सद्गुरु

യാഥാര്‍ത്ഥ്യത്തില്‍ ഒന്നിനെപ്പറ്റിയും പഴയതാണ്, പരിചിതമായത് എന്ന നിഗമനത്തിലെത്താന്‍ കഴിയുകയില്ല. കാരണം, യാതൊന്നും തന്നെ ഒരിടത്തും സ്ഥിരമായി സ്ഥിതി ചെയ്യുന്നില്ല. പഴയത് എന്ന തോന്നല്‍ മാനസിക തലത്തില്‍ മാത്രം നടക്കുന്ന ഒരു പ്രക്രിയയാണ്.

സദ്‌ഗുരു : സൃഷ്ടിയില്‍ ഭൌതികമായി പരിശോധിച്ചാല്‍ എല്ലാംതന്നെ പുതുമയുള്ളതും പ്രസരിപ്പുള്ളതുമാണ്. ഈ നിമിഷം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്തായാലും, അത് ലക്ഷോപലക്ഷം പ്രാവശ്യം ഇല്ലാതാവുകയും, അതിന്‍റെ പുതിയ രൂപത്തിലുള്ള സൃഷ്ടി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇതിനെയാണ് ശ്രീ ബുദ്ധന്‍ 'അനിത്യ' എന്നും ശ്രീ ശങ്കരാചാര്യര്‍ 'മായ' എന്നും പറഞ്ഞിട്ടുള്ളത്. യാഥാര്‍ത്ഥ്യത്തില്‍ യാതൊന്നും തന്നെ ഒരിടത്തും സ്ഥിരമായി സ്ഥിതി ചെയ്യുന്നില്ല. ഓരോ സെക്കന്റിലും, ഓരോന്നിനും സദാ വിഘടനം സംഭവിച്ചുകൊണ്ടേയിരിക്കുന്നു, പിന്നീടത്‌ കൂടിച്ചേരുകയും, വീണ്ടും വിഘടിക്കുകയും, കൂടിച്ചേരുകയും ചെയ്യുന്നു. ഈ പ്രക്രിയ അനുസ്യൂതം ലക്ഷോപലക്ഷം പ്രാവശ്യം പ്രപഞ്ചത്തിലാകെ നടന്നു കൊണ്ടിരിക്കുകയാണ്.

ഈ നിമിഷം നിങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്തായാലും, അത് ലക്ഷോപലക്ഷം പ്രാവശ്യം ഇല്ലാതാവുകയും, അതിന്‍റെ പുതിയ രൂപത്തിലുള്ള സൃഷ്ടി ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

ഒരു നിമിഷം മാത്രം നിലനില്‍ക്കുന്നതു കൊണ്ടാണ് ഈ പ്രപഞ്ചത്തിലെ ഓരോന്നിന്റെയും അസ്തിത്വം എല്ലായ്പ്പോഴും പുതുമയുള്ളതാണെന്ന് പറയപ്പെടുന്നത്. സൃഷ്ടിക്കപ്പെടുകയും, ഇല്ലാതാവുകയും, വീണ്ടും വീണ്ടും പുനര്‍സൃഷ്ടി നടക്കുകയും ചെയ്യുന്ന ഈ പ്രപഞ്ചത്തിലെ സൃഷ്ടിയും അസ്തിത്വവും എല്ലാം മേല്‍പ്പറഞ്ഞ തത്വത്തിന് അധിഷ്ടിതമാണ്. മാനസികമായി വ്യാപരിക്കുമ്പോള്‍ മാത്രം മനുഷ്യരായാലും, ഇതരജീവികളായാലും, വസ്തുവകകളായാലും പഴയതായി ഭൌതിക ദൃഷ്ടിയില്‍ തോന്നുകയാണ്.

