ജീവിതമെന്ന തീർത്ഥാടനം

അവനവനെക്കുറിച്ച് ആവശ്യത്തിലേറെ ചിന്തിച്ചുകൊണ്ട് ഈ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ ഒരു വിനാശകാരകനായി മാറുന്നു. ജീവിതത്തിലെ ഓരോ ചുവടും കൃതജ്ഞതയോടെ വയ്ക്കുകയാണെങ്കിൽ, ഈ ഗ്രഹത്തിൽ ഒരു തീർത്ഥാടകനെപ്പോലെ സൗമ്യനായി നടക്കുവാന്‍ കഴിയും. ഈ ജീവിതം തന്നെ ഒരു തീർത്ഥാടനമായിത്തീരും.
 

അവനവനെക്കുറിച്ച് ആവശ്യത്തിലേറെ ചിന്തിച്ചുകൊണ്ട് ഈ ജീവിതത്തിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾ ഒരു വിനാശകാരകനായി മാറുന്നു. ജീവിതത്തിലെ ഓരോ ചുവടും കൃതജ്ഞതയോടെ വയ്ക്കുകയാണെങ്കിൽ, ഈ ഗ്രഹത്തിൽ ഒരു തീർത്ഥാടകനെപ്പോലെ സൗമ്യനായി നടക്കുവാന്‍ കഴിയും. ഈ ജീവിതം തന്നെ ഒരു തീർത്ഥാടനമായിത്തീരും.

സദ്ഗുരു : നിങ്ങൾ വളരെ നിസ്സാരനാണെന്ന കാര്യം നിങ്ങളെത്തന്നെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം. ഒരു മനുഷ്യജീവി സ്വമേധയാ എത്രത്തോളം ചെറിയവനാകുന്നുവോ അതയാളുടെ വലിപ്പത്തെ പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുന്നു. ജനങ്ങൾ വിനോദസഞ്ചാരത്തിനു പോകുന്നതും പർവതാരോഹണം നടത്തുന്നതുമൊക്കെ എന്തെങ്കിലും നേടണം, എന്തിനെയെങ്കിലുമൊക്കെ കീഴടക്കണം, സ്വന്തം ജീവിതനിലവാരം മെച്ചപ്പെടുത്തണം എന്നിങ്ങനെയുള്ള ഉദ്ദേശ്യത്തോടു കൂടിയാണ്. എന്നാൽ, തീർത്ഥാടനത്തിൻറെ ലക്‌ഷ്യം തന്നെ നിങ്ങളെ വിനയാന്വിതനാക്കുക എന്നതാണ്.

.നിങ്ങൾ വളരെ നിസ്സാരനാണെന്ന കാര്യം നിങ്ങളെത്തന്നെ ബോദ്ധ്യപ്പെടുത്തുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം.

ജനങ്ങൾ യാത്ര ചെയ്യുന്നത് വിവിധകാരണങ്ങളാലാണ്. പര്യവേഷകന്മാർ സഞ്ചരിച്ചത് ആ പ്രദേശങ്ങൾ കീഴ്പെടുത്താനും ആ പ്രദേശത്തെക്കുറിച്ചും, അവിടെ ജീവിച്ചിരുന്ന മനുഷ്യരെക്കുറിച്ചും മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നു. അലഞ്ഞുതിരിയുന്നവർ സഞ്ചരിക്കുന്നത്, അവർക്കു പലകാരണങ്ങള്‍ കൊണ്ടും സ്വന്തം വീട്ടിലിരിക്കാൻ കഴിയാഞ്ഞിട്ടാണ്. പിന്നെ വിനോദസഞ്ചാരികളാണ്, അവര്‍ സഞ്ചരിക്കുന്നത് ജോലിയിൽ നിന്നും അല്ലെങ്കില്‍ കുടുംബത്തിൽ നിന്നും താൽക്കാലികമായി വിട്ടുനിൽക്കാനാണ്. എന്നാൽ തീർത്ഥാടനം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ്. കീഴടക്കാനോ, അന്വേഷണം നടത്താനോ, കൂടുതൽ അറിയാനോ അല്ല തീർത്ഥാടനം, അതിന്റെ ലക്ഷ്യം മനുഷ്യരെ കൂടുതല്‍ വിനയാന്വിതനാക്കുക എന്നതാണ്.

