ഭയം എന്തുകൊണ്ട്? അതില്‍നിന്നും എങ്ങനെ മോചനം നേടാം?

ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം, അത് വെറും സാങ്കല്പികമാണ്. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല.
 

सद्गुरु

നിലവിലില്ലാത്ത എന്തിനെയൊക്കെയോ ആണ് നാം ഭയപ്പെടുന്നത്. മനസ്സില്‍ മാത്രം ജീവിക്കുന്നതുകൊണ്ടാണങ്ങിനെ സംഭവിക്കുന്നത്‌.

സദ്‌ഗുരു : ജീവിതത്തെ വേണ്ടതുപോലെ അറിഞ്ഞ്, അല്ലെങ്കില്‍ ഉള്‍ക്കൊണ്ടുകൊണ്ട് നിങ്ങള്‍ ജീവിക്കുന്നില്ല, അതുകൊണ്ടാണ് ഭയം തോന്നുന്നത്. സ്വന്തം മനസ്സിലാണ് നിങ്ങള്‍ ജീവിക്കുന്നത്. എന്ത് സംഭവിക്കാന്‍ പോകുന്നു എന്നതിനെക്കുറിച്ചാണ് എപ്പോഴും ഭയം, അതായത് നിലവിലില്ലാത്ത ഒന്നിനെയാണ് നിങ്ങള്‍ ഭയപ്പെടുന്നത്. ഇല്ലാത്തതിനെക്കുറിച്ചുള്ള ഭയം - അതിന്റെ അര്‍ത്ഥം നിങ്ങളുടെ ഭയം സാങ്കല്പികമാണ് എന്നല്ലേ? അങ്ങനെയുള്ള ഭയങ്ങളെ ചിത്തഭ്രമം എന്ന്‍ സാധാരണയായി പറയാറുണ്ട്. അങ്ങനെ നോക്കുമ്പോള്‍ അധികമാളുകളും ചില്ലറ ചിത്തഭ്രമം ഉള്ളവരാണെന്ന് കാണാം, കാരണം എല്ലാവര്‍ക്കുമുണ്ട് ഓരോ തരത്തിലുള്ള ഭയങ്ങള്‍ - അതിലേറെയും സാങ്കല്പികവുമാണ്.

സംഭവിച്ചു കഴിഞ്ഞതിനെക്കുറിച്ചോ, സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ചോ ആണല്ലോ മനുഷ്യര്‍ക്ക് ഭയം. നിലവിലില്ലാത്ത ഒന്നിനെക്കുറിച്ച് ചിന്തിച്ചാണ് മനുഷ്യന്‍ ഭയപ്പെടുന്നത്. സാങ്കല്‍പിക ലോകത്ത് ജീവിക്കുന്നതു കൊണ്ടാണത്. യാഥാര്‍ത്ഥ്യത്തില്‍ കാലുറപ്പിച്ച് നില്‍ക്കുന്നില്ല എന്നതാണ് സത്യം. മനസ്സ് എന്നാല്‍ ഒരു ഭാഗം ഓര്‍മ്മയും ഒരു ഭാഗം ഭാവനയുമാണ്. ഒരു തരത്തില്‍ പറഞ്ഞാല്‍ രണ്ടും ഭാവന തന്നെ, കാരണം രണ്ടും ഇപ്പോള്‍ നിലവിലുള്ളതല്ല. നിങ്ങള്‍ നിങ്ങളുടെ സങ്കല്പങ്ങളില്‍ ആണ്ടുപോകുന്നു. അതാണ്‌ ഭയത്തിനുള്ള കാരണം. യാഥാര്‍ത്ഥ്യത്തിലാണ് നിങ്ങള്‍ ശ്രദ്ധ പതിപ്പിച്ച് നില്‍ക്കുന്നതെങ്കില്‍, ഭയം നിങ്ങളെ തീണ്ടുകയില്ല.

ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു.

