സദ്ഗുരു: ഭാരതത്തിലെ ജനസംഖ്യയുടെ വലിയൊരു ശതമാനം ആളുകള്‍ രാമനെ ആരാധിക്കുന്നു. എന്നാല്‍ നിങ്ങളെ അദ്ദേഹത്തിന്‍റെ ജീവിത സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍, അദ്ദേഹത്തിന് ജീവിതത്തില്‍ എന്തു സംഭവിച്ചുവെന്ന് നോക്കുകയാണെങ്കില്‍, നിര്‍ഭാഗ്യത്തിന്‍റെ ഒരു പരമ്പര തന്നെയാണെന്ന് കാണാനാകും. അദ്ദേഹത്തിന് ന്യായമായി ലഭിക്കേണ്ട രാജാധികാരം നഷ്ടമായി, കൊടുംകാട്ടില്‍ എത്തിപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്‍റെ ഭാര്യ തട്ടിക്കൊണ്ടു പോകപ്പെടുകയും ഒരു വലിയ യുദ്ധം ചെയ്യേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തു. തന്‍റെ ഭാര്യയെ തിരിച്ചു കൊണ്ടു വന്നപ്പോള്‍ ചുറ്റുമുള്ളവരില്‍ നിന്നും അല്‍പം പോലും കരുണയില്ലാത്ത വര്‍ത്തമാനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. തന്‍റെ രണ്ടു കുട്ടികളെ ഉദരത്തില്‍ വഹിക്കുന്ന തന്‍റെ പ്രിയ പത്നിയെ അദ്ദേഹത്തിന് കാട്ടില്‍ ഉപേക്ഷിക്കേണ്ടി വന്നു. സ്വന്തം കുട്ടികളോട് അറിയാതെ യുദ്ധത്തില്‍ ഏര്‍പ്പെടേണ്ടി വരികയും സ്വന്തം ഭാര്യയെ നഷ്ടപ്പെടുകയും ചെയ്തു. ഇതെല്ലാമായിട്ടും എന്തു കൊണ്ടാണ് ഇത്രയധികം ആളുകള്‍ ശ്രീ രാമനെ ആരാധിക്കുന്നത്?

ശ്രീ രാമന്‍റെ പ്രാധാന്യം

ശ്രീ രാമന്‍റെ പ്രാധാന്യം അദ്ദേഹം എന്തു തരം സന്ദര്‍ഭങ്ങളെ അഭിമുഖീകരിച്ചു എന്നുള്ളതല്ല. ശ്രീ രാമന്‍റെ പ്രാധാന്യം എത്ര അനായാസേന തന്‍റെ ജീവിതത്തില്‍ സംഭവിച്ച ദുരന്തങ്ങളെ നേരിട്ടു എന്നുള്ളതാണ്.

മുക്തിയും ദൈവകൃപയും ആഗ്രഹിക്കുന്നവര്‍ ശ്രീരാമനെ ആരാധിക്കുന്നു. വളരെ നന്നായി കൈകാര്യം ചെയ്താലും പുറമെയുള്ള സാഹചര്യങ്ങള്‍ ഏതു നിമിഷവും മോശമാകാം എന്ന കാര്യം അവര്‍ മനസ്സിലാക്കി.

