सद्गुरु

നാമെല്ലാം ഒരു മഹാ സമുദ്രത്തിലെ ഏതാനും വെള്ളത്തുള്ളികൾ മാത്രമാണ്. എത്രയോ യുഗങ്ങളായി എണ്ണമറ്റ ഭക്തർ, എല്ലാ കാലത്തും എല്ലാ സമയത്തും ജീവിച്ചിട്ടുണ്ട്. അവർ വിവിധ സ്ഥലങ്ങളിൽ നിന്നും വന്നവരായിരുന്നു.

ബഹുമാനപ്പെട്ട പ്രധാന മന്ത്രി ശ്രീ. നരേന്ദ്ര മോഡി:

ഇവിടെ കൂടിയിരിക്കുന്നവർക്കെല്ലാം എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ.

ഈ പ്രൗഢമായ സദസ്സിൽ സന്നിഹിതനാകാൻ സാധിച്ചത് ഒരു ബഹുമതിയാണ്; പ്രത്യേകിച്ച് പുണ്യ ദിവസമായ മഹാശിവരാത്രി നാളിൽ.
ഉത്സവങ്ങൾ പലതുണ്ട്; പക്ഷെ ഇതൊന്നു മാത്രമേ "മഹാ" എന്ന വിശേഷണത്തോടെ പറയപ്പെടുന്നുള്ളു. അനേകം ദേവന്മാരിൽ ഒരു മഹാദേവൻ മാത്രം. അനേകം മന്ത്രങ്ങളുണ്ടെങ്കിലും ശിവഭഗവാന്റെ മന്ത്രം മഹാ മൃത്യുഞ്ജയ മന്ത്രമെന്നാണ് പറയപ്പെടുന്നത്. ഇതാണ് ഭഗവാൻ ശിവന്റെ മഹത്വം.
ദൈവീകമായ ഒരു പ്രക്രിയ അന്ധകാരത്തെയും അനീതിയെയും കീഴ്പ്പെടുത്തുന്നതിനു പ്രയോജനപ്പെടുത്തുന്നതിന്റെ പ്രതീകമാണ് മഹാശിവരാത്രി. ധീരതയോടെ ജീവിക്കുവാനും നന്മക്കായി പൊരുതുവാനും അത് നമ്മെ പ്രചോദിപ്പിക്കുന്നു. ഋതുക്കളിൽ വരുന്ന മാറ്റമാണത് അടയാളപ്പെടുത്തുന്നത് - തണുപ്പ് നിറഞ്ഞ ശിശിരകാലത്തിൽ നിന്നും ഉല്ലാസകരമായ വസന്തത്തിലെ പ്രകാശത്തിലേക്ക്.

മഹാശിവരാത്രി ആഘോഷങ്ങൾ രാത്രി മുഴുവൻ നീണ്ടു നില്‍ക്കുന്നു. നിതാന്ത ജാഗ്രതയുടെ പ്രതീകമാണത്. നമ്മുടെ പ്രവൃത്തികൾ നമുക്ക് ചുറ്റുമുള്ള പരിസ്ഥിതിയുമായി യോജിച്ചു പോകണമെന്നും പ്രകൃതി സംരക്ഷണം നമ്മുടെ ചുമതലയാണെന്നും ഉള്ളതിന്റെ ഓർമ്മപ്പെടുത്തലാണത്.
എന്റെ മാതൃ സംസ്ഥാനമായ ഗുജറാത്ത് സോമനാഥിന്റെ നാടാണ്. ജനങ്ങളുടെ ആവശ്യങ്ങളും, കർമ്മനിരതനാകാനുള്ള എന്റെ ആഗ്രഹവും എന്നെ വിശ്വനാഥന്റെ നാടായ കാശിയിലെത്തിച്ചു. സോമനാഥനിൽ നിന്നും വിശ്വനാഥനിലേക്ക്, കേദാർനാഥിൽ നിന്നും രാമേശ്വരത്തേക്ക് കാശിയിൽ നിന്നും നമ്മളെല്ലാം ഇപ്പോൾ കൂടിയിരിക്കുന്ന കോയമ്പത്തൂരിലേക്ക് - ഇവിടെ എല്ലായിടത്തും മഹാശിവൻ സന്നിഹിതനാണ്. ഇന്ത്യയിലാകമാനമുള്ള അനേകം കോടി ജനങ്ങളെപ്പോലെ എനിക്കും മഹാശിവരാത്രി ആഘോഷിക്കുന്നതിൽ പങ്കു ചേരുന്നത് സന്തോഷകരമാണ്.

