അഹന്ത നാശത്തിലേക്കുള്ള വഴി തെളിക്കും.
രാവണന്‍ വലിയ ശിവഭക്തനായിരുന്നു, ഭക്തിയുടെയും സമര്‍പ്പണത്തിന്റെയും മൂര്‍ത്തീമദ് ഭാവമായിരുന്നു. കഠിന താപസനും മഹായോഗിയും ആയിരുന്നു. ഇതിനോടെല്ലാമൊപ്പം മഹാ അഹങ്കാരിയുമായിരുന്നു.
 
 

सद्गुरु

നിങ്ങള്‍ ദുഷ്‌ടനോ, ശിഷ്‌ടനോ എന്നതല്ല വിഷയം, ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‌ എപ്പോഴും ദൈവാനുഗ്രഹത്തിന്റെ പിന്തുണയുണ്ടാകും. അതിന്‍റെ പരിണിതഫലം അവനവന്റെ സ്വഭാവത്തിനനുസരിച്ച്‌ ശുഭമോ, അശുഭമോ ആയിത്തീരാം.

സദ്‌ഗുരു:– രാവണന്‍ വലിയ ശിവഭക്തനായിരുന്നു. രാവണന്റെ രാജ്യം തെക്ക്‌ ലങ്കയിലായിരുന്നു. അവിടെയിരുന്നാണ്‌ നിത്യവും അദ്ദേഹം ശിവപൂജ നടത്തിയിരുന്നത്‌. ഒരു ദിവസം രാവണനു തോന്നി, വടക്കുള്ള കൈലാസത്തെ തെക്കുള്ള തന്റെ രാജധാനിയിലേക്കു കൊണ്ടുവരണമെന്ന്‍. അങ്ങനെ രാക്ഷസരാജാവ്‌ കൈലാസത്തിലെത്തി. കൈലാസത്തെ പൊക്കിയെടുത്ത്‌ ലങ്കയിലെത്തിക്കാനായിരുന്നു രാവണന്റെ ശ്രമം. പാര്‍വതിക്ക്‌ കഠിനമായ ദേഷ്യം വന്നു. ദേവി ശിവനോടു തട്ടിക്കയറി. “രാവണന്‍ അങ്ങയുടെ ഭക്തനായിരിക്കാം. എന്നാല്‍ ഇത്‌ വലിയ അഹമ്മതിതന്നെ. കൈലാസത്തിനെ ലങ്കയിലേക്കു കൊണ്ടുപോവുകയൊ? രാവണന്റെ അഹങ്കാരം!”

ശിവനും ക്രുദ്ധനായി. ഭഗവാന്‍ പാദംകൊണ്ട് കൈലാസത്തെ ഒന്നമര്‍ത്തി. അതിനടിയില്‍ രാവണന്റെ കൈകള്‍ കുരുങ്ങിപ്പോയി. വേദനകൊണ്ട് രാക്ഷസരാജന്‍ അട്ടഹസിച്ചു. ശിവന്‍ കേട്ടഭാവം നടിച്ചില്ല. കൈലാസത്തിനടിയില്‍ ഞെരിഞ്ഞമര്‍ന്ന കൈകളുമായി അനവധി ദിവ്യസ്‌തോത്രങ്ങളാല്‍ രാവണന്‍ ശിവനെ സ്‌തുതിച്ചു. ഭക്തിയുടേയും സമര്‍പ്പണത്തിന്റേയുമായ ആയിരത്തൊന്നു ശ്ലോകങ്ങള്‍കൊണ്ടാണ്‌ രാവണന്‍ മഹാദേവനെ സ്‌തുതിച്ചത്‌. അവസാനം സംപ്രീതനായി ഭഗവാന്‍ ഭക്തന്‌ മോചനം നല്‍കി പറഞ്ഞു, “എന്തു വരം വേണമെങ്കിലും ചോദിക്കാം, നിന്റെ സ്‌തുതിയില്‍ നാം അത്രത്തോളം സന്തുഷ്‌നായരിക്കുന്നു.”

അതോടെ രാവണന്റെ അഹന്ത പൂര്‍വാധികം ശക്തമായി. രാവണന്‍ പറഞ്ഞു, "എനിക്ക്‌ ശ്രീ പാര്‍വ്വതിയെ വിവാഹം കഴിച്ചുതരണം.” വരം തരാം എന്ന് പറഞ്ഞാല്‍, എന്തു ചോദിച്ചാലും കൊടുക്കണം. രാവണന്റെ അഹങ്കാരം ശിവന്റെ ഭൂതഗണങ്ങളെ ചൊടിപ്പിച്ചു. മഹേശ്വരനല്ലാതെ ശ്രീ ഭഗവതിയെ ഇനിയൊരാള്‍ സ്‌പര്‍ശിക്കുകയോ!

