എന്നും യൌവ്വനം കാത്തു സൂക്ഷിക്കാം
നിങ്ങളുടെ കഴിവുകള്‍ തിളക്കമുള്ളതായിരിക്കണമെങ്കില്‍ നിങ്ങളുടെ ആരോഗ്യസ്ഥിതിയും ഏറ്റവും നല്ല രീതിയിലായിരിക്കണം.
 
 

ഇന്ന് ജനങ്ങളുടെ ആരോഗ്യം എങ്ങനെയാണിരിക്കുന്നത്? പലരും ആവശ്യത്തിലധികം പണിയെടുത്തു ശരീരം കേടാക്കുന്നു. മറ്റുചിലരാവട്ടെ ഒരു പണിയും ചെയ്യാതെ ശരീരം കേടുവരുത്തുന്നു. ശാരീരികമായ ആരോഗ്യം കൃത്രിമമായി സൃഷ്ടിക്കപ്പെടുന്നതല്ല. ശരീരത്തിന്‍റെ സ്വാഭാവികമായ ഘടന തന്നെ അപ്രകാരമാണ്. ഇതറിയാതെ രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുന്നതു നമ്മള്‍ തന്നെയാണ്. നൂറ്റമ്പതു വര്‍ഷങ്ങള്‍ക്കുമുമ്പ് നിങ്ങള്‍ ഈ ഭൂമിയില്‍ ജീവിച്ചിരുന്നുവെങ്കില്‍ എത്ര അധ്വാനം ചെയ്യേണ്ടി വരുമായിരുന്നോ അതിന്‍റെ നൂറിലൊരംശം അധ്വാനമേ നിങ്ങള്‍ ഇന്നു ചെയ്യുന്നുള്ളൂ. ശാസ്ത്രത്തിന്‍റെ വളര്‍ച്ചകൊണ്ട് നിങ്ങളുടെ ശരീരം വേണ്ടരീതിയില്‍ ഉപയോഗപ്പെടുത്താതെ അലസതയോടെയിരിക്കുന്നു. അലസശരീരം ആരോഗ്യമായിരിക്കുന്നതെങ്ങനെ?

ശരിയായ രീതിയില്‍ ശരീരം ഉപയോഗിക്കുമ്പോള്‍ത്തന്നെ എണ്‍പതുശതമാനം രോഗികളും സുഖപ്പെടും. ബാക്കിയുള്ളവരില്‍ പത്തു ശതമാനം ആളുകള്‍ക്ക് ഭക്ഷണം ക്രമീകരിച്ചാല്‍ രോഗത്തില്‍ നിന്നു മുക്തി ലഭിക്കും. ഒരു സമൂഹത്തില്‍ നൂറില്‍ തൊണ്ണൂറുപേര്‍ ഈ രീതിയില്‍ ആരോഗ്യവാന്മാരായിരുന്നാല്‍ ബാക്കിയുള്ള പത്തുപേരുടെ രോഗാവസ്ഥ കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കും.

ഒരു ദിവസം ആയിരം പ്രാവശ്യം സ്വന്തം കൈപ്പത്തി മടക്കി നിവര്‍ത്തുക. ഒരു മാസം ഇപ്രകാരം ചെയ്യുമ്പോള്‍ തന്നെ ആ കൈ എത്ര മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തനക്ഷമമാകുന്നു എന്ന് അറിയാന്‍ കഴിയും. പ്രാണയാമം ശീലിച്ച് ശരിയായ രീതിയില്‍ ശ്വസിക്കുമ്പോള്‍ നിങ്ങളുടെ ശ്വാസകോശങ്ങള്‍ എത്ര ശേഷിയുള്ളതായി മാറുന്നു എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