ഭയം കൊണ്ടാണ് എപ്പോഴും നിങ്ങള്‍ ജീവിതത്തില്‍ അതിരുകള്‍ കെട്ടിപ്പൊക്കുന്നത്. ആ അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങിയിരുന്നാല്‍ സ്വയം സുരക്ഷിതരായിരിക്കും എന്ന്‍ കരുതുന്നു. അവിടെ പ്രശ്നമാകുന്നത്, ജീവിതത്തില്‍ നിന്നുതന്നെ നിങ്ങള്‍ മാറി നില്‍ക്കുന്നു എന്നതാണ്. നിങ്ങള്‍ വേലിക്കകത്തും, ജീവിതം വേലിക്ക് പുറത്തും എന്ന സ്ഥിതിവിശേഷം.
നിങ്ങള്‍ ഈ ലോകത്തില്‍ ഭൂജാതനായിരിക്കുന്നത് എന്തിനാണ്? എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? അതാണ്‌ ആദ്യം തീരുമാനിക്കേണ്ടത് - ജീവിതം അനുഭവിച്ചറിയാനോ, അതോ അതില്‍നിന്നും ഒഴിഞ്ഞു മാറാനോ? ജീവിതത്തെ അനുഭവിക്കണമെങ്കില്‍, മനസ്സില്‍ അതിനെപ്രതി തീവ്രമായ പ്രതിപത്തിയുണ്ടാവണം. അതില്ല എങ്കില്‍ ജീവിതത്തെ അതിന്റെ നിറവോടെ അനുഭവിക്കാനാവില്ല. സ്വയം രക്ഷയ്ക്കായി നിങ്ങള്‍ ഭയത്തെ ഒരുപകരണമാക്കുന്നു. അതോടെ ജീവിതത്തിന്റെ ആസ്വാദ്യത നക്ഷ്ടപ്പെടുന്നു. അങ്ങനെ വരുമ്പോള്‍ ജീവിതത്തെ അനുഭവിക്കാനുള്ള കഴിവും നിങ്ങള്‍ക്ക് നഷ്ടമാകുന്നു. അത് നിങ്ങളെ കൊണ്ടെത്തിക്കുക മാനസികമായ അസ്വാസ്ഥ്യങ്ങളിലാണ്. പിന്നെ നിങ്ങള്‍ അറിയുന്നതും അനുഭവിക്കുന്നതുമെല്ലാം മനസ്സിന്റെ ചെയ്തികളില്‍ കൂടി മാത്രമായിരിക്കും.

പൂര്‍ണമായും മനസ്സിന് കീഴ്പ്പെടുമ്പോള്‍, അതായത് ഭയത്തിന്റെയും ആധിയുടെയും പിടിയില്‍ തീര്‍ത്തും അകപ്പെടുമ്പോള്‍, ജീവിതത്തിലെ സന്തോഷങ്ങളും ഉത്സാഹങ്ങളും നിങ്ങള്‍ അറിയാതെ പോകുന്നു. കാരണം എല്ലാം മറന്ന് ആഹ്ലാദിക്കാനുള്ള കഴിവ് നിങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോകുന്നു. അങ്ങിനെയുള്ളവര്‍ക്ക് അവനവനെത്തന്നെ മറന്ന് ജീവിതം ആസ്വദിക്കാന്‍ ആവില്ല. മതി മറന്ന് പാട്ടു പാടാനോ, നൃത്തം ചെയ്യാനോ സാധിക്കുകയില്ല, മനസ്സ് തുറന്നൊന്നു ചിരിക്കാനോ കരയാനോ പോലും ആവില്ല. ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഗതിയും നിര്‍വഹിക്കാവാനാത്ത അവസ്ഥ. ഒരു മൂലയില്‍ തനിച്ചിരുന്ന്‍ ജീവിതത്തെക്കുറിച്ചും, അതിലെ ഭയങ്ങളെ കുറിച്ചും ഓര്‍ത്ത് നിരന്തരം വിലപിക്കാന്‍ മാത്രമേ കഴിയുകയുള്ളു.

എന്തിനെക്കുറിച്ചാണ് നിങ്ങള്‍ ഭയപ്പെടുന്നത്? സംഭവിച്ചതിനെക്കുറിച്ചല്ല, ഇനിയെന്തു സംഭവിക്കും എന്നോര്‍ത്താണ് ഭയപ്പെടുന്നത്. ഭാവിയെക്കുറിച്ചാണ് എല്ലാ ഭയവും. ഭാവി വരാനിരിക്കുന്നതേയുള്ളു. ഇല്ലാത്ത കാര്യങ്ങളെക്കുറിച്ചോര്‍ത്ത് ക്ലേശിക്കുന്നവര്‍ മനസ്സിന് ഉറപ്പില്ലാത്തവരാണ്. “എല്ലാവരും എന്നെപ്പോലെയാണ്” എന്നു പറഞ്ഞാശ്വസിക്കാം. നിങ്ങളോടോപ്പമാണ് ഭൂരിപക്ഷം പേരും എന്ന സമാധാനം കിട്ടും.

ഭയത്തെ എങ്ങനെ മറികടക്കാം?

ജീവിതത്തിന്‍റെ കരവലയത്തില്‍ നിന്നും ഉണ്ടായിട്ടുള്ള ഒന്നല്ല ഭയം. മിഥ്യാസങ്കല്‍പ്പങ്ങളില്‍ സമനില തെറ്റിപ്പോയ മനസ്സിന്റെ ഉല്പന്നമാണ് പേടി. നിങ്ങള്‍ യാഥാര്‍ത്ഥ്യത്തില്‍ ജീവിതത്തില്‍ കാലുറപ്പിക്കുന്നില്ല. അതിന്റെ ഫലമായി നിലവിലില്ലാത്ത സംഗതികളെക്കുറിച്ച് നിങ്ങളുടെ മനസ്സ് ക്ലേശിക്കുന്നു. നിങ്ങളുടെ മനസ്സ് സദാ സംഭവിച്ചുകഴിഞ്ഞ കാര്യങ്ങള്‍ കൊത്തിപ്പെറുക്കിക്കോണ്ടിരിക്കുന്നു. അതില്‍നിന്നും കുറെ ഭാവിയിലേക്കും ചിതറിവീഴുന്നു. വാസ്തവത്തില്‍ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂട. ഭൂതകാലത്തിന്റെ ഒരു തുണ്ടെടുത്ത്, അതില്‍ എന്തൊക്കെയോ ചില മിനുക്കുപണികള്‍ ചെയ്ത് അതുതന്നയാണ് ഭാവി എന്നു വിശ്വസിക്കുന്നു.

വാസ്തവത്തില്‍ ഭാവിയെക്കുറിച്ച് നിങ്ങള്‍ക്ക് ഒന്നുംതന്നെ അറിഞ്ഞുകൂട. ഭൂതകാലത്തിന്റെ ഒരു തുണ്ടെടുത്ത്, അതില്‍ എന്തൊക്കെയോ ചില മിനുക്കുപണികള്‍ ചെയ്ത് അതുതന്നയാണ് ഭാവി എന്നു വിശ്വസിക്കുന്നു.

ഭാവിയില്‍ എന്താണ് സംഭവിക്കുക? മരിക്കും, അത്ര തന്നെ! എന്തായാലും മരിക്കുമെന്നുറപ്പ്. അതുകൊണ്ട് മരിച്ചുകൊണ്ട് ജീവിക്കണോ അതോ ജീവിച്ചുകൊണ്ട് മരിക്കണോ? മരിക്കുന്നതുവരെ സുഖമായി ജീവിക്കാന്‍ ശ്രമിക്കു. അതല്ലേ ബുദ്ധിപരമായത്?

