ജീവിതത്തില്‍ ഹോര്‍മോണുകളുടെ പ്രഭാവം
 
 

सद्गुरु

നിങ്ങളുടെ ഹോര്‍മോണുകള്‍ക്ക് ഒരു കുഴപ്പവുമില്ല. അവ നിങ്ങളില്‍ നിര്‍ബന്ധപ്രേരണയുണ്ടാകാന്‍ അവ കാരണമാകുന്നു എന്നേയുള്ളൂ. നിങ്ങള്‍ക്ക് എന്ത് ആകണമെന്നു നിങ്ങള്‍ക്കുതന്നെ തീരുമാനമെടുക്കാന്‍ കഴിയാതെ വരുന്നു. അതാണ് നിര്‍ബന്ധപ്രേരണ എന്നതുകൊണ്ടുദ്ദേശിക്കുന്നത്.

മറ്റു ശാരീരിക ആവേശങ്ങള്‍ക്കൊക്കെ ഉപരിയായി സെക്സിനോട് എന്താണിത്ര താല്പര്യം വരുന്നതെന്ന് ഇടയ്ക്കിടെ ആളുകള്‍ എന്നോട് ചോദിക്കാറുണ്ട് . ഞാന്‍ മറുപടി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്. നിങ്ങളുടെ ബുദ്ധിയെ ഹോര്‍മോണുകള്‍ ഹൈജാക് ചെയ്യുകയാണ്.

ശരിയായി പറഞ്ഞാല്‍ അതു നിങ്ങളല്ല. നിര്‍ബന്ധപ്രേരണകൊണ്ട് വഴങ്ങിപ്പോകുന്നതാണ്. നിങ്ങള്‍ ഒരു കുട്ടി ആയിരുന്നപ്പോള്‍ നിങ്ങളുടെ പ്രത്യുല്‍പ്പാദന അവയവം ഒരു പ്രശ്നമേ ആയിരുന്നില്ല. എന്നാല്‍ ഹോര്‍മോണുകള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുന്നതോടെ ലൈംഗികമായ ലോകത്തിനപ്പുറം നിങ്ങള്‍ക്കു ചിന്തിക്കാനാവാതെ വരുന്നു. കുറെ പ്രായം ചെല്ലുമ്പോള്‍ ഹോര്‍മോണുകളുടെ പ്രവര്‍ത്തനം ശരീരത്തില്‍ കുറയുന്നു. അതോടെ ലൈംഗികകാര്യങ്ങള്‍ വലിയ പ്രശ്നമാകുന്നില്ല. നിങ്ങള്‍ പിറകിലേയ്ക്കു നോക്കിയാല്‍ നിങ്ങള്‍ തന്നെയാണ് ഇങ്ങനെയെല്ലാം ചിന്തിച്ചിരുന്നതെന്നു വിശ്വസിക്കുവാന്‍ പോലും തോന്നില്ല. ശരീരത്തില്‍ തെറ്റായി ഒന്നുമില്ല അതു പരിമിതമാണ്. നിങ്ങള്‍ ശരീരത്തിന്‍റെ പിറകെ പോയാല്‍ അതൊരു കുറ്റമല്ല. അതുകൊണ്ട് നിങ്ങള്‍ക്ക് കുറെയൊക്കെ സന്തോഷം ലഭിക്കും. പക്ഷേ അത് ഒട്ടുംതന്നെ സമ്പൂര്‍ണത കൈവരിക്കാത്ത ഒരു ജീവിതമായിരിക്കും.

അതിജീവനവും പുനരുല്പാദനവും മാത്രമാണ് ശരീരത്തിന് അറിയാവുന്നത്. ഓരോ നിമിഷവും അത് ശ്മശാനത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, മറ്റെവിടേക്കുമല്ല.

നാളെ ഞാന്‍ നിങ്ങള്‍ക്ക് ഒരുവരം തരികയും ലോകത്തെ എല്ലാ സ്ത്രീകളും അല്ലെങ്കില്‍ പുരുഷന്മാരും നിങ്ങള്‍ക്കുപിന്നാലെ വരുന്നു എന്നുമിരിക്കട്ടെ, നിങ്ങള്‍ അപ്പോഴും ഒട്ടും സംതൃപ്തനല്ല എന്നു നിങ്ങള്‍ക്കുബോധ്യപ്പെടും. അല്പം സന്തോഷവും വേദനയും അനുഭവപ്പെടും. അതു കുഴപ്പമില്ല, പക്ഷെ നിങ്ങള്‍ ശരീരത്തിന്‍റെ പരിധിക്കുള്ളില്‍ മാത്രമായിരിക്കും കഴിയുന്നത്. അതിജീവനവും പുനരുല്പാദനവും മാത്രമാണ് ശരീരത്തിന് അറിയാവുന്നത്. ഓരോ നിമിഷവും അത് ശ്മശാനത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്, മറ്റെവിടേക്കുമല്ല.

