ചോ: സദ്ഗുരു, ഞാൻ വിശ്വസിച്ചിരുന്നത്, അല്ലെങ്കിൽ സ്വയം വിശ്വസിക്കാൻ പ്രേരിതമായത്, "ഒരു ജന്മം, ഒരു പങ്കാളി" എന്ന ആശയത്തിലാണ്. എന്നാൽ ഞാനത് നിരീക്ഷിക്കുമ്പോൾ, ഏകപങ്കാളീബന്ധങ്ങൾ ഇപ്പോൾ നിലവിലില്ല എന്നാണ് എനിക്ക് തോന്നുന്നത്. ആ ആശയം തന്നെ പോയിക്കഴിഞ്ഞിരിക്കുന്നു. ഇതിനെക്കുറിച്ച് അങ്ങേക്കെന്താണ് തോന്നുന്നത്? 

സദ്ഗുരു: ലോകത്ത് മിക്കവാറും ഇടങ്ങളിൽ അത് തീർത്തും പോയിട്ടില്ല. ക്രമരഹിതമായ ലൈംഗിക ബന്ധങ്ങൾ വളരെയേറെ ഉണ്ടെന്നു തോന്നുന്ന    അമേരിക്കയിലാണെങ്കിൽ പോലും, ജനങ്ങൾ വിവാഹിതരാകുന്നത് അത് ആജീവനാന്തം നിലനിൽക്കും എന്ന് വിശ്വസിച്ചു കൊണ്ടാണ്. എന്തായാലും, രണ്ടു വർഷത്തിനുള്ളിൽ ആ ജീവിതത്തിനു അന്ത്യം സംഭവിക്കുന്നു എന്നത് വേറെ കാര്യം! പക്ഷെ, വിവാഹിതരാവുമ്പോൾ അവർ വിചാരിക്കുന്നത് അത് ഒരു ജന്മത്തിലേക്ക് ഉള്ളതാണ് എന്നാണ്. അതുകൊണ്ടാണ് അവർ വജ്രങ്ങളിൽ നിക്ഷേപിക്കുന്നത്. അവർ വിചാരിക്കുന്നു അതൊരു ജന്മത്തിലേക്കുള്ള നിക്ഷേപമാണെന്ന്.

നിർഭാഗ്യവശാൽ, പലവിധ കാരണങ്ങൾ കൊണ്ട് ബന്ധങ്ങൾ തകർന്നു പോകുന്നു. അതിനൊരു കാരണം, ആളുകൾ അവരുടെ ജീവിതത്തിൽ വൈകിയാണ് കണ്ടുമുട്ടുന്നത് എന്നതാണ്. ആളുകൾ ചെറുപ്പത്തിൽ, പതിനേഴോ പതിനെട്ടോ വയസ്സ് പ്രായമുള്ളപ്പോൾ കണ്ടുമുട്ടുകയാണെങ്കിൽ, അവരുടെ വ്യക്തിത്വം ഉറച്ചുപോയിട്ടുണ്ടാവില്ല. അപ്പോൾ, രണ്ടു വ്യക്തികൾ വളരെ എളുപ്പത്തിൽ ഒരാളെന്ന പോലെ ആയിത്തീരുന്നു. 

 

ഇപ്പോൾ അവർ മുപ്പതുകളിലാണ് കണ്ടുമുട്ടുന്നത്, രണ്ടുപേരും ഉറച്ചുപോയിരിക്കുന്നു - രണ്ട് ഉരുക്കു കട്ടകൾ.  സാധാരണയായി, ചെറുപ്പക്കാർ വിവാഹിതരായാൽ അവർ ഒന്നിച്ച് കഴിയുന്നു. അമ്പത് വയസ്സിനു മുകളിലുള്ളവർ വിവാഹം കഴിച്ചാൽ അവരും ഒന്നിച്ച് കഴിയുന്നതായിട്ടാണ് കാണുന്നത് , കാരണം അവർ വീണ്ടും മയപ്പെട്ടിരിക്കുന്നു.