മറ്റെന്തോ ഒന്നിനാൽ നിങ്ങളെ കീഴടക്കുവാൻ അനുവദിക്കുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം. ഹിമാലയനിരകളെ നമ്മൾ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കാൻ കാരണം അത് നമ്മിൽ 'ഞാന്‍ ഒന്നുമല്ല' എന്ന ബോധം ഉളവാക്കും എന്നതു കൊണ്ടാണ്. അതാണു യഥാർത്ഥത്തിൽ സംഭവിക്കേണ്ടത്‌. എത്ര വലിയവനായിക്കൊള്ളട്ടെ, എത്ര കഴിവുള്ളവനായിക്കൊള്ളട്ടെ, ഹിമാലയത്തിന്‍റെ താഴ്‌വരയില്‍ നില്‍ക്കുമ്പോൾ വളരെ ചെറുതാണെന്ന ബോധം ഒരുവനിലുണ്ടാകാതിരിക്കുകയില്ല. കണ്ണു തുറന്നു ചുറ്റും നോക്കിയാൽ ആകാശംമുട്ടെ നില്‍ക്കുന്ന പര്‍വതശിഖരങ്ങളും, മഞ്ഞുമൂടിക്കിടക്കുന്ന മാമലകളും, അവരെ തൊട്ടുരുമ്മി കുത്തിയൊലിക്കുന്ന പുണ്യനദികളും, അതിന്റെയെല്ലാം നടുവില്‍ ഉറുമ്പിനോളം ചെറുതായ വെറും ഒരു ജീവിയാണെന്നു ബോധ്യപ്പെടുത്തുന്ന ഈ നിങ്ങളും.

ഹിമാലയനിരകളെ നമ്മൾ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കാൻ കാരണം അത് നമ്മിൽ 'ഞാന്‍ ഒന്നുമല്ല' എന്ന ബോധം ഉളവാക്കും എന്നതു കൊണ്ടാണ്.

തീർത്ഥാടനത്തിൻറെ ഉദ്ദേശം തന്നെ അസ്തിത്വത്തിൽ നിങ്ങളുടെ സ്ഥാനം എന്താണെന്നറിയാനും, അതിലെ വെറുമൊരു ധൂളീകണം പോലെയാണ് താനെന്നു സ്വയം അറിയാനും അനുഭവിക്കാനും വേണ്ടിയാണ്. വെറും നിസ്സാരനായ ഈ കൊച്ചു മനുഷ്യന് അഗാധമായ പ്രപഞ്ചരഹസ്യം അതിന്റെ എല്ലാ വൈവിധ്യത്തിലും ഉൾക്കൊള്ളാൻ കഴിയും എന്ന മഹത്തായ സത്യമറിഞ്ഞ് അകമറിഞ്ഞാഹ്ലാദിക്കുകയും, നമ്രശിരസ്കരായി കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്യണം. നന്ദി, വിനയം, സന്തോഷം, സമാധാനം ഇതെല്ലാം അതിൻറെ ഒരു ഭാഗമാണ് - മനുഷ്യജീവിയായി ജനിച്ചതിന്റെ സൌന്ദര്യം അതിലാണ്. താൻ വലിയവനാണെന്നു നടിക്കാന്‍ നമുക്കെന്തുണ്ട്? എപ്പോഴും അങ്ങനെ നടിക്കുന്ന ചിലരുണ്ടാകും. ആരെങ്കിലും വലിയവനായി നടിക്കാൻ ശ്രമിച്ചാൽ, സത്യത്തില്‍ അയാൾ ഉള്ളതിനേക്കാളും ചെറുതായിത്തീരുന്നു. മനുഷ്യന്‍ നേരിടുന്ന പോരാട്ടവും അതുതന്നെയാണ്, വലുതാകാനുള്ള ശ്രമത്തിൽ, അവന്‍ ഒന്നുമില്ലാത്തവനായിത്തീരുന്നു. താന്‍ വെറും നിസ്സാരനാണെന്ന് മനസ്സിലാകാതിരിക്കുന്നടത്തോളം കാലം തന്നിലേക്ക് ഈ മഹാപ്രപഞ്ചമെന്ന സത്യത്തെ ഉൾക്കൊള്ളാൻ അവന് കഴിയില്ല. താൻ ചെറുതാണെന്ന് സ്വയം അറിഞ്ഞാലോ, അവന്‍ അപരിമിതനായി മാറുന്നു. ആ ദിശയിലേക്കു വളരാൻ നിങ്ങളെ സഹായിക്കുന്ന ഒരു പ്രക്രിയയാണ് തീർത്ഥാടനം. താൻ ഒന്നുമല്ലാതായി താഴെത്തട്ടില്‍ കിടക്കുവാൻ തയാറാകുന്നപക്ഷം അവന്‍ വളരുന്നു, വളരെ വേഗത്തില്‍ വളരുന്നു, പരിമിതികളില്ലാത്തവനായിത്തീരുന്നു.

