सद्गुरु

അന്വേഷി: ഗുരുനാഥാ, ധ്യാനലിംഗ പ്രതിഷ്ഠക്ക് വെളളിയാംഗിരി മലയടിവാരം തിരഞ്ഞെടുക്കാന്‍ അങ്ങേക്ക് പ്രത്യേകിച്ച് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടായിരുന്നോ?

സദ്ഗുരു: ഞാന്‍ ശിശുവായിരുന്നപ്പോഴും, എന്‍റെ ബാല്യത്തിലും എന്‍റെ കാഴ്ചകള്‍ക്കു (കണ്ണുകള്‍ക്ക്) പുറകില്‍ എന്നും മലകളുണ്ടായിരുന്നു. എനിക്ക് പതിനാറുവയസ്സാവുന്നതുവരെ ഞാന്‍ വിചാരിച്ചിരുന്നത് മറ്റുളളവരുടെ കാഴ്ചയിലും മലകളുണ്ടായിരിക്കുമെന്നായിരുന്നു. എന്‍റെ സുഹൃത്തുക്കളുമായി ഇക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ പറഞ്ഞു, “നിനക്ക് വട്ടാണ്, എവിടെ മലകള്‍?” എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം അവ എപ്പോഴും എന്‍റെ കണ്‍മുന്‍പിലുണ്ടായിരുന്നു.

എനിക്ക് പതിനാറുവയസ്സുളളപ്പോള്‍ മുതല്‍ ഞാന്‍ ഈ സ്ഥലത്തിന്‍റെ അന്വേഷണത്തിലായിരുന്നു.

എനിക്ക് പതിനാറുവയസ്സുളളപ്പോള്‍ മുതല്‍ ഞാന്‍ ഈ സ്ഥലത്തിന്‍റെ അന്വേഷണത്തിലായിരുന്നു. പിന്നെയത് ഞാന്‍ വേണ്ടെന്നു വച്ചു. കാരണം എപ്പോഴുമത് എന്‍റെ കണ്‍മുന്‍പില്‍ തന്നെയുണ്ടായിരുന്നു. എല്ലായ്പോഴും ഒന്നുതന്നെ കണ്ടുകൊണ്ടിരുന്നാല്‍ ഞാന്‍ അതുമായി ഇണങ്ങിച്ചേരും. നിങ്ങളുടെ കണ്ണടയില്‍ ഒരടയാളമുണ്ടെങ്കില്‍ കുറെ കഴിയുമ്പോള്‍ അതുമായി താദാത്മ്യം പ്രാപിക്കുന്നു. ഇതും അതുപോലെയേ ഉളളു. ധ്യാനലിംഗത്തിന്‍റെ ജോലി തുടങ്ങാറായപ്പോള്‍ ഞാന്‍ ആ മലകള്‍ അന്വേഷിക്കുവാന്‍ തുടങ്ങി. ഭ്രാന്തനേപ്പോലെ ഞാന്‍ എല്ലായിടത്തും അതിനുവേണ്ടി തിരച്ചില്‍ നടത്തി. എന്‍റെ മോട്ടോര്‍ സൈക്കിളില്‍ ഗോവ മുതല്‍ കന്യാകുമാരി വരെ ആ മലകള്‍ എവിടെ എന്നന്വേഷിച്ച് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചു. ഇവിടെയെത്തി ഏഴാം മലനിര കണ്ടപ്പോള്‍ എനിക്ക് സ്ഥലം ഇത് തന്നെയാണെന്നുറപ്പായി. ആരുടെ ഉടമസ്ഥതയിലുളളതാണ് ഈ സ്ഥലമെന്ന് നമുക്കറിയുകയില്ലായിരുന്നു. എന്നാല്‍ അത് സ്വന്തമാക്കണം എന്ന് തീരുമാനിച്ചു. ഒന്‍പത് പത്ത് ദിവസങ്ങള്‍ക്കുളളില്‍ അതിന്‍റെ ആധാരം രജിസ്റ്റര്‍ ചെയ്തു. ഒന്നുമറിഞ്ഞു കൊണ്ടല്ല ഞാന്‍ ആദ്യം ഇവിടേക്കു വന്നത്, അങ്ങിനെ സംഭവിച്ചു എന്നുമാത്രം.