സദ്ഗുരു:- നമ്മള്‍ നമ്മുടെ പ്രാണോര്‍ജ്ജത്തെ ഉദാത്തമായ ഒരു നിലയിലേക്കെത്തിക്കാന്‍ ശ്രമിക്കണം. അതിന്‍റെ അതിസൂക്ഷ്മമായ സാധ്യതകള്‍ മനസ്സിലാക്കണം. ഏതെല്ലാം വഴിക്ക് ഏതെല്ലാം രൂപത്തിലാണ് ആ പരമചൈതന്യം നമ്മളിലേക്കു കടന്നുവരിക എന്ന് ആ അവസ്ഥയിലെത്തിക്കഴിഞ്ഞാല്‍ പറയാനാവില്ല. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകം ഈശ്വരാനുഗ്രഹമാണെന്ന് ബോധിച്ചിട്ടുള്ളവരുടെയൊക്കെ അനുഭവമാണിത്. അപ്രതീക്ഷിതമായ വിധത്തില്‍, സങ്കല്‍പാതീതമായ രൂപഭാവങ്ങളില്‍...ഇന്നതാവാന്‍ വഴിയില്ല...അത് ഇങ്ങനെയാവാന്‍ തരമില്ല. നമ്മള്‍ സ്വയം പറഞ്ഞുപോകും...അതാണ് നമ്മള്‍ നേരിടുന്ന തടസ്സം. ഒരു ഈച്ചയുടെ രൂപത്തിലായിരിക്കും അതു മുന്നില്‍ വരിക. ഇത്ര കാലവും നിങ്ങള്‍ എന്താണ് ചെയ്തു കൊണ്ടിരുന്നത്...ഈച്ചയെ പോലെ ഒന്നില്‍ നിന്ന് വേറെ ഒന്നിലേക്ക് പാറിനടക്കുകയായിരുന്നില്ലേ? എന്നാല്‍ ഈശ്വരാനുഗ്രഹം ഈച്ചയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടാല്‍ നിങ്ങള്‍ക്കു തൃപ്തിയാവില്ല. ഉടനെ പറയും, ''ഈച്ചയായി വരണ്ട, കടന്നലായി വരു എന്ന്'' അങ്ങനെ ഒരിക്കലും പറയരുത്. അതു നിങ്ങള്‍ നിങ്ങളോടുതന്നെ ചെയ്യുന്ന ഒരപരാധമായിരിക്കും. ഏതു നിമിഷത്തിലും, ഏതു മട്ടിലും ഈശ്വരകാരുണ്യത്തിനു കടന്നുവരാവുന്ന വിധത്തില്‍ സകല ജനലുകളും വാതിലുകളും തുറന്നുവെക്കൂ... അതുതന്നെയാണ് ഭക്തി. 'ഞാനെങ്ങനെ മനസ്സിലാക്കാന്‍? എല്ലാ വാതിലുകളും തുറന്നിട്ട് ഞാന്‍ എന്തെങ്കിലും ബുദ്ധിമോശം കാട്ടിയാലോ?''

ശരിയാണ്. അങ്ങനെ വല്ല അബദ്ധവും നിങ്ങള്‍ ചെയ്‌തേക്കാം. എന്നാല്‍ അതിലും വലിയ മണ്ടത്തരമായിരിക്കും, വാതിലുകള്‍ കൊട്ടിയടച്ചു വെക്കുക എന്നത്. ഒരു കോണില്‍ നിന്നും കാറ്റ് വീശി വരുന്നു. ആ ഭാഗത്ത് പല വ്യവസായശാലകളും, വായുവില്‍ മാലിന്യം കലര്‍ത്തുന്ന മറ്റു പല സ്ഥാപനങ്ങളും കാണും. ആ കാര്യത്തില്‍ നിങ്ങള്‍ക്കെന്തെങ്കിലും ചെയ്യാനാകുമോ? ആ വായു തന്‍റെ മൂക്കിനുള്ളിലൂടെ ശരീരത്തില്‍ കയറി പല രോഗങ്ങള്‍ക്കും കാരണമാകുമല്ലോ എന്ന് നിങ്ങള്‍ ഭയക്കുന്നു. എന്നുവെച്ച് രണ്ടുമൂക്കും പൊത്തിപ്പിടിച്ചിരിക്കാനാവുമോ? എങ്കില്‍ വിഷവായു ശ്വസിക്കാതെ തന്നെ നിങ്ങള്‍ മരിച്ചുപോയേക്കും.