എല്ലാ മനുഷ്യരും ഒരേ കാര്യമാണ് അന്വേഷിക്കുന്നത്, പക്ഷേ അന്വേഷണം തെറ്റായ ദിശയിലേക്കാണെന്നുമാത്രം. എല്ലാവരും എല്ലാ തലത്തിലും സീമയറ്റവരാകാൻ ആഗ്രഹിക്കുന്നു. അതിനായി അവർ പരിശ്രമിക്കുകയും, ഫലത്തിൽ നിസ്സാര മനുഷ്യരായി മാറുകയും ചെയ്യുന്നു. അവരുടെ ഉദ്ദേശ്യത്തിൽ ഒരു തെറ്റുമില്ല, പക്ഷേ പ്രവർത്തനദിശ തെറ്റാണ്, അത്രമാത്രം. സ്വയം അലിഞ്ഞില്ലാതായിത്തീരുമ്പോൾ അവനവന്‍ വാസ്തവത്തില്‍ വലിയവനാകുകയാണെന്ന സത്യം മനസ്സിലാക്കാന്‍ അല്പമെങ്കിലും അവബോധം വേണം.

നിർഭാഗ്യവശാൽ ഇതറിയാനും മനസ്സിലാക്കുവാനും മിക്ക ആളുകൾക്കും ജന്മാന്തരങ്ങൾ തന്നെ വേണ്ടി വന്നേക്കാം. ഒരേ സ്ഥലത്ത് നാലുപേർ ഒരുമിച്ചു കഴിയുന്നതുബുദ്ധിമുട്ടാണ്, രണ്ടു പേർ ഒന്നിച്ചു കഴിയുന്നതു തന്നെ വലിയ പ്രയാസം. ആര് ആരെക്കാൾ വലുത് എന്ന ചോദ്യം അപ്പോഴും ഉയർന്നു വരുന്നു. കേമനാകാന്‍ ശ്രമിക്കുന്തോറും കൂടുതൽ കൂടുതൽ അല്പന്മാരായിത്തീരും, ജീവിതത്തിൽ കൂടുതൽ കൂടുതൽ വിഡ്ഢിത്തരങ്ങൾ കാട്ടിക്കൊണ്ടിരിക്കും. എവിടെയൊക്കെ മനുഷ്യൻ സമര്‍ത്ഥനാകാൻ ശ്രമിക്കുന്നുവോ അവിടെയൊക്കെയാണ് ഏറ്റവും വലിയ മൂഡത്തരങ്ങൾ സംഭവിക്കുന്നത്‌ .
ശാസ്ത്രം, സാങ്കേതികവിദ്യ, മനുഷ്യൻറെ വൈഭവം എന്നിവ അത്യത്ഭുതകരമായ നേട്ടങ്ങൾ തന്നെയാണ് . എന്നാൽ യഥാർത്ഥത്തിൽ മൊത്തം അസ്തിത്വവുമായി താരതമ്യം ചെയ്യുമ്പോൾ അവയുടെ പരിമിതികൾ എത്രയെന്നത് സാങ്കേതികരംഗത്തു പ്രവർത്തിക്കുന്നവർക്കറിയാം, സാങ്കേതികപുരോഗതി എത്ര പരിമിതമാണെന്ന് ഉന്നതരായ ശാസ്ത്രജ്ഞന്മാർക്കറിയാം. എന്നാൽ ഇതേ സാങ്കേതികപരിജ്ഞാനം ഉപയോഗിച്ച് ജീവിതത്തെ അനായാസകരമാക്കുന്നവർ