മുപ്പതിനും അമ്പതിനും ഇടയിലാണെങ്കിൽ , അതൊരിത്തിരി ഉരുക്കു കട്ടയാണ്. ഘര്‍ഷണം ഉണ്ടാവുന്നു, അതിനു കാരണം അവരുടെ വ്യക്തിഭാവങ്ങൾ വളരെ ശക്തമായതാണ്. അവർ വിവേകികളാണെങ്കിൽ, അതിനതീമായതിനെ അവർ കണ്ടെത്തും.

 

ഏകപങ്കാളിത്വമാണെങ്കിലും, ബഹുപങ്കാളിത്വമാണെങ്കിലും, എന്ത് പങ്കാളിത്വമാണെങ്കിലും ശരി, നിങ്ങൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം, ഞാനും നിങ്ങളും ഇവിടെയുള്ളത് ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചതുകൊണ്ടാണ്. അവർ രക്ഷിതാക്കളായതുകൊണ്ട്, നിങ്ങൾ വിചാരിച്ചേക്കാം, അവർ പ്രേമിച്ചിട്ടില്ലെന്നും, ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടില്ലെന്നും, ഒരു പൂജാരി മന്ത്രം ജപിച്ചതു മൂലം നിങ്ങൾ ജനിച്ചു എന്നുമൊക്കെ. അല്ല, അതങ്ങനെയല്ല. ഒരാൾക്ക് ശാരീരികാഭിനിവേശമുണ്ടാവുകയും അവർ അത് വിവാഹത്തിലൂടെ കൈകാര്യം ചെയ്യുകയും ചെയ്തു, അതിനാൽ നാം ഇപ്പോൾ ഇവിടെയുണ്ട്.  

 

നിങ്ങളുടെ ജീവിതത്തിന്റെ ഒരു നിശ്ചിത ഘട്ടത്തിൽ, പതിനെട്ട് വയസ്സൊക്കെ ഉള്ളപ്പോൾ, നിങ്ങൾ വിവാഹത്തിന് എതിരായിരിക്കാം. എന്നാൽ നിങ്ങൾക്ക് മൂന്നു  വയസ്സ് പ്രായമുണ്ടായിരുന്നപ്പോൾ, നിങ്ങൾ വിവാഹത്തിന് വളരെ അനുകൂലമായിരുന്നു- നിങ്ങളുടെ രക്ഷിതാക്കളുടെ വിവാഹത്തിന്. നിങ്ങളുടെ രക്ഷിതാക്കൾക്ക് ഒരു ഉറച്ച വിവാഹബന്ധമുണ്ടായിരുന്നു എന്നത് നിങ്ങൾക്ക് സന്തോഷകരമായ ഒന്നായിരുന്നില്ലേ? എന്നാൽ, പതിനെട്ടായപ്പോൾ, വിവാഹവും മറ്റും കൂടാതെയുള്ള സ്വതന്ത്രമായ ലൈംഗികതയെക്കുറിച്ച് നിങ്ങൾ ചിന്തിക്കുന്നു. വീണ്ടും അമ്പത്-അമ്പത്തഞ്ചു വയസ്സാകുമ്പോൾ നിങ്ങൾ സ്ഥിരതയാർന്ന ഒരു ബന്ധത്തിനെ തേടുന്നു.   

 

ഇത് നിങ്ങളുടെ ജീവിതമാണ്, അതുകൊണ്ട് വൈകാരികമായ ഒരു ബന്ധത്തിനായി നിരന്തരം ഒരാളെ തേടികൊണ്ടിരിക്കുന്ന ഒരു ജീവിതം നയിക്കണമോ അതല്ല,എല്ലാം ഒരു പ്രത്യേക രീതിയിൽ സ്ഥിരപ്പെടുത്തിയതിനു ശേഷം നിങ്ങളുടെ ബുദ്ധിയും സമയവും വേറെയെന്തെങ്കിലും സൃഷ്ടിക്കാൻ ഉപയോഗപ്പെടുത്തണമോ എന്ന് നിങ്ങളാണ് പരിഗണിക്കേണ്ടത്.