പ്രോഗ്രാം തുടങ്ങിയ ആദ്യ ദിവിസം തന്നെ അതില്‍ പങ്കെടുക്കുവാന്‍ വന്നവരെല്ലാം എത്തിച്ചേര്‍ന്നു കഴിഞ്ഞപ്പോള്‍ ഗംഭീരമായ മഴ പെയ്യാന്‍ തുടങ്ങി. തിരിച്ചുപോയാലോ എന്നുവരെ പലരും ചിന്തിക്കാതിരുന്നില്ല. അത്ര കണ്ട് കനത്തമഴ അവര്‍ മുമ്പെങ്ങും അനുഭവിച്ചിട്ടില്ലായിരിക്കാം. താമസസ്ഥലത്തുനിന്നു പുറത്തേക്ക് വരാന്‍പോലും പലരും മടിച്ചു നിന്നു. നാട്ടിന്‍പുറങ്ങളിലെ മഴയില്‍ നിന്നും വിഭിന്നമാണ് മലയോരങ്ങളില്‍ പെയ്യുന്ന മഴ. ഇടിയും മിന്നലും, അടിച്ചു പറത്തുന്ന തരത്തിലുള്ള കൊടുങ്കാറ്റും. എല്ലാം തൊട്ടടുത്തു സംഭവിക്കുന്നത്‌ പോലെ തോന്നും. ഇടി മുഴക്കം മൈലുകള്‍ക്കപ്പുറമാണു സംഭവിക്കുന്നത്‌, എങ്കില്‍പ്പോലും ഇടിയും മിന്നലും കൊടുങ്കാറ്റുമുള്ളപ്പോള്‍, ഇരുട്ടില്‍ അതിനെ അഭിമുഖീകരിച്ചു കൊണ്ട് പുറത്തുപോയി കുറച്ചു നേരമെങ്കിലും നില്‍ക്കണമെങ്കില്‍, അസാധ്യമായ ധൈര്യവും സഹനശക്തിയും വേണം. മിക്കവരും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആകെ വിരണ്ടു പോകും.

ഏതായാലും, അടുത്ത ദിവസം ജാള്യതകൊണ്ട് തലകുനിച്ചാണ് മിക്കവരും നടന്നിരുന്നത്. പഴയ രീതിയില്‍ ഒന്നുന്മേഷവാന്മാരാകാന്‍ രണ്ടു മൂന്നു ദിവസം വേണ്ടിവന്നു. തുടക്കത്തിലൊക്കെ മിക്കവരും പുലര്‍ക്കാല സമയങ്ങളിലും സന്ധ്യാനേരത്തും ചുറ്റും ഉള്ള മലനിരകളെ നോക്കി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. ഏതാണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ ആ മലകളെ ശ്രദ്ധിക്കാതായി. അവരുടെ വീക്ഷണത്തില്‍ അതൊക്കെ പഴഞ്ചനായി തീര്‍ന്നിരുന്നു. “ആ മലകള്‍ എന്നും അവിടെത്തന്നെ ഉള്ളതല്ലേ, ഇത്രമാത്രം നോക്കിയിരിക്കാനവിടെ എന്തിരിക്കുന്നു?” ഇങ്ങിനെയായി അവരുടെ ചിന്താഗതി.

അവയ്ക്ക് ഒരിക്കലും പുതുമ നഷ്ടപ്പെടുകയില്ല. ആ പുതുമ ഉള്‍ക്കൊള്ളാന്‍ കഴിയാത്തത് ഏത് വസ്തുവിനെയും മനസ്സെന്ന അരിപ്പയില്‍ കൂടി വീക്ഷിക്കുന്നത് കൊണ്ടാണ്. നിങ്ങളുടെ ഉള്ളില്‍ അട്ടിയിട്ടിരിക്കുന്ന ഓര്‍മ്മകള്‍, കാണുന്നതും കേള്‍ക്കുന്നതും ചെയ്യുന്നതും ആയ എല്ലാത്തിനും കണ്ടു പരിചിതമായത്, കണ്ടു മടുത്തത് എന്നെല്ലാമുള്ള പ്രതീതി ഉളവാക്കുന്നു. ഈ നിലപാട് സത്യത്തില്‍ ജീവിതത്തിന്‍റെ ഒരു ശാപം തന്നെയാണ്, പണ്ട് ആദമും ഹവ്വയും അറിവിന്റെ ഫലം ഭക്ഷിച്ച കഥ പറയുന്നതു പോലെ. അതുവരെ അവര്‍ക്ക് നോക്കുന്നതെല്ലാം പുതുമയാര്‍ന്നതായിരുന്നു, അത്ഭുതമുളവാക്കുന്നതായിരുന്നു. ഫലം ഭക്ഷിച്ചതോടുകൂടി അവര്‍ക്ക് എല്ലാത്തിനും പുതുമ നഷ്ടപ്പെട്ടതായി തോന്നി. ഒരിക്കലും പുതുമ നഷ്ടപ്പെടാതെ ഇരുന്നാല്‍, നിങ്ങളുടെ നിലയ്ക്കാത്ത ആഗ്രഹങ്ങള്‍ നിങ്ങളെ മുന്നിലോട്ട് ഓടിച്ചുകൊണ്ടേയിരിക്കും, നിങ്ങള്‍ നൂതനമായതിനെ തിരഞ്ഞു കൊണ്ടേയിരിക്കും.

