सद्गुरु

എന്തു വ്യവസ്തയായാലും കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും കാലപ്പഴക്കംകൊണ്ട് അടിഞ്ഞുകൂടുന്ന അശുദ്ധികള്‍ മാറ്റാനും നമ്മള്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കണം. അതല്ല എങ്കില്‍ അവ ചൂഷണങ്ങള്‍ക്ക് വഴി തെളിയിക്കും

സദ്ഗുരു: ഇന്ത്യയിലെ ജാതിവ്യവസ്ഥയെ നമുക്ക് സാമാന്യമായൊന്ന് മനസ്സിലാക്കാം. അടിസ്ഥാനപരമായി നാലു ജാതികളാണുള്ളത്. ഇതാണ് വര്‍ണ്ണാശ്രമ ധര്‍മ്മം എന്ന പേരില്‍ അറിയപ്പെടുന്നത്. സമൂഹത്തില്‍ താഴ്ന്നതരം ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ശൂദ്രരാണ്. പ്രത്യേകതരം തൊഴിലുകളിലും കച്ചവടത്തിലും ഏര്‍പ്പെട്ടിരിക്കുന്നവര്‍ വൈശ്യരാണ്. മൂന്നാമത്തെ കൂട്ടരാണ് ക്ഷത്രിയര്‍, അവരുടെ ഉദ്യോഗം രാജ്യകാര്യങ്ങള്‍ നോക്കലും ശത്രുക്കളില്‍ നിന്നു സമൂഹത്തെ രക്ഷിക്കലുമാണ്. നാലാമത്തെ ജാതിയില്‍പ്പെട്ടവരാണ് ബ്രാഹ്മണര്‍. ആദ്ധ്യാത്മിക കാര്യങ്ങളും അദ്ധ്യാപനവുമാണ് അവര്‍ക്കു വിധിച്ചിട്ടുള്ളത്. മനുഷ്യര്‍ വ്യത്യാസങ്ങളെ മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. വിവേചനം ഒരായുധമായി അവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതവും ജാതിയും ലിംഗവുമെല്ലാം വിവേചനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

മനുഷ്യര്‍ വ്യത്യാസങ്ങളെ മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. വിവേചനം ഒരായുധമായി അവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതവും ജാതിയും ലിംഗവുമെല്ലാം വിവേചനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

ജാതിവ്യവസ്ഥയുടെ നാലു തട്ടുകള്‍

മൊത്തം സമൂഹത്തെ നാലു തട്ടുകളായി വിഭജിച്ചിരിക്കുന്നു. പല കാഴ്ചപ്പാടുകളിലൂടെ ഈ വ്യവസ്ഥയെ മനസ്സിലാക്കേണ്ടതുണ്ട്. അതിലൊന്ന് ഇങ്ങനെയാണ് സ്വന്തം ജീവിതത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുക്കുവാന്‍ കെല്‍പില്ലാത്തവര്‍, അല്ലെങ്കില്‍ താന്‍ ജീവിക്കുന്ന സാചര്യങ്ങള്‍ക്കൊത്ത് ജീവിതം നയിക്കാന്‍ കെല്‍പില്ലാത്തവര്‍, അത്തരക്കാരെയാണ് ശുദ്രരര്‍ എന്ന ഗണത്തില്‍പെടുത്തിയിരുന്നത്. അവനവന്‍റെ നിലനില്‍പിനപ്പുറം ഒന്നിനേകുറിച്ചും ചിന്തിക്കാന്‍ ശേഷിയില്ലാത്തവരാണ് അവര്‍. വൈശ്യര്‍ കൂടുതല്‍ ബുദ്ധിയും കാര്യപ്രാപ്തിയുമുള്ളവരാണ്. അവനവനെകുറിച്ചു മാത്രമല്ല സ്വന്തം കുടുംബത്തെകുറിച്ചും സമൂഹത്തെകുറിച്ചും അവര്‍ ചിന്തിക്കുന്നു, ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നു. അതുകൊണ്ട് വ്യാപാരത്തിന്‍റെ ചുമതല അവരില്‍ നിക്ഷിപ്തമായി. കച്ചവടത്തിന്‍റെ മട്ടും മാതിരിയും ഇന്ന് പാടെ മാറിയിരിക്കുന്നു. ആ കാലത്തെ സ്ഥിതി ഇങ്ങനെയായിരുന്നില്ല. ആ കാലത്ത് ഭക്ഷ്യധാന്യങ്ങളും മറ്റ് ആവശ്യ ധാന്യങ്ങളും പൊതു സമൂഹത്തിനു വേണ്ടി കച്ചവടക്കാര്‍ സ്വന്തം കലവറകളില്‍ സുരക്ഷിതമായി സംഭരിച്ചുവെക്കുകയായിരുന്നു പതിവ്.

