सद्गुरु

യോഗയില്‍ ആരോഗ്യത്തെക്കുറിച്ചു പറയുമ്പോള്‍, ശരീരമോ മനസ്സോ അല്ല കണക്കിലെടുക്കുന്നത്‌, ഊര്‍ജം എങ്ങനെയെന്നു മാത്രമാണ്‌ നിരീക്ഷിക്കുന്നത്‌. നിങ്ങളുടെ ഊര്‍ജശരീരം ശരിയായ സന്തുലിതാവസ്ഥയിലും പൂര്‍ണമായ ഒഴുക്കിലുമാണെങ്കില്‍ ശരീരവും മനസ്സും പൂര്‍ണാരോഗ്യത്തിലായിരിക്കും.

സദ്ഗുരു : ഊര്‍ജ (പ്രാണ) ശരീരത്തെ പൂര്‍ണമായ ഒഴുക്കിലാക്കി സൂക്ഷിക്കുക എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ ഏതെങ്കിലും തരത്തിലുള്ള ശുശ്രൂഷയോ (treatment) സുഖചികിത്സയോ (therapy) ഒന്നുമല്ല. നിങ്ങളുടെ ഊര്‍ജവ്യവസ്ഥയുടെ അടിസ്ഥാനത്തെത്തന്നെ ഉത്തേജിപ്പിച്ച്‌ ശരീരവും മനസ്സും സ്വാഭാവികമായിത്തന്നെ സൌഖ്യത്തിലാക്കുന്നതിനുതകുന്ന ഒരു യോഗാപ്രാക്‌ടീസ്‌ സ്ഥാപിക്കുന്നതിനെക്കുറിച്ചാണ്‌.

പൊണ്ണത്തടി

പതിവായി യോഗ ചെയ്‌താല്‍, അധികഭാരം തീര്‍ച്ചയായും പോയിക്കിട്ടും. യോഗ അവയവങ്ങളെ പുനരുത്തേജിപ്പിച്ച്‌ അമിതമായി ഭക്ഷണം കഴിക്കാത്ത തരത്തിലുള്ള ഒരു അവബോധം നിങ്ങളില്‍ സൃഷ്‌ടിക്കും. ഒരിക്കല്‍ ഒരു പ്രത്യേകതലത്തിലുള്ള അവബോധം നിങ്ങളുടെ ശരീരത്തിലുണ്ടായാല്‍ പിന്നെ ശരീരം ആവശ്യത്തിനുമാത്രം ഭക്ഷിക്കുന്ന ഒരു രീതിയിലായിത്തീരും, കൂടുതല്‍ കഴിക്കില്ല. ഇതു നിങ്ങള്‍ സ്വയം നിയന്ത്രിക്കുകയോ ക്രമീകരിക്കുകയോ ചെയ്യുന്നതുകൊണ്ടോ ആരെങ്കിലും നിങ്ങളോട്‌ ആഹാരം നിയന്ത്രിക്കാന്‍ ആവശ്യപ്പെടുന്നതുകൊണ്ടോ അല്ല. മറ്റു വ്യായാമങ്ങളിലോ ആഹാരനിയന്ത്രണങ്ങളിലോ ഏര്‍പ്പെടുകയാണെങ്കില്‍ നിങ്ങള്‍ എപ്പോഴും സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു, യോഗയിലാകുമ്പോള്‍ സ്വയം നിയന്ത്രിക്കേണ്ട ആവശ്യമില്ല, പ്രാക്‌ടീസ്‌ ചെയ്‌താല്‍ മാത്രം മതി, അത്‌ നിങ്ങളുടെ ശരീരത്തെ ആവശ്യത്തിലധികം ഭക്ഷിക്കാനനുവദിക്കാത്ത രീതിയില്‍ സംരക്ഷിച്ചുകൊള്ളും. അതാണ്‌ യോഗ ചെയ്യുന്ന ഏറ്റവും വലിയ ഗുണം.

നിങ്ങളുടെ ശരീരത്തെ ആവശ്യത്തിലധികം ഭക്ഷിക്കാനനുവദിക്കാത്ത രീതിയില്‍ സംരക്ഷിച്ചുകൊള്ളും. അതാണ്‌ യോഗ ചെയ്യുന്ന ഏറ്റവും വലിയ ഗുണം.

പ്രമേഹം (Diabetics)

ഊര്‍ജ്ജശരീരം പൂര്‍ണ ഉന്മേഷത്തിലും സന്തുലിതാവസ്ഥയിലുമാണെങ്കില്‍ ശരീരത്തിന്‌ രോഗമൊന്നുമുണ്ടാകുകയില്ല. യോഗയില്‍ പ്രമേഹം ഒരു പ്രശ്‌നമായാണ്‌ കാണുന്നത്‌. അത്‌ നിസ്സാരമായി കരുതാവുന്ന ഒന്നല്ല. വാസ്‌തവത്തില്‍ ശരീരത്തിന്‍റെ അടിസ്ഥാനപരമായ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോഴാണ്‌ ഒരാള്‍ക്കു പ്രമേഹമുണ്ടാകുന്നത്‌. അത്‌ ഓരോ വ്യക്തിയിലും വ്യത്യസ്‌തമായിരിക്കും. ഓരോ പ്രമേഹരോഗിയേയും പ്രത്യേകം ചികിത്സിക്കേണ്ടത്‌ അത്യന്താപേക്ഷിതമാണ്. അടിസ്ഥാനപരമായി യോഗ പ്രവര്‍ത്തിക്കുന്നത്‌ പ്രാണശരീരത്തിലാണ്‌. നിങ്ങള്‍ പ്രാണായാമത്തില്‍ ചെയ്യുന്നതെല്ലാം ശരീരത്തിനുള്ള വ്യായാമമാണ്‌. പ്രാണശരീരം പൂര്‍ണാരോഗ്യത്തിലാക്കാനുള്ള രീതിയിലാണ്‌ പ്രാണായാമം ചെയ്യുന്നത്‌. പ്രാണമയകോശം പൂര്‍ണ സന്തുലനത്തിലാകുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ രോഗമുണ്ടാകുകയില്ല. ഊര്‍ജശരീരം സന്തുലിതാവസ്ഥയിലാണെങ്കില്‍ മനസ്സിനും ശരീരത്തിനും രോഗമുണ്ടാകുക അസാധ്യമാണ്‌. പല അസുഖങ്ങളാല്‍ കഷ്‌ടപ്പെടുന്നവര്‍ ഇവിടെ വരാറുണ്ട്‌. ഹൃദ്രോഗമായാലും ആസ്‌തമയായാലും പ്രമേഹമായാലും ഒരേ ചികിത്സയാണ്‌. ഒരു കണക്കിനു പറഞ്ഞാല്‍ ‘ഒരു ചികിത്സയുമില്ല’, ഞങ്ങള്‍ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍വേണ്ടി പ്രയത്‌നിക്കുന്നുവെന്നു മാത്രം. അതായത്, നിങ്ങളുടെ ശാരീരികാവസ്ഥ മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നു.

പ്രാണമയകോശം പൂര്‍ണ സന്തുലനത്തിലാകുകയും ശരിയായി പ്രവര്‍ത്തിക്കുകയും ചെയ്‌താല്‍ രോഗമുണ്ടാകുകയില്ല.

പ്രകൃതിദത്തമായ ആഹാരം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ധാരാളം മുളപ്പിച്ച ധാന്യങ്ങളും പയറുവര്‍ഗങ്ങളും പച്ച ഇലക്കറികളും കഴിക്കുക. ഒരളവുവരെ പഴങ്ങളും കഴിക്കണം. ഇതു നിങ്ങളുടെ ശരീരത്തെ തീര്‍ച്ചയായും സ്വസ്ഥവും ആരോഗ്യമുള്ളതുമാക്കിത്തീര്‍ക്കും.

ആസ്‌ത്‌മ

ആസ്‌ത്‌മയുള്ളവര്‍ക്ക്‌ ആദ്യം വേണ്ടത്‌ കഫം നീക്കി ആശ്വാസം പകരുകയാണ്‌. ആഹാരരീതി ക്രമീകരിക്കേണ്ടത്‌ ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്‌.

ആസ്‌ത്‌മയുള്ളവര്‍ ഒഴിവാക്കേണ്ട ആഹാരം:

പാലും പാലുല്‍പന്നങ്ങളും, വാഴപ്പഴം, ചക്ക, വേവിച്ച ബീറ്റ്‌റൂട്ട്‌, (പച്ച ബീറ്റ്‌റൂട്ട്‌ കുഴപ്പമില്ല), നാടന്‍പയര്‍

ആസ്‌ത്‌മക്കാര്‍ക്കു പറ്റിയ ആഹാരം:

തേന്‍, കുതിര്‍ത്ത പച്ചക്കപ്പലണ്ടി, തുളസി, വേപ്പില

ആസ്‌ത്‌മയും അര്‍ശസ്സും (Piles)

ആസ്‌ത്‌മയുള്ളവര്‍ക്കു ശരിയായ മലശോധന വളരെ പ്രധാനമാണ്‌. ആസ്‌ത്‌മയും അര്‍ശസ്സും ഉള്ളവരുണ്ട്‌. ഇതു രണ്ടുംകൂടി അല്‍പംപോലും യോജിക്കുകയില്ല. ആസ്‌ത്‌മ ശീതവും അര്‍ശസ്സ്‌ ഉഷ്‌ണവും ആണ്‌. ഉഷ്‌ണകരമായ ആഹാരം കഴിച്ചാല്‍ അര്‍ശസ്സ്‌ വര്‍ദ്ധിക്കും. ശീതകരമായ ആഹാരം കഴിച്ചാല്‍ ആസ്‌ത്‌മ വര്‍ദ്ധിക്കും. ഇത്‌ ഒരു സീസോ പോലെയാണ്‌ ഇങ്ങനെ പോയാല്‍ ഒന്നു വര്‍ദ്ധിക്കും, അങ്ങനെ പോയാല്‍ മറ്റേതു വര്‍ദ്ധിക്കും. മണിപൂരകം ആണ്‌ ശരീരത്തെ രണ്ടായി വിഭജിക്കുന്ന ഒരു ഘടകം. ആസ്‌ത്‌മയും പൈല്‍സും ഉള്ള വ്യക്തിയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നതെന്താണെന്നുവച്ചാല്‍ താഴ്‌ഭാഗം ഉഷ്‌ണവും മുകള്‍ഭാഗം ശീതവുമാണ്‌. രണ്ടും സന്തുലിതമാക്കണം. സൂര്യനമസ്‌കാരവും ആസനങ്ങളും പ്രാക്‌ടീസ്‌ ചെയ്‌ത്‌ രണ്ടും തുല്യനിലയിലാക്കാം.

ആസ്‌ത്‌മ രോഗികള്‍ക്കുള്ള യോഗാപ്രാക്‌ടീസുകള്‍

സൂര്യനമസ്‌കാരവും യോഗാസനങ്ങളും

അവ ശരീരാവയവങ്ങള്‍ക്ക്‌ സന്തുലിതാവസ്ഥ വരുത്തുന്നു. സൈനസൈറ്റിസും ആസ്‌ത്‌മയും ഉള്ളവര്‍ക്ക്‌ മൂക്കടപ്പു മാറ്റുന്നു. ശരീരത്തിനാവശ്യമായ വ്യായാമം നല്‍കുകയും ശരീരത്തില്‍ ആവശ്യത്തിന്‌ ചൂട്‌ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. സൂര്യനമസ്‌കാരം ചെയ്‌താല്‍ പുറമേയുള്ള തണുപ്പ്‌ നിങ്ങളെ ബാധിക്കാത്ത തരത്തിലുള്ള ഊര്‍ജം ശരീരത്തില്‍ ഉല്‍പാദിപ്പിക്കാം.

പ്രാണായാമം
പലതരം ആസ്‌ത്‌മയുണ്ട്, ചിലത്‌ അലര്‍ജികാരണവും, ചിലത്‌ ശ്വാസനാളസംബന്ധിയും, ചിലത്‌ മനസ്സുമായി ബന്ധപ്പെട്ടും ആയിരിക്കും. മനസ്സുമായി ബന്ധപ്പെട്ടതാണെങ്കില്‍ ഈശാ യോഗാക്ലാസ് ചെയ്യുമ്പോള്‍ ഒരു പൂര്‍ണ സ്വീകാര്യതയുണ്ടായാല്‍ ആസ്‌ത്‌മ മാറും. മനസ്സു ശാന്തവും ജാഗരൂകവും ആകുമ്പോള്‍ ആസ്‌ത്‌മ അപ്രത്യക്ഷമാകും. അലര്‍ജി കാരണമാണെങ്കില്‍ പ്രാണായാമം ചെയ്യുമ്പോള്‍ ആസ്‌ത്‌മകൊണ്ടുള്ള ബുദ്ധിമുട്ടു കുറയും. ശരിയായ രീതിയില്‍ പ്രാണായാമം ചെയ്‌താല്‍ ഒന്നു രണ്ടാഴ്‌ചത്തെ പ്രാക്‌ടീസ്‌ കൊണ്ട്‌ ഏകദേശം എഴുപത്തഞ്ച് ശതമാനം ആശ്വാസം ലഭിക്കുന്നതായി കാണാം.