കുറെ സെന്‍ ബുദ്ധിസ്റ്റുകള്‍ ഒരു നദിയുടെ കരയില്‍ താമസിച്ചിരുന്നു. മറുകരയില്‍ താമസിച്ചിരുന്നവരെപറ്റി പല കഥകളും കേട്ടിരുന്നു എന്നതല്ലാതെ അവരെയാരെയും നേരിട്ടുകണ്ടിട്ടില്ലായിരുന്നു. അവിടെ പ്രകാശം പരക്കുന്നത് കാണാം, ഒച്ചയും സംസാരവും മറ്റും കേള്‍ക്കാം, അക്കരെയുള്ള ജീവന്റെ തുടിപ്പവര്‍ക്ക് അനുഭവപ്പെടാന്‍ കഴിഞ്ഞിരുന്നു, എന്നാലവിടെ ആരാണ്, എന്താണ് ഉള്ളതെന്ന് അറിയില്ലായിരുന്നു, അറിയാനൊട്ടു താല്‍പര്യവും കാണിച്ചിരുന്നില്ല. ദശാബ്ധങ്ങളായിട്ട് നദിക്കരയില്‍ തന്നെയാണവര്‍ ജീവിച്ചിരുന്നത്. എന്നിട്ടും, മറുകരയില്‍ പോകുവാനോ അക്കരെ എന്താണ് സംഭവിക്കുന്നതെന്നറിയുവാനോ തുനിഞ്ഞിരുന്നില്ല, എന്തുകൊണ്ടെന്നാല്‍ അവര്‍ക്കവരുടെ നിത്യജീവിതം തന്നെ വിചിത്രമാര്‍ന്നതായിരുന്നു, പ്രഭാതത്തില്‍ ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ മുതല്‍ എല്ലാം സ്വപ്നതുല്യം എന്നവണ്ണം അവര്‍ ആസ്വദിച്ചിരുന്നു. മറ്റെവിടെയെങ്കിലും പോയി വിശേഷങ്ങള്‍ തിരക്കാനും, കാര്യങ്ങള്‍ ആരായാനും അവര്‍ക്ക് യാതൊരു താല്‍പര്യവും ഇല്ലായിരുന്നു.

ഫ്രഞ്ച് എഴുത്തുകാരനും, തത്വജ്ഞാനിയുമായിരുന്നു ആല്‍ബര്‍ട്ട് ക്യാമോവിനെപ്പറ്റി പറയുകയാണെങ്കില്‍, ഏതെങ്കിലും ഒരാത്മീയ ജ്ഞാനിയുടെ വെറും ഒരു നോട്ടം മതിയായിരുന്നു, അദ്ദേഹത്തിന് ബൌദ്ധിക തലത്തില്‍ ബോധോദയത്തിന്റെ സീമ കടന്നപ്പുറത്തെത്താന്‍. ഏതാണ്ട് ഭ്രാന്തന്‍ എന്നു തോന്നിപ്പിക്കുന്ന വിധം അദ്ദേഹം ബോധോദയത്തിന്റെ തൊട്ടടുടുത്ത് എത്തിയിരുന്നു. ആത്മീയതലത്തില്‍ ആരെങ്കിലും അദ്ദേഹത്തെ സഹായിക്കാനുണ്ടായിരുന്നെങ്കില്‍, എല്ലാവരെയും അതിശയിപ്പിക്കും വിധം അദ്ദേഹം ആത്മസാക്ഷാത്ക്കാരം നേടിയ ജ്ഞാനിയായ ഒരാളായി മാറിയേനെ. 'The Myth Of Sisyphus' എന്ന അദ്ദേഹത്തിന്റെ പുസ്തകം വായിച്ചാല്‍, അതില്‍ ആത്മീയാനുഭവങ്ങളെപ്പറ്റി വലുതായിട്ടൊന്നും വിശദീകരിച്ചിട്ടില്ലെങ്കില്‍ പോലും, ബൗദ്ധിക നിലവാരത്തില്‍ അദ്ദേഹം വളരെയേറെ പുരോഗമിച്ചിരുന്നു എന്നത് തികച്ചും സ്പഷ്ടമാണ്. ഗീതയും ഉപനിഷത്തും ഒക്കെ വായിക്കുന്നതു പോലെ തോന്നും. എന്നിട്ടും ആത്മസാക്ഷാത്ക്കാരം നേടാനാകാതെ പോയത്, അദ്ദേഹത്തെ നയിക്കാന്‍ ബൗദ്ധിക ചിന്താഗതിയുള്ള ഗുരുതുല്യമായ ഒരു വ്യക്തിയും, അതിനുതക്ക അന്തരീക്ഷവും ഇല്ലാതെപോയി എന്നുള്ളതാണ്.

