ചിന്തകളോടും പരിതസ്ഥിതികളോടും താദാത്മ്യം പ്രാപിക്കാതിരിക്കുക

അന്വേഷി: എന്‍റെ ചിന്തകളോടും പരിതസ്ഥിതികളോടും താദാത്മ്യം പ്രാപിക്കാതിരുന്നാല്‍, സന്ദര്‍ഭത്തിനനുസരിച്ച് എന്‍റെ കഴിവുകള്‍ പൂര്‍ണ്ണമായി ഉപയോഗിച്ച് ആവശ്യമുള്ളതു ചെയ്യുവാന്‍ കഴിയുമോ?
 

സദ്ഗുരു: നോക്കൂ, യുക്തിപരമായി നിങ്ങള്‍ എന്തെങ്കിലുമായി താദാത്മ്യം പ്രാപിക്കാതിരിക്കുക എന്നാല്‍ നിങ്ങളുടെ പ്രവൃത്തികളും നിങ്ങളുമായി ഒരു അകലമുള്ളതുപോലെ തോന്നുക എന്നാണ്. എന്നാല്‍, താദാത്മ്യം ഇല്ലാതിരിക്കുക എന്നതിന് അര്‍ത്ഥം ഭാഗഭാക്കാകാതിരിക്കുക എന്നായിക്കൊള്ളണമെന്നില്ല. സത്യത്തില്‍, താദാത്മ്യം പ്രാപിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് ബോധപൂര്‍വ്വം ഇടപെടാന്‍ കഴിയും.

നിങ്ങള്‍ പൂര്‍ണ്ണമായും ഭാഗഭാക്കാകാതിരിക്കുന്നതിനുള്ള ഒരു കാരണം, നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്ന ഓരോ സംഭവത്തിലും പൂര്‍ണ്ണമായി മുഴുകാന്‍ നിങ്ങള്‍ക്കു കഴിയുന്നില്ല, നിങ്ങള്‍ വളരെ ആഴത്തില്‍ താദാത്മ്യം പ്രാപിച്ചിരിക്കുന്നു എന്നതാണ്. നിങ്ങള്‍ ഒരു സ്ഥാപിതതാല്പര്യം പോലെയായിരിക്കുന്നു, അതുകൊണ്ട് നിങ്ങള്‍ക്ക് നിങ്ങളെ പൂര്‍ണ്ണമായും സമര്‍പ്പിക്കാന്‍ കഴിയുന്നില്ല. എന്നാല്‍ നിങ്ങള്‍ അതുമായി താദാത്മ്യം പ്രാപിക്കാതിരുന്നാല്‍, നിങ്ങള്‍ക്ക് സ്വമനസ്സാലെ അതില്‍ തികച്ചും ഭാഗഭാക്കാകാന്‍ കഴിയും. കാരണം നിങ്ങള്‍ അതുമായി താദാത്മ്യപ്പെട്ടിട്ടില്ല.

ഇപ്പോള്‍, ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍ - ഏതാനും പേര്‍ സ്വസ്ഥമായി ഇവിടെ ഇരിക്കുന്നു - നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെങ്കില്‍ ഒരു സങ്കോചവും കൂടാതെ ഇതില്‍ മുഴുകാം. കാരണം, നിങ്ങള്‍ ഇതുമായി താദാത്മ്യം പ്രാപിച്ചിട്ടില്ല. ഒന്നും നഷ്ടപ്പെടാനില്ല, ഒന്നും ലഭിക്കാനുമില്ല.

നിങ്ങള്‍ക്ക് വെറുതെ ഇതുമായി പങ്കുചേരാം. എന്നാല്‍ നിങ്ങള്‍ ഇതുമായി താദാത്മ്യം പ്രാപിച്ചുകഴിഞ്ഞാല്‍, ഓരോ നിമിഷവും നിങ്ങളുടെ പങ്കാളിത്തം നിങ്ങള്‍ ആരാണ്, എന്താണ് എന്നതിനെയൊക്കെ ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്യും. അതിനാല്‍ ഓരോ സന്ദര്‍ഭത്തിലും, നിങ്ങള്‍ പോകണമെന്നു വിചാരിക്കുന്ന രീതിയിലല്ല അതു പോകുന്നതെങ്കില്‍, നിങ്ങളുടെ വ്യക്തിത്വംതന്നെ ചോദ്യം ചെയ്യപ്പെടും. അതു നിങ്ങള്‍ക്കു വളരെ അരക്ഷിതവും ഭയാനകവുമായ ഒരു അവസ്ഥയായിരിക്കും. ഒരിക്കല്‍ നിങ്ങള്‍ ഈ അവസ്ഥയിലൂടെ കടന്നുപോയാല്‍, ഒന്നിലും ഭാഗഭാക്കാവാതെ നിങ്ങള്‍ ഒതുങ്ങിപ്പോകും, ജീവിതത്തോടുള്ള നിങ്ങളുടെ ബന്ധംപോലും കുറഞ്ഞു പോവും.

