സദ്‌ഗുരു: ആത്മീയത എന്ന വാക്കിലൂടെ ഏതെങ്കിലും ഒരു പ്രത്യേക പരിശീലനത്തെയല്ല ഉദ്ദേശിക്കുന്നത്. അതൊരു പ്രത്യേക തരത്തിലുള്ള ജീവിത രീതിയാണ്. അതിലേക്കെത്തണമെങ്കിൽ ചിലതൊക്കെ ചെയ്യേണ്ടതുണ്ട്. ഇത് നിങ്ങളുടെ വീട്ടിലെ പൂന്തോട്ടം പോലെയാണ്. അവിടെ മണ്ണും സൂര്യപ്രകാശവും ഏതെങ്കിലുമൊക്കെ  രീതിയിലായതു കൊണ്ടുമാത്രം അതിൽ പൂക്കളുണ്ടാവില്ല, നിങ്ങൾ ചിലകാര്യങ്ങൾ ചെയ്യേണ്ടതുണ്ട് . നിങ്ങൾ അതിനെ പരിപാലിക്കേണ്ടതുണ്ട്. അതുപോലെ നിങ്ങൾ നിങ്ങളുടെ ശരീരം, മനസ്സ്, വികാരങ്ങൾ ഊർജ്ജം എന്നിവയെ ഒരു പ്രത്യേക പക്വതയിലേക്ക് വളർത്തിയെടുക്കുകയാണെങ്കിൽ, നിങ്ങളുടെ ഉള്ളിലെ മറ്റു ചിലത് നിങ്ങളിൽ വികാസം പ്രാപിക്കും- അതാണ് ആത്മീയത. നിങ്ങളുടെ യുക്തി അപക്വമായിരിക്കുമ്പോൾ അത് എല്ലാത്തിനെയും സംശയിക്കുന്നു. എന്നാൽ എപ്പോൾ അത് പക്വത പ്രാപിക്കുന്നുവോ അതോടുകൂടി, അത് എല്ലാത്തിനെയും വ്യത്യസ്തമായ രീതിൽ കാണുന്നു .


ഏതൊരു മനുഷ്യനും തന്നേക്കാൾ വലിയ എന്തെങ്കിലും അനുഭവിക്കാനുള്ള സാഹചര്യം ഉണ്ടാവുമ്പോൾ അതിനെ, “ഇതാണ് ദൈവം…” എന്ന രീതിയിലാണ് കാണുന്നത്. ദൈവത്തെക്കുറിച്ചുള്ള ആകെപ്പാടെയുള്ള ആശയവും അത് മാത്രമാണ്- നിങ്ങളെക്കാൾ വലുത്. അത് ഒരു മനുഷ്യനോ അനുഭവമോ പ്രകൃതിയുടെ ചില ദര്‍ശനങ്ങളോ ആകാം. എന്നാൽ ഇത് ആത്മീയമാണോ? എന്ന് ചോദിച്ചാൽ അല്ല, ഇത് വെറും ജീവിതം മാത്രമാണ്. "വെറും ജീവിതം" എന്ന് പറയുമ്പോൾ, ഞാൻ അതിനെ ഒരു ചെറിയ കാര്യമായി തള്ളിക്കളയുകയല്ല. അത് വളരെ വലിയ കാര്യമാണ്. ജീവിതം നിങ്ങൾക്ക് അത്യധികവും ശക്തവും ആനന്ദദായകവുമായ അനുഭവമായി മാറുമ്പോൾ മാത്രമേ ഇതിന്റെ സൃഷ്ടിയെകുറിച്ച് അറിയാൻ നിങ്ങൾ ആഗ്രഹിക്കുകയുള്ളൂ.
നിങ്ങൾക്ക് സൃഷ്ടിയുടെ പ്രക്രിയയും അതിന്റെ ഉറവിടത്തെ കുറിച്ചും അറിയണമെങ്കിൽ, സൃഷ്ടിയോട് ഏറ്റവും അടുത്ത ഭാഗം നിങ്ങളുടെ സ്വന്തം ശരീരമാണ്, ശരിയല്ലേ? തടവിലാക്കപ്പെട്ട ഒരു സ്രഷ്ടാവ് ഇവിടെയുണ്ട്, നിങ്ങളുടെ ഉള്ളിൽ തന്നെ. അതിനെ നിങ്ങൾ നഷ്ടപ്പെടുത്തരുത്. സൃഷ്ടിയുടെ ഉറവിടം നിങ്ങളിൽ തന്നെയാണെന്ന് മനസ്സിലാക്കുന്നതോടെ  നിങ്ങൾ ആത്മീയ പാതയിൽ ആയിത്തീരുന്നു.


