ബിസിനസ്സിലെ ഇടപാടുകള്‍ പോലെ തന്നെയാണ് ജീവിതത്തിലെ ഇടപാടുകളും
ജോലി ചെയ്യുന്ന ഇടങ്ങളില്‍, ഇടപാടുകള്‍ കിട്ടാനുള്ള സാധ്യതയുണ്ടോ എന്ന് മുന്‍കൂറായി അറിയിക്കില്ല. അവസാനനിമിഷം വരെ ഞാണിന്മേലാട്ടും. ഇതെല്ലാം ബിസിനസ്സിനെ ബാധിക്കുന്നു, മനസ്സിനെ അലട്ടുന്നു.
 
 

सद्गुरु

ജീവിതത്തില്‍ എല്ലാ ഇടപാടുകളിലും നിങ്ങള്‍ക്ക്‌ മെച്ചമുണ്ടാവണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍, കരാറുകള്‍ ഉണ്ടാക്കാതിരിക്കുക. ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ പല ഇടപാടുകളും ആവശ്യമായിവരും, വ്യക്തിഗതവും, അങ്ങനെയല്ലാത്തവയും. എല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കും.

അന്വേഷി : ജോലി ചെയ്യുന്ന സ്ഥാപനത്തെക്കുറിച്ചു സംസാരിക്കുകയാണെങ്കില്‍, ജോലിക്കാര്യങ്ങള്‍ക്കായി ഞങ്ങള്‍ സമീപിക്കുന്ന ഒരു കമ്പനിയുണ്ടായിരുന്നു. ഇടപാടുകള്‍ ഞങ്ങള്‍ക്കു ലഭിക്കാനുള്ള സാധ്യതയുണ്ടോ എന്നത്‌ അവര്‍ മുന്‍കൂറായി അറിയിക്കുകയില്ല.അവസാനനിമിഷം വരെ ഞാണിന്മേലാട്ടും. മനസ്സ് കൊണ്ടവരെ ശപിച്ചിട്ടുണ്ട്. അലോസരപ്പെടുത്തുന്ന അനുഭവമായിരുന്നു. അവരുമായിട്ടുള്ള ഒരിടപാടും വേണ്ട എന്നുവച്ച് മുന്നോട്ടു നീങ്ങിയാലോ എന്ന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്‌. അവരുടെ ബുദ്ധിമുട്ട് ഞങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍, സമാധാനം ലഭിക്കുമായിരിക്കും, പക്ഷെ ഈ കാലതാമസം കരാറുറപ്പിക്കുന്ന സമയം ഞങ്ങളെടുക്കേണ്ട തീരുമാനങ്ങളെ ബാധിക്കുന്നു. ഇതെല്ലാം മനസ്സിനെ വല്ലാതെ അലട്ടുന്നു.

സദ്‌ഗുരു: ജീവിതത്തില്‍ എല്ലാ ഇടപാടുകളിലും നിങ്ങള്‍ക്ക്‌ മെച്ചമുണ്ടാവണമെന്നാണ്‌ ആഗ്രഹിക്കുന്നതെങ്കില്‍, കരാറുകള്‍ ഉണ്ടാക്കാതിരിക്കുക. കരാറുകള്‍ വേണമെന്നുണ്ടെങ്കില്‍, എല്ലാ രീതിയിലും നിങ്ങളുടെ കക്ഷിയുമായിട്ടുള്ള നിങ്ങളുടെ ബന്ധം സംരക്ഷിക്കത്തക്കവിധം നിങ്ങള്‍ സ്വയം മാറുക. ഇതൊരു സൂത്രപ്പണിയല്ല. കരാര്‍ ഉണ്ടാക്കുന്നത്‌ രണ്ടുപേരുടെയും നന്മക്കായതിനാല്‍, രണ്ടുപേര്‍ക്കും അതില്‍ നിന്ന് ഉപകാരം ഉണ്ടാവണം, ലാഭം ഉണ്ടാക്കാനുള്ള അവസരവും ലഭിക്കണം. ഈ ലോകത്ത്‌ ജീവിക്കുമ്പോള്‍ പല ഇടപാടുകളും ആവശ്യമായിവരും, വ്യക്തിഗതവും, അങ്ങനെയല്ലാത്തവയും. എല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കും.

