ബലാല്‍സംഗം .... മനുഷ്യ മനസ്സിന്റെ ഒരു ക്രൂര വിനോദം
ബലാല്‍സംഗം... എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? ഇവ ഒഴിവാക്കാന്‍ ഒരൊറ്റ വഴിയെയുള്ളു. മനുഷ്യന്റെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകണം. നിയമപരമായ ശിക്ഷകള്‍കൊണ്ടുമാത്രം ഇല്ലാതാക്കാവുന്നതാണോ മനുഷ്യന്റെ കുറ്റവാസന?
 
 

सद्गुरु

ബലാല്‍സംഗം... എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌?
ഇവ ഒഴിവാക്കാന്‍ ഒരൊറ്റ വഴിയെയുള്ളു. മനുഷ്യന്റെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകണം.
നിയമപരമായ ശിക്ഷകള്‍കൊണ്ടുമാത്രം ഇല്ലാതാക്കാവുന്നതാണോ മനുഷ്യന്റെ കുറ്റവാസന?

ചോദ്യം : "ബലാല്‍സംഗം... എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌?”

സദ്ഗുരു : "ബലാല്‍സംഗങ്ങള്‍ ഒഴിവാക്കാന്‍ ഒരൊറ്റ വഴിയെയുള്ളു. മനുഷ്യന്റെ മനോഭാവത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളുണ്ടാകവണം. ഈയിടെ നമ്മുടെ തലസ്ഥാന നഗരമായ ന്യൂഡെല്‍ഹിയില്‍വെച്ച്‌ ഒരു പെണ്‍കുട്ടി ഒരു കൂട്ട ബലാല്‍സംഗത്തിനിരയായി. വളരെ ക്രൂരമായി അവള്‍ പീഡിപ്പിക്കപ്പെട്ടു. രാജ്യത്തിലുടനീളം അതിനെതിരായി ശക്തമായ പ്രക്ഷോഭങ്ങളണ്ടായി. ആ പെണ്‍കുട്ടിക്ക്‌ അന്നേറ്റ അതിദാരുണമായ മുറിവുകള്‍ – സിംങ്കപ്പൂരിലെ ഒരാശുപത്രിയിലാണ്‌ അവള്‍ക്കാവശ്യമായ ചികില്‍സകള്‍ നടത്തിയത്‌. എല്ലാ ചികില്‍സയും നിഷ്‌ഫലമായി. ആശുപത്രിയില്‍ വെച്ചവള്‍ മരണമടഞ്ഞു. കുറ്റവാളികളെ കണ്ടുപിടിച്ച്‌ ഏറ്റവും കടുത്ത ശിക്ഷ തന്നെ നല്‍കണമെന്നു മുറവിളി നാടിന്റെ നാനാഭാഗത്തുനിന്നും ഉയര്‍ന്നു. ഒന്നുകില്‍ വൃഷണഛേദനം, അല്ലെങ്കില്‍ മരണ ശിക്ഷ, അതായിരുന്നു നാട്ടുകാര്‍ വിധിച്ചത്‌!”

"ആ തീര്‍പ്പ്‌ തെറ്റാണെന്നു പറയാന്‍ വയ്യ. എന്നാല്‍ നിയമപരമായ ശിക്ഷകള്‍കൊണ്ടുമാത്രം ഇല്ലാതാക്കാവുന്നാതാണൊ മനുഷ്യന്റെ കുറ്റവാസന? സമൂഹമനസ്സില്‍ ആഴത്തില്‍ വേരൂന്നിയിട്ടുള്ള ഒരു ദുഷ്‌പ്രവണതയല്ലേ അത്‌?”