നാമെല്ലാം ഒരു മഹാ സമുദ്രത്തിലെ ഏതാനും വെള്ളത്തുള്ളികൾ മാത്രമാണ്. എത്രയോ യുഗങ്ങളായി എണ്ണമറ്റ ഭക്തർ, എല്ലാ കാലത്തും എല്ലാ സമയത്തും ജീവിച്ചിട്ടുണ്ട്. അവർ വിവിധ സ്ഥലങ്ങളിൽ നിന്നും വന്നവരായിരുന്നു.

അവർ വിഭിന്ന ഭാഷകളായിരുന്നിരിക്കാം സംസാരിച്ചിരുന്നത്. പക്ഷെ ദൈവീകമായതിനെ നേടുവാനുള്ള അവരുടെ ആഗ്രഹം എന്നും ഒന്ന് തന്നെയായിരുന്നു. ഈ മോഹം ഓരോ മനുഷ്യന്റെയും ഉള്ളിന്റെ ഉള്ളിൽ ത്രസിച്ചുകൊണ്ടിരിക്കുന്നുണ്ട്. അവരുടെ കവിതകളും, സംഗീതവും , സ്നേഹവും എല്ലാം ഈ ഭൂമിയെ മൂടിയിട്ടുണ്ട്. ആദിയോഗിയുടെ 112 അടി ഉയരമുള്ള ഈ പ്രതിമയുടെയും, യോഗേശ്വര ലിംഗത്തിന്റെയും മുന്നിൽ നില്‍ക്കുമ്പോൾ, നമ്മെയെല്ലാം ആവരണം ചെയ്യുന്ന ഒരു അമാനുഷിക ശക്തിയാണ് നാം അനുഭവിക്കുന്നത്. ഭാവിയിൽ ഇന്ന് നാം കൂടിയിരിക്കുന്ന ഈ സ്ഥലം എല്ലാവർക്കും പ്രചോദനം നൽകുന്ന ഒരു ഇടമായി മാറുന്നതാണ് - അവനവനിൽ തന്നെ മുഴുകി സത്യം കണ്ടെത്തുവാനുള്ള ഒരു ഇടം.
യോഗ അഭ്യസിക്കുമ്പോൾ ഒരു ഏകതാ ബോധം സൃഷ്ടിക്കപ്പെടുന്നു - മനസ്സിന്റെയും, ശരീരത്തിന്റെയും, ബുധ്‌ഹിയുടെയും ഏകത.

ശിവനിൽ ലയിക്കുവാനുള്ള പ്രചോദനം നൽകുന്ന ഒരു സ്ഥാനമായി ഇത് മാറും. ശിവഭഗവാന്റെ എല്ലാം ഉൾകൊള്ളുന്ന ചേതനയെക്കുറിച്ച് നമ്മെ ഓർമിപ്പിക്കുന്ന ഒരു സ്ഥാനമാകും ഇവിടം.