ഒരു ഇടപാടിനെ മറ്റൊന്നിനുപരിയായി കാണുന്നതാണ്‌ പ്രശ്‌നം. ഒന്നിനോട്‌ കൂടുതല്‍ ആഭിമുഖ്യം കാട്ടുമ്പോള്‍, മറ്റൊന്നിനോട്‌ കുറവു കാട്ടുന്നു. അതു ശരിയല്ല.

ഒരു ടാക്‌സിഡ്രൈവറുമായി ഒരു മിനിട്ട് സംസാരിക്കുന്നു എന്നിരിക്കട്ടെ, അതും ഒരിടപഴകലാണ്. മേലുദ്യോഗസ്ഥനുമായിട്ടോ, കക്ഷിയുമായോ, അതുമല്ലെങ്കില്‍ ഭര്‍ത്താവുമായോ, ഭാര്യയുമായോ, കുട്ടിയുമായോ സംസാരിക്കുന്നു എന്നിരിക്കട്ടെ, ഇതെല്ലാംതന്നെ ഓരോതരത്തിലുള്ള ഇടപഴലുകലാണ്. ഇവയെല്ലാം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്‌. ഒരു ഇടപാടിനെ മറ്റൊന്നിനുപരിയായി കാണുന്നതാണ്‌ പ്രശ്‌നം. ഒന്നിനോട്‌ കൂടുതല്‍ ആഭിമുഖ്യം കാട്ടുമ്പോള്‍, മറ്റൊന്നിനോട്‌ കുറവു കാട്ടുന്നു. അതു ശരിയല്ല. ഫലപ്രദമായ ഒരു ജീവിതത്തിന്‌ ഇതെല്ലാം ആവശ്യമാണ്‌ - ചെറുതും വലുതും, സാമ്പത്തികമായതും അല്ലാത്തതും, സുഹൃത്തുക്കള്‍ തമ്മിലുള്ളതും, ബദ്ധവിരോധികള്‍ തമ്മിലുള്ളതും. ഈ ഓരോ ഇടപാടുകള്‍ നടക്കുമ്പോഴും സ്‌നേഹബന്ധം നിലനിര്‍ത്തുവാന്‍ എന്തുകൊണ്ട്‌ നിങ്ങള്‍ക്ക്‌ കഴിയുന്നില്ല? ബന്ധങ്ങള്‍ പുലര്‍ത്താനുതകുന്ന ഒരു സാഹചര്യമാണ്‌ നിങ്ങള്‍ കാംക്ഷിക്കുന്നതെങ്കില്‍, അതിനെ ഒരു ലാളിത്യമുള്ള സ്‌നേഹബന്ധമാക്കി മാറ്റുക. എന്തുകൊണ്ടായിക്കൂടാ? അങ്ങിനെയാണെങ്കില്‍ കാര്യങ്ങളെല്ലാം സുഗമമായി പര്യവസാനിക്കും.

സദ്ഗുരു : എന്തിനെയാണ്‌ നിങ്ങള്‍ സ്‌നേഹം എന്ന്‍ വിളിക്കുന്നത്‌?

അന്വേഷി : നിരുപാധികമായി ഇഴുകിച്ചേരുക, അവര്‍ക്ക് വേണ്ടതെല്ലാം ചെയ്യുക.

സദ്ഗുരു : അപ്പോള്‍ അത്തരത്തിലൊരു ഇഴുകിച്ചേരല്‍ ഇല്ലാ എങ്കില്‍, സ്വന്തം ലാഭത്തിനുവേണ്ടി മാത്രമുള്ള ഇടപാടായിരിക്കും മറ്റൊരാളുമായി നിങ്ങള്‍ നടത്തുക, അല്ലേ? ലവലേശം ബുദ്ധിയുള്ള ഒരാള്‍പോലും ഇത്തരത്തിലുള്ള ഇടപാടുകളില്‍ കൊത്തുകയില്ല.