ഈ ഗ്രഹത്തില്‍നിന്നു കടം വാങ്ങിയതാണ് നിങ്ങളുടെ ശരീരം. മാതാവായ ഭൂമി തന്ന കടം തിരികെ വാങ്ങുന്നതാണ് മരണം എന്നു നിങ്ങള്‍ പറയുന്നത്. ഈ ഗ്രഹത്തിലെ എല്ലാ ജീവരൂപങ്ങളും ഭൂമിയെ പുനഃചംക്രമണം ചെയ്തുണ്ടാകുന്നതാണ്. നിങ്ങള്‍ക്കു ശരീരത്തെക്കുറിച്ചുമാത്രമേ അറിവുള്ളെങ്കില്‍ ഭയം നിങ്ങളുടെ സന്തതസഹചാരിയായിരിക്കും. ശരീരം എന്തായാലുംപൂര്‍ണമായി നഷ്ടപ്പെടുമെന്ന് നിങ്ങള്‍ക്ക് ഉറപ്പാണ്. ഒരാളിന്‍റെ നിലനില്പിന്‍റെ കൂടപ്പിറപ്പാണ് ഭയം, അതു പ്രകൃത്യാ ഉള്ളതാണ് എന്നുപോലും ജനങ്ങള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. എന്നാല്‍ അത് അങ്ങനെയല്ല. നിങ്ങളുടെ നിലനില്പിലെ അസ്വാഭാവികമായ കാര്യങ്ങളുടെ അനന്തരഫലമാണ് ഭയം. അതായത് ജീവിതത്തെ അതിന്‍റെ പൂര്‍ണമായ അളവിലും ആഴത്തിലും നിങ്ങള്‍ അനുഭവിച്ചറിയാതെ ഭൗതികശരീരത്തിന്‍റെ തലത്തില്‍ നിങ്ങള്‍ ജീവിതത്തെ പരിമിതപ്പെടുത്തി. അതിന്‍റെ സ്വാഭാവികമായ അനന്തരഫലമാണ് ഭയം. ഈ ഗ്രഹത്തിലെ എല്ലാ ജീവികളും മണ്ണിന്‍റെ പുനഃചംക്രമണമാണ്.

ജോര്‍ജ് ബെസ്റ്റ് എന്നു കേട്ടിട്ടുണ്ടോ? വലിയ ഫുട്ബോള്‍ കളിക്കാരന്‍ ആയിരുന്നു. അയാള്‍ ആര്‍ഭാടമായി ജീവിച്ചു. സിനിമാതാരങ്ങളും മോഡലുകളും അദ്ദേഹത്തിന്‍റെ ചുമലുകളില്‍ തൂങ്ങിനടന്നു. രണ്ടും മൂന്നും പേര്‍ അദ്ദേഹത്തോടൊപ്പം എപ്പോഴും ഉണ്ടായിരുന്നു. 35 വയസ്സു കഴിഞ്ഞതോടെ അദ്ദേഹം ആകെ തകര്‍ന്നു. പരാജയഭീതിയുള്ളവനും ദുഃഖിതനും ആയിത്തീര്‍ന്നു. 59-ാം വയസ്സില്‍ അന്തരിച്ചു. അദ്ദേഹത്തിന് ജീവിതത്തില്‍ എല്ലാം തികഞ്ഞിരുന്നു എന്നാണ് വയ്പ്. വളരെദാരുണമായ ഒരു ജീവിതമാണ് അദ്ദേഹം നയിച്ചത്.

