എല്ലാത്തിനോടും ശ്രദ്ധ കൊടുക്കേണ്ട, ശ്രദ്ധാലുവായാല്‍ മാത്രം മതി.

എല്ലാത്തിലും ശ്രദ്ധപുലര്‍ത്താന്‍ എന്തു വേണം? ഒന്നിലും പ്രത്യേകമായി ശ്രദ്ധയൂന്നാനുള്ള ശ്രമം ആവശ്യമില്ലെന്നാണ് സദ്ഗുരു പറയുന്നത്. എല്ലാം നിരീക്ഷിക്കുക. എങ്കില്‍ എല്ലാം ശ്രദ്ധയില്‍ വന്നോളും.
 

ചോദ്യം: എല്ലാത്തിലും ശ്രദ്ധപുലര്‍ത്തുമ്പോഴും അനാവശ്യമായത് തള്ളിക്കളഞ്ഞ് ആവശ്യമുള്ളതുമാത്രം ശ്രദ്ധിക്കുവാന്‍ എന്ത് വേണം?

സദ്ഗുരു: തനിക്കുചുറ്റുമുള്ള സകലതിലും ഒരാള്‍ ശ്രദ്ധകൊടുക്കേണ്ട കാര്യമില്ല. അങ്ങനെയൊരു സംഗതി, ആധുനിക മനശാസ്ത്രത്തിന്‍റെ തെറ്റായ പ്രചാരണമാണ്. ഒരേ സമയം അനേകം കാര്യങ്ങളില്‍ മനസ്സിനെ വ്യാപരിപ്പിക്കാമെന്നത്. ഞാന്‍ മനസ്സിനെ ഒന്നിലേക്കും ശ്രദ്ധാപൂര്‍വ്വം തിരിച്ചുവിടാറില്ല. കേവലം നിരീക്ഷിക്കുകയേ ചെയ്യുന്നുള്ളൂ. അപ്പോള്‍ എനിക്കു ചുറ്റിലുമുളള സകലതും ശ്രദ്ധയിലേക്ക് സ്വാഭാവികമായി തന്നെ വരുന്നു. രാവിലെ ഉണരുമ്പോള്‍, സൂര്യന്‍ കിഴക്ക് ഉദിച്ചുവോ എന്ന് ആരെങ്കിലും ശ്രദ്ധിക്കാന്‍ പോവുമോ ? ഇല്ല. നിങ്ങള്‍ ഉണരുന്നു. സൂര്യപ്രകാശം സ്വഭാവികമായി നിങ്ങളിലേക്ക് വരുന്നു.ആ വെളിച്ചത്തിനൊപ്പം പരിസരങ്ങളും ദൃശ്യങ്ങളും തെളിഞ്ഞു വരുന്നു.

പാഠപുസ്തകങ്ങളിലെ വിഡ്ഢിത്തം

ശ്രദ്ധകൊടുക്കുക എന്ന അടിസ്ഥാനത്തില്‍ മാത്രം ചിന്തിക്കേണ്ടതില്ല. അതൊക്കെ പാഠപുസ്തകങ്ങളിലെ വിഡ്ഢിത്തങ്ങളാണ്. അവര്‍ പറയും, പാഠപുസ്തകത്തെ ശ്രദ്ധിക്കണമെന്ന്. അതിലേക്ക് ഒരുപാട് ശ്രദ്ധകൊടുത്തു. പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. നന്നായി ശ്രദ്ധ കൊടുത്തതു കൊണ്ട് ഞാന്‍ അവ വായിച്ചില്ല. അവര്‍ എനിക്കൊരു പാഠപുസ്തകം തന്നു. അതിന്‍റെ ആദ്യതാളുകളില്‍ തന്നെ ഒറ്റ ചിത്രം കണ്ടു, രണ്ടു മണിക്കൂര്‍ ആ ചിത്രത്തില്‍ തന്നെ നോക്കി ഇരുന്നു. പക്ഷേ അവര്‍ക്കു വേണ്ടത് അതായിരുന്നില്ല. ഞാന്‍ പേജുകള്‍ മറിച്ച് ഓരോ വാക്കും, വരികളും വായിക്കണമെന്നായിരുന്നു. എന്തു ചെയ്യാന്‍! അവര്‍ എന്നോടു പറഞ്ഞത് പുസ്തകത്തിലേക്ക് ശ്രദ്ധയൂന്നുവാനാണ്. ഞാന്‍ പുസ്തകം തുറന്നു. ആദ്യതാളില്‍ തന്നെ നന്നായി ശ്രദ്ധയൂന്നി ഇരുന്നു.

ഒന്നിലേക്ക് പിന്നെ മറ്റൊന്നിലേക്ക് എന്ന കണക്കില്‍ ശ്രദ്ധകൊടുക്കാന്‍ പോയാല്‍ മനസ്സ് മൊത്തത്തില്‍ അശ്രദ്ധവും അലങ്കോലവുമാകും.

ഒരു കാര്യത്തിലും ശ്രദ്ധ കൊടുക്കരുത്. നമ്മുടെ ശ്രദ്ധയുടെ തോതു കൂട്ടാന്‍ വളരെ സ്വാഭാവികമായൊരു വഴിയുണ്ട്. നിങ്ങള്‍ വളരെ ശ്രദ്ധാലുവായാല്‍, എല്ലാം നിങ്ങളുടെ ശ്രദ്ധയിലേക്ക് വരും. അതല്ലാതെ ഒന്നിലേക്ക്, പിന്നെ മറ്റൊന്നിലേക്ക് എന്ന കണക്കില്‍ ശ്രദ്ധകൊടുക്കാന്‍ പോയാല്‍, മനസ്സ് മൊത്തത്തില്‍ അശ്രദ്ധവും അലങ്കോലവുമാകും. നിങ്ങള്‍ എന്‍റെ മുന്നില്‍ ഇരിക്കുമ്പോള്‍, ദയവായി എന്നിലേക്ക് ശ്രദ്ധ ഊന്നുകയേ ചെയ്യരുത്. വെറുതെ ശ്രദ്ധാലുവാകുക. അപ്പോള്‍ ഞാന്‍ പറയുന്ന വാക്കുകള്‍ മാത്രമല്ല, എല്ലാം നിങ്ങളിലേക്ക് തനിയേ വന്നോളും. ചിലര്‍  വാക്കുകളിലേക്ക് ശ്രദ്ധ കൊടുക്കുന്നതു കൊണ്ട്, ഒന്നും വിട്ടു പോവാതിരിക്കാന്‍ എഴുതി വെയ്ക്കുന്നു. ഇതു കൊണ്ടു നിങ്ങള്‍ക്ക് ഒന്നും തന്നെ അറിയാന്‍ സാധിക്കില്ല. ഇതു കൊണ്ട് നിങ്ങള്‍ക്ക് ജീവിതത്തെ അറിയാനാവില്ല. ജീവിതത്തെ അറിയാനുള്ള രീതി അതല്ല. നോട്ടു പുസ്തകത്തിലെ കുറിപ്പുകള്‍ വായിച്ചാല്‍ ഒരു പക്ഷെ പരീക്ഷയ്ക്ക് നല്ല മാര്‍ക്ക് വാങ്ങി പാസാകാന്‍ പറ്റിയേക്കും. എന്നാല്‍ മനുഷ്യലോകം കണ്ട മഹാത്മാക്കളൊന്നും തന്നെ പരീക്ഷ പാസായവരല്ല. കൃഷ്ണന്‍ പരീക്ഷ എഴുതാന്‍ പോയ കഥ എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഗൗതമബുദ്ധന്‍ പരീക്ഷ എഴുതിയത് കേട്ടിട്ടുണ്ടോ? യേശു പരീക്ഷ എഴുതാന്‍ പോയതിനെ കുറിച്ച് കേട്ടിട്ടേയില്ല. എന്നിട്ടും നമ്മള്‍ അവരെ ആരാധിക്കാന്‍ കാരണം, അവര്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു, നിങ്ങളേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ അവരുടെ അവബോധത്തില്‍ ഉണ്ടായിരുന്നു. ഞാനും ഒരു പരീക്ഷയ്ക്ക് പോയി, ഒന്നും തന്നെ എഴുതിയില്ല.

മനസ്സിന്‍റെ കണ്ണാടി

ശ്രദ്ധയെന്നത് വിഷയകേന്ദ്രീകൃതമായ ഒരു യാന്ത്രിക പ്രക്രിയയല്ല, നമ്മള്‍ എല്ലാവരും സ്വാഭാവികമായി എന്താണോ അതുതന്നെയാണ് ശ്രദ്ധ. സഹജമായ ആ ശ്രദ്ധയുടെ തോത് വര്‍ദ്ധിപ്പിക്കുക മാത്രമേ വേണ്ടൂ. അതിനു പകരം ജീവിതത്തെ ഓരോ വിഷയങ്ങളാക്കി മുറിച്ച്, ഓരോന്നിലേക്കും ശ്രദ്ധിക്കാന്‍ പോയാല്‍, അതു വരെയുണ്ടായിരുന്ന ശ്രദ്ധയും കൈമോശം വരും. കാരണം നമുക്ക് ചുറ്റിലുമായി അത്ര മാത്രം ജീവിത സംഭവങ്ങളും വിഷയങ്ങളും ഉണ്ട്. അതിനെ മുഴുവനായും ശ്രദ്ധയില്‍പ്പെടുത്താന്‍ ആര്‍ക്കും പറ്റില്ല. മനസ്സ് ഒരു കണ്ണാടി കണക്കെയാണ്. ഏത് ദൃശ്യത്തിലേക്ക് പിടിക്കുന്നോ, അതിനെ പ്രതിഫലിപ്പിക്കുന്ന പോലെയാണ്. മനസ്സിന്‍റെ ശ്രദ്ധ ഒന്നിലേക്ക് മാത്രം തിരിച്ച് വിടാനുളള ശ്രമം. പൊട്ടിയ കണ്ണാടി ദൃശ്യങ്ങളെ പലതായി മുറിക്കുന്ന പോലെ, മനസ്സ് വിഷയങ്ങളെ പലതാക്കും. അത് ഗുണത്തേക്കാള്‍ അധികം ദോഷമേ വരുത്തു. ഇന്ന് മനുഷ്യ മനസ്സുകള്‍ക്ക് സംഭവിച്ചിരിക്കുന്നതും അതു തന്നെയാണ്.

ഒരു തെളിഞ്ഞ കണ്ണാടി പോലെയാണ് മനസ്സെങ്കില്‍, ജീവിതവിഷയങ്ങളെ അതില്‍ പ്രതിഫലിപ്പിക്കാന്‍ അധികം ശ്രമിക്കേണ്ടി വരില്ല. കണ്ണാടിയില്‍ എല്ലാം സ്വാഭാവികമായും പ്രതിഫലിച്ചോളും. അതു കൊണ്ട് മനസ്സാകുന്ന കണ്ണാടിയെ തുടച്ച് വൃത്തിയാക്കുക എന്നതു മാത്രം ശ്രദ്ധിക്കുക. ആ പണി നന്നായി ചെയ്താല്‍, ഈ പ്രപഞ്ചം തന്നെ അതില്‍ പ്രതിഫലിച്ചോളും. അല്ലാതെ അതിനെവിടെ പോയി മറയാനാവും? ഒരു കണ്ണാടി മാനത്തേക്ക് ഉയര്‍ത്തി പിടിച്ചാല്‍, നീല മേഘങ്ങള്‍ ഒഴുകുന്ന ആകാശത്തിന് ഓടി ഒളിക്കാനാവുമോ? ഇല്ല, അതിനു പ്രതിഫലിച്ചേ പറ്റൂ. അതുകൊണ്ട് ആകാശമാകുന്ന വിഷയത്തിലേക്ക് ശ്രദ്ധിക്കേണ്ടതില്ല. എന്നാല്‍ ശ്രദ്ധയെ കൂടുതല്‍ ഉന്നതമായ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ ഒരു വഴിയുണ്ട്. നിങ്ങള്‍ വളരെ ശ്രദ്ധാലുവായാല്‍ എല്ലാം നിങ്ങളുടെ ബോധതലത്തിലേക്ക് വരും – ഒന്നും തന്നെ വിട്ടുപോവുകയില്ല.

 

 
 
 
 
  0 Comments
 
 
Login / to join the conversation1