ദൈവ വിശ്വാസം നിങ്ങളെ ആത്മീയതയിലേക്ക് നയിക്കുമോ ?

നിരീശ്വരവാദിക്ക് ആത്മീയനാകാൻ കഴിയില്ല. ഒരു ഈശ്വരവാദിക്കും ആത്മീയനാകാൻ കഴിയില്ലെന്ന കാര്യം വ്യക്തമായി നിങ്ങൾ മനസ്സിലാക്കണം. കാരണം നിരീശ്വരവാദിയും ഈശ്വരവാദിയും വ്യത്യസ്തരല്ല. ഒരാൾ ദൈവമുണ്ടെന്ന് വിശ്വസിക്കുന്നു, മറ്റൊരാൾ ദൈവമില്ലെന്ന് വിശ്വസിക്കുന്നു. അതായത് തങ്ങൾക്ക് അറിയാത്ത ചിലത് അവർ വിശ്വസിക്കുന്നു. നിങ്ങൾക്കറിയില്ലെന്ന് സമ്മതിക്കാനുള്ള ആത്മാർത്ഥത പോലും നിങ്ങൾക്കില്ല, അതാണ് നിങ്ങളുടെ പ്രശ്‌നം. അതിനാൽ നിരീശ്വരവാദികളും ഈശ്വരവാദികളും വ്യത്യസ്തരല്ല. വ്യത്യസ്‌തരായ ഒരു പ്രവൃത്തി ചെയ്യുന്ന ഒരേ പോലെയുള്ള ആളുകൾ തന്നെയാണ് അവർ. ആത്മീയ അന്വേഷകൻ ഒരു ഈശ്വരവാദിയോ നിരീശ്വരവാദിയോ അല്ല. തനിക്കറിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞിരിക്കുന്നു , അതിനാൽ അവൻ അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു.

നിങ്ങൾ എന്തെങ്കിലും വിശ്വസിക്കുവാൻ തുടങ്ങുന്ന നിമിഷം, മറ്റെല്ലാത്തിനേയും നിങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങും. ഭൂമിയിലെ എല്ലാ പ്രശ്നങ്ങളും ആളുകൾ പറയുന്നതുപോലെ, നന്മയും  തിന്മയും തമ്മിലുള്ള പോരാട്ടമല്ല. മറിച്ചു ഒരു മനുഷ്യന്റെ വിശ്വാസവും മറ്റൊരാളുടെ വിശ്വാസവും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ്. വിശ്വാസത്തിന്റെ ആവശ്യം ആത്മീയത്തേക്കാൾ, മാനസികമായ ഉറപ്പിന് വേണ്ടിയാണ്. നിങ്ങൾ‌ക്ക് എന്തിനെയെങ്കിലും മുറുകെപ്പിടിച്ചിരിക്കണം കാരണം, നിങ്ങൾ‌ സുരക്ഷിതരാണെന്ന് നിങ്ങൾക്ക് തോന്നിക്കണം, നിങ്ങൾക്ക് എല്ലാമറിയാമെന്ന് അനുഭവിക്കാൻ ആഗ്രഹിക്കുന്നു. ഇതെല്ലാം പക്വതയില്ലാത്ത മനസ്സിൽ നിന്നാണ് വരുന്നത്. ഈ അസ്തിത്വത്തെക്കുറിച്ച് നിങ്ങൾക്ക് ഒന്നും അറിയില്ല എന്നിരുന്നാൽ കൂടിയും, എന്താണ് നിങ്ങളുടെ പ്രശ്‌നം? ശരിക്കും നിങ്ങൾക്ക് ഒന്നും അറിയില്ല. എന്നിട്ട് പോലും ഇത് വളരെ മനോഹരമാണ് !! ആന്തരികമായി സ്വയം മനോഹരവും സന്തോഷകരവുമായിരിക്കാൻ നിങ്ങൾക്ക് തന്നെ സാധിക്കും, അത് നിങ്ങളിൽ തന്നെയുണ്ട്.