"അതെ" സദ്‌ഗുരു ഉറപ്പിച്ചു പറയുന്നു, "കണക്കുകള്‍ കാണിക്കുന്നതതാണ്. ബലാല്‍സംഗങ്ങളില്‍ തൊണ്ണൂറുശതമാനവും നടക്കുന്നത്‌ വീടുകളുടെ നാലു ചുമരുകള്‍ക്കുള്ളില്‍ വെച്ചാണ്,” അദ്ദേഹം തുടരുകയാണ്‌, "നിയമം ഇങ്ങനെയുള്ള കാര്യങ്ങളില്‍ ഇടപെടുന്നില്ല. ഇത്തരം പ്രവൃത്തികള്‍ നിയമം വഴി തടയാനുമാവില്ല.” ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം, സദ്‌ഗുരു ചൂണ്ടി കാണിക്കുന്നു, "മനുഷ്യമനസ്സ്‌ കൂടുതല്‍ കൂടുതലായി ശാരീരിക സുഖങ്ങളില്‍ അഭിരമിക്കാന്‍ തുടങ്ങിയിരിക്കുന്നു. സ്വന്തം ശരീരത്തിനും അതിന്റെ താല്‌പര്യങ്ങള്‍ക്കുമാണ്‌ അവന്റെ മനസ്സില്‍ മുന്‍ഗണന.”

ഈ ഹീനകൃത്യത്തിനു പുറകിലുള്ളതെന്താണ്‌? ഇനിയൊരാളെ കീഴ്‌പ്പെടുത്തണം, അപമാനിക്കണം, തന്റെ അടിമയാക്കണം എന്നൊക്കെയുള്ള മനോഭാവമല്ലേ?

ചോദ്യം : "എന്തുകൊണ്ടാണിത്‌ സംഭവിക്കുന്നത്‌? സമൂഹത്തില്‍ ഇത്തരം അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കൈക്കൊള്ളേണ്ട ഫലപ്രദമായ നടപടികള്‍ എന്തെല്ലാമാണ്‌?”

സദ്‌ഗുരു:– "ബലാല്‍സംഗത്തിലേക്കു നയിക്കുന്നത്‌ ലൈംഗിക ചേദനയാകാം. എന്നാല്‍ അതുമാത്രമാണെന്നു പറയാന്‍ വയ്യ. "എന്റേതാക്കണം" എന്ന മനസ്സിന്റെ ത്വര കൂടി അതില്‍ അടങ്ങിയിട്ടുണ്ട്‌. ഈ ആവേശത്തിനുള്ള കാരണങ്ങള്‍ പലതാണ്‌. അതിലൊന്ന്, സമൂഹം പുരുഷ മനസ്സില്‍ വളര്‍ത്തിയിട്ടുള്ള, കാലാകാലങ്ങളായി നിലനിന്നു പോരുന്ന ഒരു ധാരണ – അതായത്‌, പുരുഷന്‌ കീഴ്‌പ്പെടുത്താനുള്ള ഒരു വസ്‌തുവാണ്‌ സ്‌ത്രീ എന്നത്‌. പക്വത എത്തിയിട്ടില്ലാത്ത യുവമനസ്സുകളില്‍ ഈ ധാരണ കൂടുതല്‍ പ്രബലമാണ്‌. ഒന്നുകില്‍ പിതാവ്‌ മകളെ കൈപ്പിടിച്ച്‌ ഒരു പുരുഷനെ ഏല്‍പിക്കുന്നു, അതല്ലെങ്കില്‍ സ്വന്തം ഇഷ്‌ടപ്രകാരം അവന്‍ അവളെ കൈക്കലാക്കുന്നു. ഇന്നും നടന്നുവരുന്നത്‌ അതുതന്നെയല്ലേ? പുരുഷന്റെ ഒരു ഉപഭോഗ വസ്‌തു മാത്രമാണ്‌ സ്‌ത്രീയെന്ന ചിന്ത മനുഷ്യമനസ്സിന്റെ ഉള്ളറകളിലെവിടെയൊ പറ്റിപ്പിടിച്ചു കിടപ്പുണ്ട്‌. ഒരു വസ്‌തു, എന്നു വച്ചാല്‍, അതെങ്ങിനെയുള്ളതായാലും തനതായ ഒരു മനസ്സ്‌ അതിനില്ല എന്നതാണത്തിന്റെ സത്യം. അതായത്‌, ഒരു സ്‌ത്രീയക്ക്‌ ഒരു മനസ്സുണ്ടെന്ന വസ്‌തുത പോലും അംഗീകരിക്കപ്പെടുന്നില്ല. ഇങ്ങനെയൊരു ധാരണ ഓരോ പുരുഷ മനസ്സിലും ബോധപൂര്‍വമാകാം, അല്ലാതേയുമാകാം, കയറിപറ്റിയിട്ടുണ്ട്‌. അതിന്റെ വേരുകള്‍ ആഴങ്ങളിലെവിടെയോ ഉറച്ചു നില്‍ക്കുകയാണ്‌.”

