ധ്യാനലിംഗ ക്ഷേത്രത്തിലെ നാദാരാധന
 
 

सद्गुरु

അന്വേഷി: ധ്യാനലിംഗ ക്ഷേത്രത്തിലെ നാദാരാധന ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട്. എന്നെ ആഴത്തില്‍ സ്പര്‍ശിച്ച, എന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ മൂഹൂര്‍ത്തമായിരുന്നു അത്. ശബ്ദത്തെ ഈശ്വരാര്‍പണമാക്കുന്നതിന്‍റെ പ്രധാന്യമെന്താണ് സദ്ഗുരോ?

സദ്ഗുരു: നിങ്ങള്‍ ഇത് വേണ്ട രീതിയില്‍ മനസ്സിലാക്കണം. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ നാദാരാധന പ്രത്യേകിച്ച് ഒന്നും ചെയ്യുന്നില്ല. ശബ്ദത്തെ ഈശ്വരാര്‍പണമാക്കുന്നതുകൊണ്ട് ഊര്‍ജതലത്തില്‍ ഒന്നും സംഭവിക്കുന്നില്ല. അത് കൊണ്ടുവരാന്‍ കാരണമുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ ധ്യാനലിംഗത്തിന്‍റെ ഊര്‍ജപ്രഭാവം ആളുകള്‍ക്ക് ഉള്‍ക്കൊളളാനാവുന്നതിനപ്പുറമാണ്. അതിനെ താങ്ങാനാവും വിധമാക്കാന്‍ ഞാന്‍ ശബ്ദത്തെ, മനസ്സിലയവു വരുത്തുന്ന തരത്തില്‍ ഉപയോഗിക്കുന്നു എന്നുമാത്രം. ധാരാളം ആളുകള്‍ ക്ഷേത്രത്തില്‍ വന്നുകൊണ്ടിരുന്നാല്‍ പ്രശ്നങ്ങള്‍ ഉണ്ടാവില്ല. ചില പ്രത്യേക ദിവസങ്ങളില്‍ പതിനായിരം മുതല്‍ പതിനയ്യായിരം വരെ ആളുകള്‍ വരാറുണ്ട്. എന്നാല്‍ സാധാരണ ദിവസങ്ങളില്‍ ആയിരത്തില്‍ താഴെ മാത്രമേ ഉണ്ടാവൂ. അതിനാല്‍ പല സമയങ്ങളിലും പ്രത്യേകിച്ച് രാത്രിയില്‍, ക്ഷേത്രത്തില്‍ ഒട്ടും ആളനക്കമില്ലാതെ, നിശ്ചലമായിരിക്കും. ആ നിശ്ചലാവസ്ഥയില്‍ അവിടുത്തെ ഊര്‍ജപ്രഭാവം താങ്ങാവുന്നതിനപ്പുറമായിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വാഭാവികമായി അതില്‍ നിന്ന് മുഖം തിരിക്കുകയാണ് ആളുകള്‍ ചെയ്യുക. ഇതിനുകാരണം ജീവിതം മുഴുവന്‍ മനുഷ്യന്‍ ചിലവിടുന്നത് അതിജീവനം എന്ന ചിന്തയിലൂടെയായതാണ്. താങ്ങാനാവാത്ത ഏത് ചുറ്റുപാടില്‍ പെട്ടാലും അവന്‍ പുറമേനിന്ന് ഒന്നിനേയും കടത്തിവിടാത്ത ഒരു രക്ഷാകവചം തനിക്കുചുറ്റും തീര്‍ത്ത് അതില്‍ ഒതുങ്ങിക്കൂടുന്നു. ധ്യാനലിംഗത്തിനടുത്തെത്തുമ്പോഴും ആളുകള്‍ ചെയ്യുന്നത് ഇതുതന്നെയാണ്. മനസ്സുതുറന്ന് സ്വീകരിക്കുന്നതിനുപകരം അവര്‍ അതില്‍ നിന്ന് മുഖം തിരിക്കുന്നു. നാദാരാധന കേള്‍ക്കുമ്പോള്‍ അത് ശ്രദ്ധിക്കാന്‍ മനസ്സു തുറക്കുന്നു. ഒരിക്കല്‍ മനസ്സു തുറന്നാല്‍ ബാക്കി ജോലി ഊര്‍ജം ചെയ്തുകൊളളും. ഏത് നിമിഷവും അതുപോലെയാവേണ്ടതാണ്, എന്നാല്‍ ആളുകള്‍ സ്വീകരിക്കാന്‍ തയ്യാറാകണ്ടേ? ഞാന്‍ ഇവിടെ വെറുതെ ഇരുന്നാല്‍ നിങ്ങള്‍ ആരും എന്നെ ശ്രദ്ധിക്കുകയില്ല. നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി ഞാന്‍ സംസാരിക്കുന്നു, എന്നാല്‍ എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂര്‍ത്തങ്ങള്‍ ഞാന്‍ യാതൊന്നും ചെയ്യാതെ ഇരിക്കുമ്പോഴാണ്. ആ നിശ്ശബ്ദതയില്‍ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി എനിക്ക് ചെയ്യാനാവും. ഞാന്‍ ഏറ്റവും സ്ഫോടനാത്മകമാവുന്നതും അത്തരം സന്ദര്‍ഭങ്ങളിലാണ്.

അന്വേഷി: ‘ഒന്നും ചെയ്യാതെ ഇരിക്കുക’ എന്നതുകൊണ്ട് എന്താണ് അങ്ങ് ഉദ്ദേശിക്കുന്നത്, സദ്ഗുരോ?

സദ്ഗുരു: നിങ്ങള്‍ യോഗ പരിശീലിക്കുകയാണെങ്കില്‍, അവസാനം ഒന്നും ചെയ്യാതെ ഇരിക്കുന്ന അവസ്ഥയിലെത്തും എന്ന് ആളുകള്‍ക്ക് ഒരു മിഥ്യാധാരണയുണ്ട്. ഒരിടത്ത് അനങ്ങാതെ ഇരിക്കുന്നതുകൊണ്ട് നിങ്ങള്‍ക്ക് ജീവിതത്തിലെ മറ്റ് കാര്യങ്ങള്‍ കൈകാര്യം ചെയ്യാനാവില്ല എന്നര്‍ഥമാക്കേണ്ട. ഒന്നും ചെയ്യാതെയിരിക്കുന്നതിനര്‍ഥം, ഇരുപത്തിനാലു മണിക്കൂറും ജോലി ചെയ്താലും നിങ്ങള്‍ക്ക് ഒന്നും ചെയ്തതായി തോന്നുകയില്ല എന്നാണ്. മനസ്സിലായോ? ഇതിനുകാരണം നിങ്ങള്‍ ചെയ്യുന്ന ജോലിയുമായി, നിങ്ങള്‍ താദാത്മ്യം പ്രാപിക്കുന്നില്ല, എന്നതാണ്. വേണ്ടപ്പോള്‍ വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു അത്രമാത്രം.

 
 
 
  0 Comments
 
 
Login / to join the conversation1