പിന്നീട് ആവശ്യാനുസരണം അവര്‍ അത് പൊതുജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമായിരുന്നു. പണ്ടുകാലങ്ങളില്‍, പ്രകൃതിക്ഷോഭങ്ങള്‍ മൂലം ജനങ്ങള്‍ കഷ്ടപ്പെടുന്ന വേളകളില്‍ ഇത് വലിയൊരു ആശ്വാസമായിരുന്നു. അതുകൊണ്ട് എല്ലാ സമൂഹങ്ങളിലും വൈശ്യര്‍ക്ക് വിശേഷാല്‍ സ്ഥാനമുണ്ടായിരുന്നു. ജനങ്ങളുടെ ഭക്ഷണാവശ്യങ്ങള്‍ മുറപോലെ നിറവേറ്റുക അവരുടെ ധര്‍മ്മമായിരുന്നു. പക്ഷെ ക്ഷത്രിയരുടെ ചുമതല കൂടുതല്‍ വിപുലമായിരുന്നു, കാരണം മൊത്തം നാടിന്‍റെ സുരക്ഷ അവരുടെ ചുമതലയായിരുന്നു. ആയുധധാരികളായി പടപൊരുതി ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്നും രാജ്യത്തെ മുഴുവനും തന്നെ സംരക്ഷിക്കേണ്ട ചുമതല അവര്‍ക്കായിരുന്നു. സ്വന്തം പ്രാണന്‍പോലും അതിനായി ത്യജിക്കാന്‍ അവര്‍ സന്നദ്ധരായിരുന്നു. അസാമാന്യമായ കായബലവും ഉള്‍കരുത്തും ക്ഷത്രിയരെ മറ്റുള്ളവരില്‍നിന്നും വേര്‍തിരിച്ചു നിര്‍ത്തി. ആയുധങ്ങള്‍ കൈകാര്യം ചെയ്യലും രാജ്യഭരണവും അവരുടെ വകുപ്പുകളായിരുന്നു.

അദ്ധ്യാപനമായിരുന്നു ബ്രാഹ്മണരുടെ ചുമതല. മതപരവും ആദ്ധ്യാത്മികവുമായ കാര്യങ്ങള്‍ അവര്‍ കൈകാര്യം ചെയ്തുപോന്നു. ബ്രഹ്മന്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ബ്രഹ്മത്തെ, ഈശ്വരനെ സാക്ഷാത്കരിക്കുന്നവന്‍ എന്നാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വങ്ങള്‍ അപാരമാണ്, നിര്‍വചിക്കാനാവാത്തതുമാണ്. അങ്ങനെയുള്ള ഒരാള്‍ക്കുമാത്രമേ സമൂഹത്തെ മുഴുവന്‍ നേര്‍വഴിക്കു നയിക്കാനാവൂ. മതപരവും ആദ്ധ്യാത്മികവുമായ കാര്യങ്ങളില്‍ വേണ്ടതുപോലെ അറിവു നല്‍കി അവര്‍ സമൂഹത്തിന്‍റെ മേല്‍ഗതിക്കാവശ്യമായ നേര്‍ക്കാഴ്ച നല്‍കുന്നു. അതുകൊണ്ടാണ് വിദ്യാഭ്യാസം അവരുടെ ഉത്തരവാദിത്വമായത്. ഏതൊരു സമൂഹത്തിന്‍റേയും പ്രാണന്‍ വിവരവും വിവേകവുമുള്ള ജനങ്ങളാണ്.