മുക്തിയും ദൈവകൃപയും ആഗ്രഹിക്കുന്നവര്‍ ശ്രീരാമനെ ആരാധിക്കുന്നു. വളരെ നന്നായി കൈകാര്യം ചെയ്താലും പുറമെയുള്ള സാഹചര്യങ്ങള്‍ ഏതു നിമിഷവും മോശമാകാം എന്ന കാര്യം അവര്‍ മനസ്സിലാക്കി. നിങ്ങള്‍ക്കെല്ലാ കാര്യങ്ങളും വളരെ നന്നായി ക്രമപ്പെടുത്തി വെക്കാം, എന്നാല്‍ ഒരു ചുഴലിക്കാറ്റു വന്നാല്‍ മതി എല്ലാം നഷ്ടപ്പെടാന്‍. ഇവയെല്ലാം നമുക്കു ചുറ്റും നടന്നു കൊണ്ടിരിക്കുകയാണ്. നമുക്കിത് സംഭവിക്കുന്നില്ലായിരിക്കാം, എന്നാല്‍ നമുക്കു ചുറ്റുമുള്ള ആയിരക്കണക്കിനു പേര്‍ക്ക് ഇതു സംഭവിക്കുന്നുണ്ട്. “ഇതൊന്നും എന്‍റെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്നില്ല”, ഇങ്ങനെ ജീവിക്കുന്നത് ബുദ്ധിശൂന്യമാണ്. “ഇതൊക്കെ സംഭവിച്ചാലും ഞാന്‍ അനായാസേന അതിലൂടെ കടന്നു പോകും”, ഇതാണ് ശരിയായി ജീവിക്കാനുള്ള രീതി. ആളുകള്‍ രാമനെ ആരാധിച്ചത് ഈ അസാധാരണമായ ജ്ഞാനം കണ്ടതു കൊണ്ടാണ്. ദുരന്തങ്ങളുടെ പരമ്പര തന്നെ ജീവിതത്തില്‍ സംഭവിച്ചപ്പോഴും സത്യത്തില്‍ നിന്നോ, തന്‍റെ ജീവിതത്തില്‍ കെട്ടിപ്പടുത്ത അടിസ്ഥാന തത്വങ്ങളില്‍ നിന്നോ അദ്ദേഹം വ്യതിചലിച്ചില്ല. എന്താണോ ചെയ്യേണ്ടിയിരുന്നത്, അതിനോട് അദ്ദേഹം ചേര്‍ന്നു നില്‍ക്കുകയും തന്‍റെ ജീവിതം അത്യന്തമായ സ്ഥിരതയോടെ മുന്നോട്ടു കൊണ്ടു പോകുകയും ചെയ്തു.

പ്രശ്നങ്ങളെ തേടുന്ന പാരമ്പര്യം

ആത്മീയ പാതയിലുള്ളവര്‍ക്ക് ദുരന്തങ്ങളെ അന്വേഷിക്കുന്ന ഒരു പാരമ്പര്യമുണ്ട്. പല ആത്മീയ സാധകരും ജീവിതത്തില്‍ പ്രശ്നങ്ങള്‍ സംഭവിക്കാന്‍ വേണ്ടി പരിശ്രമിക്കുന്നു. കാരണം മരിക്കുന്നതിനു മുമ്പ് അവര്‍ സ്വയം പരീക്ഷിച്ചു നോക്കുകയാണ്. അവര്‍ ഒരു “ക്വാളിറ്റി ചെക്ക്‌” നടത്തുകയാണ്. എന്തു തന്നെ സംഭവിച്ചാലും അവര്‍ അതിലൂടെ അനായാസേന കടന്നു പോകും. കാരണം ഈ ശരീരം ഉപേക്ഷിക്കാനുള്ള സമയം വന്നു ചേരുമ്പോഴാണ് നിങ്ങള്‍ നിങ്ങളുടെ സ്ഥിരത കൈവെടിയുക. നിങ്ങള്‍ അറിഞ്ഞ എല്ലാം തന്നെ നിങ്ങളുടെ കൈകളില്‍ നിന്നും വഴുതി പോകുകയാണെന്ന് മനസ്സിലാക്കുമ്പോള്‍ നിങ്ങള്‍ക്കല്‍പം നിയന്ത്രണം നഷ്ടപ്പെടും. അതു കൊണ്ടാണ് ഇവര്‍ ദുരന്തങ്ങളെ ആഗ്രഹിക്കുന്നത്.

ഉദാഹരണത്തിന്, അക്കാ മഹാദേവി, ഒരു രാജാവിനെ കല്യാണം കഴിച്ച അവര്‍ ചെറുപ്പം മുതലേ ശിവനു മുന്നില്‍ സ്വയം സമര്‍പ്പിച്ചിരുന്നു. അവര്‍ പറയുമായിരുന്നു, “ഓ ശിവനേ, എനിക്ക് വിശപ്പു നല്‍കൂ, എനിക്കു ഭക്ഷണമൊന്നും കിട്ടുന്നില്ലെന്ന് ഉറപ്പു വരുത്തൂ. ഇനി അഥവാ കിട്ടിയാല്‍ ഞാനത് വായില്‍ വെക്കുന്നതിനു മുമ്പ് കൈയ്യില്‍ നിന്നും വീണു പോകുന്നുവെന്ന് ഉറപ്പു വരുത്തൂ. ഞാനത് നിലത്തു നിന്നെടുക്കും മുമ്പേ ഒരു വിശന്ന നായ അതു കഴിക്കുന്നുവെന്ന് ഉറപ്പു വരുത്തൂ. എന്നെ എല്ലാ പ്രശങ്ങളിലൂടെയും കൊണ്ടു പോകൂ. എന്തെന്നാല്‍ പുറത്ത് എന്തു തന്നെ സംഭവിച്ചാലും എനിക്ക് എന്നെ തന്നെ നന്നായി വെക്കുവാന്‍ സാധിക്കട്ടെ.” ഇതു ഭക്തിയുടെ പരമമായ രൂപമാണ്. നിങ്ങളെപ്പോഴും തയ്യാറായി ഇരിക്കേണ്ടതുണ്ട്; ഇവിടം വിട്ടു പോകേണ്ട സമയം വന്നു ചേര്‍ന്നാല്‍ നിങ്ങള്‍ അല്‍പം പോലും പതറാന്‍ പാടില്ല. കാരണം, ആ നിമിഷമാണ് നിങ്ങള്‍ അനായാസേന കൈകാര്യം ചെയ്യേണ്ടത്. ഇതിന് അല്‍പം പരിശീലനം ആവശ്യമാണ്. ഇതു പെട്ടെന്ന് ഒരു ദിവസം സംഭവിച്ചാല്‍ നിങ്ങള്‍ക്കതു നേരിടാനാകില്ല. അതുകൊണ്ട്, അവര്‍ അവബോധത്തോടെ ജീവിതത്തില്‍ പ്രശ്നങ്ങളെ തേടുകയാണ്.