എന്‍റെ ചെറുപ്പകാലത്ത് കാട്ടില്‍ നടക്കാന്‍ ഇഷ്ടമായിരുന്നു. ദിവസത്തില്‍ ഇരുപതും മുപ്പതും കിലോമീറ്ററുകള്‍ നടന്നതിനുശേഷം ഒടുവില്‍ കിട്ടുന്ന ഒരു പിടിചോറുപോലും അമൃതായി തോന്നും. ഒരിക്കല്‍ ചെറിയ ഒരു സംഘമായി ഞങ്ങള്‍ കാട്ടിനുള്ളില്‍ നടന്നു. തുടര്‍ച്ചയായി മഴപെയ്തിരുന്നതിനാല്‍ ആഹാരം പാകം ചെയ്യാന്‍ കഴിഞ്ഞില്ല. നടന്നു നടന്ന് കാടിന്‍റെ വളരെ ഉള്ളിലെത്തി. അവിടെ പട്ടാളക്കാര്‍ കൂടാരമുണ്ടാക്കി കഴിയുന്ന സ്ഥലമായിരുന്നു. അവിടുത്തെ മേലുദ്യോഗസ്ഥന്‍ ഞങ്ങളെ സ്വീകരിച്ചു ഭക്ഷണം നല്‍കി "വളരെ രഹസ്യമായ കുറെ ഫയലുകളുമായി വന്ന ഞങ്ങളുടെ ഒരു ഹെലികോപ്റ്റര്‍ ഈ കാട്ടിനുള്ളില്‍ പൊട്ടിത്തെറിച്ചു വീണു. ആ ഹെലികോപ്റ്റര്‍ കണ്ടുപിടിച്ച് ഫയലുകള്‍ കണ്ടെത്താനായി ഈ കഴിഞ്ഞ ആറാഴ്ചയായി കാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തിനാണു വന്നത്." എന്ന് അയാള്‍ ചോദിച്ചു. "ചുമ്മാ നടക്കാനൊരു മോഹം. അതുകൊണ്ട് നടന്നു രസിക്കുകയാണ്." ഞാന്‍ ഇങ്ങനെ പറഞ്ഞതുകേട്ട ഒരു പട്ടാളക്കാരന്‍ അത്ഭുതത്തോടെ "എന്ത്? രസിക്കാന്‍ നടന്നെന്നോ? ആറാഴ്ചക്കാലമായി നടന്നു നടന്ന് ഞങ്ങളുടെ കാലെല്ലാം നീരുവന്ന് കുമിള കെട്ടിയിരിക്കുന്നു. നിങ്ങളാണെങ്കില്‍ രസത്തിനു നടക്കുന്നുവെന്നു പറയുന്നു." യുദ്ധമില്ലാത്ത വേളകളിലും ജവാന്മാര്‍ക്ക് കഠിനമായ പരിശീലനങ്ങള്‍ നല്‍കുന്നതുതന്നെ, അവര്‍ എപ്പോഴും പ്രവര്‍ത്തന നിരതരായി, ശാരീരികക്ഷമതയോടെ ഇരിക്കണം എന്നുകരുതിയാണ്. ആളുകള്‍ അലസന്മാരായി ജീവിതം നയിച്ചാല്‍ തലമുറകള്‍ കടന്നുപോകെ എല്ലാ അവയവങ്ങളും ഉണ്ടെങ്കിലും ശരീരം പാഴായിപ്പോകും.

പ്രാണയാമം ശീലിച്ച് ശരിയായ രീതിയില്‍ ശ്വസിക്കുമ്പോള്‍ നിങ്ങളുടെ ശ്വാസകോശങ്ങള്‍ എത്ര ശേഷിയുള്ളതായി മാറുന്നു എന്ന് നിങ്ങള്‍ക്ക് അറിയാന്‍ കഴിയും.

നിങ്ങള്‍ ഇപ്പോള്‍ എന്തു മറുപടിയാണ് തരിക! "സുഖമായി, സൗകര്യമായി ജീവിക്കുവാനല്ലേ മനുഷ്യന്‍ പുത്തന്‍ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നത്? അതെല്ലാം ഉപേക്ഷിച്ച് വീണ്ടും കാട്ടുവാസിയാകണമെന്നാണോ"? ജീവിച്ചിരിക്കുമ്പോഴേ സ്വയം ഒരു കല്‍ക്കോട്ട കെട്ടി, അതിനുള്ളില്‍ കഴിയുന്നതെന്തിന്? ശരിയായ അധ്വാനമില്ലാതെ എത്രപേരാണ് മമ്മികളായി സ്വയം പണിത കല്‍ക്കൂടിനുള്ളില്‍ കഴിയുന്നത്! ഒരാളിന്‍റെ ആകാരഭംഗി ഒരു പ്രധാന കാര്യമേ അല്ല എന്നു പറയുമെന്ന് നിങ്ങള്‍ പ്രതീക്ഷിച്ചെങ്കില്‍ തെറ്റി, നിങ്ങളുടെ സ്വഭാവത്തേയും, രീതികളേയും പ്രതിഫലിപ്പിക്കാന്‍ രൂപത്തിന് കഴിയും. മനുഷ്യ നേത്രങ്ങള്‍ സുഖമുള്ള, സന്തോഷമുള്ള കാഴ്ചകള്‍ കാണാനാണ് ആഗ്രഹിക്കുന്നത്. നിങ്ങളുടെ രൂപം ഭൂമിയുടേതുപോലെ ഉരുണ്ടിരുന്നാല്‍ ആരെങ്കിലും സന്തോഷത്തോടെ നോക്കുമോ? ഭാര്യയോട് പിറന്നാളിന് എന്തു സമ്മാനം വേണം എന്ന് ശങ്കരന്‍പിള്ള ചോദിച്ചു. പത്രത്തില്‍ കണ്ട കാറിന്‍റെ പരസ്യം ഓര്‍മ്മിച്ച ഭാര്യ പറഞ്ഞു "ആറു സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്ന് നൂറ്റിഇരുപതിലേക്ക് ചാടുന്ന സൂചിയുള്ളതു വേണം." പിറന്നാളെത്തി.

