സദ്ഗുരു

നിങ്ങള്‍ ജനിച്ചപ്പോള്‍ മുതല്‍ ദുശ്ശീലങ്ങള്‍ പാടില്ല, നല്ല ശീലങ്ങള്‍ ശീലിക്കണം എന്നു പഠിപ്പിക്കപ്പെടുന്നു.

എന്നോടു ചോദിച്ചാല്‍, ആസ്വദിച്ചു പ്രവര്‍ത്തിക്കാതെ, ശീലം കാരണം ചെയ്യുന്നതൊക്കെയും ദുശ്ശീലങ്ങള്‍ തന്നെയാണ്. രാവിലെ അലാറം വച്ച് ഉണരുന്നു, ദിനചര്യകള്‍ കൃത്യമായി ചെയ്യുന്നു, കുളി കഴിഞ്ഞ് ആഹാരം കഴിച്ച് സ്കൂട്ടറിലോ, കാറിലോ, ബസ്സിലോ ഓഫീസിലേക്ക് പോകുന്നു, വൈകുന്നേരം വരെ അവിടെയും പഴകിപ്പോയ വിഷയങ്ങള്‍ ആവര്‍ത്തന വിരസതയോടെ ചെയ്യുന്നു, വീട്ടിലേക്കു വന്ന് ആഹാരം കഴിച്ച്, ഉറങ്ങി, വീണ്ടും ഉണര്‍ന്ന്...

വണ്ടിയില്‍ കെട്ടിയിട്ടുള്ള കാളകള്‍ വണ്ടി വലിച്ചുകൊണ്ടു ദിനംതോറും ഒരേ സ്ഥലത്തേക്കു പോയി വരുന്നതു പോലെ നാല്‍പ്പതും അമ്പതും കൊല്ലങ്ങള്‍ ജോലി ചെയ്യുന്നതിന്‍റെ പേര് ജീവിതം എന്നാണോ? ഒരു വലിയ യന്ത്രത്തില്‍ കാണപ്പെടുന്ന പല്‍ച്ചക്രങ്ങളില്‍ ഒന്നിനെപ്പോലെയാണ് നിങ്ങള്‍. നിങ്ങളുടെ അരികിലുള്ള ഒരു ചക്രം, നിങ്ങളെ ചലിപ്പിക്കും, അടുത്തുള്ള ചക്രത്തെ നിങ്ങളും ചലിപ്പിക്കും. മറ്റുള്ള ചക്രങ്ങളുടെ ചലനപ്രക്രിയ അനുസരിച്ച് നിങ്ങളുടെ ചലനവും തീരുമാനിക്കപ്പെടുന്ന ഒരു പരിതസ്ഥിതിയിലേക്കു നിങ്ങള്‍ എത്തിപ്പെടുന്നു. നിങ്ങള്‍ ഒരു കമ്പനിയുടെ മുതലാളി ആയിരിക്കാം, പക്ഷേ ശീലത്തിന് അടിമയായിക്കഴിഞ്ഞാല്‍ നിങ്ങളുടെ സ്വാതന്ത്ര്യം നഷ്ടമാകുന്നുവല്ലോ.

ശങ്കരന്‍പിള്ള ഒരിക്കല്‍ മദ്യപിച്ചിട്ട് ബാറില്‍നിന്നും ഇറങ്ങാന്‍ വൈകി. "എട്ടുമണിക്കു മുമ്പ് വീട്ടിലെത്തണം, എന്നാണല്ലോ നിങ്ങളുടെ ഭാര്യയുടെ കണ്ടീഷന്‍?" എന്നു സുഹൃത്തുക്കള്‍ കളിയാക്കി. ശങ്കരന്‍പിള്ള ഗര്‍വ്വോടെ "നോ... നോ, എന്‍റെ വീട്ടില്‍ എനിക്ക് പരിപൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്." എന്നു തലയുയര്‍ത്തി പറഞ്ഞിട്ട് വീട്ടിലേക്കു തിരിച്ചു. വീട്ടിനടുത്തെത്തിയപ്പോള്‍ ഭാര്യ ഉമ്മറത്തു തന്നെ നില്‍ക്കുന്നു. പെട്ടെന്നു തന്നെ അയാള്‍ ഭാര്യയെ കടന്ന് അകത്തേക്ക് ഓടി. വളരെ തടിച്ച ശരീരമുള്ള ഭാര്യയ്ക്ക് അയാളുടെ ഒപ്പം ഓടാന്‍ പറ്റിയില്ല. വീട്ടിലെ പല സ്ഥലങ്ങളിലേക്കും ഓടിയ അയാള്‍ അവസാനം കട്ടിലിന്‍റെ അടിയില്‍ ചെന്നു കിടന്നു. ഭാര്യയ്ക്ക് വലിയ ശരീരം കാരണം കട്ടിലിന്‍റെ അടിയില്‍ എത്താന്‍ പറ്റിയില്ല. "നിങ്ങള്‍ എന്താണ്, എലിയോ, പുരുഷനോ? പുറത്തേക്ക് വരൂ" എന്നു ക്ഷോഭിച്ചു വിളിച്ചു. ശങ്കരന്‍പിള്ള സന്തോഷത്തോടു കൂടി പറഞ്ഞു. "ഞാനാണ് ഈ വീട്ടിലെ രാജാവ്. എവിടെ കിടക്കണമെങ്കിലും എനിക്കതിനുള്ള സ്വാതന്ത്ര്യമുണ്ട്."

