सद्गुरु

ഒരാള്‍ എന്തിനേയാണ് വിശ്വസിക്കേണ്ടത്,  ഈശ്വരനേയോ അവനവന്‍റെ കര്‍മ്മത്തേയോ? അത് തീരുമാനിക്കും മുമ്പ് ഒരു സത്യാന്വേഷകനു വേണ്ട ധൈര്യവും, അര്‍പ്പണബോധവും ആര്‍ജിക്കേണ്ടതുണ്ട് എന്നാണ് സദ്ഗുരുവിന് പറയാനുള്ളത്.

ഈശായോഗ കേന്ദ്രത്തില്‍, ഹഠയോഗ പരിശീലനത്തിന്‍റെ ഒരു പരിപാടിയിലാണ് സദ്ഗുരു ഇതിനെ കുറിച്ചു സംസാരിച്ചത്. പരിപാടിയുടെ 21-ാം ദിവസമായിരുന്നു അത്. ഈ  വിഷയത്തെ കുറിച്ചുള്ള ഊഹങ്ങള്‍ക്കും, നിഗമനങ്ങള്‍ക്കുമപ്പുറം ഒരാള്‍ക്ക് ഉണ്ടാകേണ്ടത് ആര്‍ജവവും അര്‍പ്പണബോധവുമാണ്. ഏതൊരു സത്യാന്വേഷകനും ആവശ്യം ഉണ്ടായിരിക്കേണ്ടതും അതുതന്നെയാണ്.

ചോദ്യം :- കുട്ടിക്കാലം മുതലേ, ഈശ്വരനുണ്ട് എന്ന വിശ്വാസത്തിലാണ് ഞാന്‍ വളര്‍ന്നുവന്നിട്ടുള്ളത്. അതിന്‍റെ ഫലമായി ഞാനൊരു ഭക്തനായിത്തീര്‍ന്നു. എന്നാല്‍ ഇവിടെ വന്ന ഈശയുടെ ഹഠയോഗ പരിപാടിയില്‍ പങ്കെടുത്തതോടെ ഒന്നു ഞാന്‍ മനസ്സിലാക്കി. ഇവിടത്തെ എല്ലാ കാര്യങ്ങളും കര്‍മ്മത്തെ കേന്ദ്രീകരിച്ചിട്ടാണെന്ന്. അങ്ങനെ വരുമ്പോള്‍ ഒരു കാര്യത്തിലും ദൈവത്തിനു  പങ്കില്ല എന്നല്ലേ വരിക? കഴിഞ്ഞ ഇരുപത്തിയൊന്നു വര്‍ഷമായി ദൈവത്തെ പൂര്‍ണ്ണമായും വിശ്വസിച്ചുകൊണ്ടാണ് ഞാന്‍ ജീവിച്ചത്. ആ വിശ്വാസം അറുത്തു മാറ്റുക ഒട്ടും തന്നെ എളുപ്പമല്ല. ഈ വിഷയം ദയവ് ചെയ്ത് എനിക്ക് വിശദമായി മനസ്സിലാക്കിത്തരണം.

സദ്ഗുരു :- ശങ്കരന്‍ പിള്ളയുടെ ദാമ്പത്യജീവിതം തകറാറിലായി. ഈ വക കാര്യങ്ങളില്‍ വേണ്ട ഉപദേശം നല്കുന്ന ഒരാളെ അദ്ദേഹം സമീപിച്ചു. "എന്തുചെയ്യണമെന്നു രൂപമില്ല....എന്തു ചെയ്താലും അതബദ്ധമായിത്തീരുന്നു."

"നിങ്ങളുടെ ഭാര്യക്ക് എന്താണ് യഥാര്‍ത്ഥത്തില്‍ വേണ്ടതെന്ന് ചോദിച്ചു മനസ്സിലാക്കൂ...... മനഃശാസ്ത്രജ്ഞന്‍ പറഞ്ഞു. അതെങ്ങനെ നിര്‍വഹിക്കാം എന്നതിന് ചില സൂചനകളും അദ്ദേഹം നല്കി.

ശങ്കരന്‍പിള്ള വീട്ടില്‍ തിരിച്ചുവന്നു. ഭാര്യ ഏതോ വനിതാ മാസിക വായിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവര്‍ തല ഉയര്‍ത്തി നോക്കുകപോലും ചെയ്തില്ല. പിള്ള കുറച്ചുനേരം ആലോചിച്ചു നിന്നതിനുശേഷം ചോദിച്ചു, "തങ്കം......നിനക്ക് ഭര്‍ത്താവായി സുന്ദരനായ ഒരു പുരുഷനെയാണൊ ഇഷ്ടം അതോ ഓരു ബുദ്ധിമാനേയോ?"