നിങ്ങള്‍ ജീവിതവുമായി താദാത്മ്യം പ്രാപിക്കാതിരിക്കുന്നിടത്തോളം കാലമേ യഥാര്‍ത്ഥത്തില്‍ ജീവിതവുമായി നന്നായി ഇടപഴകാന്‍ കഴിയൂ. നമ്മുടെ ചിന്തകള്‍, നാം ജീവിക്കുന്ന അവസ്ഥകള്‍, ഈ രണ്ടു കാര്യത്തിലും അതു ബാധകമാണ്.

അന്വേഷി: ഞാന്‍ സന്ദര്‍ഭവുമായി താദാത്മ്യം പ്രാപിക്കാതിരുന്നാല്‍, ആവശ്യമായതൊക്കെ ചെയ്യുവാന്‍ എനിക്കു കഴിയുമെന്നാണോ അങ്ങു പറയുന്നത്? അങ്ങനെ ആയാല്‍ ആ പ്രത്യേക സന്ദര്‍ഭത്തില്‍ എനിക്ക് പൂര്‍ണ്ണമായി ഭാഗഭാക്കാകുന്നതിന് കഴിയുമോ എന്നു സംശയമുണ്ട്.

എന്‍റെ ഏതെങ്കിലും ഒരു കുടുംബാംഗത്തിന് എന്തെങ്കിലും സംഭവിക്കുന്നു എന്നു കരുതുക, അവര്‍ക്ക് എന്നാല്‍ കഴിയുന്നതു ഞാന്‍ ചെയ്‌തേക്കാം. എന്നാല്‍ ഞാന്‍ ആ സന്ദര്‍ഭവുമായി അടുക്കാതിരുന്നാല്‍, രാവും പകലും ആ വ്യക്തിയെ സഹായിക്കുന്നതില്‍ ഞാന്‍ ഇടപെടുമെന്ന് അങ്ങു കരുതുന്നുണ്ടോ?

സദ്ഗുരു: ഇപ്പോള്‍, നിങ്ങള്‍ സ്‌നേഹിക്കുന്ന ആര്‍ക്കെങ്കിലും എന്തെങ്കിലും സംഭവിച്ചാല്‍, നിങ്ങള്‍ അതുമായി താദാത്മ്യം പ്രാപിച്ചിട്ടില്ലെങ്കില്‍, നിങ്ങളുടെ കഴിവിന്‍റെ പരമാവധി എല്ലാം നിങ്ങള്‍ ചെയ്യും. നിങ്ങള്‍ താദാത്മ്യം പ്രാപിച്ചിട്ടില്ല എന്നതുകൊണ്ടുമാത്രം സ്‌നേഹം ഇല്ലാതാവില്ല. എന്നാല്‍ നിങ്ങള്‍ അതുമായി താദാത്മ്യം പ്രാപിച്ചുവെന്നിരിക്കട്ടെ, നിങ്ങള്‍ ഉറങ്ങുകയില്ല; ആഹാരം കഴിക്കുകയില്ല; സാധാരണഗതിയില്‍ നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുമായിരുന്ന ഒരു കാര്യവും നേരെ ചെയ്യുകയില്ല.

അതിനാല്‍ നിങ്ങള്‍തന്നെ പറയുക, ഏതാണു നല്ല മാര്‍ഗ്ഗം? നിങ്ങളുടെ എല്ലാ കഴിവുകളും പ്രാപ്തിയും പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്തുകയാണോ, അതോ അവ നഷ്ടപ്പെടുത്തുകയാണോ? ഏതാണു ശരി? നിങ്ങളോട് അടുപ്പമോ സ്‌നേഹമോ ഉള്ളവരാരെങ്കിലും രോഗബാധിതരാകുകയോ മരിക്കുകയോ ചെയ്താല്‍, നിങ്ങള്‍ സര്‍വ്വബലവും ചോര്‍ന്ന് തകര്‍ന്നു വീഴണമെന്നും, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അവരോടു യാതൊരു സ്‌നേഹവുമില്ല എന്നാണര്‍ത്ഥമെന്നും അജ്ഞരായ ആളുകള്‍ എല്ലായ്‌പ്പോഴും നിങ്ങളെ വിശ്വസിപ്പിച്ചിട്ടുണ്ട്. അതു ശരിയല്ല.

തളര്‍ന്നു വീഴുന്നതുകൊണ്ട് സ്‌നേഹമുണ്ടെന്നര്‍ത്ഥമില്ല. സ്‌നേഹമെന്നത് ഒരു കഴിവാണ്. സ്‌നേഹമെന്നത് ഒരു ഭാഗഭാഗിത്വമാണ്. സ്‌നേഹമെന്നത് ഒരു പ്രതിബദ്ധതയാണ്. അതിനു നിങ്ങള്‍ തകര്‍ന്നു പോകേണ്ട യാതൊരു ആവശ്യവുമില്ല. അലിഞ്ഞില്ലാതാകുകയാണെങ്കില്‍, അതു നല്ലതു തന്നെ. നിങ്ങള്‍ തളര്‍ന്നു പോകുകയാണെങ്കില്‍, അതു താദാത്മ്യം പ്രാപിച്ചതുകൊണ്ടു മാത്രമാണ്, അല്ലാതെ ഭാഗഭാഗിത്വം ഉള്ളതുകൊണ്ടല്ല. തകര്‍ന്നുപോകാത്തതില്‍ നിങ്ങള്‍ക്കു കുറ്റബോധം തോന്നുന്നതാണു പ്രശ്‌നം, അല്ലേ? (ചിരിക്കുന്നു) ജീവിതം ആസ്വദിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റബോധം തോന്നുന്നു. സജീവമായിരിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റബോധം തോന്നുന്നു. സന്തോഷത്തോടെയിരിക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റബോധം തോന്നുന്നു.