യോഗ ഇന്ന് ബഹുദൂരം മുന്നേറി കഴിഞ്ഞു. യോഗയെ പലതരത്തിൽ വ്യാഖ്യാനിക്കുന്നുണ്ട്; അത് പല തരത്തിലുണ്ട്, പല വിധത്തിലുണ്ട്. വിവിധ തരത്തിൽ യോഗ അഭ്യസിക്കുവാനുള്ള മാർഗ്ഗങ്ങളും ഉണ്ടായിട്ടുണ്ട്. ഇതാണ് യോഗയുടെ സൗന്ദര്യം - അത് പുരാതനമാണ് എന്നാൽ ആധുനികവുമാണ്. മാറ്റവുമില്ലാത്തതായിരിക്കുമ്പോൾ തന്നെ അത് വികസിച്ചുകൊണ്ടിരിക്കുന്നു. യോഗയുടെ അന്തസ്സത്ത മാറിയിട്ടില്ല, അതിന്റെ സത്ത കാത്തു രക്ഷിക്കേണ്ടത് അത്യാവശ്യമായതിനാലാണ് ഞാൻ ഇത് പറയുന്നത്. അങ്ങിനെ ചെയ്തില്ലെങ്കിൽ യോഗയുടെ ആത്മാവും അന്തസ്സത്തയും വീണ്ടെടുക്കുന്നതിനായി നമുക്ക് പുതിയ ഒരു യോഗ കണ്ടുപിടിക്കേണ്ടതായി വരും. ജീവനിൽ നിന്നും ശിവനിലേക്കുള്ള പ്രയാണത്തിലെ ഒരു രാസത്വരകമാണ് യോഗ.

നമ്മുടെ സംസ്കാരത്തിലെ ഒരു ചൊല്ലാണ് "യത്ര ജീവ:, തത്ര ശിവ" - എവിടെ ജീവനുണ്ടോ അവിടെ ശിവനുണ്ട്"
ജീവനിൽ നിന്നും ശിവനിലേക്കുള്ള യാത്ര - അതാണ് യോഗ.

യോഗ അഭ്യസിക്കുമ്പോൾ ഒരു ഏകതാ ബോധം സൃഷ്ടിക്കപ്പെടുന്നു - മനസ്സിന്റെയും, ശരീരത്തിന്റെയും, ബുധ്‌ഹിയുടെയും ഏകത. നമ്മുടെ കുടുംബവുമായുള്ള യോജിപ്പ്, നാം ജീവിക്കുന്ന സമൂഹവുമായുള്ള യോജിപ്പ്, മറ്റു മനുഷ്യരുമായുള്ള യോജിപ്പ്, ഈ സുന്ദര ഭൂമി നമ്മോടൊപ്പം പങ്കിടുന്ന പക്ഷി മൃഗാദികളോടും, വൃക്ഷങ്ങളോടുമുള്ള അദ്വൈത ഭാവം - ഇതാണ് യോഗ.

എന്നിൽ നിന്നും നമ്മളിലേക്കുള്ള പ്രയാണമാണ് യോഗ.

എന്നിൽ നിന്നും നമ്മളിലേക്കുള്ള പ്രയാണമാണ് യോഗ.

വ്യക്തിയിൽ നിന്നും സമഷ്ടിയിലേക്കുള്ള യാത്ര, എന്നിൽ നിന്നും നമ്മളിലേക്ക് എന്ന അനുഭൂതി, ഞാൻ എന്നതിൽ നിന്നും നമ്മൾ എന്നതിലേക്കുള്ള ഭാവമാറ്റം- ഇതാണ് യോഗ.

അനന്യമായ നാനാത്വത്തിന്റെ നാടാണ് ഇന്ത്യ. ഈ നാനാത്വം കാണാം, കേൾക്കാം, അനുഭവിക്കാം, തൊട്ടു മനസ്സിലാക്കാം, രുചിച്ചറിയാം.
ശിവനെ കുറിച്ചാലോചിക്കുമ്പോൾ ഹിമാലയത്തിലെ കൈലാസത്തിൽ കാണുന്ന ആ പ്രൗഢഗംഭീര രൂപമാണ് മനസ്സിൽ ഉദിക്കുന്നത്. പാർവതി ദേവിയെക്കുറിച്ചോർക്കുമ്പോൾ സമുദ്രങ്ങളാൽ ചുറ്റപ്പെട്ട മനോഹരമായ കന്യാകുമാരിയാണ് മനസ്സിലെത്തുന്നത്. ശിവനും പാർവതിയും തമ്മിലുള്ള ലയനം ഹിമാലയവും സമുദ്രവും തമ്മിലുള്ള ലയനമാണ്.