വ്യത്യാസവും വിവേചനവും

ജാതിവ്യവസ്ഥ പ്രാചീനകാലം മുതലേ ഭാരതത്തില്‍ നിലനിന്നിരുന്നു. ആ കാലങ്ങളില്‍ അത് വളരെ പ്രയോജനകരമായ ഏര്‍പ്പാടായിരുന്നുതാനും. കാലം ചെന്നതോടെ പലതിലും എന്നപോലെ ഈ സമ്പ്രദായത്തിലും മാറ്റങ്ങള്‍ വന്നുകൂടി. ജാതിവ്യവസ്ഥക്കാധാരം ഗുണമല്ല, കുലമാണ് എന്ന നിലയായി. അതായത് ബ്രാഹ്മണന്‍റെ മക്കള്‍ എല്ലാവരും ബ്രാഹ്മണരും ക്ഷത്രിയന്‍റെ കുടുംബത്തില്‍ പിറന്നവരെല്ലാം ക്ഷത്രിയരും എന്നതായി സ്ഥിതി. വ്യക്തിപരമായ ഗുണമേന്മകളൊന്നും അവിടെ പരിഗണിക്കപ്പെട്ടില്ല. ആ ഒരു ചുറ്റുപാടിലാണ് ജാതിവ്യവസ്ഥയുടെ താളം തെറ്റാന്‍ തുടങ്ങിയത്. എല്ലാ സമ്പ്രദായങ്ങളിലും സംഭവിക്കുന്ന ഒരു പാകപ്പിഴയാണിത്. കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്താനും കാലപ്പഴക്കംകൊണ്ട് അടിഞ്ഞുകൂടുന്ന അശുദ്ധികള്‍ മാറ്റാനും നമ്മള്‍ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കണം. എല്ലാ മേഖലകളിലും മുറപോലെ നടക്കേണ്ടുന്ന ഒരു പ്രക്രിയയാണ് ഇത്. അതല്ല എങ്കില്‍ പ്രസ്ഥാനം എത്രതന്നെ സുന്ദരവും സുദൃഢവുമാണെങ്കിലും അതില്‍ പിളര്‍പ്പുണ്ടാകും, ചൂഷണങ്ങള്‍ക്ക് വഴി തെളിയിക്കുകയും ചെയ്യും.

കാലം കടന്നുപോയതോടെ സമൂഹ മനോഭാവത്തിനും മാറ്റങ്ങള്‍ സംഭവിച്ചു. വ്യത്യാസങ്ങളോരോന്നും വിവേചനത്തിനുള്ള ഉപാധിയായി. വ്യത്യാസങ്ങള്‍ സര്‍വസാധാരണമാണ്. ലോകം തന്നെ വ്യത്യാസങ്ങളും വൈവിധ്യങ്ങളും നിറഞ്ഞതാണ്. ഒരു നിലക്കു നോക്കുമ്പോള്‍ അതാണ് അതിനെ ഇത്രത്തോളം ആകര്‍ഷകമാക്കുന്നത്. പക്ഷെ മനുഷ്യര്‍ വ്യത്യാസങ്ങളെ മുതലെടുക്കാന്‍ തുടങ്ങിയിരിക്കുന്നു. വിവേചനം ഒരായുധമായി അവര്‍ പ്രയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. മതവും ജാതിയും ലിംഗവുമെല്ലാം വിവേചനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ ദുഷ്പ്രവണത തന്നെയാണ് ഇന്ത്യയുടെ ജാതിവ്യവസ്ഥയുടേയും നിറംകെടുത്തികളഞ്ഞത്. സമൂഹത്തിന് പ്രയോജനകരമായി നിലനിന്നുപോന്ന ഒരു സമ്പ്രദായം വിവേചനം മൂലം പാടെ ദുഷിച്ചുപോയി.

ലൗകീകജീവിതത്തെ സുഗമമാക്കാന്‍ വേണ്ട എത്രയോ കൈത്തൊഴിലുകളും, സാമാര്‍ത്ഥ്യവും ഈ ചുഴലിക്കാറ്റില്‍ നശിച്ചുപോയി! ജാതിയെ സംബന്ധിച്ച് സമൂഹത്തില്‍ രൂപംകൊണ്ട നിഷേധാത്മകമായ കാഴ്ചപ്പാട് ഉല്‍പാദനക്ഷമതയെ പ്രതികൂലമായി ബാധിച്ചു. പഴയകാലത്ത് ഐ.ടികളും, ഐ.ഐ.ടികളും സാങ്കേതിക സര്‍വ്വകലാശാലകളുമൊന്നും ഉണ്ടായിരുന്നില്ല. അവനവന്‍റെ കുടുംബം തന്നെയായിരുന്നു പരിശീലനകേന്ദ്രം. കുലത്തൊഴിലായി, തട്ടാനും, കരുവാനും, ആശാരിയും, മൂശാരിയും അവരുടെ വിദ്യ അഭ്യസിച്ചു, പരിശീലിച്ചു. ഓരോ സമൂഹത്തിന്‍റേയും ആവശ്യങ്ങള്‍ നിറവേറ്റാന്‍ അത് പര്യാപ്തമായിരുന്നു. അങ്ങനെ പരമ്പരാഗതമായ തൊഴിലുകള്‍ കൈമാറി വന്നില്ലായിരുന്നുവെങ്കില്‍, ഇതുപോലെയുള്ള നൈപുണ്യങ്ങള്‍ സമൂഹത്തിന് പാടെ നഷ്ടമായിപ്പോയേനേ!