വീട്ടില്‍ ഒരാള്‍ അസുഖമായിക്കിടക്കുന്നു, നിങ്ങള്‍ ചിരിച്ചുകൊണ്ടിരിക്കുന്നു - നിങ്ങള്‍ക്കതില്‍ കുറ്റബോധം തോന്നുന്നുവെങ്കില്‍ അതു വെറും വിവരക്കേടാണ്. ഒരാള്‍ക്ക് അസുഖമാണ്, അതുകൊണ്ട് ലോകം മുഴുവനും സുഖമില്ലാതിരിക്കണമെന്നില്ല. ഒരാള്‍ക്ക് അസുഖം വന്നാല്‍, കുടുംബത്തിലെ മറ്റുള്ളവരെല്ലാം സന്തോഷമായിരിക്കേണ്ടതു വളരെ പ്രധാനമാണ്, അല്ലേ? നിങ്ങളുടെ കുടുംബത്തിന് ഏതാണു നല്ലത്?

ഇപ്പോള്‍ നിങ്ങളുടെ കുടുംബത്തിലെ ഒരാള്‍ അസുഖമായിരിക്കുന്നു. നിങ്ങളെല്ലാം സന്തോഷത്തോടെ ആ വ്യക്തിക്കു വേണ്ടതെല്ലാം ഭംഗിയായി ചെയ്തുകൊണ്ടിരിക്കുകയാണോ വേണ്ടത്, അതോ നിങ്ങളെല്ലാം സഹാനുഭൂതികൊണ്ട് രോഗികളായിത്തീരണോ?

അന്വേഷി: താന്‍ ദുഃഖിതനായിരിക്കുമ്പോള്‍ തന്‍റെ ചുറ്റുമുള്ളവരെല്ലാം സന്തോഷമായിരിക്കുന്നതു രോഗിക്കു കൂടുതല്‍ വേദനാകരമല്ലേ?

സദ്ഗുരു: ഇപ്പോള്‍ നിങ്ങള്‍ മാനസികരോഗികളെക്കുറിച്ചാണ് സംസാരിക്കുന്നത്. (ചിരിക്കുന്നു) ഏതെങ്കിലും തരത്തില്‍ ഒരാള്‍ക്കു സുഖമില്ലാതായാല്‍, അയാള്‍ക്കു സന്തോഷത്തിന്‍റെ കുത്തിവയ്പ്പ് നല്‍കേണ്ടതുണ്ട്, ദുഃഖത്തിന്‍റെ കുത്തിവയ്പ്പല്ല ആവശ്യം. അയാള്‍ക്കു വേണ്ടിയാണ് നിങ്ങള്‍ സന്തോഷമായിരിക്കുന്നത്. അല്ലാതെ അയാളെ വീണ്ടും ദുഃഖിപ്പിക്കാനല്ല. ആര്‍ക്കെങ്കിലും അസുഖമുണ്ടെങ്കില്‍, അദ്ദേഹത്തിനുചുറ്റും സന്തോഷത്തിന്‍റെയും സുഖത്തിന്‍റെയും ഒരു അന്തരീക്ഷം നിങ്ങള്‍ ഉണ്ടാക്കണം.

എന്നാല്‍ സംസ്‌കാരങ്ങള്‍ എല്ലായ്‌പ്പോഴും ഈ തെറ്റുവരുത്തിയിട്ടുണ്ട് - ആര്‍ക്കെങ്കിലും അസുഖമായാല്‍, നിങ്ങള്‍ അയാള്‍ക്കുചുറ്റും അനാരോഗ്യത്തിന്‍റെയും സങ്കടത്തിന്‍റേതുമായ ഒരു അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടതെന്ന്. ചുറ്റുപാടുമുള്ളവരെപ്പറ്റി യഥാര്‍ത്ഥത്തില്‍ ഉത്കണ്ഠയുള്ളവരാണെങ്കില്‍, നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും നല്ല കാര്യം എപ്പോഴും സന്തോഷത്തിന്‍റെയും സുഖത്തിന്‍റെയുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ്, അല്ലാതെ അനാരോഗ്യത്തിന്‍റെയും ദുഃഖത്തിന്‍റെയുമല്ല. മറ്റാരെങ്കിലും സന്തോഷമായിരിക്കുന്നതില്‍ അയാള്‍ക്കു മനഃപ്രയാസമുണ്ടെങ്കില്‍, അയാളുടെ പ്രശ്‌നം ആ രോഗമല്ല.

 
 
 
 
  0 Comments
 
 
Login / to join the conversation1