വാതിലുകളടച്ചിരുന്നാല്‍ ദൈവ കൃപക്കു പാത്രമാവില്ല. ഈശ്വരാനുഗ്രഹത്തിനായാലും കടന്നു വരാന്‍ ഒരു വഴി വേണമല്ലോ. ആ കാരുണ്യത്തിന്‍റെ സഹായമില്ലെങ്കില്‍ ആര്‍ക്കും ജീവിതത്തിന്‍റെ പരമമായ ലക്ഷ്യത്തില്‍ എത്തിച്ചേരാനാവില്ല....അസാദ്ധ്യമെന്നു ഞാന്‍ പറയുന്നില്ല. എന്നാലും സാദ്ധ്യത കുറവാണെന്ന് തീര്‍ച്ചയായും പറയും. ഒരു മുളങ്കോണി സംഘടിപ്പിച്ച് സൂര്യനെ കൈയ്യെത്തിപ്പിടിക്കാനാവുമോ? ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യം...എന്നാലും ഉറപ്പിച്ചു പറയാനാവില്ല. ആര്‍ക്കറിയാം ഏതു തരത്തിലുള്ള കോണിയാണ് നിങ്ങളുണ്ടാക്കാന്‍ പോകുന്നതെന്ന്.

എന്തായാലും...''ഞാന്‍ ഈശ്വര കാരുണ്യമാണ്'' എന്നു നെറ്റിയില്‍ എഴുതി വെച്ചു കൊണ്ടല്ല അതു നിങ്ങളുടെ മുന്നിലെത്തുക.''ഞാന്‍ ദൈവത്തിന്‍റെ പ്രതിനിധിധിയാണ് എന്നൊരു ബോര്‍ഡും അത് തൂക്കിപ്പിടിച്ചിട്ടുണ്ടാവില്ല. ഒരീച്ചയായി ഈച്ചയെ പോലെത്തന്നെ അതു നിങ്ങളറിയാതെ കടന്നുവരുന്നു. ഒച്ചയും ബഹളവുമൊന്നുമുണ്ടാകില്ല...ഒരിളം കാറ്റുപോലെ നിശ്ശബ്ദമായി... മൃദുലമായി അതു നിങ്ങളുടെ അരികിലെത്തുന്നു. ഏതു വഴിയിലൂടെ ഏതു രൂപത്തില്‍ വരുന്നു എന്ന ആശങ്ക വേണ്ട. ഈച്ചയായോ പൂച്ചയായോ വരട്ടെ. ആഘോഷങ്ങളും ആരവങ്ങളും കൂടാതെ മുന്നിലെത്തുന്നതു കൊണ്ടാണ് നിങ്ങള്‍ അതിനെ തിരിച്ചറിയാതിരിക്കുന്നത്. ഇന്നത്തെ ആളുകളുടെ ദോഷമതാണ്...കാര്യമായ ഒരു ലേബലില്ലാത്ത ഒന്നിനേയും അവര്‍ തൊട്ടുനോക്കില്ല...അംഗീകരിക്കില്ല. അവര്‍ക്ക് എല്ലാ വിശദാംശങ്ങളും മുന്‍കൂട്ടി അറിയണം.