നിങ്ങള്‍ നിങ്ങളുടെ അതിജീവന പ്രക്രിയയെ ആകാശം വരെ ഉയര്‍ത്തിയിരിക്കുന്നു, എന്നിട്ടും മതിയാവുന്നില്ല. നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ ഈ യോഗികള്‍ സ്വീകരിക്കും; എന്നാല്‍ ഒരു നേരം കൂടി കഴിക്കാനുള്ള പണം കൊടുത്താല്‍ അവര്‍ സ്വീകരിക്കില്ല. കാരണം അവര്‍ ജീവിതത്തില്‍ എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ ആഗ്രഹിക്കുന്നു.

ആത്മീയ പാതയിലുള്ള ഒരാള്‍ അവബോധത്തോടെ ദാരിദ്യത്തെ കാംക്ഷിക്കുന്നത് ലോകത്തെ എല്ലാ സംസ്കാരങ്ങളിലുമുള്ള ഒരു കാര്യമാണ്. ദാരിദ്യത്തിനിടയിലും സുഗമമായി കടന്നു പോകുകയെന്നത് എളുപ്പമുള്ള കാര്യമല്ല – അതു നിങ്ങളെ എല്ലാ തരത്തിലും പരീക്ഷിക്കും. നിങ്ങള്‍ക്കു വിശക്കുമ്പോള്‍ നിങ്ങളുടെ മനുഷ്യത്വം നഷ്ടപ്പെട്ട് നിങ്ങളൊരു മൃഗമായി മാറുന്നു. വിശന്നിരിക്കുമ്പോഴും സുഭഗമായിരിക്കുക എന്നത് എളുപ്പമുള്ള ഒരു കാര്യമല്ല. നിങ്ങള്‍ ഇന്ത്യയിലെ യോഗികളെ നോക്കുമ്പോള്‍ കാണാം, അവര്‍ ഒന്നിനു വേണ്ടിയും ചോദിക്കില്ല. അവര്‍ വിശന്നിരിക്കുന്നതായി കാണാനാകും, ചിലപ്പോള്‍ ദിവസങ്ങളോളം ഒന്നും കഴിച്ചിട്ടുണ്ടാവില്ല, പക്ഷെ അവര്‍ അവനവനെ മനോഹരമായി കൈകാര്യം ചെയ്യുന്നു. നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ അവരതു സ്വീകരിക്കും. എന്നാല്‍ നിങ്ങള്‍ പണമോ കൂടുതല്‍ ഭക്ഷണമോ കൊടുത്താല്‍ അവരതു സ്വീകരിക്കില്ല, കാരണം ജീവിതത്തില്‍ എല്ലാ സമയത്തും പ്രയാസങ്ങള്‍ ഉണ്ടാവണമെന്ന് അവര്‍ ആഗ്രഹിക്കുന്നു. കാരണം ഇന്ന് നിങ്ങള്‍ രണ്ടു നേരം ഭക്ഷണം കഴിക്കേണ്ട പണം വാങ്ങിയാല്‍ നാളെ പത്തു നേരം ഭക്ഷണം കഴിക്കാനുള്ള പണം വാങ്ങാമെന്നു സ്വയം യുക്തിപരമായി ബോധ്യപ്പെടുത്തും. നിങ്ങള്‍ ഒന്നു കൂടി ചേര്‍ത്താല്‍, വീണ്ടും ഒന്നു കൂടി ചേര്‍ക്കുന്നത് യുക്തിപരമായി സ്വീകാര്യമാണ്. പിന്നീട് പതുക്കെ നിങ്ങള്‍ നിങ്ങളുടെ ജീവിതം മുഴുവന്‍ ചിട്ടപ്പെടുത്തുകയും ഇത് അനന്തമായി വളരുകയും ചെയ്യുന്നു. നമ്മുടെ അതിജീവനത്തെ നാം എവിടംവരെ എത്തിച്ചിരിക്കുന്നു എന്ന് ഒന്നു നോക്കൂ. നിങ്ങള്‍ നിങ്ങളുടെ അതിജീവന പ്രക്രിയയെ ആകാശം വരെ ഉയര്‍ത്തിയിരിക്കുന്നു, എന്നിട്ടും മതിയാവുന്നില്ല. നിങ്ങള്‍ ഒരു നേരത്തെ ഭക്ഷണം കൊടുത്താല്‍ ഈ യോഗികള്‍ സ്വീകരിക്കും; എന്നാല്‍ ഒരു നേരം കൂടി കഴിക്കാനുള്ള പണം കൊടുത്താല്‍ അവര്‍ സ്വീകരിക്കില്ല. കാരണം അവര്‍ ജീവിതത്തില്‍ എല്ലായ്പ്പോഴും പ്രശ്നങ്ങള്‍ ആഗ്രഹിക്കുന്നു.