ജാതിവ്യവസ്ഥയും തൊഴില്‍ പരിശീലനവും

ജാതിവ്യവസ്ഥ നിലവില്‍ വന്ന കാലത്ത് തൊഴിലുകളുണ്ടായിരുന്നു. എന്നാല്‍ തൊഴില്‍ പരിശീനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നില്ല. സ്വന്തം തൊഴിലില്‍ വൈദഗ്ദ്ധ്യം നേടിയവര്‍ എല്ലാ മേഖലകളിലുമുണ്ടായിരുന്നു. ആ വിദ്യയും സാമര്‍ത്ഥ്യവും തലമുറകളിലേക്കു കൈമാറുക എന്നതായിരുന്നു അന്നത്തെ രീതി. ഇരുമ്പു പണിക്കാരനായ അച്ഛന്‍ ആ അച്ഛന്‍റെ മക്കള്‍ കളിപ്പാട്ടങ്ങളായി കണ്ടിരുന്നത് പണിശാലയിലെ ഉപകരണങ്ങളായിരുന്നു. ചുറ്റികയും, അടക്കല്ലുമെടുത്ത് കളിച്ച് ഏഴെട്ടു വയസ്സാകുമ്പോഴേക്കും അവയെടുത്ത് വേണ്ടതുപോലെ പെരുമാറാനുള്ള കൈത്തഴക്കം അവര്‍ നേടിയെടുക്കുന്നു. പതുക്കെ പതുക്കെ അച്ഛന്‍ മക്കളെ പണി പരിചയിപ്പിക്കുന്നു. അങ്ങനെ ക്രമത്തില്‍ പന്ത്രണ്ടോ പതിനാലോ വയസ്സാകുമ്പോഴേക്കും അവര്‍ നല്ല പരിശീലനം നേടിയ പണിക്കാരാകുന്നു. ഇനി തനിയെ പണിയെടുത്ത് ഉപജീവനത്തിനുള്ള വകയുണ്ടാക്കാം. അതിനുള്ള വിദ്യയും തൊഴില്‍പരിചയവും നേടിക്കഴിഞ്ഞിരിക്കുന്നു. അങ്ങനെ കൊല്ലന്‍റെ മകന്‍ സ്വാഭാവികമായും കൊല്ലനായി തീരുന്നു, തട്ടാന്‍റെ മകന്‍ തട്ടാനാവുന്നു, നെയ്ത്തുകാരന്‍റെ മകന്‍ നെയ്ത്തുകാരനും. ഓരോ തൊഴിലിടവും അതിന്‍റെ തന്നെ പരിശീലന കേന്ദ്രവും കൂടിയായിരുന്നു. അങ്ങനെ ഓരോ കുടുംബത്തിനുമുണ്ടായി തനതായ ഒരു പണിപ്പുരയും പരിശീലനകേന്ദ്രവും.