ചോദ്യം : "ശിക്ഷകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ?”

സദ്‌ഗുരു: - "നേരത്തെ പറഞ്ഞല്ലോ, ജീവിതത്തില്‍ സ്വന്തം ശാരീരിക സുഖത്തിനു നല്‍കുന്ന പ്രാമുഖ്യമാണ്‌ പ്രധാന പ്രശ്‌നം. ഓരോ വ്യക്തിയും, അവനവന്റെ ശരീരത്തിന്റെ ചുറ്റുവട്ടത്തില്‍ നിന്നു മാറി അല്‍പംകൂടി വിശാലമായി ചിന്തിക്കാന്‍ തുടങ്ങിയാല്‍, ഈ പ്രശ്‌നം സ്വാഭാവികമായും സമൂഹത്തില്‍ ഇല്ലാതായിക്കോളും. അതിനായി പ്രത്യേകം നടപടികളൊന്നും വേണ്ടി വരികയില്ല. തീരെ ഇല്ലാതാകുമെന്ന് തീര്‍ത്തു പറയാനാവില്ല. എന്തായാലും ഗണ്യമായ കുറവുണ്ടാകുമെന്നതിന്‌ സംശയമില്ല. വല്ലപ്പോഴും വല്ലയിടത്തും ആ പ്രവണത തലപൊന്തിച്ചാല്‍ തന്നേയും, അതിനെ ഫലപ്രദമായി നേരിടാന്‍ സമൂഹശക്തിക്ക്‌ സാധിക്കുകയും ചെയ്യും. കഠിനമായ ശിക്ഷ നല്‍കി, കുറ്റവാളികളുടെ വലിയൊരു കൂട്ടത്തെ നേരെയാക്കുക വളരെ പ്രയാസമാണ്‌. കൂട്ടത്തില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമാണ്‌ കുറ്റം ചെയ്യുന്നതെങ്കില്‍ ഫലപ്രദമായ ശിക്ഷകള്‍ കൊണ്ടവരെ നേര്‍വഴിക്കു തിരിച്ചുവിടാന്‍ നമുക്കു സാധിക്കും. ഒന്നാലോചിച്ചു നോക്കൂ – ഒരു സമൂഹത്തില്‍ ഇരുപതു ശതമാനം പേരും കുറ്റവാളികളാണെങ്കില്‍ അവര്‍ക്കൊക്കെയും വധശിക്ഷ നല്‍കാനാകുമൊ? ഒരു പക്ഷെ, ഒരു ബലാംത്സംഗത്തേക്കാള്‍ ക്രൂരമായിരിക്കും ആ പ്രവൃത്തി!”

