപ്പെട്ടു. ഏതാണ്ട് ഒരു മണിക്കൂറില്‍ കൂടുതല്‍ സമയമെടുത്തു അവിടെ എത്തിച്ചേരാന്‍. എന്‍റെ കണ്‍മുന്നില്‍ ഹിമഗിരികളാല്‍ വലയം ചെയ്യപ്പെട്ട കാന്തിസരോവരം, ആ പരിസരത്തിന്‍റെ നൈസര്‍ഗികമായ സൗന്ദര്യം വിസ്മയാവഹം! അതിവിശാലമായ തടാകം, അലയിളക്കങ്ങളില്ലാത്ത തികച്ചും നിശ്ചലമായ ജലപ്പരപ്പ്. ചുറ്റുപാടും ഒരു പുല്‍ക്കൊടിപോലും വളരുന്നില്ല. തടാകത്തിന് കാവല്‍ നില്‍ക്കുംപോലെ അത്യുന്നതമായ ധവളഗിരിശൃംഗങ്ങള്‍. അവ അപ്പാടെ ആ നിശ്ചലമായ ജലവിതാനത്തില്‍ പ്രതിഫലിച്ചു കാണാം. ആരേയും അത്ഭുതസ്തബ്ധരാക്കുന്ന ദൃശ്യഭംഗി! ഭൂമിയില്‍ ഇങ്ങനേയും ഒരിടമുണ്ടോ!

ആ തടാകതീരത്തില്‍ ഞാന്‍ ഏറെനേരം ഇരുന്നു. പരിപൂര്‍ണമായ നിശ്ശബ്ദത, ശാന്തി, നൈര്‍മല്ല്യം അതെല്ലാംതന്നെ എന്‍റെ ബോധമണ്ഡലത്തിലേയ്ക്ക് അരിച്ചിറങ്ങി. അത്രയും ഉയരത്തിലേയ്ക്കുള്ള കയറ്റം, ആ പരിസരത്തിന്‍റെ അഭൗമമായ സൗന്ദര്യം. എനിക്കു വീര്‍പ്പുമുട്ടിപ്പോയി. തടാകതീരത്തുള്ള ഒരു പാറക്കല്ലില്‍ കണ്ണുകള്‍ തുറന്ന് ഞാന്‍ നിശ്ചലം ഇരുന്നു. ചുറ്റും കാണുന്നതെല്ലാം ഞാന്‍ എന്‍റെ മനസ്സിലേയ്ക്ക് പൂര്‍ണമായും ആവാഹിച്ചെടുത്തു. പതുക്കെ പതുക്കെ കണ്‍മുമ്പിലെ രൂപങ്ങള്‍ ഓരോന്നായി എന്‍റെ ബോധമണ്ഡലത്തില്‍നിന്നും മറഞ്ഞു, ബാക്കിയായത് നാദം മാത്രം. അവിടെയുള്ള പര്‍വതനിരകളൊ, ആ തടാകമൊ, ചുറ്റുപാടുകളൊ എന്‍റെ ശരീരംതന്നേയോ ഒന്നിനും ഒരു രൂപവുമില്ലാതായതുപോലെ. എങ്ങും നിറഞ്ഞു നില്‍ക്കുന്നത് നാദം മാത്രം.... ഞാനറിയാതെ എന്‍റെയുള്ളില്‍ നിന്നും ഒരു ഗാനം ഉതിര്‍ന്നുയര്‍ന്നു....

നാദ ബ്രഹ്മാ വിശ്വസ്വരൂപാ,
നാദ് ഹി സകലാ ജീവസ്വരൂപാ, നാദ് ഹി കര്‍മ്മാ നാദ് ഹി ധര്‍മ്മാ,
നാദ് ഹി ബന്ധന് നാദ് ഹി മുക്തി, നാദ് ഹി ശങ്കര നാദ് ഹി ശക്തി,
നാദം... നാദം... സര്‍വം നാദം...
നാദം... നാദം... നാദം... നാദം...