തുറന്ന മനസ്...അതു മാത്രം മതി ആ കാരുണ്യത്തിനു പാത്രമാകാന്‍. ഭക്തിയും ശ്രദ്ധയുമുണ്ടാവണം. ഈശ്വരാനുഗ്രഹം കടന്നുവരുന്ന വഴി അതാണ്.

ഈശ്വരാനുഗ്രഹത്തിന്‍റെ കാര്യത്തില്‍ ഇതൊന്നും ബാധകമല്ല. തുറന്ന മനസ്...അതു മാത്രം മതി ആ കാരുണ്യത്തിനു പാത്രമാകാന്‍. ഭക്തിയും ശ്രദ്ധയുമുണ്ടാവണം. ഈശ്വരാനുഗ്രഹം കടന്നുവരുന്ന വഴി അതാണ്. അഥവാ ചെറുത്തു നില്‍ക്കാനാണ് ഭാവമെങ്കില്‍, അതു താനേ ഒഴിഞ്ഞു പോയെന്നു വരാം; നിങ്ങളെ തിരിഞ്ഞു നോക്കാതെ.

ആത്മരക്ഷക്കുള്ള പ്രവണത എല്ലാവരിലും സഹജമായുള്ളതാണ്. നിങ്ങള്‍ അതില്‍ മുറുകെ പിടിച്ച് മറ്റെല്ലാറ്റിനും നേരെ മുഖം തിരിക്കുകയാണ്. അതുതന്നെയാണ് നിങ്ങളുടെ പ്രശ്‌നവും. ആത്മരക്ഷക്കുള്ള ഈ സഹജവാസന ഒരു രക്ഷാകവചമാണ്. ഭക്തി എന്നാല്‍ അതിനെ കൂടി വേണ്ടെന്നുവെക്കുകയാണ്...പൂര്‍ണ്ണമായും ഈശ്വരനില്‍ അര്‍പ്പിതമായ മനസ്സ്...അതാണ് ഭക്തി...അവിടെ രണ്ടാമതൊന്നിന്‍റെ സാന്നിദ്ധ്യമൊ, ആവശ്യമോ ഇല്ല.

ഭാഗ്യം

തൊണ്ണൂറു വയസ്സായ ഒരു മുത്തശ്ശന്‍, അദ്ദേഹത്തിന്‍റെ ജന്മദിനം എല്ലാവരും കൂടി ഒരു ഹോട്ടലില്‍ കേമമായി ആഘോഷിച്ചു. ധാരാളം പേരെ വിരുന്നിനു ക്ഷണിച്ചിരുന്നു. പിറന്നാള്‍ കാരണം വലിയ ഉത്സാഹത്തിലായിരുന്നു. ഭക്ഷണം വിളമ്പി ഉണ്ണാനിരുന്നപ്പോഴാണ് മൂപ്പര്‍ക്കോര്‍മ്മ വന്നത്, ''അല്ല! വെപ്പുപല്ല് എടുക്കാന്‍ മറന്നു.'' അതുകൊണ്ട് തനിക്കു സൂപ്പുമാത്രം മതി എന്നദ്ദേഹം പറഞ്ഞു. ''അതു സാരല്ല്യ അപ്പപ്പാ...ഇതൊന്നു വെച്ചു നോക്കു. അടുത്തിരുന്ന ഒരാള്‍ ഒരു സെറ്റ് കൃത്രിമപ്പല്ലെടുത്ത് അദ്ദേഹത്തിന്‍റെ നേരെനീട്ടി. അതുവെച്ചു നോക്കിയിട്ട് അപ്പൂപ്പന്‍ പറഞ്ഞു. ''വേണ്ട...വല്ലാത്ത ഇറുക്കം''