സമൂഹത്തിനാവശ്യമായ എല്ലാ സാമഗ്രികളും ഇത്തരത്തില്‍ ഗ്രാമത്തില്‍ത്തന്നെ ഉല്‍പാദിപ്പിക്കപ്പെട്ടിരുന്നു. സ്വര്‍ണ്ണപണിക്കാരന്‍ ആ പണി മാത്രം ചെയ്തു. അയാള്‍ മരപ്പണിക്കൊ ഇരുമ്പുപണിക്കൊ തുനിഞ്ഞിരുന്നില്ല. സമൂഹത്തിന് എല്ലാവരെയും ഒരുപോലെ ആവശ്യമായിരുന്നു. ജനസംഖ്യ വര്‍ദ്ധിച്ചതോടൊപ്പം പണിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. ഓരോ പണിക്കാരും അവരുടേതായ സമൂഹങ്ങള്‍ സൃഷ്ടിച്ചു. തനതായ ആചാര്യമര്യാദകള്‍, ഭക്ഷണരീതികള്‍, വിവാഹസമ്പ്രദായങ്ങള്‍ ഒക്കെ ക്രമത്തില്‍ രൂപംകൊണ്ടു. അങ്ങനെ ജാതികള്‍ പലതുണ്ടായി. ആശാരി, കുമ്പാരന്‍, തട്ടാന്‍, കൊല്ലന്‍ എന്നിങ്ങനെ. വാസ്തവത്തില്‍ അങ്ങനെയൊരു വേര്‍തിരിവുണ്ടായത് തെറ്റാണെന്നു പറയാന്‍വയ്യ, സമൂഹത്തിന് സൗകര്യപ്രദമായ ഒരേര്‍പ്പാടുതന്നെയായിരുന്നു അത്. ഓരോ ജാതിക്കാരേയും കെട്ടിലും മട്ടിലും ഉടുപ്പിലും നടപ്പിലും വേര്‍തിരിച്ചു നിര്‍ത്തുന്ന ചില ഘടകങ്ങളുണ്ടായിരുന്നു. അവരവര്‍ ചെയ്യുന്ന ജോലിക്കനുസരിച്ചാണ് ഈ വ്യത്യാസങ്ങള്‍ വളര്‍ന്നുവന്നത്.

കാലക്രമത്തില്‍ ജാതിവ്യവസ്ഥയും ചൂഷണത്തിനുള്ള ഒരു പോംവഴിയായി. എങ്ങനേയോ സമൂഹത്തിന്‍റെ മനസ്ഥിതിയില്‍ മാറ്റം വന്നു. ക്ഷേത്രത്തിലെ പുരോഹിതനെ വിദ്യാലയത്തിലെ ആചാര്യനേക്കാള്‍ ശ്രേഷ്ഠനായി കാണാന്‍ തുടങ്ങി. ഇരുമ്പുപണിക്കാരനേക്കാള്‍ മുന്തിയവനായി വിദ്യ അഭ്യസിപ്പിക്കുന്നയാള്‍. എല്ലാവരും എന്തെങ്കിലുമൊരു തൊഴില്‍ചെയ്തു ജീവിക്കുന്നു, യഥാര്‍ത്ഥത്തില്‍ അതില്‍ ഉച്ചനീചത്വങ്ങള്‍ കാണേണ്ട കാര്യമില്ല. എന്നിട്ടും വ്യത്യാസങ്ങളെ മനുഷ്യര്‍ വിവേചനപൂര്‍വം കാണാന്‍ തുടങ്ങി. ആ രീതി പതുക്കെ വേരുറപ്പിക്കുകയും ചെയ്തു. തൊഴില്‍പരമായ വ്യത്യാസങ്ങളെ അതിന്‍റെ പാട്ടിനു വിട്ടിരുന്നുവെങ്കില്‍ സുന്ദരവും കെട്ടുറപ്പുള്ളതുമായ ഒരു സാമൂഹ്യസ്ഥിതി ഇന്നും നമുക്ക് സ്വന്തമായുണ്ടാകുമായിരുന്നു. ആ ഭാഗ്യം നമ്മള്‍ കൈവിട്ടുകളഞ്ഞു. വ്യത്യാസങ്ങളെ വിവേചനബുദ്ധിയോടെ കാണാന്‍ തുടങ്ങിയതോടെ ഇന്ത്യയിലെ ജാതിവ്യവസ്ഥയുടെ താളം പിഴച്ചു, സാമൂഹ്യസ്ഥിതിയിലും പിളര്‍പ്പുകള്‍ വന്നു.

പഴയ ജാതിവ്യവസ്ഥയെ വേരോടെ പിഴുതു കളയുക സാദ്ധ്യമല്ല. അത് ഒരായിരം രൂപങ്ങള്‍ പൂണ്ട് മറ്റു പല വഴികളിലൂടെ പുറത്തു വരും

പഴയ ജാതിവ്യവസ്ഥയെ വേരോടെ പിഴുതു കളയുക സാദ്ധ്യമല്ല. അത് ഒരായിരം രൂപങ്ങള്‍ പൂണ്ട് മറ്റു പല വഴികളിലൂടെ പുറത്തു വരും. വ്യത്യാസങ്ങളെ വിവേചനപൂര്‍വം വീക്ഷിക്കുക മനുഷ്യന്‍റെ ഒരു പ്രവണതയാണ്. കാരണം, അവനവന്‍റെ നിലയില്‍ നിന്നും ഒരു പടിയെങ്കിലും ഉയരണമെന്ന് ഓരോ മനുഷ്യനും ആഗ്രഹിക്കുകയാണ്. അവനവന്‍റെ ഉയര്‍ച്ചയാണ് വാസ്തവത്തില്‍ മനസ്സിലുള്ളത്. അത് എങ്ങനെ സാധിക്കുമെന്ന് അവനറിഞ്ഞുകൂട. അതിനുള്ള എളുപ്പമാര്‍ഗം മറ്റൊരാളെ തരം താഴ്ത്തുകയാണ്. ഇതാണ് കാലാകാലങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുതന്നെ ഇന്നും തുടര്‍ന്നു വരുന്നു. മാറ്റങ്ങള്‍ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു, എന്നാല്‍ ജാതിവ്യവസ്ഥയെ പൊളിച്ചു മാറ്റിയതുകൊണ്ടുമാത്രം ഇവിടെ ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. അത് മറ്റു ചിലതായി രൂപാന്തരം പ്രാപിക്കും.

ന്യൂയോര്‍ക്ക് നഗരത്തില്‍ ജാതിവ്യവസ്ഥയില്ലെന്നാണോ നിങ്ങളുടെ വിചാരം? സംഗതി അവിടേയുമുണ്ട്, മറ്റൊരു തരത്തിലാണെന്നു മാത്രം. വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി തുടങ്ങിയവയെല്ലാം അവിടെ വിവേചനത്തിന് കാരണങ്ങളാണ്. ഈ വക അസമത്വങ്ങള്‍ സമൂഹത്തില്‍ നിന്നും നിശ്ശേഷം നീക്കം ചെയ്യണമെങ്കില്‍ ഒരേയൊരു വഴിയേയുള്ളൂ, മനുഷ്യമനസ്സില്‍ വിപ്ളവകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാവണം. സകലരേയും ഉള്‍കൊള്ളാനുള്ള മനസ്ഥിതി മനുഷ്യനിലുണ്ടാവണം. അങ്ങനെ വരുമ്പോഴേ അവന്‍ ചിട്ടപ്പെടുത്തുന്ന വ്യവസ്ഥകള്‍ക്ക് എല്ലാവരേയും ഉള്‍കൊള്ളാനുള്ള ഉദാരത കൈവരൂ. ഈ ഉദാരത ആദ്യമുണ്ടാവേണ്ടത് വ്യക്തി മനസ്സിലാണ്. അതില്ലാത്ത വ്യക്തികള്‍ ഉണ്ടാക്കുന്ന നിയമങ്ങളും ആചാരങ്ങളും ഏറ്റവും സങ്കുചിതമാകാനേ വഴിയുള്ളൂ.

ആദ്ധ്യാത്മിക മാര്‍ഗത്തിന്‍റെ ഏറ്റവും മഹനീയമായ ഭാവം ഇതാണ്, ഈ വിശ്വത്തെ മുഴുവന്‍ ഉള്‍കൊള്ളാന്‍തക്കവണ്ണം വ്യക്തിയുടെ മനസ്സ് വിശാലമായിത്തീരുന്നു. ആരും ഒന്നും അന്യമല്ല എന്ന ചിന്ത ശക്തി പ്രാപിക്കുന്നു. അതോടൊപ്പം ആ വ്യക്തിയുടെ കാര്യശേഷിയും ബുദ്ധിവൈഭവവും വര്‍ദ്ധിക്കുന്നു. സമചിത്തത അവന്‍റെ സ്വഭാവമായിത്തീരുന്നു. സമൂഹത്തിന് അവനില്‍നിന്ന് കൂടുതല്‍ പ്രയോജനവും ലഭിക്കുന്നു.

https://upload.wikimedia.org/wikipedia/commons/8/8b/A_school_of_untouchables_near_Bangalore_by_Lady_Ottoline_Morrell_2.jpg