ഭാവി എങ്ങനെ വേണമെന്ന് നിങ്ങള്‍ക്ക് ആലോചിച്ച് തീരുമാനിക്കാം, അതല്ലാതെ ഭാവിയില്‍ ജീവിക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? പക്ഷെ ഒരു വലിയ ശതമാനം മനുഷ്യര്‍ ജീവിക്കുന്നത് ഭാവിയിലാണ്. അതുകൊണ്ടാണ് അവരുടെ മനസ്സില്‍ ഇത്രയധികം ഭയം. അതിനെ മറികടക്കാന്‍ ഒരു വഴിയെ ഉള്ളു, യാഥാര്‍ത്ഥ്യത്തിലേക്ക് തിരിച്ചുവരിക. ഇപ്പോള്‍ എന്ത് നടക്കുന്നുവോ അതില്‍ പൂര്‍ണമായും മനസ്സിരുത്തുക. നിലവിലില്ലാത്ത കാര്യങ്ങള്‍ സങ്കല്പിച്ചുകൂട്ടി പേടിച്ചിരിക്കുന്നത് ബുദ്ധിശൂന്യതയാണ്. ചിന്തകള്‍ വര്‍ത്തമാനകാലത്തില്‍ ഉറച്ച് നില്‍ക്കുമ്പോള്‍, അവിടെ ഭയത്തിന് സ്ഥാനമില്ല. അര്‍ത്ഥമില്ലാത്ത സങ്കല്‍പങ്ങള്‍ അകന്നുപോകുന്നതോടെ ഭയവും നിങ്ങളെ വിട്ടൊഴിയും. അതുകൊണ്ട് നിലവിലുള്ള കാര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുക.

ഭാവിയെക്കുറിച്ചുള്ള അജ്ഞത, അതിനെക്കുറിച്ചുള്ള അമ്പരപ്പ്, അതില്‍ നിന്നാണ് ഭയം ഉടലെടുക്കുന്നത്. മരണത്തിനപ്പുറത്ത് ഒന്നും സംഭവികാനില്ല എന്നാര്‍ക്കാണ് അറിയാത്തത്? എന്നാലും എനിക്കീയിടെയൊന്നും മരണമില്ല, ഇനിയും ഒരുപാടു വര്‍ഷക്കാലം ഞാന്‍ ജീവിച്ചിരിക്കും എന്നാണ് ഓരോരുത്തരും വിശ്വസിക്കുന്നത്. എത്രത്തോളം അന്തസ്സായി, സ്വാതത്ര്യത്തോടെ നിങ്ങള്‍ ജീവിച്ചു എന്നുള്ളതാണ് മുഖ്യം. മാന്യമായി സ്വന്തം ജീവിതം ജീവിക്കാന്‍ സാധിച്ച ഒരു വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം. അങ്ങനെയല്ലാത്തവരെ സംബന്ധിച്ചടത്തോളം ജീവിതവും മരണവും ഒരുപോലെ ദുരന്തമായിരിക്കും.

മാന്യമായി സ്വന്തം ജീവിതം ജീവിക്കാന്‍ സാധിച്ച ഒരു വ്യക്തിക്ക് തന്റെ മരണവും മാന്യതയോടെ വരിക്കാം.

“ജീവിതത്തിനോട് ഇഴുകിച്ചേര്‍ന്നു ജീവിക്കാതിരിക്കുമ്പോഴാണ് ഭയം തോന്നുന്നത്. കഴിഞ്ഞതിനെക്കുറിച്ചോ, വരാനുള്ളതിനെക്കുറിച്ചോ ഓര്‍ത്ത് ഉല്‍ക്കണ്ഠപ്പെടാതെ, ഇപ്പോള്‍ ഉള്ളതെന്താണ് എന്നതില്‍ മാത്രം ശ്രദ്ധ ചെലുത്തുക. ഭയത്തെ മറികടക്കാനുള്ള മാര്‍ഗം അതുമാത്രമാണ്.”

 
 
 
 
Login / to join the conversation1
 
 
1 കൊല്ലം 7 മാസങ്ങള്‍ സമയം മുമ്പ്

Excellent