അവ വളരെ സന്കീര്‍ണമാണെന്ന തെറ്റായ നിഗമനത്തിലെത്തിച്ചേരുന്നു. ഒരു ബസ്സോ കാറോ ഓടിച്ചുകൊണ്ട് അവിശ്വസനീയദൂരങ്ങൾ പിന്നിടാൻ കഴിയുമെങ്കിലും ചുറ്റുമുള്ളതെന്തൊക്കെയാണെന്ന കാഴ്ചപ്പാട് നഷ്ടപ്പെടാനുള്ള പ്രവണത നമുക്കുണ്ടാകുന്നു. ആ കാഴ്ചപ്പാടു നഷ്ടപ്പെടുത്തരുത്. ഒരു വിനോദസഞ്ചാരിയെപ്പൊലെയല്ലാതെ, ഒരു തീർത്ഥാടകനെപ്പോലെ ഇതൊക്കെ അനുഭവിക്കണം. ഒരു സ്ഥലത്തേക്കു വിനോദസഞ്ചാരിയായി പോകുന്നതും അവിടേക്കുതന്നെ തീർത്ഥാടകനായി പോകുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. മിക്കവരും ഇതിനുരണ്ടിനുമിടയിൽ ആന്ദോളനം ചെയ്യുന്നവരാണ്. അപൂര്‍വം ചില സമയങ്ങളില്‍ ഒരു തീർത്ഥാടകൻറെ ഏകാഗ്രത നിങ്ങളില്‍ കൊണ്ടുവരാന്‍ നിങ്ങള്‍ക്കാകുന്നുണ്ട്. എന്നാൽ വൃത്തികെട്ട ഒരു കുളിമുറി കാണുമ്പോഴോ, കുത്തനെയുള്ള ഒരു മലഞ്ചെരിവു കാണുമ്പോഴോ നിങ്ങൾ ഒരു വിനോദസഞ്ചാരിയായി മാറിയേക്കാം. ഒരു തീർത്ഥാടകൻറെ ലക്ഷ്യം സുനിശ്ചിതമാണ്. എന്തൊക്കെ സംഭവിച്ചാലും അയാൾ പോകുന്നത് അയാളുടെ ലക്ഷ്യത്തിലേക്കുതന്നെയാണ്; ദുര്‍ഘടമായ വഴികള്‍ അയാളെ തളര്‍ത്തില്ല, ജീവിതമോ മരണമോ എന്നതയാള്‍ക്ക് പ്രശ്നമല്ല, അയാൾ ലക്ഷ്യത്തിലേക്കുതന്നെ നീങ്ങിക്കൊണ്ടിരിക്കും.

ഒരു വിനോദസഞ്ചാരി അങ്ങനെയല്ല; അയാൾ സുഖപ്രദമായ പ്രദേശങ്ങളിലേക്കു മാത്രമേ പോകുകയുള്ളു. അതിൽ തെറ്റൊന്നുമില്ല. നാം ചില പരിമിതികൾക്കുള്ളിൽ ജീവിക്കുമ്പോൾ ജീവിതം അതിൻറേതായ പരിമിതികൾ നമുക്കുമേൽ ഏർപ്പെടുത്തുന്നു എന്നേയുള്ളു. യാതൊരു പരിമിതികൾക്കും വഴങ്ങാതെ ജീവിക്കുമ്പോഴേ, ജീവിതം അതിൻറെ മണിച്ചെപ്പു നിങ്ങൾക്കായി തുറന്നു തരികയുള്ളു. ഹിമാലയത്തിലൂടെയുള്ള ഈ സഞ്ചാരം നിങ്ങളെ ഒന്നുമല്ലാതാക്കണം. ജീവിതത്തെ സമീപിക്കുമ്പോൾ നിങ്ങൾക്ക് ഒന്നുമല്ലാതാകാൻ കഴിയുമെങ്കിൽ, നിങ്ങൾ ഒരഭൂത മനുഷ്യനായിത്തീരുന്നു. മറിച്ച് താനൊരു ആരോ ആണെന്ന നിലയിലാണു ജീവിതത്തെയും മറ്റുള്ളവരെയും സമീപിക്കുന്നതെങ്കിൽ, തികച്ചും വൃത്തികെട്ടവനായിത്തീരും. അവനവനെക്കുറിച്ചുതന്നെ അധികസമയവും ചിന്തിച്ചുകൊണ്ട് ഈ ലോകത്തിലൂടെ സഞ്ചരിക്കുകയാണെങ്കിൽ നാം ഒരു വകയ്ക്കും കൊള്ളരുതാത്തവരായിത്തീരുന്നു, വിനാശം വിതയ്ക്കുന്നവനായിത്തീരുന്നു. ജീവിതത്തിലെ ഓരോ ചുവടും കൃതജ്ഞതയോടെ വയ്ക്കുകയാണെങ്കിൽ, നിങ്ങൾ എത്ര ചെറിയാവനാണെന്നു സ്വയം അറിയുകയാണെങ്കിൽ, ഈ ഗ്രഹത്തിൽ ഒരു തീർത്ഥാടകനെപ്പോലെ സൌമ്യനായി നടക്കാന്‍ നിങ്ങള്‍ക്കാകും, ജീവിതത്തെ തന്നെ ഒരു തീർത്ഥാടനമായിത്തീര്‍ക്കാന്‍ സാധിക്കും.

Image courtsey to:https://pixabay.com/en/monk-walking-rose-petals-buddhism-458491/