എന്താണ് ആത്മീയ അനുഭവം?


സമുദ്രത്തിലേക്കോ പർവതത്തിലേക്കോ പോകുന്ന അനുഭവം വളരെ മനോഹരമായിരിക്കാം എന്നിരുന്നാലും, നിങ്ങൾ ലോകത്തെ അതെങ്ങനെയാണോ അതേ രീതിയിൽ ആസ്വദിക്കണം, എന്നാൽ നിങ്ങൾ ഇത് മനസ്സിലാക്കണം, സമുദ്രം ഒരു ആത്മീയ അനുഭവമാണെന്ന് അതിലുള്ള മത്സ്യം കരുതുന്നില്ല, പർവതത്തിലെ ആടുകൾക്കും പർവ്വതം ഒരു ആത്മീയ അനുഭവമാണെന്ന് തോന്നുന്നില്ല, കാരണം അവ എല്ലായ്പ്പോഴും അവിടെ തന്നെയാണ് ജീവിക്കുന്നത്. ഒരുപക്ഷെ നിങ്ങൾ അവരെ നഗരത്തിലേക്ക് കൊണ്ടുവന്നാൽ, അത് ഒരു ആത്മീയ അനുഭവമാണെന്ന് അവർ കരുതി എന്ന് വരാം. നിങ്ങളുടെ ഉള്ളിലെ തടസ്സം തകർക്കുന്നതിനെ കുറിച്ചാണ് - നിങ്ങളുടെ ഉള്ളിൽ എന്തോ തകർന്നു. നിങ്ങൾ ഒരു ചെറിയ കൂട്ടിനുള്ളിൽ ആയിരുന്നു. ഇത് പൊട്ടിയപ്പോൾ നിങ്ങൾ വലിയ കൂട്ടിനുള്ളിൽ ആയി. ഞാൻ പറയുന്നത്, നിങ്ങൾ വലിയ കൂടുമായി പൊരുത്തപ്പെടുന്നതോടെ, അതും മുമ്പത്തെ കൂട് പോലെ തന്നെ ബുദ്ധിമുട്ടിക്കുന്നു.


അതിനാൽ, നിങ്ങൾ അതിരുകളില്ലാത്തവനാകാനും ഭൗതികതയിലൂടെ അത് പരീക്ഷിക്കാൻ ശ്രമിക്കുകയുമാണെങ്കിൽ, നിങ്ങൾ പതുക്കെ പതുക്കെ അപരിമിതിയിലേക്ക് പോകുന്നു. നിങ്ങൾക്ക് 1, 2, 3, 4, 5, എന്ന്  എണ്ണികൊണ്ടേയിരുന്നാൽ, എന്നെങ്കിലും അനന്തതയിൽ എണ്ണി എത്താൻ കഴിയുമോ? ഇല്ല, അത് അനന്തമായ എണ്ണലായിത്തീരും. അത് ശരിയായ വഴിയല്ല. ഭൗതീക മാർഗങ്ങളിലൂടെ, നിങ്ങൾക്ക് ഒരിക്കലും അതിരുകളില്ലാത്ത പ്രകൃതിയിലേക്ക് എത്താൻ കഴിയില്ല. ഓരോ മനുഷ്യനും അതിരുകളില്ലാത്തവരാകാനാണ് ശ്രമിക്കുന്നത്. അഥവാ നിങ്ങൾ ഒരു മനുഷ്യന്, അവന് ആവശ്യമുള്ളത് എല്ലാം നൽകിയാലും, മൂന്ന് ദിവസം കഴിഞ്ഞു നാലാം ദിവസം അയാൾ മറ്റെന്തെങ്കിലും തേടും. ആളുകൾ അതിനെ അത്യാഗ്രഹം എന്ന് മുദ്രകുത്തിയേക്കാം, എന്നാൽ ഇത് തെറ്റായ ദിശയിലുള്ള ജീവിത പ്രക്രിയയാണെന്ന് ഞാൻ പറയുന്നു. നിങ്ങൾക്ക് അതിരുകളില്ലാത്ത സ്വഭാവം അറിയണമെങ്കിൽ, നിങ്ങൾ അത് അനുഭവിക്കണം, ശാരീരത്തിന് അതീതമായ എന്തെങ്കിലും നിങ്ങൾ മനസ്സിലാക്കണം. നിങ്ങൾ‌ സമുദ്രത്തിൽ‌ ചാടുമ്പോൾ‌, നിങ്ങൾ‌ ഒരു പർ‌വ്വതത്തെ കാണുമ്പോൾ‌, നിങ്ങൾ‌ ഒരു പാട്ട് പാടുമ്പോൾ‌, നൃത്തം ചെയ്യുമ്പോൾ‌, നിങ്ങൾ‌ കണ്ണുകൾ‌ അടയ്‌ക്കുമ്പോൾ‌, എല്ലാമുള്ള അനുഭവം നിങ്ങളെ ആഴത്തിൽ സ്പർശിച്ചിരിയ്ക്കാം. എന്നാൽ ഇപ്പോളത്തെ ചോദ്യം അത് സ്ഥിരമായി നിലനില്കുന്നതായിരുന്നോ എന്നതാണ്.