ഭാര്യ മറുപടി പറഞ്ഞില്ല. പിള്ള അവളുടെ അടുത്ത് ചേര്‍ന്നിരുന്നു. "നോക്കൂ തങ്കം നിനക്കിഷ്ടം ഒരു സുന്ദരനേയോ അതോ ബുദ്ധിമാനേയോ?"

"എനിക്കു രണ്ടുപേരേയും വേണ്ട...." മാസികയില്‍നിന്നും മുഖമുയര്‍ത്താതെ അവര്‍ പറഞ്ഞു. "എനിക്കു നിങ്ങളെ മാത്രം മതി."

അവര്‍ ബുദ്ധിയുള്ള സ്ത്രീയായിരുന്നു. ദാമ്പത്യബന്ധം തകരാതിരിക്കാന്‍ എന്തുവേണമെന്ന് അവര്‍ക്കറിയാമായിരന്നു. പഴയ പ്രേമം നിലനിന്നു പോരണമെന്ന് അവര്‍ക്ക് നിര്‍ബന്ധമില്ലായിരുന്നു.

ഇനി നമുക്ക് നിങ്ങളുടെ ഈശ്വരവിശ്വാസത്തിന്‍റെ കാര്യമെടുക്കാം. ദൈവം ഉണ്ട് എന്ന് ആദ്യം മുതലേ നിങ്ങള്‍ ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ഈ പരിപാടിയില്‍ പങ്കെടുത്തതോടെ നിങ്ങള്‍ തീരുമാനിച്ചു, ഈശയെ സംബന്ധിച്ചടത്തോളം എല്ലാം കര്‍മ്മത്തില്‍ കേന്ദ്രീകൃതമാണെന്ന്. ഇങ്ങനെയുള്ള തീരുമാനങ്ങളിലൊന്നും എത്തിച്ചേരേണ്ടതില്ല. ആ പ്രവണത ഒഴിവാക്കണം. യോഗയുടെ ലക്ഷ്യം തന്നെ അന്വേഷണമാണ്. എന്നുവെച്ചാല്‍ ഇതുവരെ അറിയാതിരുന്ന ഒന്നിനെ മനസ്സിലാക്കുക. നിങ്ങളുടെ മനസ്സിന് ഇപ്പോള്‍ ഒരു പക്വത കൈവന്നിരിക്കുന്നു. അതുകൊണ്ടാണ് തത്കാലത്തെ സൗകര്യത്തെ മാത്രം മുന്‍നിര്‍ത്തി ഒരു സംഗതി അംഗീകരിക്കുവാന്‍ മനസ്സ് മടിക്കുന്നത്.

ഒരനുമാനത്തില്‍ നിന്നും മറ്റൊന്നിലേക്ക്

നിങ്ങള്‍ ജീവിക്കുന്ന സമൂഹത്തില്‍ അല്ലെങ്കില്‍ കുടുംബത്തില്‍ ഈശ്വരവിശ്വാസം ഉണ്ടായിരിക്കുന്നതാണ് സൗകര്യം. വേറൊരു വിധത്തില്‍ പറഞ്ഞാല്‍, എല്ലാവരും വിശ്വസിക്കുന്ന ദൈവത്തില്‍ നിങ്ങളും വിശ്വസിക്കുന്നു. അപ്പോഴാണ് നിങ്ങള്‍ ഇവിടെ വരുന്നത്. "രാമ.....രാമ...." അല്ലെങ്കില്‍ "ശിവ...ശിവ" എന്ന് ജപിക്കുന്നതാണ് നിങ്ങളുടെ ശീലം. അതു കേട്ടാല്‍, ഇവിടെയുള്ളവര്‍ തന്നെ പരിഹസിക്കുമൊ എന്നാണ് ഇപ്പോഴത്തെ ശങ്ക. അങ്ങനെ ഇപ്പോള്‍ നിങ്ങളും "കര്‍മ്മാധിഷ്ഠിത"രായിരിക്കുന്നു. അങ്ങനെ മാറാന്‍ നിങ്ങള്‍ക്കെത്ര ദിവസം വേണ്ടിവന്നു? സ്വയം ഈ മാറ്റം വരുത്തേണ്ട ആവശ്യമില്ല. അങ്ങനെ ചെയ്യരുത് എന്നാണ് ഞാന്‍ പറയുക. അങ്ങനെ നിങ്ങള്‍ മാറുന്നു എങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് സ്വയമായി ഉറച്ച ഒരു അഭിപ്രായമില്ല എന്നാണ്. എളുപ്പത്തില്‍ ഒന്നില്‍നിന്ന് മറ്റൊന്നിലേക്ക് മാറുന്നതാണ് നിങ്ങളുടെ തീരുമാനങ്ങള്‍ എന്നര്‍ത്ഥം. നിങ്ങള്‍ക്കുണ്ടായിരിക്കേണ്ടത് വിശ്വാസദാര്‍ഢ്യവും, പ്രതിബദ്ധതയുമാണ്. ഏതൊരന്വേഷകനും ഇതു രണ്ടും അത്യന്താപേക്ഷിതമാണ്. "എനിക്കറിയില്ല. അതുകൊണ്ട് ഞാന്‍ അന്വേഷിക്കുന്നു." ഇതാണ് ഒരു അന്വേഷകന്‍റെ യഥാര്‍ത്ഥ മനോഭാവം. ഈശ്വനാണൊ കര്‍മ്മമാണൊ ഈ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നതെന്ന് നിങ്ങള്‍ക്കുറപ്പില്ല. അതാണ് വാസ്തവം.

