सद्गुरु

ചോദ്യം :- അവനവനെ ഇഷ്ടപ്പെടുക - പലര്‍ക്കും അത് സാധിക്കുന്നില്ല. ആത്മനിന്ദയുടെ തീയ്യില്‍ അവര്‍ നീറികൊണ്ടിരിക്കുന്നു. നാണക്കേട്, കുറ്റബോധം - ഇതിനെ കുറിച്ചൊക്കെ അങ്ങേക്ക്‌ എന്താണ് പറയാനുള്ളത്?

സദ്ഗുരു:- അവനവനെ ഇഷ്ടപ്പെടുകയോ? മറ്റുള്ളവരല്ലേ നിങ്ങളെ ഇഷ്ടപ്പെടേണ്ടത്? എനിക്കെന്നെ ഇഷ്ടമാണെന്ന് പറയുന്നത് ഒരുമാതിരി വിവരക്കേടല്ലേ? ഇങ്ങനെയുള്ള ആശയങ്ങളും അഭിപ്രായങ്ങളും ലോകമെമ്പാടും പ്രചാരത്തിലുണ്ട്, വിശേഷിച്ചും അമേരിക്കയുടെ പശ്ചിമ തീരങ്ങളില്‍. ഈയിടെ അമേരിക്കയില്‍ പോയപ്പോള്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല സന്ദര്‍ശിച്ചു. അവിടെ ഒരു പ്രഭാഷണം കേള്‍ക്കാനും സന്ദര്‍ഭമുണ്ടായി. പ്രഭാഷകന്‍ പറയുകയായിരുന്നു; “നിങ്ങള്‍ നിങ്ങളോട് തന്നെ കരുണ കാണിക്കണമെന്ന്.” ഞാന്‍ പറഞ്ഞു "ഇഷ്ടപ്പെടുവാനും സ്നേഹിക്കുവാനും കരുണ കാണിക്കുവാനും രണ്ടുപേര്‍ ഉണ്ടാവണമല്ലോ." അങ്ങനെ രണ്ടു വ്യക്തിത്വങ്ങളെ അവനവന്റെ ഉള്ളില്‍ വളര്‍ത്തി എടുക്കുകയാണെങ്കില്‍ രണ്ടു കാര്യത്തിനു സാദ്ധ്യതയുണ്ട് - ഒന്നുകില്‍ ബുദ്ധിഭ്രമം അല്ലെങ്കില്‍ ഭൂതാവേശം. രണ്ടിലേതായാലും മാനസികരോഗ വിദഗ്ദനെയോ മന്ത്രവാദിയെയോ സമീപിക്കേണ്ടി വരും.


ഓരോ വ്യക്തിയും പൂര്‍ണമായ ഒന്നാണ്. അതിനെ വീണ്ടും വിഭജിക്കാനാവില്ല.

ഓരോ വ്യക്തിയും പൂര്‍ണമായ ഒന്നാണ്. അതിനെ വീണ്ടും വിഭജിക്കാനാവില്ല. സുഹൃത്തുക്കളൊന്നും ഇല്ലാതിരിക്കുക,എന്നാല്‍ ഒറ്റക്കിരിക്കാന്‍ ഭയപ്പെടുകയും ചെയ്യുക. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ തന്നെ നിങ്ങളുടെ ഉള്ളില്‍ വ്യത്യസ്തമായ രണ്ടു വ്യക്തികളെ സൃഷ്ടിക്കുന്നു. ഇത് അപകടമായ ഒരു കളിയാണ്. അതിനൊരിക്കലും തുനിയരുത്. തുടക്കത്തില്‍ ഒരു രസം തോന്നിയേക്കാം, എന്നാല്‍ അത് സ്ഥിരമാകുന്നതോടെ നിങ്ങള്‍ ഒരു രോഗിയുമായി തീരും. സ്ഥിരബുദ്ധിക്കും ബുദ്ധിഭ്രമത്തിനും ഇടയിലുള്ള അതിര്‍ വരമ്പ് വളരെ വളരെ ലോലമാണ്. അതിനെ തള്ളാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ സ്വയം അറിയും മുമ്പേ നിങ്ങള്‍ അപ്പുറത്ത് ചെന്ന് വീണുവെന്നു വരാം. വീണതെവിടെയാണെന്നു തിരിച്ചറിയാനുള്ള ബോധവും ഉണ്ടാവില്ല. 'അവനവനെ സ്നേഹിക്കൂ, അവനവനില്‍ വിശ്വസിക്കൂ, അവനവനോട് കരുണ കാണിക്കൂ' - ഈ വക ആശയങ്ങള്‍ നിങ്ങളെ ഒരു രോഗാവസ്ഥയിലേക്കാണ് നയിക്കുക. അങ്ങിനെയൊന്നു യഥാര്‍ത്ഥത്തില്‍ സംഭവിക്കുകയും ചെയ്തു.

ശങ്കരന്‍ പിള്ള ബാംഗ്ലൂരിലെ നിംഹാന്‍സിലേക്ക് വിളിച്ചു ചോദിച്ചു. “സൈക്ക്യാട്രിക്ക് വാര്‍ഡിലെ 21 നമ്പര്‍ മുറിയില്‍ മിസ്റ്റര്‍ പിള്ള ഉണ്ടോ?” "ഒരു നിമിഷം ഞാനൊന്നു അന്വേഷിച്ചിട്ട് പറയാം.” റിസപ്ഷനിസ്റ്റ് മറുപടി പറഞ്ഞു. രോഗികളുടെ പട്ടിക പരിശോധിച്ചതിന് ശേഷം അവര്‍ അറിയിച്ചു "അങ്ങനെയൊരാള്‍ ഇവിടെയില്ല" “എന്റെ ഈശ്വരാ" അപ്പുറത്തുനിന്നും ഒരു വിളി കേട്ടു. “ഭ്രാന്താശുപത്രിയില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടുവെന്നു കേട്ടത് സത്യമാണോ?”

സ്വയം രണ്ടായി പകുത്തു കൊണ്ടുള്ള ഈ കളി, എവിടെയാണ് കൊണ്ടുചെന്നെത്തിക്കുക എന്ന് പറയാനാവില്ല. നിങ്ങള്‍ പൂര്‍ണനായ ഒരു വ്യക്തിയാണ്. ഒരു കാരണവശാലും നിങ്ങള്‍ നിങ്ങളെ വിഭജിക്കരുത്. ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ വ്യക്തിത്വം എല്ലായ്പ്പോഴും സമ്പൂര്‍ണമായിരിക്കണം. ഒന്നിന് മാത്രമേ സ്ഥിരതയുള്ളൂ, ഒന്നിന് മാത്രമേ വളര്‍ച്ചയുള്ളൂ, ഒന്നിന് മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുന്നുള്ളൂ, ഒന്നിന് മാത്രമേ പരിമിതികളെ മറികടന്നുയരാനാവൂ. രണ്ടുണ്ടെങ്കില്‍ രണ്ടും വ്യത്യസ്തമായ ദിശകളിലേക്കായിരിക്കും സഞ്ചരിക്കുക, നാലുണ്ടെങ്കില്‍ നാലു ദിശകളിലെക്ക് - അങ്ങനെയാവും കാര്യങ്ങളുടെ പോക്ക്.


ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങളുടെ വ്യക്തിത്വം എല്ലായ്പ്പോഴും സമ്പൂര്‍ണമായിരിക്കണം. ഒന്നിന് മാത്രമേ സ്ഥിരതയുള്ളൂ, ഒന്നിന് മാത്രമേ വളര്‍ച്ചയുള്ളൂ, ഒന്നിന് മാത്രമേ മാറ്റങ്ങള്‍ ഉണ്ടാവുന്നുള്ളൂ, ഒന്നിന് മാത്രമേ പരിമിതികളെ മറികടന്നുയരാനാവൂ.

അവനവനോട് ഇഷ്ടം കാണിക്കാന്‍ ശ്രമിക്കേണ്ട. അത്രമാത്രം ഇഷ്ടപ്പെടാന്‍ നിങ്ങളിലെന്താണ് ഉള്ളത്? അങ്ങിനെയാണെങ്കില്‍ ഞാന്‍ എന്നെതന്നെ വെറുക്കുകയാണോ വേണ്ടത്? അങ്ങിനെയൊക്കെ വിചാരിക്കേണ്ട ആവശ്യമേയില്ല. ഇഷ്ടവും ഇഷ്ടക്കേടും രണ്ടും വേണ്ട. നിങ്ങള്‍ ജീവന്‍റെ ഒരംശം മാത്രമാണ്. അടിസ്ഥാനപരമായി താന്‍ അതുമാത്രമാണെന്നു മനസിലാവുമ്പോള്‍ അതിനെ പ്രതി ഇഷ്ടമോ അനിഷ്ടമോ തോന്നേണ്ട കാര്യമില്ല. ഇത് ഞാനാണ് ഞാന്‍ മാത്രമാണ് എന്ന ചിന്ത, അതാണ്‌ ശരി. രണ്ടെന്ന തോന്നലുണ്ടാകുമ്പോള്‍ രണ്ടിനെയും പോരുത്തപെടുത്തി കൊണ്ടുപോവുക വളരെ പ്രയാസമുള്ളതായിരിക്കും.

അവനവനെ സ്നേഹിക്കുക, അവനവനില്‍ വിശ്വസിക്കുക, അവനവനോട് കാരുണ്യം കാണിക്കുക, ഈ വക ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കരുത്. അത് നിങ്ങളെ മാനസിക രോഗിയാക്കാനിടയുണ്ട്. രോഗമാണ് എങ്കിലും നിരന്തരം ചോദിച്ചു കൊണ്ടിരുന്നാല്‍ കിട്ടാതിരിക്കില്ല. എപ്പോഴും ഓര്‍മ്മ വെക്കേണ്ടത് ഞാനൊരു പൂര്‍ണ വ്യക്തിയാണ്, എന്നെ ഒരു നിലക്കും വിഭജിക്കാനാവില്ല എന്നാണ്. ഒന്നിനെ രണ്ടാക്കി പകുത്തുകൊണ്ടുള്ള കളി, ചിത്തഭ്രമം ചോദിച്ചു വാങ്ങലാകും. ചിലരുണ്ട് ഇത്തരം കളികള്‍ കളിച്ച് പരുക്ക് പറ്റാതെ രക്ഷപ്പെടുന്നവര്‍ - അതവരുടെ ഭാഗ്യം. ചുറ്റുപാടുകള്‍ അനുകൂലമായിരുന്നു എന്നേ പറയാനാവൂ. എല്ലാവര്‍ക്കും ആ ഭാഗ്യം സിദ്ധിച്ചുവെന്ന് വരില്ല. നിലവിട്ടു കളിച്ചാല്‍ അത് ഭ്രാന്തിലാണ് അവസാനിക്കുക. ഈ കളികൊണ്ട് ജീവിതത്തില്‍ ഒന്നും നിങ്ങള്‍ നേടുകയില്ല എന്നതാണ് സത്യം. കാരണം, ഒന്നിന് മാത്രമേ വളരാനും ഉയരാനും രൂപാന്തരപ്പെടാനുമാവൂ.