അദ്ദേഹത്തിന്റെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്, "കണ്ണുകള്‍ നല്ലതുപോലെ തുറന്ന് ജീവിതത്തിന്റെ ഗതിചലനങ്ങള്‍ കുറച്ചുകാലം വീക്ഷിക്കുക. അതിനുശേഷം ജീവപര്യന്തം നിങ്ങളെ ഒരു തുറുങ്കലില്‍ അടയ്ക്കുകയോ അല്ലെങ്കില്‍ കണ്ണുകള്‍ മൂടികെട്ടി വെയ്ക്കുകയോ ചെയ്താലും, പ്രത്യേകിച്ചൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ആ കുറച്ചു സമയം കണ്ടതു മതി, മരണം വരെ അതു നമ്മുടെ ഉള്ളില്‍ നിറഞ്ഞ് നില്‍ക്കും." ഇതായിരുന്നു ജീവിതം അദ്ദേഹത്തെ പഠിപ്പിച്ചത്.

ആകാശനീലിമയെ ഒരു പ്രാവശ്യം കൌതുകത്തോടെ, ഗഹനതയോടെ ശ്രദ്ധിച്ചാല്‍, പിന്നെ കാഴ്ച നഷ്ടപ്പെട്ടാല്‍പ്പോലും ആ ആകാശം നിങ്ങളുടെ മനക്കണ്ണില്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും

അതാണ് സത്യം! ഈ സൃഷ്ടിയെ, അഥവാ അസ്തിത്വത്തെ, ശരിയായ വീക്ഷണത്തോടെ ഒരു പ്രാവശ്യമെങ്കിലും നിരീക്ഷിച്ചാല്‍, പ്രപഞ്ചത്തിന് നമുക്കുവേണ്ടി എന്തെല്ലാം പ്രദാനം ചെയ്യേണ്ടതുണ്ടോ, അതെല്ലാം ഇവിടെന്നെയുണ്ട്‌ എന്ന വസ്തുത മനസ്സിലാക്കാനാകും. കാണുന്നതെല്ലാം തൃപ്തിയോടെ കാണാനുള്ള പര്യാപ്തത ഉണ്ടെങ്കില്‍ മാത്രമേ പൂര്‍ണരൂപത്തില്‍ നിങ്ങള്‍ക്ക് ധ്യാനനിമഗ്നനാകുവാന്‍ സാധിക്കുകള്ളു. നിങ്ങളുടെ ആഗിരണശേഷി നശിച്ചിട്ടില്ല എങ്കില്‍, ആകാശനീലിമയെ ഒരു പ്രാവശ്യം കൌതുകത്തോടെ, ഗഹനതയോടെ ശ്രദ്ധിച്ചാല്‍, പിന്നെ കാഴ്ച നഷ്ടപ്പെട്ടാല്‍പ്പോലും ആ ആകാശം നിങ്ങളുടെ മനക്കണ്ണില്‍ എന്നെന്നും നിലനില്‍ക്കുക തന്നെ ചെയ്യും - പുതുമയോടെ, താത്പര്യമുണര്‍ത്തുന്ന വിധത്തില്‍. അല്ലാത്ത പക്ഷം കാണുംതോറും, പുതുമ നഷ്ടപ്പെട്ടുകൊണ്ടേയിരിക്കും. കാരണം ഓര്‍മ്മയുടെ ബലത്തിലാണ് എല്ലാവരും ജീവിക്കുന്നത്, അല്ലാതെ അന്തര്‍ബോധത്തിന്റെ അടിസ്ഥാനത്തിലല്ല .

(1994ല്‍ നടന്ന ഹോള്‍നെസ്സ് പ്രോഗ്രാമിന് ശേഷം സദ്‌ഗുരു നല്‍കിയ പ്രഭാഷണത്തില്‍ നിന്ന്)