നിങ്ങളുടെ ബുദ്ധിയേയും കഴിവിനേയും പരമാവധി പ്രയോജനപ്പെടുത്താതെ ചെയ്തതുതന്നെ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കാന്‍ നിങ്ങളെന്താ യന്ത്രമാണോ?

ഇതുപോലെ തന്നെയല്ലേ നിങ്ങള്‍ പലരും സ്വാതന്ത്ര്യത്തോടുകൂടി ജീവിക്കുന്നു എന്നു വിചാരിച്ചുകൊണ്ട് സ്വയം പറ്റിച്ചു കൊണ്ടിരിക്കുന്നത്? ആദ്യമായിട്ട് നിങ്ങള്‍ ജോലിക്കു പോയപ്പോള്‍ ഏതു കസേര നിങ്ങള്‍ക്ക് സ്വര്‍ഗ്ഗതുല്യമായിട്ട് തോന്നിയോ, അതേ കസേര തന്നെയല്ലേ ഇപ്പോള്‍ നിങ്ങള്‍ക്ക് രക്തസമ്മര്‍ദ്ദവും, അള്‍സറും, നെഞ്ചുവേദനയും തന്നുകൊണ്ട് നരകതുല്യമായി തോന്നിപ്പിക്കുന്നത്? സന്തോഷം ലഭിക്കും എന്നാഗ്രഹിച്ചാണല്ലോ നിങ്ങള്‍ ഈ ജോലി തിരഞ്ഞെടുത്തത്? എന്നിട്ടും ആവര്‍ത്തിച്ച് അതുതന്നെ നിങ്ങള്‍ ചെയ്തതു കാരണം സന്തോഷം ഒഴികെ ബാക്കിയെല്ലാം നിങ്ങള്‍ അനുഭവിക്കുകയാണ്. അതെന്തുകൊണ്ടാണ്? വള്ളത്തില്‍ യാത്ര ചെയ്യാന്‍ വേണ്ടി തുഴ എടുത്ത ആള്‍ വള്ളത്തെ പോകാന്‍ വിട്ടിട്ട് തുഴയെ മാത്രം ബലമായി പിടിച്ചു വച്ചിരിക്കുന്നതു പോലെയാണല്ലോ ഇത്!

നിങ്ങളുടെ ബുദ്ധിയേയും കഴിവിനേയും പരമാവധി പ്രയോജനപ്പെടുത്താതെ ചെയ്തതുതന്നെ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കാന്‍ നിങ്ങളെന്താ യന്ത്രമാണോ? ഒരേ പേജ് തന്നെ 100 കോപ്പി എടുത്തു വച്ചിട്ട് ഓരോ കോപ്പിയേയും തുടര്‍ന്നു വായിക്കുന്നതുപോലെ, നിങ്ങളുടെ ദിവസങ്ങളെ കലണ്ടറില്‍ കീറിക്കളയുന്നതാണോ ജീവിതം? പൂര്‍ണ്ണതയോടെ ജീവിക്കുക എന്നാല്‍ എന്താണ് എന്നു നിങ്ങള്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

എന്നെങ്കിലും പ്രഭാതത്തില്‍ പക്ഷികളുടെ കളകൂജനം കേട്ടു നിങ്ങള്‍ക്ക് ഉന്മേഷം തോന്നിയിട്ടുണ്ടോ? എത്ര ദിവസങ്ങളാണ് നിങ്ങള്‍ സ്നാനം ചെയ്യുമ്പോള്‍ ഓരോ തുള്ളി ജലവും നിങ്ങളുടെ രോമകൂപങ്ങളെ ഈറനാക്കി കുളരണിയിക്കുന്നത് അനുഭവിച്ചു കുളിച്ചിട്ടുള്ളത്? വാഹനം ഓടിക്കുമ്പോള്‍ എത്ര ദിവസങ്ങളാണ് നിങ്ങള്‍ ചിന്താകുലനാകാതെ ആസ്വദിച്ച് ഓടിച്ചിട്ടുള്ളത്? വളരെ രുചിയുള്ള ആഹാരമാണെങ്കിലും ആദ്യത്തെ ഉരുള നിങ്ങള്‍ ആസ്വദിച്ചു കഴിക്കുന്നു. അടുത്തടുത്തുള്ള ഉരുളകള്‍ ഒക്കെ കൈയുടെ ശീലം കൊണ്ട് വായില്‍ കൊണ്ടുവരും. വായ തന്‍റെ ശീലം കാരണം ആഹാരത്തെ ചവച്ചരച്ചു വയറ്റിലേക്ക് അയയ്ക്കും. ഭക്ഷണം എങ്ങനെയാണ് അന്നനാളം വഴി ആമാശയത്തിലേക്കു ചെല്ലുന്നത് എന്നു നിങ്ങള്‍ എന്നെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ?

എപ്പോഴും ആനന്ദമായിരിക്കണം എന്ന ആഗ്രഹം ഉപേക്ഷിച്ചു കളഞ്ഞിട്ട് ജോലിയില്‍ വ്യാപൃതനായ ഒരാള്‍ ഇതിനൊക്കെ സമയം കളയുമോ എന്നായിരിക്കും നിങ്ങള്‍ ചോദിക്കുക. വെറുതെ നാസികയില്‍ക്കൂടി ശ്വാസോച്ഛാസം ചെയ്യാന്‍ വേണ്ടിയാണോ നിങ്ങള്‍ ജനിച്ചത്? ശരീരത്തില്‍ ജീവനെ നിലനിറുത്താന്‍ മാത്രമേ അതു സഹായിക്കൂ! ജീവനോടെയിരിക്കുക എന്നതും ജീവിക്കുക എന്നതും വേറെ വേറെയാണ്. ഒരു ക്ഷണം...ഒരു ക്ഷണമെങ്കിലും പരിപൂര്‍ണ്ണ ബോധത്തോടെ ജീവിച്ചു നോക്കൂ. പിന്നീട് ജീവിതത്തിന്‍റെ ഗതി തന്നെ മാറിപ്പോകും.

ഒരു ക്ഷണം...ഒരു ക്ഷണമെങ്കിലും പരിപൂര്‍ണ്ണ ബോധത്തോടെ ജീവിച്ചു നോക്കൂ. പിന്നീട് ജീവിതത്തിന്‍റെ ഗതി തന്നെ മാറിപ്പോകും.

എന്‍റെ മനസ്സ് അതൃപ്തമാണ് എന്തുകൊണ്ട്?

അങ്ങനെയാണോ, പത്തുമിനിട്ട് സമയം നിങ്ങള്‍ നിങ്ങളുടെ മനസ്സിനെ ശ്രദ്ധിക്കുക. അവിടെ ഉയരുന്ന ചിന്തകളെ ഒരു കടലാസ്സില്‍ എഴുതുക. കുറച്ചു സമയത്തിനുശേഷം അതു നിങ്ങളുടെ സുഹൃത്തിനെ കാണിക്കുക, അല്ലെങ്കില്‍ നിങ്ങള്‍ തന്നെ വായിച്ചാലും മതി. എന്തുകൊണ്ടാണു നിങ്ങള്‍ക്ക് ഇപ്പോഴും ഭ്രാന്ത് പിടിക്കാതിരിക്കുന്നത് എന്ന് നിങ്ങള്‍ക്കു തന്നെ അതിശയം തോന്നും. ഇപ്പോള്‍ത്തന്നെ നിങ്ങള്‍ക്കും ഒരു മാനസികരോഗിക്കും തമ്മില്‍ വലിയ വ്യത്യാസമൊന്നുമില്ല. ഒറ്റ ആശ്വാസം മാത്രമുണ്ട്, അതായത്, നിങ്ങള്‍ ഭ്രാന്തിനെ, സമൂഹം ഭ്രാന്തില്ലാത്തവര്‍ക്കുവേണ്ടി വരച്ചുവച്ചിട്ടുള്ള കള്ളികള്‍ക്കകത്തു നിര്‍ത്തിയിരിക്കുകയാണ്. പുറത്തു കാണിക്കാതെ, തന്ത്രപൂര്‍വ്വം പെരുമാറുന്നതിനാല്‍ നിങ്ങള്‍ രക്ഷപ്പെടുന്നു.

ഭ്രാന്തിനെ ഒളിച്ചു വയ്ക്കുന്നത് നിങ്ങളുടെ പ്രശ്നങ്ങളെ അവസാനിപ്പിക്കുകയില്ല. പരിപൂര്‍ണ്ണ അവബോധമില്ലാതെ നിങ്ങളുടെ ജീവിതം കഴിഞ്ഞു പോകുകയാണെങ്കില്‍ നിങ്ങളുടെ മനസ്സിന് ഒരിക്കലും സംതൃപ്തി ലഭിക്കില്ല. ജീവിതം ഓരോ ക്ഷണവും ജീവിക്കുക, പൂര്‍ണ്ണമായും. മനസ്സിന്‍റെ ചാഞ്ചല്യം മാറുന്നതായിരിക്കും.