സംസ്കൃത ഭാഷ പഠിക്കുന്നതില്‍ ഞാന്‍ എന്നും വിമുഖനായിരുന്നു. ആ ഭാഷയുടെ ആഴവും പരപ്പും എന്നെ എപ്പോഴും അത്ഭുതപ്പെടുത്തിയിരുന്നു, എന്നിട്ടും അത് പഠിക്കാന്‍ ഞാന്‍ താല്‍പര്യം കാട്ടിയില്ല. അതിനു കാരണം, സംസ്കൃതം വശമായിക്കഴിഞ്ഞാല്‍ തീര്‍ച്ചയായും പുരാണ ഇഹാസങ്ങള്‍ അവയുടെ മൂലരൂപത്തില്‍ വായിക്കാന്‍ തുടങ്ങും. എനിക്ക് എല്ലാ കാര്യങ്ങളിലും എന്‍റേതായ ഒരു കാഴ്ചപ്പാടുണ്ട്. അത് വളരെ തെളിവുറ്റതാണ് താനും. ഇതുവരെയായും ഒരു കാര്യത്തിലും ഒരിക്കലും അതെന്നെ നിരാശപ്പെടുത്തിയിട്ടുമില്ല. പുരാണങ്ങള്‍ വായിച്ച് അവയില്‍നിന്നും കിട്ടുന്ന അറിവുകളും വിവരങ്ങളും കൂട്ടിക്കലര്‍ത്തി സ്വന്തം കാഴ്ചപ്പാടിനെ വികലമാക്കണമെന്ന് എനിയ്ക്ക് തീരെ താല്‍പര്യവുമില്ല. ഞാന്‍ സംസ്കൃതം പഠിക്കാതിരിക്കുന്നതിന്‍റെ യഥാര്‍ത്ഥ കാരണം ഇതുതന്നെയാണ്.

അന്ന് കാന്തിസരോവരത്തിന്‍റെ തീരത്ത് തനിയെ ഇരിക്കുമ്പോള്‍ എന്‍റെ കണ്ണുകള്‍ പൂര്‍ണ്ണമായും തുറന്നിരുന്നു. എന്നാല്‍ വായ ഞാന്‍ അടച്ചുപിടിച്ചിരിക്കുകയായിരുന്നു. എന്നിട്ടും എന്‍റെതന്നെ സ്വരത്തില്‍ ഈ വരികള്‍ എന്‍റെ കാതില്‍ വന്നലച്ചു. ഉച്ചത്തില്‍ വ്യക്തമായി ഞാന്‍ തന്നെ പാടുന്നു - സംസ്കൃത ഭാഷയിലുള്ള ഈ ഗാനം. എന്തൊരു മുഴക്കമായിരുന്നു അതിന്! ആ പര്‍വത നിരകളെല്ലാം ഒന്നായി അത് പാടുന്നതുപോലെ. സകലതും നാദമായിത്തീര്‍ന്ന അനുഭവം. എങ്ങിനെയാണ് എന്‍റെ മനസ്സില്‍ ആ ഗാനം രൂപം കൊണ്ടത്! അത് ഞാന്‍ മെനഞ്ഞെടുത്തതല്ല, എഴുതി ഉണ്ടാക്കിയതല്ല, ഞാനറിയാതെ ആ വരികള്‍ എന്‍റെയുള്ളില്‍ വിരിഞ്ഞുവരികയായിരുന്നു. അതും എനിക്കു വശമില്ലാത്ത സംസ്കൃത ഭാഷയില്‍ ആ അനുഭവം അക്ഷരാര്‍ത്ഥത്തില്‍ എന്നെ അമ്പരപ്പിച്ചു. അപ്പോഴാണെനിക്ക്‌ മനസ്സിലായത്‌, ആ നാദം അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു. അതെന്റെ കാതില്‍ വന്നു പതിച്ചു, അറിയാതെ ഞാനത് ഏറ്റുപാടുകയായിരുന്നു.

അത് ഞാന്‍ മെനഞ്ഞെടുത്തതല്ല, എഴുതി ഉണ്ടാക്കിയതല്ല, ഞാനറിയാതെ ആ വരികള്‍ എന്‍റെയുള്ളില്‍ വിരിഞ്ഞുവരികയായിരുന്നു. അപ്പോഴാണെനിക്ക്‌ മനസ്സിലായത്‌, ആ നാദം അന്തരീക്ഷത്തില്‍ നിറഞ്ഞ് നില്‍ക്കുന്നു.

തെല്ലിട കഴിഞ്ഞപ്പോള്‍ എല്ലാം പൂര്‍വ്വസ്ഥിതിയിലായി. എന്‍റെ ബോധവും നാദത്തില്‍ നിന്നും രൂപത്തിലേക്കു വഴുതിവീണു. എന്തിനെന്നില്ലാതെ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങീ. ആ വരികളില്‍ അവര്‍ണനീയമായ ഏതോ ശക്തി ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. പൂരിത മനസ്സോടെ ആ ഗാനത്തില്‍ മുഴുകാനായാല്‍, അത് നിങ്ങളുടെ അവബോധത്തെ അലിയിച്ചു കളയുന്നു, മുഴുവന്‍ ശ്രദ്ധയും അതില്‍ത്തന്നെ പതിപ്പിക്കുകയാണെങ്കില്‍...