''എന്നാല്‍ ഇതായാലോ?'' പഴയതു തിരിച്ചുവാങ്ങി അയാള്‍ പുതിയതൊന്നു നീട്ടി, ''ഇതിന് വലുപ്പം കൂടുതലാണ് ''അപ്പൂപ്പന്‍ പുതിയ സെറ്റു വെച്ചു നോക്കിയതും പറഞ്ഞു, ചങ്ങാതി പിന്‍മാറിയില്ല. മൂന്നാമതും ഒരു സെറ്റെടുത്ത് അപ്പൂപ്പന്‍റെ കൈയ്യില്‍വെച്ചു. അദ്ദേഹം ആ സെറ്റു വെച്ചുനോക്കി. '' ഇതുകൊള്ളാം...ഒരു വിധം പാകമാണ്. അദ്ദേഹം അയാളോടു നന്ദി പറഞ്ഞു. പുതിയ പല്ലും വെച്ച് മുത്തശ്ശന്‍ നന്നായി പിറന്നാള്‍ സദ്യ ഉണ്ടു. അതിനുശേഷം ആ വെപ്പുപല്ല് അദ്ദേഹം വായില്‍ നിന്നെടുത്ത് വൃത്തിയായി കഴുകി ഉടസ്ഥന്‍റെ നേരെനീട്ടി. ''ഇതെന്‍റെ ഭാഗ്യമാണ്. ഇനിയൊരു പിറന്നാള്‍ ആഘോഷിക്കാന്‍ ഞാനുണ്ടാകുമൊ എന്നാരറിഞ്ഞു...തൊട്ടടുത്ത് ഒരു ഡെന്‍റിസ്റ്റ് വന്നിരുന്നത് വലിയ ഭാഗ്യമായി... വിഭവങ്ങളെല്ലാം രുചിച്ച് കഴിക്കാന്‍ സാധിച്ചു.

''അതിന് അപ്പൂപ്പാ ഞാനൊരു ഡെന്റിസ്റ്റല്ല'' ചങ്ങാതി പറഞ്ഞു. ''ഞാനൊരു അണ്ടര്‍ടേക്കറാണ്.. (ശവമടക്കലിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുന്ന ആള്‍) നോക്കൂ...ഭാഗ്യം...ഈശ്വരാനുഗ്രഹം വരുന്നത് ഏതു വഴിക്കാണെന്ന്...വഴി ഏതുമായിക്കൊള്ളട്ടെ. കാര്യം ഭംഗിയായി നടന്നു എന്നതാണ് പ്രധാനം. ഭക്തി, ജീവിതത്തിലെ എല്ലാ സാദ്ധ്യതകളേയും സ്വീകരിക്കാന്‍ നിങ്ങളെ തയ്യാറാക്കുന്നു. ''ആരെങ്കിലും എന്നെ ചതിച്ചാല്‍ ഞാനെന്തു ചെയ്യും?'' ഏറി വന്നാല്‍ നിങ്ങള്‍ മരിക്കും...അതവനെ ശപിച്ചുകൊണ്ടാകട്ടെ എന്നാല്‍ നിങ്ങള്‍ തന്നെ നിങ്ങളെ വഞ്ചിച്ചാലോ? ആരെ ശപിച്ചാണ് നിങ്ങള്‍ അരിശം തീര്‍ക്കുക.? ക്രിക്കറ്റോ ബേസ്‌ബോളോ ആണ് കളിക്കുന്നതെങ്കില്‍ നിങ്ങള്‍ക്ക് ആരെയെങ്കിലും ശപിക്കാമായിരുന്നു. എന്നാല്‍ ഇത് ഗോള്‍ഫു പോലെയാണ്. ഇനിയൊരാളെ ശപിക്കാനാവില്ല. കുറ്റം അവനവന്‍റേതാണ്.

നിങ്ങള്‍ തന്നെയാണ് നിങ്ങളെ ചതിക്കുന്നതെങ്കില്‍, ഇനിയൊരാള്‍ നിങ്ങളെ ചതിക്കാനുള്ള സാദ്ധ്യത തീരെ കുറവാണ്. എന്നാലും അപകടസാദ്ധ്യത കണക്കിലെടുത്തു കൊണ്ടു തന്നെ മനസ്സിന്‍റെ വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുവെക്കൂ. ജാഗ്രത പുലര്‍ത്തുന്നത് നല്ലതു തന്നെ...പക്ഷെ വാതിലുകള്‍ അടച്ചു പൂട്ടേണ്ട.