ശ്രീരാമന്‍ - കൃപയുടെ സ്വരൂപം

അദ്ദേഹം ജീവിതത്തില്‍ വിജയം വരിച്ചതു കൊണ്ടല്ല ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നത്. മറിച്ച് ഏറ്റവും കഷ്ടത നിറഞ്ഞ അവസ്ഥകളിലും അദ്ദേഹം പുലര്‍ത്തിയ സുഭഗത കൊണ്ടാണ്. ഇതാണ് വിലമതിക്കപ്പെടുന്നത്; ഇതു തന്നെയാണ് ഒരാളുടെ ജീവിതത്തില്‍ ഏറ്റവും വിലപിടിപ്പുള്ളതും. നിങ്ങള്‍ക്കെത്രയുണ്ടെന്നോ, നിങ്ങളെന്തു ചെയ്തെന്നോ, എന്തു സംഭവിച്ചെന്നോ, എന്തു സംഭവിച്ചില്ല എന്നോ അല്ല കാര്യം. എന്തു തന്നെ സംഭവിച്ചാലും നിങ്ങളുടെ വ്യവഹാരം എങ്ങനെയായിരുന്നു? ഇതാണു നിങ്ങള്‍ ആരാണെന്നു നിശ്ചയിക്കുന്നത്. കമ്പോളം നന്നായി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ കോടിക്കണക്കിനു രൂപ ഉണ്ടാക്കുമായിരിക്കും. ഇതു കൊണ്ട് ഒരു കാര്യവുമില്ല. ഇതൊരു സാമൂഹികമായ സാഹചര്യം മാത്രമാണ്. ഈ സമൂഹത്തില്‍ നിങ്ങളൊരു ലക്ഷാധിപതി ആയിരിക്കാം. എന്നാല്‍ വേറൊരു സമൂഹത്തില്‍ നിങ്ങള്‍ ഒരു സമ്പൂര്‍ണ പരാജയവും ആകാം. ഇതു കൊണ്ടൊരു കാര്യവുമില്ല. ഇതിനോടൊപ്പം വരുന്ന സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്നതില്‍ ഒരു കുഴപ്പവുമില്ല. എന്നാല്‍ പുറമെയുള്ള സാഹചര്യങ്ങള്‍ എങ്ങനെയായാലും അത് അനായാസമായി കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ നിങ്ങളെ മാറ്റിയെടുക്കുന്നത് വളരെ പ്രധാനമാണ്. ഇത് ഒരുപാടു പേര്‍ക്കു സംഭവിക്കുന്നത്‌ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും; ഒരു വലിയ വെല്ലുവിളി നേരിടേണ്ടി വരുന്നത് വരെ എല്ലാം വളരെ നന്നായി നടക്കുന്നുണ്ടാവും. അപ്പോള്‍ കാണാം അവര്‍ ശരിക്കും ആരാണെന്ന്. അവര്‍ ഉദ്ദേശിക്കുന്ന പോലെ ഏതെങ്കിലും കാര്യം നടന്നില്ലെങ്കില്‍ അവര്‍ വലിയ പ്രശ്നമുണ്ടാക്കും.