ശരീരം പരിമിതമാണ് എന്നതാണ് ഈ അവസ്ഥയുടെ കാരണം. ശരീരത്തിന് നിങ്ങളുടെ ജീവിതത്തില്‍ അത്രയൊക്കെ കാര്യങ്ങളേ നിര്‍വഹിക്കാനുള്ളൂ എന്നതാണ് സത്യം. നിങ്ങളുടെ മുഴുവന്‍ ജീവിതവും അതാക്കിത്തീര്‍ക്കാന്‍ ശ്രമിച്ചാല്‍ ദുഃഖിക്കേണ്ടിവരും. കാരണം നിങ്ങള്‍ യഥാര്‍ത്ഥമല്ലാത്ത ഒന്നാണ് സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. ജീവിതത്തിനു നിങ്ങളെ വളയ്ക്കാനും ഒടിക്കാനും കുഴയ്ക്കാനും പൊടിക്കാനും ഒക്കെ അതിന്‍റേതായ മാര്‍ഗങ്ങളുണ്ട് , തികച്ചും പ്രതീക്ഷിക്കാനാകാത്ത ലക്ഷക്കണക്കിനു മാര്‍ഗങ്ങള്‍.

ശരീരത്തെ എല്ലാമായി കരുതുന്നതുകൊണ്ട് ജനങ്ങള്‍ ഇക്കാലത്ത് പറയാനാവാത്തവിധം ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു.

ധനവും ഭൗതികസുഖവും മാത്രമാണ് പലരെയും സന്തോഷം നേടാനായി വെറിപിടിച്ച പ്രവൃത്തികള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. നാഗരികതയുടെ പുതപ്പിനടിയില്‍ നോക്കിയാല്‍ നിങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കുന്നതും അപലപനീയവുമായ പലതും ദൃശ്യമാകും. നാം നമ്മുടെ കുട്ടികളെ പോലും വെറുതെ വിടുന്നില്ല. മനുഷ്യവംശം മനുഷ്യന്‍റെ എല്ലാ തലങ്ങളെയും കണക്കിലെടുക്കാതെ ശാരീരികവും ഭൗതികവുമായ കാര്യങ്ങളില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ പരിണതഫലങ്ങളാണ് ഇവയൊക്കെ.

നിങ്ങളുടെ ജീവിതത്തിലെ ഒരു ചെറിയ കാര്യത്തെ അതാണ് എല്ലാമെന്നു കരുതുന്നതുകൊണ്ടുണ്ടാകുന്ന തകരാറാണിത്. ശരീരത്തെ എല്ലാമായി കരുതുന്നതുകൊണ്ട് ജനങ്ങള്‍ ഇക്കാലത്ത് പറയാനാവാത്തവിധം ദുരിതങ്ങള്‍ സൃഷ്ടിക്കുന്നു. ശാരീരികമായി ഇതിനെക്കാള്‍ കൂടുതല്‍ ക്രമീകരണങ്ങള്‍ ഉണ്ടാക്കുന്നതിനെ ചിന്തിക്കാന്‍ കഴിയില്ല. ആരോഗ്യസംരക്ഷണം, ഇന്‍ഷുറന്‍സ്, കാറുകള്‍, കൂടുതല്‍ സുഖസൗകര്യങ്ങള്‍ മുമ്പ് ഏതൊരു തലമുറയിലും ഉണ്ടായിരുന്നതിനെക്കാള്‍ സൗകര്യങ്ങള്‍. എന്നിട്ടും ജനങ്ങള്‍ അങ്ങേയറ്റം ദുരിതം അനുഭവിക്കുന്നു. സമ്പന്നസമൂഹങ്ങളില്‍ അഞ്ചിലൊരാള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള മരുന്നുകഴിക്കാതെ മാനസികമായി സമനിലയില്‍ കഴിയാന്‍ സാധ്യമല്ല. ഓരോ ദിവസവും ഗുളിക കഴിക്കാതെ പറ്റില്ലെങ്കില്‍ അതെങ്ങനെ സന്തോഷപ്രദമാകും? ഓരോ ദിവസവും തകര്‍ച്ചയുടെ വക്കിലാണ് നിങ്ങള്‍. കാരണം നിങ്ങളുടെ ജീവിതത്തിലെ ഒരു ചെറിയ കാര്യത്തെ വലിച്ചുനീട്ടി അതാണ് ജീവിതത്തിന്‍റെ സര്‍വ്വവുമെന്നുകരുതി ജീവിക്കുന്നു. ജീവിതം അതിന്‍റെ ചുങ്കം ചുമത്തുന്നു, അത്രയേയുള്ളു.

 
 
 
 
  0 Comments
 
 
Login / to join the conversation1