ആദ്യം ഞങ്ങള്‍ക്ക് തെല്ലു ഭയം തോന്നിയേക്കാം. കുറച്ചു കഴിഞ്ഞാല്‍ അതുമായി നിങ്ങള്‍ പൊരുത്തപ്പെടും. സങ്കല്പിച്ചു നോക്കൂ. തീതുപ്പുന്ന ഒരു രാക്ഷസനോടൊപ്പം നിങ്ങളെ ഒരു തടവറയിലാക്കിയിരിക്കുന്നു. ആ ജ്വാലയില്‍ നിങ്ങള്‍ കരിഞ്ഞു ചാമ്പലായിട്ടില്ല എങ്കില്‍, ക്രമേണ നിങ്ങളും ആ അഗ്നിരാക്ഷസനുമായി സ്വാഭാവികമായും നിങ്ങള്‍ സംഭാഷണം തുടങ്ങും. അതുകൊണ്ടാണ് പറഞ്ഞത്, പെട്ടെന്ന് ഒരു തീരുമാനത്തിലെത്തേണ്ട. ഒന്നില്‍നിന്നും മറ്റൊന്നിലേക്ക് ചാടുകയും വേണ്ട. "അറിയില്ല" എന്നതാണ് യഥാര്‍ത്ഥ വിഷയം. തത്കാലം ചെയ്യേണ്ടത്, രാവിലെ ഉണരുക, മുറപോലെ യോഗ ചെയ്യുക. ആര്‍ക്കറിയാം മുകളിലുള്ളത് സ്വര്‍ഗ്ഗമൊ നരകമൊ, ദൈവമൊ പിശാചൊ എന്ന്. എന്തായാലും ഒരു കാര്യത്തില്‍ നിങ്ങള്‍ക്കു ബോദ്ധ്യമുണ്ടല്ലൊ. മുറപോലെ യോഗാഭ്യാസം ചെയ്താല്‍ നിങ്ങളുടെ ശരീരവും, മനസ്സും, ബുദ്ധിയുമെല്ലാം എപ്പോഴും സുഖമായും സ്വസ്ഥമായുമിരിക്കും. നിങ്ങള്‍ക്ക് തനതായി ഒരു ഉണര്‍വും ഉേډഷവും അനുഭവപ്പെട്ടു.

നിങ്ങള്‍ ചെന്നെത്തുന്നത് സ്വര്‍ഗ്ഗത്തിലാണെങ്കില്‍ പൂര്‍ണ്ണമായും അതാസ്വദിക്കുക. അഥവാ നരകത്തിലാണ് എത്തിച്ചേരുന്നതെങ്കില്‍ ആ ദുരിതങ്ങള്‍ സഹിക്കാനുള്ള കെല്പ് ശരീരമനോബുദ്ധികള്‍ക്കുണ്ടാവണം. രണ്ടിലേതായാലും യോഗ നിങ്ങളെ സജ്ജമാക്കും. ഈ ഭൂമിയില്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം, സുഖമായും സ്വസ്ഥമായും നാള്‍ കഴിക്കാനും യോഗ നിങ്ങളെ സഹായിക്കും. അതുകൊണ്ട് നീങ്ങളുടെ ഈശ്വരവിശ്വാസം ഇവിടെ ഒരു പ്രശ്നവുമല്ല. ശാരീരികമായും മാനസികമായും, വികാരപരമായും സുസ്ഥിതി പാലിക്കാനുള്ള കഴിവു നേടു. അതോടൊപ്പം പ്രാണശക്തിയും കൂടുതല്‍ ഊര്‍ജസ്വലമാകട്ടെ.