"നീ ആവശ്യപ്പെട്ടത് പുറത്ത് ഇരിപ്പുണ്ട്." ശങ്കരന്‍പിള്ള ഭാര്യയോട് പറഞ്ഞു. ഭാര്യ ധൃതിപിടിച്ച് വാതില്‍ തുറന്നു. സമ്മാനമായി അവിടെ കണ്ടത് കാറല്ല, പിന്നെയോ ഭാരമളക്കുന്ന ഉപകരണം! ഇത്തരത്തിലുള്ള സമ്മാനങ്ങളാണോ പ്രിയപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്നത്? ആവശ്യത്തിലധികം ഭക്ഷണം ശരീരത്തിനു നല്‍കിയാല്‍ അതൊരു നിലവാരമില്ലാത്ത കലവറ പോലെയാവും. എങ്ങനെ, എപ്പോള്‍, എത്ര ഭക്ഷണം കഴിക്കണം, എപ്പോള്‍ നിറുത്തണം എന്നുള്ള കരുതല്‍ പോലുമില്ലാതെ ജീവിക്കുന്നവന്‍ ജീവിതത്തില്‍ എന്തു നേടാന്‍ പോവുന്നു? ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നുവെങ്കില്‍ അതിന്‍റെയര്‍ത്ഥം ശരീരത്തെ നിങ്ങള്‍ താലോലിക്കുന്നു എന്നല്ല, മറിച്ച് അതിനെ എത്ര കഠിനമായി ദണ്ഡിപ്പിക്കുന്നു എന്നാണ്. സ്വന്തം ഭാരം താങ്ങാനാവാതെ, ശരീരം നിലവിളി തുടങ്ങും. ഇരിക്കാനും എഴുന്നേല്‍ക്കാനും നിങ്ങളുടെ എല്ലുകള്‍ യുദ്ധം തന്നെ നടത്തും. ഇത് ആരോഗ്യ ലക്ഷണമല്ല, രോഗലക്ഷണമാണ്.

മറ്റുള്ളവര്‍ കണ്ട് ഇഷ്ടപ്പെടാന്‍ വേണ്ടിയോ കൂട്ടുകൂടാന്‍ വേണ്ടിയോ അല്ല ഞാന്‍ പറയുന്നത്. സ്വസ്ഥമായ, സുഖമായ ഒരു ജീവിതം നിങ്ങള്‍ക്കു വേണമെങ്കില്‍, അതിനു ശരീരത്തിന്‍റെ പൂര്‍ണ്ണമായ പിന്തുണ വേണം. ആഗ്രഹിച്ചാല്‍ സ്വന്തം ശരീരം ആവശ്യത്തിനുതകുന്ന രീതിയില്‍ രൂപപ്പെടുത്താന്‍ നിങ്ങളെക്കൊണ്ടു സാധിക്കും. സ്വജീവിതത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചും തല്പരനാണെങ്കില്‍ ദിവസേന മണിക്കൂറുകള്‍ നടക്കുന്നതു ശീലമാക്കു. ധാരാളം വെള്ളം കുടിക്കു. യോഗാ ക്ലാസ്സുകളില്‍ ചേര്‍ന്ന് അഭ്യസിക്കു. അവിടെ അവര്‍ പറഞ്ഞുതരുന്ന പരിശീലനങ്ങള്‍ കൃത്യമായി മുടങ്ങാതെ ചെയ്യു. ഓരോ ഉരുള ഭക്ഷണം കഴിക്കുമ്പോഴും തികഞ്ഞ ശ്രദ്ധയോടെ, ആ ഭക്ഷണം ശരീരത്തിന്‍റെ എവിടെയെത്തിച്ചേരും എന്ന് പൂര്‍ണ്ണമായി അറിഞ്ഞു കഴിക്കു. സ്വന്തം ശരീരവും മനസ്സും ജീവിതവും ഏതു രൂപത്തില്‍ ആയിത്തീരണം എന്നുള്ളതിന്‍റെ പൂര്‍ണ്ണമായ ഉത്തരവാദിത്വം നിങ്ങള്‍ക്കു തന്നെ.

ചിലര്‍ക്ക് ഒരു പ്രായമാവുമ്പോള്‍ വയസ്സായി എന്നൊരു ചിന്ത വരും, വര്‍ഷംതോറും ജന്മദിനം ആഘോഷിച്ച്, മറ്റുള്ളവരില്‍ നിന്നും ആശംസകള്‍ സ്വീകരിച്ച്, ഭൂമിയില്‍ കഴിച്ചുകൂട്ടിയ കാലത്തിന്‍റെ കണക്ക് സൂക്ഷിക്കുന്നതെന്തിന്? നിങ്ങള്‍ക്കു വയസ്സായിത്തുടങ്ങി എന്ന് എപ്പോള്‍ മുതലാണ് തോന്നലുണ്ടാവുക?

കഴിഞ്ഞകാലത്തെക്കുറിച്ചു ചിന്തിക്കുമ്പോഴല്ലേ ഇത്തരത്തിലൊരു ചിന്ത വരിക? ആരൊക്കെയോ വലിച്ചെറിഞ്ഞ ചപ്പുചവറുകള്‍ ശേഖരിച്ചുവച്ചിരിക്കുന്നു മനസ്സില്‍. കാലാകാലങ്ങളില്‍ തൂത്തുവാരിക്കളഞ്ഞ്, വൃത്തിയാക്കി വെക്കേണ്ടതിനു പകരം അവയൊക്കെ മനസ്സില്‍ ചുമന്നുകൊണ്ടിരുന്നാല്‍ അതു ഭാരമായി നിങ്ങളെ തളര്‍ത്തും. എന്‍റെ തോട്ടത്തില്‍ ഗ്രാമീണനായ ഒരുവന്‍ പണിയെടുത്തിരുന്നു. ഏതാണ്ട് അന്‍പതു വയസ്സുള്ള അയാള്‍, കണക്കൊന്നും അറിയാത്ത ഒരാളായിരുന്നു. അതുകൊണ്ടുതന്നെ ആരെങ്കിലും എത്ര വയസ്സായി എന്നു ചോദിച്ചാല്‍ ഇരുപത്, ഇരുപത്തഞ്ചു വയസ്സുകാണും എന്നു മറുപടി പറയും. മഴ കിട്ടുമ്പോള്‍ നിലം ഉഴുതും, കാറ്റുള്ളപ്പോള്‍ വിത്തുവിതച്ചും, വിശക്കുമ്പോള്‍ ഭക്ഷണം കഴിച്ചും ലളിതമായി അയാള്‍ ജീവിച്ചു. ഏത് അക്കമാണു വലിയത് എന്നുള്ള അറിവില്ലാത്തതുകൊണ്ട് തനിക്കു പ്രായമായി എന്ന് അയാള്‍ക്കു തോന്നിയതേ ഇല്ല. ചെറുപ്പക്കാരനായിത്തന്നെ അയാള്‍ ജീവിച്ചു. അറുപത്തഞ്ചു വയസ്സുള്ള ഒരു സ്ത്രീ കൃത്രിമ മാര്‍ഗ്ഗത്തില്‍ ഗര്‍ഭം ധരിച്ചു പ്രസവിച്ചു. കുഞ്ഞിനു പേരിടുന്ന സമയമായപ്പോള്‍ ബന്ധുക്കള്‍ എത്തി. ആ അമ്മയെ എല്ലാവരും വാഴ്ത്തി. "കുഞ്ഞെവിടെ? ഞങ്ങളെ കാണിക്കാത്തതെന്ത്"?എന്ന് അവര്‍ ആ മുതിര്‍ന്ന അമ്മയോടു ചോദിച്ചു. "കുഞ്ഞു കരയട്ടെ. അപ്പോള്‍ കാണിച്ചു തരാം" എന്നു വല്യമ്മ ഉത്തരം നല്‍കി. വന്നവര്‍ക്ക് ചിന്താക്കുഴപ്പമായി. "നിന്‍റെ കുഞ്ഞു കരയാന്‍ ഞങ്ങളെന്തിനു കാത്തിരിക്കണം"? "ഉറങ്ങുന്ന കുഞ്ഞിനെ എവിടെ വച്ചു എന്ന് ഞാന്‍ മറന്നുപോയി." എന്നു മറുപടി കിട്ടി. കാലങ്ങളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നിങ്ങളുടെ ശരീരം ഒരു പക്ഷെ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാതെ പോയെന്നിരിക്കും. ചില അവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായേക്കാം. മറവി ബാധിക്കാം. പക്ഷെ നിങ്ങളുടെ മനസ്സ് അങ്ങനെയല്ല. അതിന്‍റെ പ്രായനിര്‍ണ്ണയം നടത്തുന്നതു കാലമല്ല. മനസ്സിന്‍റെ ഉള്ളറകളില്‍ എന്തൊക്കെയാണ് ശേഖരിച്ചു വച്ചിരിക്കുന്നത്? ആ ശേഖരങ്ങളുടെ ഭാരമാണു നിങ്ങളുടെ മനസ്സിന്‍റെ പ്രായം നിശ്ചയിക്കുന്നത്. തോളിലേറുന്ന ഭാരം കൊണ്ട് ശരീരം വളഞ്ഞു കൂന് ഉണ്ടാവുന്നു. മനസ്സിന്‍റെ ഭാരം ഏറുമ്പോള്‍ പ്രായത്തിന്‍റെ മൂപ്പും സംഭവിക്കും.

അറുപതു വര്‍ഷകാലത്തെ ചവറുകള്‍ നിങ്ങള്‍ മനസ്സില്‍ ചുമന്നു നടന്നാല്‍ അറുപതു വയസ്സിന്‍റെ മൂപ്പ് തോന്നിക്കും, എന്നാല്‍ ഓരോ ദിവസം കുമിഞ്ഞുകൂടുന്ന വേണ്ടാത്ത വസ്തുക്കളെ അപ്പോള്‍ തന്നെ ദഹിപ്പിച്ചാല്‍ പിന്നെ മനസ്സിനു ഭാരമെവിടെ?

അറുപതു വര്‍ഷകാലത്തെ ചവറുകള്‍ നിങ്ങള്‍ മനസ്സില്‍ ചുമന്നു നടന്നാല്‍ അറുപതു വയസ്സിന്‍റെ മൂപ്പ് തോന്നിക്കും, എന്നാല്‍ ഓരോ ദിവസം കുമിഞ്ഞുകൂടുന്ന വേണ്ടാത്ത വസ്തുക്കളെ അപ്പോള്‍ തന്നെ ദഹിപ്പിച്ചാല്‍ പിന്നെ മനസ്സിനു ഭാരമെവിടെ? അങ്ങനെ ഓരോ മിനിട്ടിലും വേണ്ടാത്തതൊക്കെ തള്ളിക്കളഞ്ഞാല്‍ നിങ്ങള്‍ പുത്തനായി പിറവി എടുത്തുകൊണ്ടേയിരിക്കും. ശരീരവേദനയുമായി ശങ്കരന്‍പിള്ളയുടെ ഭാര്യ ഡോക്ടറെ കാണാനെത്തി. "എവിടെയാണ് വേദന?" ഡോക്ടര്‍ ചോദിച്ചു. വിരലുകൊണ്ട് മുട്ടിനുതാഴെ തൊട്ടുകാണിച്ച് അവര്‍ പറഞ്ഞു "ഇവിടെ". പിന്നീട് തോളില്‍ തൊട്ടു കാണിച്ചു. ശരീരത്തിന്‍റെ ഓരോ ഭാഗത്തും വിരല്‍ കൊണ്ട് തൊട്ട് "അയ്യോ വേദനിക്കുന്നു" എന്ന് അലറിവിളിച്ചു. ഡോക്ടര്‍ സ്വന്തം തലയിലടിച്ചു കൊണ്ടു പറഞ്ഞു "ശരീരം മുഴുവന്‍ അല്ല വേദന, ആ ഭാഗങ്ങള്‍ തൊട്ടുകാണിക്കാന്‍ നീട്ടിയ വിരലിനാണു വേദന" വേദനിക്കുന്ന വിരല്‍ കൊണ്ട് എവിടെതൊട്ടാലും ആ ഭാഗവും വേദനിക്കുന്നതായി തോന്നും. പ്രായമായി എന്നു ചിന്തിച്ച് എന്തുചെയ്താലും ക്ഷീണമേ ഉണ്ടാവൂ. എന്നാല്‍ പഴയതൊക്കെ അപ്പോഴപ്പോള്‍ നീക്കിക്കളഞ്ഞ് സ്വയം ഭാരമില്ലാതെ കഴിയുന്നവര്‍ക്ക് പ്രായമാവുകയേ ഇല്ല.