എടുത്തുചാട്ടം

അവസരങ്ങളെ തട്ടിമാറ്റരുത്. പരീക്ഷിച്ചു നോക്കാനുള്ള ധൈര്യം കാണിക്കണം. നമുക്കു കളിയിലേക്കു തിരിച്ചു പോകാം. ആദ്യം ''ടക്ക് ടക്ക്'' എന്നും തുടര്‍ന്ന് അയ്യോ എന്നു കേട്ടാല്‍ അത് ഗോള്‍ഫ് ആണ്. ആദ്യം അയ്യോ എന്നും പിന്നീട് ടക്കുമായാല്‍ അതിനെ സ്‌കൈഡൈവിങ്ങ് എന്നാണ് പറയുക. ഇതില്‍ ഏതാണ് കൂടുതല്‍ നല്ലത്. ടക്ക്...അതോ അയ്യോ? എന്തായാലും നിങ്ങള്‍ ശ്രമിച്ചുവല്ലോ, പന്ത് ദ്വാരത്തില്‍ ചെന്ന് വീണില്ലായിരിക്കാം. എന്നാലും നിങ്ങള്‍ അതിനെ നന്നായി തട്ടി അടിച്ചല്ലൊ! ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ സംഭവിക്കട്ടെ. ഒരു പക്ഷെ നിങ്ങള്‍ ആഗ്രഹിച്ചതുപോലെയായിരിക്കില്ല. എന്നാലും സാരമില്ല. ആഗ്രഹത്തിനൊത്ത് കാര്യങ്ങള്‍ നടന്നില്ലെങ്കിലോ എന്ന ഭയത്താല്‍ ഒന്നും ചെയ്യാതിരിക്കുന്നതു ശരിയല്ല. അതു വലിയൊരു അപരാധം തന്നെയാണ്. ചിലപ്പോള്‍ നിങ്ങള്‍ തീരെ വിചാരിക്കാത്ത വഴിയിലൂടെയാകും സംഭവങ്ങള്‍ നീങ്ങുക. മിക്കവാറും അതു നിങ്ങള്‍ സങ്കല്‍പ്പിച്ചതിനേക്കാള്‍ മെച്ചപ്പെട്ട രീതിയിലുമായിരിക്കും. പക്ഷെ മനസ്സിന്‍റെ സമനില നഷ്ടപ്പെടാതെ നോക്കണം. ഭാവമാധുര്യവും നഷ്ടപ്പെടുത്തരുത്. എങ്കില്‍ ഏതു വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോയാലും അതു നല്ല വഴിയേയാകൂ. അതിനു പകരം മനസ്സ് കലുഷിതമാവുകയും, ദേഷ്യവും സങ്കടവും, നിരാശയുമൊക്കെ കയറി ഭരിക്കാന്‍ തുടങ്ങുകയും ചെയ്താല്‍ സംഗതിയാകെ താറുമാറാവുകയും ചെയ്യും. അതുകൊണ്ട് ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചാലും ഈ രണ്ടു കാര്യങ്ങളും ഓര്‍മ്മ വെക്കണം...വിചാരവും, വികാരവും കൈവിട്ടു പോകരുത്. അങ്ങനെയായാല്‍ എന്തും നേരിടാനുള്ള മന:സ്ഥിതി നിങ്ങളില്‍ താനേയുണ്ടാവും...അതല്ലേ ഏറ്റവും നല്ല വഴി.

ആലോചിച്ചു നോക്കൂ...പാരച്യൂട്ട് ധരിച്ച് നിങ്ങള്‍ വിമാനത്തില്‍ നിന്നും എടുത്തുചാടി. പക്ഷെ അതു സമയത്തിന് തുറന്നില്ല. എന്നാലും ആശങ്കയും, പരിഭ്രമവും കൂടാതെ നിങ്ങള്‍ പെരുമാറി. മനസ്സ് ശാന്തമായിരുന്നു. അതു വലിയൊരനുഭവമല്ലേ? ''ടക്ക്'' എന്നത് നിങ്ങള്‍ അറിയുന്നില്ല. അതുകൊണ്ട് ബുദ്ധിമുട്ടുന്നത് മറ്റുള്ളവരാണ്, നിങ്ങളല്ല. താഴേക്കുള്ള ആ വീഴ്ച നിങ്ങള്‍ ആസ്വദിക്കുന്നു...അവസാനം...അതു നിങ്ങള്‍ അറിയുന്നില്ല. അങ്ങനെയുള്ള ചില സ്ഥിതിവിശേഷങ്ങള്‍...ഏതാണ്ട് ഞാന്‍ തൊട്ടറിഞ്ഞിട്ടുണ്ട്. ആ അനുഭവമുള്ളതു കൊണ്ടാണ് ഞാന്‍ പറയുന്നത്. ശാന്തവും സ്വസ്ഥവുമായ മനസ്സോടെ ആകാശത്തുനിന്നും ഭൂമിയിലേക്കുള്ള വീഴ്ച... അത്യത്ഭുതകരമായൊരു അനുഭവമല്ലേ? ഭൂമി സദാ തിരിഞ്ഞു കൊണ്ടിരിക്കുകയല്ലേ. പറയാനാവില്ല, നിങ്ങള്‍ താഴെയെത്തിയില്ലെന്നു വരാം...സദാ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു ലക്ഷ്യത്തെ എത്തിപ്പിടിപ്പിക്കുക എളുപ്പമല്ല. വാതിലുകള്‍ തുറന്നു വെക്കുന്നതു കൊണ്ട് ചില അപകടങ്ങള്‍ സംഭവിച്ചേക്കാം...എന്നാലും ജീവിതം നിങ്ങളറിയാതെ കടന്നുപോയി എന്ന നഷ്ടബോധമുണ്ടാവില്ല. ദൈവമെന്ന തസ്‌ക്കരന്‍

എത്ര തവണ നിങ്ങളെ ഒരാള്‍ അമ്പേ പറ്റിച്ചിട്ടുണ്ട്? ഒന്നോ രണ്ടൊ തവണ, അല്ലേ? ''വാള്‍ സ്ട്രീറ്റി''ലാണ് നിങ്ങള്‍ ജോലി ചെയ്യുന്നതെങ്കില്‍ കൂടുതല്‍ തവണ ചതി പറ്റിയിട്ടുണ്ടാവാം. നിങ്ങള്‍ ആയിരമായിരമാളുകളെ ജീവിതത്തില്‍ കണ്ടുമുട്ടുന്നു. അവരില്‍ നാലോ അഞ്ചോ പേര്‍ നിങ്ങളെ കബളിപ്പിച്ചെന്നിരിക്കട്ടെ. അതത്ര വലിയൊരു വിഷമമാണോ? നിങ്ങളുടെ ബുദ്ധിയെ ഒരു മുക്കില്‍ ഉറക്കിക്കിടത്തണം എന്നല്ല ഞാന്‍ പറയുന്നത്. ഒരു കാര്യം ഓര്‍ക്കണം. വാതിലുകള്‍ തുറന്നിടുമ്പോള്‍ സ്വാഭാവികമായും ബുദ്ധി ഉണര്‍ന്നിരിക്കും. അതു അപ്പോഴത്തെ ആവശ്യമാണ്. എപ്പോഴും മനസ്സ് ജാഗ്രത പാലിക്കും. അതേസമയം വാതിലുകള്‍ അടച്ചു കഴിഞ്ഞാലോ...സ്വാഭാവികമായും ബുദ്ധി മയക്കത്തിലേക്കു വീഴും.