"കുറ്റങ്ങള്‍ തടയാനേറ്റവും നല്ല പോംവഴി ശിക്ഷകള്‍ നടപ്പാക്കുകയാണെന്ന് സാമാന്യമായി വിശ്വസിച്ചു പോരുന്നു. ഒരു പരിധിവരെ അത്‌ ശരിയുമായിരിക്കും. എന്നാല്‍ കുറ്റവാളികളില്‍ അധികം പേരും മറിച്ചാണ്‌ ചിന്തിക്കുന്നത്‌. അവര്‍ കൂടുതല്‍ ശ്രദ്ധാപൂര്‍വം കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ തയ്യാറെടുക്കുന്നു. നിയമത്തിന്റെ കണ്ണില്‍ പെടാതെ മറഞ്ഞു നില്‍ക്കാനുള്ള വഴികള്‍ കണ്ടെത്തുന്നു. അവസരങ്ങള്‍ക്കു കാത്തിരിക്കുന്നതിനിടയില്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ കുറവു വന്നുവെന്നുവരാം. പക്ഷെ ആ പ്രവണത അപ്പോഴും കുറ്റവാളിയുടെ മനസ്സില്‍തന്നെയുണ്ട്‌. ഒരു പഴുതു കിട്ടിയാല്‍ അത്‌ പുറത്തേക്കു ചാടും.”

ചോദ്യം : "കുറ്റകൃത്യങ്ങള്‍ – അതൊരു ചങ്ങലയാണ്‌. അതിനെക്കുറിച്ച്‌?”

സദ്‌ഗുരു : അരുതാത്ത പ്രവര്‍ത്തികള്‍, അതേതു തരത്തിലുള്ളതായാലും, ആരുടെ നേരെയുള്ളതായാലും വ്യത്യാസമില്ല – ഒന്നിന്റെ നേരെ കണ്ണടച്ചാല്‍ അതില്‍നിന്ന് പിന്നേയും പിന്നേയും മുളകള്‍ പൊട്ടുക തന്നെ ചെയ്യും. പലപ്പോഴും ഇതിന്റെ തുടക്കം സ്വന്തം വീട്ടില്‍ നിന്നായിരിക്കും. ഒരു കുഞ്ഞിനെ നിര്‍ബന്ധിച്ച്‌ ആഹാരമൂട്ടുന്നു, അവന്റെ ഇഷ്‌ടത്തിന്‌ വിരുദ്ധമായ കാര്യം. ആലോചിച്ചു നോക്കുമ്പോള്‍ ബലാത്സംഗവും ഇതുപോലെ തന്നെയാണ്‌. ഒരാളുടെ ഇഷ്‌ടത്തെ അവഗണിച്ച്‌, ആ വ്യക്തിയുമായി ലൈംഗിക വേഴ്‌ച നടത്തുന്നു. ഇങ്ങനെയാണ്‌ ഓരോന്നിന്റേയും തുടക്കം. അത്‌ നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. തന്റെ ഇഷ്‌ടം സാധിക്കാന്‍ ഇനിയൊരാളുടെ മേല്‍ നിര്‍ബന്ധം ചെലുത്താമെന്ന ധാരണ, അത്‌ ഒരു തരത്തിലും ശരിയല്ല; സാഹചര്യങ്ങള്‍ എന്തു തന്നെയായാലും അത്‌ അനുവദിച്ചുകൊടുക്കാവുന്നതല്ല. കാരണം, ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കു വഴി തിരിയാന്‍ ഏറെ സമയം വേണ്ട. പ്രത്യേകിച്ചും, ദുഷ്‌പ്രവണതകളെ വേരോടെ പിഴുതുകളയണം. എന്നാല്‍, നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നത്‌, അസഹ്യമെന്നു തോന്നുന്ന തലപ്പുകള്‍ വെട്ടി നിരപ്പാക്കുക മാത്രമാണ്‌. അത്‌ നിശ്ചയമായും, ഫലപ്രദമായൊരു പരിഹാരമല്ല.”

വ്യക്തി മനസ്സിന്റെ പരിവര്‍ത്തനത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തന്നെ വേണം. അതല്ലാതെ, സമൂഹത്തിലെ കൊള്ളരുതായ്‌മകള്‍ ഇല്ലാതാക്കാന്‍ വേറെ ഒരു മാര്‍ഗവുമില്ല.

ചോദ്യം : "പോംവഴികള്‍?”

സദ്‌ഗുരു : "ഡെല്‍ഹിയില്‍ നടന്ന അതിനിഷ്‌ഠൂരമായ ആ സംഭവം മനുഷ്യമനസ്സുകളെ ഒന്നാകെ ഉണര്‍ത്തിയിരിക്കുന്നു. ഈ അവസരം വേണ്ട വിധത്തില്‍ നമ്മള്‍ പ്രയോജനപ്പെടുത്തുകതന്നെ വേണം. ജീവിതം എന്നാലെന്താണ്‌, അതെങ്ങിനെയായിരിക്കണം, എന്നൊക്കെ ചിന്തിക്കുവാനുള്ള സമയമാണിത്‌.”

"ആഴത്തില്‍ ചിന്തിക്കുമ്പോള്‍ ഈ ഹീനകൃത്യത്തിനു പുറകിലുള്ളതെന്താണ്‌? ഇനിയൊരാളെ കീഴ്‌പ്പെടുത്തണം, അപമാനിക്കണം, തന്റെ അടിമയാക്കണം എന്നൊക്കെയുള്ള മനോഭാവമല്ലേ? ഇങ്ങനെയൊരു തോന്നല്‍ ഒരാളുടെ മനസ്സിലുണ്ടാവാനുള്ള കാരണമെന്താണ്‌? സ്വയം അപൂര്‍ണനും അപര്യാപ്‌തനും ദുര്‍ബലനുമാണെന്ന തോന്നല്‍ അവന്റെയുള്ളില്‍ നിന്നും വിട്ടുമാറുന്നില്ലായെന്നതു തന്നെ. അവന്‍ അകാരണമായൊരു അപകര്‍ഷതാ ബോധത്തിന്‌ അടിമപ്പെട്ടിരിക്കുന്നു. സ്വയം ഒരാളാവാന്‍ എന്തെങ്കിലുമൊന്ന് സ്വന്തമാക്കാതെ വയ്യ എന്ന വാശി. എന്താണ്‌ സ്വന്തമാകേണ്ടത്‌? കാമിനിയോ കാഞ്ചനമോ ആകാം, പദവിയൊ അധികാരമൊ ആകാം. എന്തിന്റെയെക്കെയോ പോരായ്‌മ. അത്‌ നികത്താന്‍ മറ്റെന്തെങ്കിലും സ്വന്തമാക്കിയേ പറ്റു. ഈയൊരു നിഷേധാത്മക ചിന്തയാണ്‌, പല തരത്തിലും, തലത്തിലും പ്രകടമാവുന്നത്‌. ഒരു വ്രണം പൊട്ടി ഒഴുകുന്നതുപോലെ, അത്‌ പരിസരത്തെ മുഴുവന്‍ ദുര്‍ഗന്ധപൂരിതമാക്കുന്നു. ഇമ്മാതിരിയുള്ള കുത്സിത വൃത്തികള്‍ ഒന്നില്‍മാത്രം ഒതുങ്ങി നില്‍ക്കുന്നില്ല.”

ചോദ്യം : "എന്താണിതിനൊരു പ്രതിവിധി?”
സദ്ഗുരു : "വെറുതെ ഒരു തടയണ കെട്ടിയതുകൊണ്ടുമാത്രം പ്രയോജനമില്ല. മനുഷ്യ മനസ്സിന്റെ സമഗ്രമായ പരിവര്‍ത്തനം മാത്രമാണ്‌ ഇതിനൊരു പോംവഴി. ലോകത്തില്‍ മാറ്റം വരുത്തണമെങ്കില്‍ ആദ്യം വേണ്ടത്‌, അവനവന്റെ മനസ്സില്‍ തക്കതായ മാറ്റങ്ങള്‍ വരുത്തുകയാണ്‌. വ്യക്തിയുടെ മനസ്സില്‍ പരിവര്‍ത്തനം വരാത്തിടത്തോളം കാലം, സമൂഹത്തിനോ ലോകത്തിനോ മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ല. വ്യക്തിയുടെ മനസ്സിന്‌ മാറ്റം വന്നില്ലെങ്കില്‍, ഈ ലോകം കുറ്റവാളികളുടെ വലിയൊരു സമൂഹമായി കൂടുതല്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയും ചെയ്യും. ബലാംത്സഗം വീട്ടിലായാലും തെരുവിലായാലും അതിന്റെ അര്‍ത്ഥത്തിനു മാറ്റമില്ല, സംഗതി ഒന്നു തന്നെ.”

"വ്യക്തി മനസ്സിന്റെ പരിവര്‍ത്തനത്തില്‍ നമ്മള്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തന്നെ വേണം. അതല്ലാതെ, സമൂഹത്തിലെ കൊള്ളരുതായ്‌മകള്‍ ഇല്ലാതാക്കാന്‍ വേറെ ഒരു മാര്‍ഗവുമില്ല. നമ്മള്‍ അതിനു മുതിരാത്തപക്ഷം, ലോകം കൂടുതല്‍ തിന്മ നിറഞ്ഞതാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. നമ്മള്‍ ആരാണ്‌ എന്നു തീരുമാനിക്കേണ്ടത്‌ നമ്മള്‍ തന്നെയാണ്‌. ആ ഒരു തീരുമാനം മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കും താല്‍പര്യങ്ങള്‍ക്കും വിട്ടുകൊടുക്കാനുള്ളതല്ല. ഈ ഒരു കാര്യത്തില്‍ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ ബോധപൂര്‍വ്വം സഹായിക്കേണ്ടതുണ്ട്. അവരില്‍ ആത്മവിശ്വാസവും, വിവേകവും വളര്‍ത്തിയെടുക്കേണ്ട ചുമതല പ്രധാനമായും അച്ഛനമ്മമാര്‍ക്കാണ്‌. ഈ കാണുന്ന ശരീരമല്ല താന്‍, അതിലും വലുതായൊരു സ്വത്തിന്‌ താന്‍ ഉടമയാണെന്ന ബോധം അവരില്‍ ഉളവാക്കേണ്ടതുണ്ട്. ഈ ശരീരത്തിന്റെ പരിമിതമായ അളവുകള്‍ക്കപ്പുറത്തേക്കും അവന്റെ മനസ്സു വളരണം.

ആ വളര്‍ച്ച അല്‍പമെങ്കിലും നേടാനായാല്‍, അത്‌ അവന്റെ ജീവിതത്തില്‍ മഹത്തായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കുമെന്ന കാര്യത്തില്‍ സന്ദേഹം വേണ്ട. അവന്റെ വാക്കും, വിചാരവും, ഉടുപ്പും, നടപ്പും, എന്തിന്‌ ജീവിതം തന്നേയും കൂടുതല്‍ തെളിവുറ്റതാകും. കാരണം, ഈ ശരീരത്തിനകത്ത്‌ കൂനിക്കൂടിയിരിക്കുന്ന ഞാനല്ല യഥാര്‍ത്ഥത്തില്‍ താന്‍ എന്ന സത്യം അവന്‍ കണ്ടെത്തിയിരിക്കും. ഈ അറിവുണരുന്നതോടെ അവന്‍ എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്‌തനായിത്തീരുന്നു.”
"ശരീര നിബദ്ധമായ വ്യക്തിത്വത്തില്‍ നിന്നും അദ്ധ്യാത്മികമായ ഔന്നത്യത്തിലേക്കുയരാന്‍ നമ്മള്‍ തയ്യാറാവണം. സമൂഹത്തെ അലട്ടുന്ന എല്ലാവിധ പ്രശ്‌നങ്ങള്‍ക്കുമുള്ള പരമമായ പരിഹാരം അതുമാത്രമാണ്‌. ശാശ്വതമായ നന്മയുടെ മാര്‍ഗവും അതുതന്നെ!”

Photo credit To :https://www.pexels.com/photo/black-and-white-person-woman-girl-3351/

 
 
  0 Comments
 
 
Login / to join the conversation1