അവര്‍ കൂട്ടത്തോടെ മാനസസരോവരത്തിലേക്ക്‌ പാഞ്ഞു. നീരാടികൊണ്ടിരുന്ന പാര്‍വതിയെ വിളിച്ചു പറഞ്ഞു, “ഭഗവാന്‍ രാവണന്‌ വരം കൊടുത്തു കഴിഞ്ഞു. അയാള്‍ അവിടുത്തെ പരിണയിക്കാന്‍ ഇതാ എത്തുകയായി.”

പാര്‍വതി ആ ക്ഷണം മണ്ഡുകത്തെ വിളിച്ചു. തവളകളുടെ മഹാറാണിയായിരുന്നു അവള്‍. മണ്ഡുകത്തെ ശ്രീ പാര്‍വ്വതി തന്റെ മായകൊണ്ട് അതിസുന്ദരിയായ ഒരു യുവതിയാക്കി മാറ്റി. രാവണന്‍ അതിനുമുമ്പ്‌ പാര്‍വതിദേവിയെ കണ്ടിട്ടുണ്ടായിരുന്നില്ല. മണ്ഡുകത്തെ കണ്ടപ്പോള്‍ ഈ സുന്ദരി തന്നെ പാര്‍വതി എന്ന്‍ നിനച്ച്‌ അവളില്‍ മോഹാവേശനായി, വിവാഹം കഴിച്ചു. അങ്ങിനെയാണ്‌ മണ്ഡോദരി രാവണന്റെ പട്ടമഹിഷിയായത്‌.

നാട്ടുനടപ്പിനെ കുറിച്ച്‌ തീരെ ശിവന്‍ പരിഗണിക്കാറില്ല, മനസ്സറിഞ്ഞ പ്രാര്‍ത്ഥന, അതുമതി ശിവന് സന്തോഷമാവാന്

അതിനുശേഷം രാവണന്‍ വീണ്ടും തപസ്സനുഷ്‌ഠിച്ചു, എല്ലാ തരത്ത്തിലുള്ള ആരാധനകളും നടത്തി. ശിവന്‍ സന്തുഷ്‌ടനായി അതിശക്തമായൊരു ജോതിര്‍ലിംഗം ഉപഹാരമായി കൊടുത്ത്‌ അനുഗ്രഹിക്കുകയും ചെയ്തു. നാട്ടുനടപ്പിനെ കുറിച്ച്‌ തീരെ ശിവന്‍ പരിഗണിക്കാറില്ല, മനസ്സറിഞ്ഞ പ്രാര്‍ത്ഥന, അതുമതി ശിവന് സന്തോഷമാവാന്‍. രാവണന്‍ ജ്യോതിര്‍ലിംഗവുമായി ലങ്കയിലേക്കു മടങ്ങാനൊരുങ്ങി. അതെവിടെയാണൊ പ്രതിഷ്‌ഠിക്കപ്പെടുന്നത്, എക്കാലത്തും അവിടെ തന്നെ അത് ഉറച്ചു നില്‍ക്കുമെന്ന്‍ ശിവന്‍ പ്രത്യേകമായി അനുഗ്രഹിക്കുകയും ചെയ്‌തു. ഒപ്പം ഒരു മുന്നറിയിപ്പും നല്‍കി – ലങ്കയിലെത്തുംവരെ അത്‌ താഴെ വെക്കരുത്‌, അതെവിടെ വച്ചാലും അതവിടെ ഉറച്ചുപോകും.

പരമാവധി ശ്രദ്ധയോടെ രാവണന്‍ ലങ്കയിലേക്കു യാത്രയായി. മഹായോഗിയായിരുന്നു രാവണന്‍. സാധാരണ ഒരാള്‍ക്ക്‌ സ്വാഭാവികമായി വേണ്ടതെല്ലാം അദ്ദേഹത്തിന്‌ വര്‍ജിക്കുവാന്‍ കഴിയുമായിരുന്നു. ആഹാരം, നിദ്ര, മലവിസര്‍ജനം. അങ്ങനെ മൂവ്വായിരത്തിലധികം കിലോമീറ്ററുകള്‍ താണ്ടി രാവണന്‍ ഗോകര്‍ണത്തിലെത്തി. ഗോകര്‍ണം ദക്ഷിണ കര്‍ണാടകയിലാണ്‌. അപ്പോഴേക്കും അദ്ദേഹം നന്നേ തളര്‍ന്നു, ഒന്നു മൂത്രമൊഴിച്ചാല്‍ വേണ്ടില്ല എന്നായി. അതിന്‌ ജ്യോതിര്‍ലിംഗത്തെ താഴെ വച്ചാലല്ലേ പറ്റു?