അതു കൊണ്ടാണ് എപ്പോഴും ഈശ്വരന്‍ നിങ്ങളുടെ മുമ്പിലുണ്ട് എന്നു പറയുന്നത് ...പലരൂപത്തില്‍, ഭാവത്തില്‍ കണ്ടുപിടിക്കേണ്ട ചുമതല പൂര്‍ണ്ണമായും നിങ്ങള്‍ക്കാണ്...അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറുന്നില്ല.

ദൈവീക ചൈതന്യം ഏതു രൂപത്തിലാണ് വന്നെത്തുക എന്നു പറയാനാവില്ല. ചിലപ്പോള്‍ ഒരു കള്ളനായിട്ടാകാം. അങ്ങനെയുള്ള എത്രയോ കഥകള്‍ നമ്മള്‍ കേട്ടിരിക്കുന്നു. ഒരു മഹാത്മാവിന്‍റെ അരികിലേക്ക് ഒരു കള്ളന്‍ വരുന്നു. അദ്ദേഹം കള്ളനെ സ്വാഗതം ചെയ്യുന്നു. വേണ്ടതെല്ലാം എടുത്തു കൊള്ളാന്‍ പറയുന്നു. അതിന്‍റെ അര്‍ത്ഥം ആ മഹാത്മാവ് ഒരു വിഡ്ഢിയാണെന്നാണൊ? അല്ല, അദ്ദേഹം ഒരവസരവും നഷ്ടപ്പെടുത്താനാഗ്രഹിക്കുന്നില്ല. ഒരു പക്ഷെ ദൈവം തന്നെയാണ് കള്ളന്‍റെ രൂപത്തില്‍ വന്നിരിക്കുന്നതെങ്കിലോ? അതല്ല എങ്കില്‍ വന്നത് യഥാര്‍ത്ഥത്തിലുള്ള കള്ളനാവാം...എന്നാല്‍ അയാളോട് ദൈവത്തിനോടെന്ന പോലെ പെരുമാറിയാല്‍...ആ നിമിഷം കള്ളനില്‍ ഒരു മനം മാറ്റം ഉണ്ടായെന്നു വരാം. അങ്ങിനെയുള്ള സംഭവങ്ങളും നമ്മള്‍ കേട്ടിട്ടുള്ളതല്ലേ? ദൈവം നിങ്ങളുടെ മുമ്പില്‍ തസ്‌ക്കരനായി എത്തുന്നോ ഇല്ലയോ എന്നുള്ളതല്ല വിഷമം. ഏറ്റവും കൊള്ളരുതാത്തവനില്‍ നിന്നു പോലും ദൈവീക ചൈതന്യം പുറത്തേക്കു കൊണ്ടു വരാന്‍ നിങ്ങള്‍ക്കു കഴിയുന്നു. അതാണിവിടെ പ്രധാനം. അവിടുന്ന് മൂടപടമിട്ട് സ്വയം മറച്ചിരിക്കുന്നു. ആ കള്ളക്കുപ്പായം മാറ്റി ആ ദിവ്യ ചൈതന്യത്തെ പുറത്തേക്കു കൊണ്ടു വരേണ്ട ഉത്തരവാദിത്വം നിങ്ങളുടേതാണ്. അതു കൊണ്ടാണ് എപ്പോഴും ഈശ്വരന്‍ നിങ്ങളുടെ മുമ്പിലുണ്ട് എന്നു പറയുന്നത് ...പലരൂപത്തില്‍, ഭാവത്തില്‍ കണ്ടുപിടിക്കേണ്ട ചുമതല പൂര്‍ണ്ണമായും നിങ്ങള്‍ക്കാണ്...അദ്ദേഹം ഒരിക്കലും ഒഴിഞ്ഞുമാറുന്നില്ല.