ഒരിക്കല്‍ അവിവാഹിതനായ ഒരാള്‍ ഒരു സുന്ദരിയുടെ പിറകെ കൂടുകയും, ഒരു കടുത്ത ആരാധകനെപ്പോലെ മാസങ്ങളോളം പിന്‍തുടരുകയും ചെയ്‌തു. അവസാനം, ധൈര്യം സംഭരിച്ച്‌ താന്‍ ഇത്രയും നാള്‍ ചോദിക്കാന്‍ കരുതിവച്ചിരുന്ന കാര്യം ചോദിച്ചു,

“ഒരു അവിവാഹിതനായിരിക്കുന്നതില്‍ വളരെയധികം പ്രയോജനങ്ങളുണ്ട്‌.” അയാള്‍ തുടങ്ങി, “പക്ഷെ, ചില നേരങ്ങളില്‍ മറ്റൊരാളുടെ സാമീപ്യം ഞാനാഗ്രഹിക്കുന്നു; എനിക്ക്‌ സ്വന്തമെന്ന്‍ കരുതുന്ന, ഒരാളുടെ സാമീപ്യം. എല്ലാ സുഖദുഃഖങ്ങളും പങ്കുവെയ്ക്കുവാന്‍ തയ്യാറുള്ള ഒരാളുമായിട്ടുള്ള സൌഹൃദം. അനുകമ്പ, നന്ദി, ആരാധന, ഇതൊക്കെ...” അവരുടെ കണ്ണിലെ അനുകമ്പയുടെ തിളക്കം കണ്ട അയാള്‍ക്കു വാചകം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല.

സമ്മതത്തോടെ തലയാട്ടിയിട്ട് അവര്‍ പറഞ്ഞു, "വളരെ നല്ല ആശയം! ഞാന്‍ നല്ല ഒരു പട്ടിക്കുഞ്ഞിനെ വാങ്ങാന്‍ നിങ്ങളെ സഹായിക്കാം.’’

അതുകൊ‌ണ്ട് ഒരു കരാറുണ്ടാക്കുമ്പോള്‍ നിങ്ങളേക്കാള്‍ ബുദ്ധിമാനായ ഒരാളെ ആണ്‌ കണ്ടെത്തുന്നതെങ്കില്‍, ഒരു കാലത്തും ആ ഇടപാടില്‍ നിങ്ങള്‍ക്ക്‌ പ്രയോജനമുണ്ടാവില്ല. അതേ സമയം, നിങ്ങള്‍ സ്വയം പരിത്യജിച്ചു രണ്ടുപേര്‍ക്കും പ്രയോജനപ്പെടുന്ന ഒരു കരാറിനുവേണ്ടി ശ്രമിച്ചാല്‍, എപ്പോഴെല്ലാം സാധ്യമാണോ, അപ്പോഴെല്ലാം ഇടപാടുണ്ടാകും. ഇടപാടുകള്‍ എപ്പോഴും വിപണിയിലെ സാഹചര്യങ്ങള്‍, സാമ്പത്തികസ്ഥിതി, ആഗോള സാഹചര്യങ്ങള്‍ എന്നീ ഉപാധികളില്‍ അധിഷ്‌ഠിതമാണ്‌. എന്നാല്‍ നിങ്ങളുടെ ഉള്‍പ്രേരണക്കനുസരിച്ച്‌ പരമാവധി ചെയ്യാന്‍ കഴിഞ്ഞാല്‍, നിങ്ങളുടെ ശേഷിക്കനുസരിച്ച്‌ സംഭവിക്കേണ്ടത് സംഭവിക്കും. നിങ്ങളുടെ കൊക്കിലൊതുങ്ങാത്തത് സംഭവിക്കുകയുമില്ല, എത്രതന്നെ അതിനുവേണ്ടി ശ്രമിച്ചാലും.