ലളിതമായ ഒരു പരിശീലനം


ഒരു കാര്യമെന്താണെന്നു വെച്ചാൽ, വളരെ ലളിതമായ ആത്മനിഷ്ഠമായ രീതിയിലേക്ക് ഞങ്ങൾക്ക് നിങ്ങളെ എത്തിക്കാൻ കഴിയും. ആത്മനിഷ്ഠയ്ക്കായുള്ള ഏതൊരു സാങ്കേതികവിദ്യയും അതിനായി നിയോഗിച്ചതല്ലാത്ത ഒരു അന്തരീക്ഷത്തിൽ നിങ്ങളെ പഠിപ്പിക്കാൻ കഴിയില്ല. അതിനാൽ, വളരെ പ്രതിബദ്ധതയോടും ശ്രദ്ധയോടും കൂടിയ ഒരു ചെറിയ ഇടം നിങ്ങൾ നൽകാൻ സ്വയം തയ്യാറാണെങ്കിൽ, ഞങ്ങൾക്ക് നിങ്ങളെ ലളിതമായ ഒരു പരിശീലനത്തിന് വിധേയമാക്കാൻ സാധിക്കും, അതിലൂടെ ഓരോ ദിവസവും വെറും 21 മിനിറ്റ് (ഇന്നർ എഞ്ചിനീയറിംഗ്) ഇതിനായി സമർപ്പിക്കുകയാണെങ്കിൽ, നിങ്ങളുടെ ഉള്ളിലെ അനുഭവത്തിൽ  നിങ്ങളുടെ ദിവസങ്ങളെ വളരെ അസാധാരണമായി രീതിയിൽ ആരംഭിക്കാൻ നിങ്ങൾക്ക് കഴിയും. ദിവസം മുഴുവനും നിങ്ങളെ സമാധാനപരവും സന്തോഷകരവുമാക്കുന്ന വളരെ ശക്തമായ അനുഭവം നിങ്ങൾക്ക് ലഭ്യമാകും.
അതുകൂടാതെ, അത് നിലനിർത്താൻ, ഓരോ മനുഷ്യനും ചെയ്യേണ്ട ഒരു ലളിതമായ കാര്യം എന്താണെന്ന് വച്ചാൽ, എന്തിനോടുമുള്ള നിങ്ങളുടെ ഇടപെടൽ വിവേചനരഹിതമാക്കുക എന്നതാണ്. നിങ്ങൾ ഒരു വ്യക്തിയെയോ, മരത്തെയോ, മേഘത്തെയോ, എന്തിനെ തന്നെ നോക്കിയാലും, വിവേചനമില്ലാതെ നോക്കണം, അതെല്ലാം നിങ്ങൾക്കും ഒരുപോലെയാണ്. നിങ്ങളുടെ സ്വന്തം ശരീരത്തോടും ശ്വസനത്തോടും നിങ്ങൾ സമാനത പാലിക്കുന്നു. ഏതാണ് നല്ലത് എന്ന കാര്യത്തിൽ നിങ്ങൾക്ക് വിവേചനമില്ലെങ്കിൽ, ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും നിങ്ങൾ സമാനമായി ഇടപെടുകയാണെങ്കിൽ, നിങ്ങൾ എല്ലായ്പ്പോഴും ആത്മീയതയുടെ പാതയിലായിരിക്കും. ആത്മീയത എന്താണെന്ന് ആരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല.