ഭാവിജാതകമൊ ഭയജാതകമോ?
 
 

സദ്ഗുരു

ഈ ലേഖനത്തില്‍ ജാതകത്തെ പറ്റി സദ്ഗുരു സംസാരിക്കുന്നു. ഗ്രഹങ്ങളും നക്ഷത്രങ്ങളും മനുഷ്യ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നുണ്ട്?

സദ്ഗുരു: എന്തിനും ഏതിനും ഗ്രഹനില നോക്കണം ഈയിടെയായി സമൂഹത്തില്‍ ഈ പ്രവണത കൂടിവരുന്നതായി തോന്നുന്നു. ഗ്രഹനില ശരിയല്ലേ എന്ന് മുന്‍കൂട്ടി നോക്കിയിട്ടുവേണം വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ എന്നാണ് പലരുടേയും നിലപാട്. രാഹുകാലം, ഗുണകാലം മുഹൂര്‍ത്തങ്ങള്‍..... എല്ലാറ്റിനും പ്രാധാന്യമേറി വരുന്നു. രണ്ടുപേര്‍ തമ്മില്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു. "ഞങ്ങളുടെ ദാമ്പത്യം സുഖമായിരിക്കുമൊ?" അവര്‍ മൂന്നാമതൊരാളുടെ അഭിപ്രായം ആരായുന്നു. ആരെയാണോ വിവാഹം കഴിക്കുന്നത് അവനോട് അല്ലെങ്കില്‍ അവളോട് സുഖമായി കഴിയുക. അഥവാ അപ്രതീക്ഷിതമായി, ദുസ്സഹമായ അപാകതകളെന്തെങ്കിലും പിന്നീട് പ്രത്യക്ഷപ്പെട്ടാല്‍ നല്ലവണ്ണം ആലോചിച്ച് ശാന്തമായി പിരിഞ്ഞുപോകുക.

സംഭവങ്ങള്‍ സംഭവിക്കുന്നതുവരെ അത് സത്യമാകുമെന്നു പറയാന്‍ സാദ്ധ്യമല്ല. പല ജാതകങ്ങളും അതുകൊണ്ട് ജീവിതത്തില്‍ വലിയ ഭയാശങ്കകള്‍ക്ക് വഴിവെക്കുന്നു.

യുക്തിപൂര്‍വം ആലോചിച്ചാല്‍ അറിയാമല്ലൊ നാളെ എന്തു സംഭവിക്കുമെന്ന് കൃത്യമായി ആര്‍ക്കാണ് പറയാനാവുക? ജീവിതത്തിന്‍റെ ഗതിവിഗതികള്‍ മുന്‍കൂട്ടി നിശ്ചയിക്കാന്‍ സാധിക്കുന്നതാണൊ? എല്ലാവിധത്തിലും സാമാന്യനിലയിലുള്ള ഒരാളെപറ്റി പോലും പ്രവചനം നടത്താനാവില്ല. ഇതുവരെ ചെയ്യാത്തതെന്തെങ്കിലും നാളെ അയാള്‍ ചെയ്തുകൂടെന്നില്ല. ഭൂതകാലത്തെ കുറിച്ചു മാത്രമേ നമുക്ക് കൃത്യമായി പറയാനാവൂ. ഒരാളുടെ ഭാവിജീവിതത്തെ പ്രവചിക്കുന്നതാണല്ലോ സാമാന്യമായി അയാളുടെ ജാതകം എന്നുപറയുന്നത്. സംഭവങ്ങള്‍ സംഭവിക്കുന്നതുവരെ അത് സത്യമാകുമെന്നു പറയാന്‍ സാദ്ധ്യമല്ല. പല ജാതകങ്ങളും അതുകൊണ്ട് ജീവിതത്തില്‍ വലിയ ഭയാശങ്കകള്‍ക്ക് വഴിവെക്കുന്നു.

ജാതകപ്രകാരം കാണുന്നത് ഗ്രഹങ്ങളും, നക്ഷത്രങ്ങളും ഒരു വ്യക്തിയുടെ ജീവിതത്തെ ഏതെല്ലാം നിലയില്‍ സ്വാധീനിക്കുന്നു എന്നാണ്. ഗ്രഹങ്ങള്‍ അചേതനങ്ങളാണ്. അചേതനമായ ഗ്രഹമാണൊ സചേതനമായ മനുഷ്യ ജീവിതത്തിന്‍റെ ഗതി നിര്‍ണയിക്കേണ്ടത്? അതോ മറിച്ചാണൊ വേണ്ടത്? മനുഷ്യബുദ്ധി തന്നെയാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്, നമ്മുടെ വിധി ഗ്രഹങ്ങള്‍ക്കു വിട്ടുകൊടുത്താല്‍ എന്താണതിനര്‍ത്ഥം? ജീവനുള്ള മനുഷ്യന്‍റെ ജീവിതം ജീവനില്ലാത്ത ഗ്രഹങ്ങള്‍ക്ക് അധീനമാണ് എന്നല്ലേ? നായയും പൂച്ചയും അവയുടെ ജീവിതം ഗ്രഹങ്ങളുടെ തീരുമാനങ്ങള്‍ക്ക് വിട്ടുകൊടുക്കുന്നില്ലല്ലൊ. അവ ജീവിക്കുന്നത് പൂര്‍ണമായും അവയുടെ പ്രകൃതിക്കനുസരിച്ചാണ്. മനുഷ്യന്‍റെ കാര്യമാണ് കഷ്ടം, സ്വന്തം പ്രകൃതിയേക്കാള്‍ അവന് വിശ്വാസം എങ്ങോ കിടക്കുന്ന ജീവനില്ലാത്ത ഗ്രഹങ്ങളെയാണ്.