നിങ്ങള്‍ സ്വയം പരിത്യജിച്ചു രണ്ടുപേര്‍ക്കും പ്രയോജനപ്പെടുന്ന ഒരു കരാറിനുവേണ്ടി ശ്രമിച്ചാല്‍, എപ്പോഴെല്ലാം സാധ്യമാണോ, അപ്പോഴെല്ലാം ഇടപാടുണ്ടാകും.

എത്താത്ത കൊമ്പിലെല്ലാം എത്തിപ്പിടിക്കാന്‍ കഴിയുന്ന ഒരതിമാനുഷനാവേണ്ട കാര്യം നിങ്ങള്‍ക്കുണ്ടോ? എന്നാല്‍ നിങ്ങളാലാവുന്നതു ചെയ്യാതിരിക്കുന്നതും ശരിയല്ല. അങ്ങിനെ ചെയ്യാതെ വരുമ്പോഴാണ് മാത്രമാണ് നിങ്ങള്‍ തോല്‍ക്കുന്നത്.‌ ‘കരാറുകള്‍, കൂടുതല്‍ കൂടുതല്‍ ഇടപാടുകള്‍’ എന്ന ചിന്ത വെടിയുക. സ്വയം സമര്‍പണമാണ്‌ ഇങ്ങിനെയുള്ള ചുറ്റുപാടുകളില്‍ നിങ്ങളുടെ ഗുണത്തിനുവേണ്ടി നിങ്ങള്‍ക്കു ചെയ്യാന്‍ കഴിയുന്നത്.

ഒരായുസ്സു മുഴുവന്‍ ഉടമ്പടികള്‍ക്കുവേണ്ടി ഉഴിഞ്ഞുവയ്ക്കുകയാണെങ്കില്‍ നിങ്ങളെ ദൈവത്തിന്റെ അനുചരനായിയല്ല, സാത്താന്‍റെ അനുചരനായി കാണേണ്ടിവരും. സാത്താന്‍ എല്ലായ്‌പ്പോഴും ആരുമായെങ്കിലും ഉടമ്പടി ഉണ്ടാക്കിക്കൊണ്ടിരിക്കും എന്നാണു സങ്കല്‍പം. ദൈവം ഒരിക്കലും ആരുമായും ഉടമ്പടി ഉണ്ടാക്കിയിട്ടില്ല.

ഒരിക്കല്‍ ഒരു പുരോഹിതന്‍ തെരുവിലൂടെ നടക്കുമ്പോള്‍, അല്‍പം മുന്‍പ്‌ കത്തിക്കുത്തേറ്റ ഒരു മനുഷ്യനെ കണ്ടു. വേദനകൊണ്ട്‌ പുളഞ്ഞും, ശ്വാസം വിടാന്‍ ബുദ്ധിമുട്ടിയും അയാള്‍ ആ തെരുവില്‍ കമഴ്‌ന്ന്‍ കിടക്കുകയായിരുന്നു. സ്‌നേഹവും അനുകമ്പയുമാണ്‌ ഏറ്റവും വലിയ മാനുഷികവികാരങ്ങളെന്ന്‍ പുരോഹിതന്‍ പഠിച്ചിരുന്നു. അദ്ദേഹം ആ മനുഷ്യന്‍റെ അരികിലേക്ക്‌ പാഞ്ഞു. കമഴ്‌ന്നു കിടന്ന അയാളെ നേരേ കിടത്തിയപ്പോഴാണ്‌ അയാള്‍ സാത്താന്‍ തന്നെയാണെന്ന്‍ മനസ്സിലാക്കിയത്‌. നടുക്കത്താലും ഭയത്താലും അദ്ദേഹം പിന്നോട്ടു മാറി. സാത്താന്‍ പറഞ്ഞു,

“ദയവായി എന്നെ സഹായിക്കൂ, ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കൂ.’’

പുരോഹിതന്‍ ഇങ്ങിനെ പറഞ്ഞു, “ഞാന്‍ എന്തിന്‌ സാത്താനായ നിന്നെ രക്ഷിക്കണം? നീ ദൈവത്തിനെതിരാണ്‌. അങ്ങിനെയുള്ളവനെ ഞാന്‍ എന്തിനു രക്ഷിക്കണം? നീ മരിക്കേണ്ടവനാണ്‌. പൌരോഹിത്യം തന്നെ സാത്താനെ ബഹിഷ്‌ക്കരിക്കാനുള്ളതാണ്‌. എന്തായാലും ആരോ ഒരു നല്ല കാര്യം ചെയ്‌തിരിക്കുന്നു. ഞാന്‍ നിന്നെ മരിക്കാന്‍ വിടുന്നു.’’

സാത്താന്‍ പറഞ്ഞു, “ദൈവം നിങ്ങളോടു പറഞ്ഞിരിക്കുന്നത്‌ ശത്രുക്കളെപ്പോലും സ്‌നേഹിക്കുക എന്നാണ്‌. ഞാന്‍ നിങ്ങളുടെ ശത്രുവാണെങ്കിലും, നിങ്ങള്‍ എന്നെ സ്‌നേഹിക്കണം.’’

ഇതുകേട്ട പുരോഹിതന്‍ പറഞ്ഞു, “എനിക്കറിയാം, സാത്താന്‍ എപ്പോഴും വേദവാക്യം ഉദ്ധരിക്കുമെന്ന്‍, എന്നാല്‍ ഞാന്‍ അതില്‍ വീഴാന്‍ പോകുന്നില്ല.’’

ഇതുകേട്ട സാത്താന്‍ പറഞ്ഞു, “വിഡ്‌ഢിത്തം പറയാതിരിക്കച്ചോ! ശരി, നിങ്ങള്‍ വേദവാക്യങ്ങള്‍ വകവയ്ക്കണ്ട. എന്നാല്‍ ഞാന്‍ ഇപ്പോള്‍ പറയുന്നത്‌ ബിസിനസ്സാണ്‌, വെറും ബിസിനസ്സ്. സാത്താനില്ലെങ്കില്‍ പിന്നെ ആര്‌ പള്ളിയില്‍ വരും? ഞാന്‍ മരിച്ചാല്‍ ദേവാലയത്തില്‍ പിന്നെ ആരുവരും? ആര്‌ ദൈവത്തെ തേടും? അപ്പോള്‍ പിന്നെ നിങ്ങളെവിടെപ്പോകും?’’

ആളുകള്‍ അമ്പലത്തിലോ പള്ളിയിലോ പോകുന്നത്‌ ദൈവത്തിനു വേണ്ടിയല്ല, ചെകുത്താന്‍ ഉപദ്രവിക്കുന്നതുകൊണ്ടാണ്‌. ചെകുത്താന്‍ മരിക്കുകയാണെങ്കില്‍ പുരോഹിതനും, പൂജാരിയ്ക്കുമെന്തു സംഭവിക്കും? അത്‌ ഓര്‍ത്തപ്പോള്‍ പുരോഹിതനു ബിസിനസ്സ്‌ ചിന്തയുണ്ടായി. ഉടന്‍ തന്നെ സാത്താനെ തോളിലേറ്റി പുരോഹിതന്‍ ആശുപത്രിയിലെത്തിച്ചു.

