ഇന്നു ഗുരുപൂര്‍ണിമ ..... ആദ്ധ്യാത്മപാതയിലൂടെ സഞ്ചരിക്കാനുള്ള ആഹ്വാനം

ഈ ലേഖനത്തിലൂടെ സദ്‌ഗുരു നമ്മുടെ പല ആചാരങ്ങളുടേയും ശരിയായ അര്‍ത്ഥം വെളിപ്പെടുത്തികൊണ്ട്, ആദ്ധ്യാത്മികമായ പാതയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ഭാരതം എക്കാലത്തും ഒരു സവിശേഷ ഭൂമിയായിരുന്നുവെന്ന വസ്തുത ഓര്‍മ്മപ്പെടുത്തുന്നു.
 

सद्गुरु

നമ്മുടെ ആചാരങ്ങളില്‍ പലതും വെറും അന്ധവിശ്വാസം എന്നു പറഞ്ഞ് പലപ്പോഴും നമ്മള്‍ അവഗണിക്കാറുണ്ട്. എന്നാല്‍ അവയില്‍ പലതും വളരെയധികം യുക്തിസഹമാണെന്ന് ആലോചിച്ചാല്‍ മനസ്സിലാക്കാവുന്നതാണ്.

 

സദ്‌ഗുരു : ഓരോ സമൂഹത്തിനും അവരുടേതായ സംസ്കാരം വിലയേറിയതാണ്. ഭൂമിശാസ്ത്രപരമായും വൈകാരികമായും നിരവധി കാരണങ്ങള്‍ അതിനുണ്ടാവുകയും ചെയ്യും. എന്നാല്‍ ഭാരതീയ സംസ്കാരത്തിന് അതിന്‍റേതായ ഒരു സവിശേഷതയുണ്ട്, അതിന് ശാസ്ത്രീയമായ ഒരടിത്തറയുണ്ട്. മാത്രമല്ല മനുഷ്യന്‍റെ പരമമായ സ്വാതന്ത്ര്യവും സൗഖ്യവുമാണ് അത് വിഭാവനം ചെയ്യുന്നത്. ലോകത്തിലെ വേറെ ഒരു സംസ്കാരവും മനുഷ്യമനസ്സിനെ ഇത്രത്തോളം ആഴത്തില്‍ പഠിച്ചിട്ടില്ല, വേറൊരു സംസ്കാരവും ഇത്രത്തോളം ശാസ്ത്രീയമായി മനുഷ്യനെ മനസ്സിലാക്കിയിട്ടില്ല; അവന്‍റെ ആത്യന്തികമായ ശ്രേയസ്സിനുവേണ്ടി യുക്തിപൂര്‍വം പദ്ധതികള്‍ തയ്യാറാക്കിയിട്ടുമില്ല. അത്രയും സമഗ്രമായ ധാരണയോടു കൂടിയാണ് ഭാരതീയ സംസ്കാരം മനുഷ്യമനസ്സിനെ സമീപിച്ചിട്ടുള്ളത്. മനുഷ്യന്‍ അവന്‍റെ സാദ്ധ്യതകളത്രയും പൂര്‍ണമായും സാക്ഷാത്കരിക്കണം - ചരിത്രാതീതകാലം മുതല്‍ക്കേ ഭാരതീയ സംസ്കാരം ലക്ഷ്യമിട്ടിരുന്നത് ഇതായിരുന്നു.

മനുഷ്യന്‍ അവന്‍റെ സാദ്ധ്യതകളത്രയും പൂര്‍ണമായും സാക്ഷാത്കരിക്കണം - ചരിത്രാതീതകാലം മുതല്‍ക്കേ ഭാരതീയ സംസ്കാരം ലക്ഷ്യമിട്ടിരുന്നത് ഇതായിരുന്നു