ഗ്രഹങ്ങളുടെ കാര്യം, അര്‍ത്ഥമില്ലാത്തത് എന്നാണൊ പറഞ്ഞു വരുന്നത്? തികച്ചും അര്‍ത്ഥസൂന്യം എന്നുപറയുന്നില്ല. എന്നാല്‍ മനുഷ്യന്‍ വേണ്ടതിലധികം പ്രാധാന്യം അതിനു നല്‍കുന്നു എന്ന് പറയാതെ വയ്യ. പൗര്‍ണമി ദിവസവും അമാവാസി ദിവസവും നിങ്ങള്‍ക്ക് സ്ഥിരബുദ്ധി നഷ്ടപ്പെടാറുണ്ടൊ? ഇല്ലല്ലോ? കാരണം രോഗികളേക്കാള്‍ നമ്മുടെ മനോനില സുസ്ഥിരമാണ്. ചന്ദ്രന്‍റെ നില രോഗമുള്ള മനസ്സിനെ ബാധിക്കുന്നു. അതിനെ നിയന്ത്രിക്കാന്‍ ആ വ്യക്തിക്കു സാധിക്കുന്നില്ല. ഇത് എല്ലാവരിലും സംഭവിക്കുന്നതാണ്. എങ്കിലും ആരോഗ്യമുള്ള മനസ്സുള്ളവര്‍ പിടിച്ചു നില്‍ക്കുന്നു. സ്വതവേ രോഗമുള്ള മനസ്സില്‍ ലക്ഷണങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. മനസ്സിന് ദൃഢതയുണ്ടെങ്കില്‍ ഒരു ഗ്രഹനിലയും നിങ്ങളെ ബാധിക്കുകയില്ല. ഇഷ്ടമുള്ളിടത്തേക്ക് നിങ്ങള്‍ക്കു സഞ്ചരിക്കാം. നന്നേ ലോലമാണ് മനസ്സ് എങ്കില്‍ നിസ്സാര സംഭവങ്ങള്‍പോലും അതിനെ പ്രതികൂലമായി ബാധിക്കും.

സ്വന്തം മനസ്സിനെ ആശ്രയിക്കാനും അനുസരിക്കാനും ശീലിച്ചവര്‍ക്ക് എന്തുചെയ്യാനും എവിടെ പോകാനും ഭയമുണ്ടാവില്ല.

ചിലരുടെ മനസ്സ് അതീവ ലോലമായിരിക്കും. ഒന്നിനേയും താങ്ങാനോ നേരിടാനൊ ശക്തി ഉണ്ടാവുകയില്ല. ചുറ്റുപാടുകളില്‍ സംഭവിക്കുന്ന ചെറിയ മാറ്റങ്ങള്‍പോലും അവരുടെ മാനസികനിലയെ ഉലയ്ക്കും. മനുഷ്യന്‍റെ ഉള്ളിലും സ്പന്ദിക്കുന്നത് ആദിമ സൃഷ്ടി ചൈതന്യം തന്നേയാണ്. ജീവന്‍റെ സ്രോതസ്സും പ്രേരണയും അതാണ്. അതിന്‍റെ നിര്‍ദ്ദേശങ്ങളാണ് നമ്മള്‍ അനുസരിക്കേണ്ടത്. അല്ലാതെ കേവലം ജഢവസ്തുക്കളായ ഗ്രഹങ്ങളുടേതല്ല. സ്വന്തം മനസ്സിനെ ആശ്രയിക്കാനും അനുസരിക്കാനും ശീലിച്ചവര്‍ക്ക് എന്തുചെയ്യാനും എവിടെ പോകാനും ഭയമുണ്ടാവില്ല.

"എന്‍റെ മാര്‍ഗം അദ്ധ്യാത്മികതയുടേതാണ്" പലരും പറഞ്ഞുകേള്‍ക്കാറുള്ള സംഗതി. അതിന്‍റെ ശരിയായ പൊരുളെന്താണ്? എന്‍റെ കര്‍മ്മഫലം എന്തോ ആകട്ടെ, എന്‍റെ ഗ്രഹനില എങ്ങനേയോ ആകട്ടെ, ഞാന്‍ എന്‍റെ മനസ്സുകാട്ടിത്തരുന്ന വഴി പിന്‍തുടരും. അത് പരമമായ മുക്തിയിലേക്കുള്ള വഴിയാണെന്ന് എനിക്കറിയാം". സ്വന്തം വിധി സ്വന്തം കൈയ്യിലെടുക്കുക, അതാണ് ശരിയായ ആത്മീയത.

സ്വന്തം മനസ്സിനെ ദൃഢമാക്കുക. അങ്ങനെ സ്വന്തം ജീവിതത്തിന്‍റെ വിധാതാവുക. അല്ലെങ്കില്‍ ഗ്രഹങ്ങള്‍ക്കോ അതുപോലെയുള്ള മറ്റു സംഗതികള്‍ക്കൊ അവനവന്‍റെ ജീവിതം വിട്ടുകൊടുക്കുക. കഷ്ടം തന്നെ. ഭൂരിപക്ഷം പേരും ജീവിതത്തിന്‍റെ വഴി കണ്ടെത്താന്‍ അന്യഗ്രഹങ്ങളെയാണ് ആഗ്രഹിക്കുന്നത്. ഇനി കുറച്ച് സ്വന്തം ഗ്രഹമായ ഭൂമിയിലേക്ക് ശ്രദ്ധതിരിക്കൂ എന്നാണ് എനിക്കു പറയാനുള്ളത്. തല്‍ക്കാലം നമുക്ക് ഏറ്റവും ആവശ്യവും അതുതന്നെയാണ്.

 
 
  0 Comments
 
 
Login / to join the conversation1