സ്വാര്‍ത്ഥ താത്‌പര്യങ്ങള്‍ മുന്‍നിര്‍ത്തി ഒരിക്കലും കരാറുകളില്‍ ഏര്‍പ്പെടരുത്‌. നിങ്ങള്‍ ദൈവീകസ്വഭാവം ആര്‍ജിച്ചിട്ടുള്ള ആളായിരിക്കാം, ഇല്ലാത്ത ആളായിരിക്കാം, പക്ഷെ ഈ ഒരു കാര്യത്തിലെങ്കിലും നമുക്ക്‌ ദൈവത്തെ അനുകരിക്കാം. ജിവിതമെന്ന വീഥിയില്‍ പല കോണില്‍ നിന്നും നിങ്ങള്‍ക്ക്‌ കരാര്‍ വാഗ്‌ദാനങ്ങള്‍ ലഭിക്കും. ഒരു തരത്തില്‍ നോക്കിയാല്‍ എല്ലാവരും കേവലം ബിസിനസ്സുകാരാണ്‌. എല്ലാവരും ഏതെങ്കിലും തരത്തിലുള്ള കരാറുകള്‍ ഉറപ്പിക്കാന്‍ ശ്രമിക്കുന്നു. ചിലര്‍ വ്യാപാരസ്ഥലത്ത്‌, മറ്റു ചിലര്‍ വീട്ടില്‍, വേറെചിലര്‍ ക്ഷേത്രത്തില്‍, കുറച്ചുപേര്‍ അവരുടെ ആദ്ധ്യാത്മികപ്രക്രിയ വഴിയും. എല്ലാവരും ഏതെങ്കിലും കരാറുകള്‍ക്കു ശ്രമിക്കുന്നു. കരാര്‍ നിങ്ങള്‍ക്കനുകൂലമാണെങ്കില്‍ നിങ്ങള്‍ വളരെ മാന്യമായി, പരിഷ്‌കൃതരീതിയില്‍ പെരുമാറും; എന്നാല്‍ കരാര്‍ നിങ്ങള്‍ക്കനുകൂലമല്ലാത്തപ്പോള്‍ നിങ്ങള്‍ ആക്രോശിക്കുകയും, അലമുറയിടുകയും ചെയ്യും.

ജീവിതത്തിലെ മുന്‍ഗണനാക്രമങ്ങലെല്ലാം തകിടം മറിയാം. കരാറുകള്‍ ചിലപ്പോള്‍ തിരിച്ചടിക്കും, ബൂമറാങ്ങ്‌പോലെ (boomerang). ഒരു നാള്‍ ശങ്കരന്‍പിള്ളയുടെ ധാന്യപ്പുര കത്തിനശിച്ചു. നിരാശനും നിസ്സഹായനുമായ അയാള്‍ ഊണ്‌ വേണ്ടെന്നുവച്ച്‌ തന്‍റെ ദുഃഖഭാരം ഇറക്കിവെയ്ക്കാന്‍ ബാറിലേക്കു പോയി. അയാളുടെ ഭാര്യ കാര്യങ്ങള്‍ സ്വയം ഏറ്റെടുത്ത്‌, ഇന്‍ഷുറന്‍സ്‌ കമ്പനിയെ ഫോണിലൂടെ വിളിച്ച്‌ കയര്‍ത്തു,

“ഞങ്ങളുടെ ധാന്യപ്പുര അഞ്ചുലക്ഷം രൂപയ്ക്ക്‌ ഇന്‍ഷ്വര്‍ ചെയ്‌തിട്ടുണ്ട്‌, എനിക്ക്‌ ആ പണം ഇപ്പോള്‍ കിട്ടണം. മനം നൊന്ത എന്‍റെ ഭര്‍ത്താവ്‌ ഭക്ഷണം കഴിച്ചിട്ടുകൂടിയില്ല.’’

ഇത്‌ കേട്ട ഏജന്റ്‌ പറഞ്ഞു, “ഒരു മിനിട്ട് ക്ഷമിക്കു മാഡം, ഇന്‍ഷുറന്‍സ്‌ നിങ്ങള്‍ പറയുന്നതുപോലെയല്ല പ്രവര്‍ത്തിക്കുന്നത്‌. ധാന്യപ്പുരയില്‍ എത്രത്തോളം ധാന്യം ഉണ്ടായിരുന്നു എന്ന്‍ ഞങ്ങള്‍ക്ക്‌ തിട്ടപ്പെടുത്തേണ്ടതായിട്ടുണ്ട്‌. അതിനുശേഷം നഷ്‌ടം സംഭവിച്ചതിന്‌ തുല്യമായ തുക നിങ്ങള്‍ക്ക്‌ ലഭ്യമാക്കും.’’