ശിവനും പാർവതിയും ഏകത്വത്തിന്റെ സന്ദേശമാണ്. ഏകത്വത്തിന്റെ ഈ സന്ദേശം വീണ്ടും അനാവൃതമാകുന്നത് നോക്കു - ശിവന്റെ കഴുത്തിൽ പാമ്പുണ്ട്, ഗണേശന്റെ വാഹനം എലിയാണ്. എലിയും പാമ്പും തമ്മിലുള്ള ശത്രുതയെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു. അതുപോലെ കാർത്തികേയന്റെ വാഹനം മയിലാണ്. മയിലുകളും പാമ്പുകളും ശത്രുതയിലാണെന്നാണ് നമ്മുടെ അറിവ്. എന്നിട്ടും അവ ഒന്നിച്ചു ജീവിക്കുന്നു.

ശിവകുടുംബം വൈവിധ്യമുള്ളതാണ് എന്നാൽ ഐക്യത്തിന്റെയും യോജിപ്പിന്റെയും ചൈതന്യം സജീവമാണ്. നാനാത്വം നമുക്ക് സംഘർഷത്തിനുള്ള കാരണമല്ല. നാം അതിനെ പൂർണ മനസ്സോടെ സ്വീകരിച്ച് സ്വന്തമാക്കുന്നു.

എവിടെയെല്ലാം ദേവിദേവന്മാരുണ്ടോ അവിടെയെല്ലാം അവരോട് ചേർന്ന് ഏതെങ്കിലും മൃഗമോ, പക്ഷിയോ, മരമോ ഉണ്ടായിരിക്കും എന്നത് നമ്മുടെ സംസ്കാരത്തിന്റെ ഒരു സവിശേഷതയാണ്. ദേവനെയോ ദേവിയെയോ പൂജിക്കുന്ന അതേ ശ്രദ്ധയോടെ ഈ മൃഗത്തെയും, പക്ഷിയെയും, മരത്തെയും പൂജിക്കുകയും ചെയ്യുന്നു. പ്രകൃതിയോടുള്ള ബഹുമാനം വളർത്തിക്കൊണ്ട് വരുവാൻ ഇതിൽ കൂടുതൽ നല്ലതായ ഒരു മാർഗമില്ല. നമ്മുടെ പൂർവികർ അവരുടെ ദീർഘദൃഷ്ടിയിൽ പ്രകൃതി ഈശ്വരന് തുല്യമാണ് എന്ന് മുൻപേ സ്ഥിരീകരിച്ചു കഴിഞ്ഞു.

നമ്മുടെ ധർമ്മശാസ്ത്രം പറയുന്നു : 'ഏകമസത്, വിപ്രാ: ബഹുധാ വദന്തി.'

സത്യം ഏകമാണ്; ഋഷിമാർ അതിനെ വിവിധ നാമങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നു.

ഇത്തരം ഗുണങ്ങളെ അധിഷ്ഠിതമാക്കിയാണ് നാം ചെറുപ്പം മുതലേ ജീവിച്ചു വരുന്നത്. അതിനാലാണ് അനുകമ്പ, ദയ, സാഹോദര്യം, യോജിപ്പ് എന്നിവ നമ്മുടെ സഹജസ്വഭാവമായിരിക്കുന്നത്. ഈ മൂല്യങ്ങൾക്ക് വേണ്ടി നമ്മുടെ പൂർവീകർ ജീവിക്കുകയും, ജീവൻ ത്യജിക്കുകയും ചെയ്തത് നാം കണ്ടിട്ടുണ്ട്. നൂറ്റാണ്ടുകളോളം ഭാരതീയസംസ്കാരം നിലനിന്നു പോന്നത് ഈ മൂല്യങ്ങൾ മൂലമാണ്. നമുക്ക് ചുറ്റിലും നിന്ന് വരുന്ന നൂതന വിചാരങ്ങളും ആശയങ്ങളും സ്വീകരിക്കുവാൻ നാം എപ്പോഴും തയാറായിരിക്കണം. ദൗർഭാഗ്യവശാൽ ചുരുക്കം ചില ആളുകൾ, അവരുടെ അജ്ഞത മറയ്ക്കുവാനായി, ഒരു കർക്കശമായ നിലപാടെടുത്തിട്ട് പുതിയ വിചാരങ്ങളെയും ആശയങ്ങളെയും സ്വീകരിക്കുന്നതിനുള്ള അവസരം നശിപ്പിക്കുന്നു.