അപ്പോഴാണ്‌ കണ്ണില്‍ പെട്ടത്‌, വഴിയിലുണ്ട് ഒരു ഇടയച്ചെറുക്കന്‍ നില്‍ക്കുന്നു. സുന്ദരനായൊരു ഒരു പാവം പയ്യന്‍. രാവണന്‍ അവനെ വിളിച്ചു പറഞ്ഞു, "ദാ, ഇത്തിരിനേരം ഇതൊന്നുപിടിച്ചു നില്‍ക്ക്‌, പ്രതിഫലമായി ഞാനൊരു രത്‌നം തരാം. അധികം നേരം വേണ്ട, ഒന്നു മൂത്രമൊഴിച്ചു വരേണ്ട താമസം.”

ഇടയച്ചെറുക്കന്‍ ഉത്സാഹപൂര്‍വം സമ്മതിച്ചു, ജ്യോതിര്‍ലിംഗം കൈയ്യില്‍ വാങ്ങി. യഥാര്‍ത്ഥത്തില്‍ അവന്‍ ഗണപതിയായിരുന്നു, രാവണനെ കബളിപ്പിക്കാനായി വേഷംമാറി നിന്നതാണ്‌. ജ്യോതിര്‍ലിംഗം ലങ്കയിലേക്കു കൊണ്ടുപോകുന്നത്‌ തടയാനായി കാത്തുനിന്നതായിരുന്നു. ലങ്കയില്‍ ജ്യോതിര്‍ലിംഗം പ്രതിഷ്‌ഠിക്കുന്നതോടെ രാവണന്റെ ശക്തി ക്രമാതീതം വര്‍ധിക്കും, അത്‌ ലോകനാശത്തിനു കാരണമാവുകയും ചെയ്യും എന്നറിഞ്ഞുകൊണ്ട് അതു തടയാന്‍ കാത്തു നില്‍ക്കുകയായിരുന്നു. രാവണന്‍ കാഴ്ചവട്ടത്തു നിന്ന് മറിഞ്ഞ ഉടനെ ഗണപതി ജ്യോതിര്‍ലിംഗം താഴെവെച്ചു. അത്‌ ഭൂമിക്കടിയിലേക്കു താഴ്‌ന്നുപോയി. ഇന്നും ഗോകര്‍ണത്തില്‍ ചെന്നാല്‍ നമുക്കൊരു പാറ കാണാം, പാറയില്‍ ചെറിയൊരു ദ്വാരം. ആ ദ്വാരത്തില്‍ക്കൂടി വിരല്‍ കടത്തിയാല്‍ അകത്തുള്ള ലിംഗത്തെ തൊടാം. ഇടയനായ്‌വന്ന ഗണപതി കാണിച്ച കൌശലം!

നിങ്ങള്‍ ദുഷ്‌ടനോ, ശിഷ്‌ടനോ എന്നത്‌ വിഷയമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‌ എപ്പോഴും ദൈവാനുഗ്രഹത്തിന്റെ പിന്‍തുണയുണ്ടാകും

രാവണന്‍ തിരിച്ചുവന്നു. കാര്യം മനസ്സിലായപ്പോള്‍ കലശലായി ദേഷ്യംവന്നു. അവിടെ കണ്ട വടിയെടുത്ത്‌ ഇടയച്ചെറുക്കന്‍റെ തലയില്‍ ഊക്കിലൊന്നുകൊടുത്തു. ആ ചതവ്‌ ഇപ്പോഴും ഗോകര്‍ണക്ഷേത്രത്തിലെ ഗണപതിയുടെ തലയില്‍ കാണാം. തന്റെ പ്രയത്‌നമെല്ലാം വിഫലമായല്ലോ എന്ന നിരാശയില്‍ രാവണന്‍ ലങ്കയിലേക്കു മടങ്ങി.

നിങ്ങള്‍ ദുഷ്‌ടനോ, ശിഷ്‌ടനോ എന്നത്‌ വിഷയമല്ല, ആത്മാര്‍ത്ഥമായ പരിശ്രമത്തിന്‌ എപ്പോഴും ദൈവാനുഗ്രഹത്തിന്റെ പിന്‍തുണയുണ്ടാകും എന്നതാണ്‌ കാര്യം. അത്‌ അവനവന്റെ സ്വഭാവത്തിനനുസരിച്ച്‌ ശുഭമൊ, അശുഭമൊ ആക്കാം. നമുക്ക്‌ കൈവന്നിട്ടുള്ള ഈ ജീവിതത്തെ ഏതുവിധത്തില്‍ നമ്മള്‍ രൂപപ്പെടുത്തുന്നു, അതാശ്രിയിച്ചിരിക്കുന്നത്‌ അവനവന്റെ മനസ്ഥിതിയെയാണ്‌.

 
 
 
 
  0 Comments
 
 
Login / to join the conversation1