കുറെ നേരത്തെ മൌനത്തിന്‌ ശേഷം മിസ്സിസ്‌ പിള്ള ഗൌരവത്തോടെ പറഞ്ഞു, “ഓ! അങ്ങിനെയാണെങ്കില്‍ എന്‍റെ ഭര്‍ത്താവിന്‍റെ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ റദ്ദാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

അന്വേഷി : ഓ, എന്‍റെ ദൈവമേ.....

സദ്‌ഗുരു : നഷ്‌ടപ്പെട്ടതിന്‌ തുല്യമായ മറ്റൊന്ന്‍ ആര്‍ക്കു വേണം, അതും ഇതുപൊലൊരു ഭര്‍ത്താവിനെ! വാസന എന്നാല്‍ എന്തെന്ന്‍ നിങ്ങള്‍ക്കറിയുമോ? നിങ്ങളില്‍തന്നെയുള്ള പഴകിയ ചില സ്വഭാവങ്ങളും അഭിരുചികളുമാണവ. നിങ്ങള്‍ വളരെ നല്ലവനും, സ്‌നേഹമുള്ളവനുമാണെന്ന്‍ വരുത്തിത്തീര്‍ക്കാന്‍ എത്രകണ്ട്‌ ശ്രമിച്ചാലും, കരാറുകള്‍ ലഭിക്കുമ്പോള്‍ നിങ്ങളിലെ വാസനകള്‍ മറ നീക്കി പുറത്തുവരും. ഇടപാടിലേര്‍പ്പെടാനുള്ള പ്രേരണ തോന്നും.

നിങ്ങള്‍ നിങ്ങളുടേതായ ഒരു ലക്ഷ്യം സ്ഥാപിച്ചു കഴിഞ്ഞാല്‍, പിന്നെ ഒരു കരാറിലും നിങ്ങള്‍ ഏര്‍പ്പെടുകയില്ല. നിങ്ങളുടെ പാതയില്‍ നിന്ന്‍ വ്യതിചലിക്കുകയുമില്ല.

അതുകൊണ്ടാണ്‌ ആദ്ധ്യാത്മിക കാര്യങ്ങളില്‍ ഒരു ലക്ഷ്യം സ്ഥാപിക്കുന്നതിനെക്കുറിച്ച്‌ നാം സംസാരിക്കാറുള്ളത്‌. നിങ്ങള്‍ നിങ്ങളുടേതായ ഒരു ലക്ഷ്യം സ്ഥാപിച്ചു കഴിഞ്ഞാല്‍, പിന്നെ ഒരു കരാറിലും നിങ്ങള്‍ ഏര്‍പ്പെടുകയില്ല. നിങ്ങളുടെ പാതയില്‍ നിന്ന്‍ വ്യതിചലിക്കുകയുമില്ല. ലക്ഷ്യം മാത്രം നിങ്ങളെ എവിടെയും കൊണ്ടെത്തിക്കുകയില്ല. വാസ്‌തവത്തില്‍ അതൊരു തടസ്സമാണ്‌. വളര്‍ച്ചയുടെ പ്രക്രിയയില്‍ എവിടെയെങ്കിലും വച്ച്‌ അതിനെ ഉപേക്ഷിക്കേണ്ടതായി വരും. ലക്ഷ്യം നിലനില്‍ക്കുന്നതുതന്നെ, ഇനി ഒരു കരാറിലും ഏര്‍പ്പെടില്ല എന്നുറപ്പുവരുത്താന്‍ വേണ്ടി മാത്രമാണ്‌. അല്ലാതെ കൂടുതല്‍ കെട്ടുപാടുകളില്‍ പെടുത്താനല്ല. ഇടപാടുകളുടെ പ്രലോഭനങ്ങളില്‍ നിന്ന്‍ നിങ്ങളെ മോചിപ്പിക്കുന്നതും ഈ ലക്ഷ്യം തന്നെയാണ്‌.

Photo credit to : https://pixabay.com/en/personal-silhouettes-human-885547/

 
 
  0 Comments
 
 
Login / to join the conversation1