കൂടുതല്‍ ശാഖകള്‍ തുറക്കാം

അതാണ് ഭക്തി...അത് എല്ലാം തന്നിലേക്കു വലിച്ചെടുക്കുന്നു. നിങ്ങള്‍ ഭക്തനാണോ, പിന്നെ അവിടെ നിങ്ങളില്ല, എല്ലാം ഒരു ശൂന്യതയാണ്. ഈശ്വരന്‍ എവിടെയാണോ അവിടെ നിന്നും പ്രകടമാവണം. പക്ഷിയോ, മരമോ, മൃഗമോ, മനുഷ്യനോ, ഈച്ചയോ എന്തുമാകട്ടെ, അതില്‍ നിന്നും പ്രത്യക്ഷമാകണം. മാഞ്ഞിരിക്കാന്‍ സാദ്ധ്യമല്ല. ആ അനുഭവം തെളിഞ്ഞുവരുന്നതോടെ, നിങ്ങളുടെ വാതിലുകളും കൂടുതല്‍ കൂടുതലായി തുറക്കപ്പെടുന്നു. സാല്‍ഫ്രാന്‍സികോയിലെ ഒരു തെരുവില്‍ ഒരു പിച്ചക്കാരനുണ്ടായിരുന്നു. ഒരു ഭക്ഷണശാലയുടെ പടിക്കലായി അയാള്‍ എന്നും ചെന്നു നില്‍ക്കും. ഒരു ബിസിനസ്സുകാരന്‍ എന്നും അവിടെ പ്രാതല്‍ കഴിക്കാനെത്തിയിരുന്നു. അയാള്‍ ഭക്ഷണം കഴിച്ചു പുറത്തു വരുമ്പോള്‍ ഭിക്ഷക്കാരന്‍ കൈ നീട്ടും. കയ്യിലുള്ള ചില്ലറ എണ്ണി നോക്കാതെ ബിസിനസ്സുകാരന്‍ അയാള്‍ക്കു കൊടുക്കുകയും ചെയ്യും. ഒരു ദിവസം ആ യാചകന്‍ ഒരു കൈ നീട്ടുന്നതിനു പകരം രണ്ടുകൈയ്യും അദ്ദേഹത്തിനു നേരെ നീട്ടി. അത്ഭുതത്തോടെ കച്ചവടക്കാരന്‍ ചോദിച്ചു, ''വര്‍ഷങ്ങളായി എപ്പോഴും ഒരു കൈയ്യാണല്ലോ നിങ്ങള്‍ നീട്ടാറ്...ഇന്നെന്തുപറ്റി, രണ്ടു കൈയ്യും നീട്ടാന്‍?'' ''എന്‍റെ കച്ചവടത്തിന് നല്ല പുരോഗതി...ഭിക്ഷക്കാരന്‍ പറഞ്ഞു. ''ഒരു ശാഖകൂടി തുറക്കാമെന്നു തീരുമാനിച്ചു. അതുപോലെയാവട്ടെ നിങ്ങളുടെ കാര്യവും. കച്ചവടം നന്നായി നടക്കുന്ന സമയമായതിനാല്‍ കൂടുതല്‍ കൂടുതല്‍ ശാഖകള്‍ തുറന്നുവെക്കൂ. അതിനര്‍ത്ഥം നിങ്ങള്‍ക്ക് ഈശ്വരകാരുണ്യം ധാരാളമായി ലഭിക്കുന്നു എന്നാണ്. കൂടുതല്‍ ശാഖകള്‍ തുറന്നില്ലെങ്കില്‍ അതിനര്‍ത്ഥം കൂടുതല്‍ കാരുണ്യം നേടാന്‍ നിങ്ങള്‍ക്ക് കഴിവില്ല എന്നാണ്. എല്ലാ ബ്രാഞ്ചുകളും തുറന്നു വെക്കാന്‍ സമയമായിരിക്കുന്നു.