അത് നിങ്ങളുടെ ജോലിയാണെങ്കിലും മറ്റെന്താണെങ്കിലും. ശരീരവും വികാരങ്ങളും സ്ഥിരപ്പെട്ടാൽ പിന്നെ 
നിങ്ങളുടെ ബുദ്ധി ഉപയോഗിക്കാനുള്ള കഴിവ്, അനുദിനം ആരെയെങ്കിലും കണ്ടുമുട്ടുന്നതിനായി അലഞ്ഞു നടക്കുമ്പോഴുള്ളതിനേക്കാളും, മികച്ചതായിരിക്കും.

 

ഞാനിതിനെ നിസ്സാരമാക്കുകയല്ല, പക്ഷെ, അമേരിക്കയിൽ നാൽപ്പത് വയസ്സിന് മേലെയുള്ള ധാരാളം സ്ത്രീകൾ, നാല്പത്തഞ്ചു വയസ്സുള്ളവർ, വളരെ നല്ല സ്ത്രീകൾ, ബാറിൽ ചെന്ന് കാത്തിരിക്കുന്നത് ഞാൻ കാണുന്നു. ഈയിടെ അതെല്ലാം ഓൺലൈനായികഴിഞ്ഞിരിക്കുന്നു - അല്ലെങ്കിൽ, അന്നത്തെ ദിവസം ആരെങ്കിലും അവരെ കൂട്ടിപോവണം.    

 

ഇത് തികച്ചും ക്രൂരമാണ്. നാല്പത്, നാല്പത്തഞ്ചു വയസ്സു പ്രായമുള്ള സ്ത്രീകൾ ശരിയായ അന്തരീക്ഷത്തിൽ സ്നേഹിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. എന്നാലിപ്പോൾ, ഏതോ ഒരപരിചിതൻ അവളുടെ നേരെ വരുന്നതും കാത്തു അവളവിടെ ഇരിക്കുകയാണ്. കൂടാതെ, അടുത്ത പത്തുമിനിറ്റിനുള്ളിൽ, അവൻ അവൾക്ക് കഴിക്കാനോ കുടിക്കാനോ വാങ്ങിച്ചു കൊടുക്കുമ്പോഴേക്കും അവൾ തീരുമാനമെടുക്കണം . ഇത് ദയനീയമാണ്. 

 

ഇതിനർത്ഥം എല്ലാവരും ആ വഴിക്ക് പോകും എന്നല്ല. എന്നാൽ, സാമൂഹ്യഘടനയെ തകർക്കും മുമ്പ് വിശാലമായ ക്ഷേമത്തെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിരിക്കണം. നിലനിൽക്കുന്നതിനേക്കാൾ മെച്ചപ്പെട്ട ഒരു ഘടനയെ പകരം വെക്കാനാവുമോ എന്ന് നിങ്ങൾ ചിന്തിക്കണം. നമ്മുടെ ജീവിതത്തിന്റെ ഏത് ദശയിലായാലും, ഒരു സാമൂഹ്യഘടനയെയോ, രാഷ്ട്രീയസംവിധാനത്തെയോ, സമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവത്തെയോ തകർക്കുന്നതിനു മുമ്പായി പകരം വെക്കാൻ അതിനേക്കാൾ നല്ലതൊന്നുണ്ടോ എന്ന് തീർച്ചയായും നമ്മൾ ചിന്തിച്ചിരിക്കണം. പകരം വെപ്പിന് മറ്റൊന്നില്ലാതെ താരതമ്യേന നന്നായി നിലകൊള്ളുന്ന ഒന്നിനെ തകർത്താൽ എല്ലാം തലകീഴ് മറിയും.

 

ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള അമ്പത് ആളുകളിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട സദ്ഗുരു, ഒരു യോഗിയും മിസ്റ്റിക്കും ദാർശനികനും ന്യൂയോർക്ക് ടൈംസിൻ്റെ ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവുമാണ്. സദ്ഗുരുവിൻ്റെ അസാധാരണവും വിശിഷ്ടവുമായ സേവനം കണക്കിലെടുത്ത്, 2017 ൽ ഭാരത സർക്കാർ രാജ്യത്തെ ഉയർന്ന വാർഷിക പൗര ബഹുമതിയായ പദ്മവിഭൂഷൻ നൽകി അദ്ദേഹത്തെ ആദരിച്ചു