ഇത്തരത്തില്‍ ഭാരം കൂടുന്നത് എന്തുകൊണ്ടാണ്? കയ്യിലുള്ള ഒന്നു നല്‍കി അതിനേക്കാള്‍ മെച്ചപ്പെട്ട ഒന്നു വാങ്ങുന്നതെങ്ങനെ എന്ന് മനസ്സ് സദാ കണക്കു കൂട്ടിക്കൊണ്ടേയിരിക്കുന്നു. ഈശ്വരന്‍ നിങ്ങളെ ഇങ്ങോട്ട് അയച്ചത് ഇത്തരത്തില്‍ കണക്കു കൂട്ടാനാണോ? സ്വന്തം സുഹൃത്തായി ജീവിക്കാന്‍ നിര്‍ദ്ദേശിച്ച് ഈശ്വരന്‍ നിങ്ങളെ ഭൂമിയിലേക്ക് അയച്ചാല്‍ നിങ്ങള്‍ നിരന്തരം കണക്കു കൂട്ടി ചെകുത്താന്‍റെ ശിഷ്യന്മാരാവുന്നു.

വിലപേശിവാങ്ങുന്ന ഒരു കച്ചവടമാക്കിക്കഴിഞ്ഞു, സ്വന്തം ജീവിതം. സ്വന്തം ആഗ്രഹപ്രകാരം എല്ലാം ലഭിച്ചാല്‍ നല്ലവനായി, മര്യാദക്കാരനായി പെരുമാറും. കണക്കുകൂട്ടല്‍ പിഴച്ചാലോ? ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മൃഗങ്ങള്‍ ഉണരും. നിങ്ങളുടെ അപ്പനപ്പൂപ്പന്മാരുടെ കാലം തൊട്ടേ, ഇതിനുമപ്പുറത്തുള്ള കാലം മുതല്‍ക്കേ, ഈശ്വരന്‍ ഒരേ പ്രായത്തില്‍ അല്ലേ ഇരിക്കുന്നത്? എങ്ങനെ? ജീവിതം ഒരു കച്ചവടമായി കരുതാതെ, അതുതന്നാല്‍ ഇതു തരാം എന്നു വിലപേശാതെ ഈശ്വരന്‍ കഴിയുന്നു.

ആരെയും ശത്രുവായിക്കാണുന്നില്ല, മിത്രമാക്കി ഒപ്പം കൂട്ടുന്നില്ല. താഴേക്കു വീഴുന്ന മഴ ഈശ്വരവിശ്വാസിയുടെ തോട്ടവും, നിരീശ്വരവാദിയുടെ തോട്ടവും ഒരു പോലെ നനയ്ക്കുന്നു. ആരെക്കുറിച്ചും ഒന്നിനെക്കുറിച്ചും ഭാരം ചുമക്കാത്തതുകൊണ്ട്, അദ്ദേഹത്തിന് പ്രായം ഏറുന്നില്ല. ഈ ഒരു കാര്യത്തിലെങ്കിലും ഈശ്വരനെ അനുകരിച്ചു കൂടേ? പുറമേ നിന്നു കൊണ്ട് ജീവിതത്തെ വ്യഥയോടെ നോക്കി രസിക്കുന്നതു മതിയാക്കു. ഭാരങ്ങളെല്ലാം ഇറക്കിക്കളഞ്ഞ്, ജീവിതം ആസ്വദിക്കു. അപ്പോള്‍ ജീവിതം നിങ്ങളുടെ യുവത്വത്തെ കോട്ടമില്ലാതെ നിരന്തരം സംരക്ഷിച്ചു കൊള്ളും.

 
 
 
 
  0 Comments
 
 
Login / to join the conversation1