അദ്ദേഹം ജീവിതത്തില്‍ വിജയം വരിച്ചതു കൊണ്ടല്ല ആളുകള്‍ ശ്രീരാമനെ ആരാധിക്കുന്നത്. മറിച്ച് ഏറ്റവും കഷ്ടത നിറഞ്ഞ അവസ്ഥകളിലും അദ്ദേഹം പുലര്‍ത്തിയ സുഭഗത കൊണ്ടാണ്.

ആളുകള്‍ അവര്‍ക്കു സാധനങ്ങള്‍ കിട്ടുമ്പോള്‍ നന്ദി പറയാറുണ്ട്. എന്നാല്‍ നിങ്ങള്‍ക്കു കിട്ടുന്ന സാധനങ്ങള്‍ നിങ്ങളുടെ ജീവിതത്തോട് ഒന്നും കൂട്ടിച്ചേര്‍ക്കുന്നില്ല. ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഒരു വലിയ വീടിന്‍റെ തൊട്ടടുത്ത്‌ തന്നെ ഒരു കുടിലും കാണാന്‍ സാധിക്കും. എന്നാല്‍ കുടിലില്‍ താമസിക്കുന്ന ആള്‍ എല്ലാവരേയും പോലെ വളരെ അഭിമാനത്തോടെയാണ് ജീവിക്കുന്നത്. വേറെയൊരാള്‍ എങ്ങനെയെന്നു കണക്കിലെടുക്കാതെ ഒരാള്‍ അഭിമാനത്തോടെ മാത്രമല്ല, സൗകുമാര്യത്തോടെയും ജീവിക്കുകയാണെങ്കില്‍ അത് ഏറ്റവും നല്ലതാണ്. തൂക്കുമരത്തില്‍ പോകണമെങ്കിലും സുഭഗമായി നടക്കാന്‍ സാധിക്കുന്നു. ഇതാണ് ഒരു മനുഷ്യന്‍റെ ഗുണം. മറ്റുള്ളതെല്ലാം സാഹചര്യങ്ങളുടെ ഗുണങ്ങള്‍ മാത്രമാണ്.

ഇതിനര്‍ത്ഥം നിങ്ങള്‍ നിങ്ങളുടെ ജീവിതം ശരിയായി നടത്തിക്കൊണ്ടു പോകരുത് എന്നാണോ? അല്ല, മറിച്ച് നാം നമുക്കു ചുറ്റുമുള്ളതെല്ലാം വളരെ നന്നായി തന്നെ നടത്തിക്കൊണ്ടു പോകണം, കാരണം അതെല്ലാവരുടെയും നല്ലതിനു വേണ്ടിയാണ്. പുറമെയുള്ള സാഹചര്യങ്ങള്‍ വളരെ നന്നായി കൈകാര്യം ചെയ്താലും നമുക്കു സന്തോഷമുണ്ടാവണം എന്നില്ല. എന്നാല്‍ എല്ലാ സാഹചര്യങ്ങളിലും നാം നമ്മെ തന്നെ നന്നായി കൊണ്ടു പോകുകയാണെങ്കില്‍ നമുക്ക് വളരെയധികം സന്തോഷമുണ്ടാവും. എന്നാല്‍ നിങ്ങള്‍ സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എല്ലാവരുടേയും സൗഖ്യത്തെ കരുതിയാണ്.

ശ്രീരാമന്‍ തന്‍റെ ജീവിത സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ എല്ലായ്പ്പോഴും അതില്‍ വിജയിക്കാനായില്ല. അദ്ദേഹത്തിന് ജീവിതത്തില്‍ കഷ്ടത അനുഭവിക്കേണ്ടി വന്നു, പല കാര്യങ്ങളും നിയന്ത്രണം വിട്ടു പോയി, എന്നാല്‍ പ്രധാനപ്പെട്ട കാര്യം അദ്ദേഹം ജീവിതം സുന്ദരമായി ജീവിച്ചു എന്നതാണ്. ആത്മീയതയുടെ അടിസ്ഥാന തത്വം ഇതാണ്. നിങ്ങള്‍ക്കു പ്രഫുല്ലമാകാനുള്ള ശരിയായ പരിസ്ഥിതി സൃഷ്ടിക്കണമെങ്കില്‍ നിങ്ങള്‍ എല്ലായ്പ്പോഴും കൃപയുടെ അന്തരീക്ഷം സൃഷ്ടിക്കണം.