ഇന്നയിന്ന കാര്യങ്ങള്‍ ചെയ്താല്‍ ജീവിതത്തില്‍ ഇങ്ങിനെയൊക്കെ സംഭവിക്കുമെന്ന് നമുക്കറിയാം. സാമാന്യ രീതിയില്‍ പറഞ്ഞാല്‍ മനുഷ്യനെ പ്രബുദ്ധനാക്കാന്‍ വേണ്ട സാങ്കേതിക വിദ്യ നമ്മുടെ കൈവശമുണ്ട്. ആദ്ധ്യാത്മികത എന്നു പറഞ്ഞാല്‍ കുറെ വിശ്വാസങ്ങളും പ്രമാണങ്ങളും മാത്രമാണെന്ന് ധരിക്കരുത്. വളരെ ചിട്ടയോടും, യുക്തിയോടും കൂടി ശരീരത്തിനേയും മനസ്സിനേയും പാകപ്പെടുത്തി എടുക്കുന്ന ഒരു പ്രക്രിയയാണത്. ഞാന്‍ പല സ്ഥലങ്ങളിലും പോകാറുണ്ട്, പലതരക്കാരുമായി സംസാരിക്കാറുണ്ട്, പ്രസിദ്ധമായ പല സര്‍വ്വകലാശാലകളിലും പ്രസംഗിച്ചിട്ടുണ്ട്, വിദ്യാര്‍ത്ഥികളുമായും, അദ്ധ്യാപകന്‍മാരുമായും, പ്രശസ്തരായ ശാസ്ത്രജ്ഞന്‍മാരുമായും സംവദിച്ചിട്ടുണ്ട്, എന്നാല്‍ എപ്പോഴും എനിക്കു തോന്നാറുണ്ട് ഇന്ത്യയിലുള്ളവര്‍ മറ്റു രാജ്യങ്ങളിലുള്ളവരേക്കാള്‍ ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും ഏറെ മുന്നിട്ടുനില്‍ക്കുന്നു എന്ന്. വിവര സാങ്കേതിക വിദ്യയുടെ ഈ കാലഘട്ടത്തില്‍ ഇന്ത്യ അതിവേഗം മുന്നോട്ടു കുതിക്കുന്നുണ്ട്.

മറ്റു രാജ്യങ്ങളുടെ കാര്യത്തില്‍ ഇത് അത്രതന്നെ എളുപ്പമായി കാണപ്പെടുന്നില്ല. നമ്മുടെ ആദ്ധ്യാത്മിക പാരമ്പര്യം, നമ്മുടെ ബുദ്ധിയെ, ചിന്തയെ ഒരു പ്രത്യേക രീതിയില്‍ തീക്ഷ്ണമാക്കിയിട്ടുണ്ട് എന്നാണ് എന്‍റെ പക്ഷം. ആദ്ധ്യാത്മികമായ ചിന്താഗതി പഴയകാലങ്ങളില്‍ വളരെ വ്യക്തമായി ബുദ്ധിപൂര്‍വ്വം ജനമനസ്സുകളിലേക്ക് പകര്‍ന്നു നല്‍കപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ടു നൂറ്റാണ്ടുകളില്‍ ഭാരതത്തിന് നേരിടേണ്ടിവന്ന കടുത്ത ദാരിദ്ര്യം ആ പഴയ ചിന്താഗതിയെ പാടെ വളച്ചൊടിച്ചു. കാലം ചെല്ലുന്തോറും അത് കൂടുതല്‍ വികലമാവുകും ചെയ്തു. അതിന്‍റെ വളര്‍ച്ചയും, വൈകല്യവും തീര്‍ക്കാന്‍ ഓരോ തലമുറയും ബോധപൂര്‍വം ശ്രമിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മനുഷ്യന്‍റെ പരമമായ സ്വാതന്ത്ര്യവും സൗഖ്യവും നേടാനുള്ള ഏറ്റവും മികച്ച ഉപകരണമായി നമുക്കതിനെ വീണ്ടെടുക്കാനാവൂ.

പാശ്ചാത്യ സമൂഹവും സ്വാതന്ത്ര്യത്തെ കുറിച്ചും മോചനത്തെ കുറിച്ചും ചര്‍ച്ചചെയ്യുന്നുണ്ട്, പക്ഷെ അത് പ്രധാനമായും രാഷ്ട്രീയവുമായി ബന്ധപ്പെട്ടിട്ടാണ്. എന്നാല്‍ നമ്മളെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നു പറഞ്ഞാല്‍, മനുഷ്യന്‍ എന്ന നിലയ്ക്ക് നമ്മുടെ ആത്യന്തികമായ മൂല്യമാണ്. ഭാരതീയരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം മുക്തിയാണ്. ഈ മുക്തിയിലെത്തിച്ചേരുവാന്‍ ഓരോ വ്യക്തിയേയും പ്രാപ്തനാക്കുന്നതാണ് ഭാരതീയ സംസ്കാരം. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഓരോ ചുവടും ക്രമപ്രകാരം ചിട്ടപ്പെടുത്തിയിട്ടുള്ളത്.

ഭാരതീയരെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്‍റെ പരമമായ ലക്ഷ്യം മുക്തിയാണ്. ഈ മുക്തിയിലെത്തിച്ചേരുവാന്‍ ഓരോ വ്യക്തിയേയും പ്രാപ്തനാക്കുന്നതാണ് ഭാരതീയ സംസ്കാരം

പാശ്ചാത്യര്‍ സംസ്കാരത്തെകുറിച്ചു പറയുന്നത് സാമൂഹ്യവും ഭൗതീകവുമായ വസ്തുക്കളെ ആസ്പദമാക്കിയിട്ടാണ്, എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിച്ചടത്തോളം അവിടെ സ്വാതന്ത്ര്യം എന്നൊന്നില്ല. എല്ലാം ദൈവനിശ്ചയമാണ്. ഭാരതത്തില്‍ നമ്മള്‍ വിശ്വസിക്കുന്നത് ജീവിതം കര്‍മ്മഫലമാണ് എന്നാണ്. എന്തും സംഭവിക്കുന്നത് നമ്മുടെ കാഴ്ചപ്പാടില്‍ പൂര്‍വ്വ കര്‍മ്മങ്ങള്‍ക്കനുസൃതമായിട്ടാണ്. എന്നുവെച്ചാല്‍ അവനവന്‍റെ ജീവിതത്തിനുത്തരവാദി അവനവന്‍ തന്നെയാണ് എന്ന്, നിങ്ങളുടെ ജീവിതത്തിന്‍റെ ശില്‍പി നിങ്ങള്‍ തന്നെ എന്ന്. നമ്മള്‍ ചെയ്യുന്നതിലെല്ലാം ഈ ചിന്തയുടെ പ്രതിഫലനം പ്രകടമാണ്. ചരിത്രത്തിന്‍റെ നാള്‍വഴികളിലെവിടെയോ ഭാരതം നിരന്തരം തോല്‍വികള്‍ ഏറ്റുവാങ്ങി, പലപല യുദ്ധങ്ങളില്‍ പരാജയപ്പെട്ടു, നമ്മള്‍ കീഴടക്കപ്പെട്ടു. അപ്പോഴും നമ്മള്‍ കര്‍മ്മഫലത്തില്‍ അഭയം തേടി. പരാജയങ്ങള്‍ക്കു കാരണമായി പൂര്‍വകര്‍മ്മങ്ങളെ കണ്ടു. ആ വിശ്വാസം സമൂഹത്തെ ഒട്ടാകെ പ്രതികൂലമായി ബാധിച്ചു. എല്ലാറ്റിനും കാരണം കര്‍മ്മമെന്നു പറഞ്ഞ് മനുഷ്യര്‍ നിഷ്ക്രിയരായി. എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് സ്വയം ഉദാസീനരായി.

വാസ്തവത്തില്‍ നമ്മള്‍ മനസ്സിലാക്കേണ്ടത്, നമ്മുടെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത് നമ്മുടെ തന്നെ പ്രവര്‍ത്തികളാണ് എന്നാണ്. സ്വന്തം ജീവിതത്തെ കെട്ടിപ്പടുക്കാനും, തട്ടിതകര്‍ക്കാനും നമ്മുടെ പ്രവര്‍ത്തികള്‍ക്കാകും. അവിടെ ഒരു ദൈവവും സ്വാധീനിക്കാനെത്തുന്നില്ല. പരിപൂര്‍ണമായ സ്വാതന്ത്ര്യം, അതിലേക്കു നയിക്കുന്നതാവണം നമ്മുടെ കര്‍മ്മങ്ങളോരോന്നും. മുന്‍വിധികളില്‍നിന്ന്, ഭയാശങ്കകളില്‍നിന്ന്, മരണത്തില്‍നിന്ന്.....ഒക്കെയുള്ള പരമായ മുക്തി!

 
 
  0 Comments
 
 
Login / to join the conversation1