പുരാതനമാണ് എന്നതുകൊണ്ട് മാത്രം ഒരു ആശയം തള്ളിക്കളയുന്നത് അപകടമാണ്. അതിനെ വിശകലനം ചെയ്ത്, മനസ്സിലാക്കി, പുതിയ തലമുറക്ക് മനസ്സിലാക്കുവാൻ പാകത്തിൽ അവതരിപ്പിക്കുകയാണ് വേണ്ടത്. സ്ത്രീ ശാക്തീകരണമില്ലാതെ മാനവ രാശിയുടെ പുരോഗതി പൂർണ്ണമാകില്ല. സ്ത്രീകളുടെ വികസനമല്ല ഇന്ന് വേണ്ടത്; സ്ത്രീകൾ നയിക്കുന്ന വികസന പ്രവർത്തനങ്ങളാണ്.

നമ്മുടെ സംസ്കാരത്തിൽ സ്ത്രീകളുടെ പങ്ക് സുപ്രധാനമാണ് എന്നുള്ളതിൽ എനിക്ക് അഭിമാനമുണ്ട്. പൂജിക്കപ്പെടുന്ന അനേകം ദേവികൾ നമുക്കുണ്ട്. സാമൂഹിക പരിഷ്‌ക്കാരങ്ങൾക്ക് നേതൃത്വം നൽകിയ അനേകം സ്ത്രീകൾ ഭാരതത്തിന്റെ വടക്കും, തെക്കും, കിഴക്കും, പടിഞ്ഞാറും ഭാഗങ്ങളിൽ ജീവിച്ചിട്ടുണ്ട്. അവർ മാമൂലുകളെ പൊളിച്ചെഴുതി, പ്രതിബന്ധങ്ങളെ തകർത്തു, പുതുയ ചിന്തകൾക്ക് നേതൃത്വം കൊടുത്തു.

ഭാരതത്തിലെ ശ്രദ്ധേയമായ ഈ വചനം നിങ്ങൾ കേട്ടിട്ടുണ്ടായിരിക്കും "നാരീ തു നാരായണി" - സ്ത്രീ ദൈവീകതയുടെ മൂർത്തീകരണമാണ്.
പക്ഷെ പുരുഷന്മാരെപ്പറ്റി നാം എന്താണ് പറയുന്നത്? " നർ തു കർണി കരേ തോ നാരായൺ ഹോ ജായേഗാ " - പുരുഷൻ നല്ല കാര്യങ്ങൾ ചെയ്‌താൽ ദിവ്യത്വം നേടും.

രണ്ടും തമ്മിലുള്ള വ്യത്യാസം കണ്ടില്ലേ - സ്ത്രീകളുടെ ദൈവീകത അസന്നിഗ്ധമാണ്. പക്ഷെ പുരുഷന്മാർക്ക് അതിനു നിബന്ധനകളുണ്ട്. നല്ല പ്രവൃത്തികൊണ്ട് മാത്രം അവനത് നേടാൻ കഴിയും.

ഇതുകൊണ്ടായിരിക്കാം സദ്ഗുരു ഈ ലോകത്തിനു ഒരു അമ്മയായിരിക്കാൻ പ്രതിജ്ഞ എടുക്കണമെന്ന് നിർബന്ധിക്കുന്നത്. 'അമ്മ യാതൊരു നിബന്ധനകളുമില്ലാതെ എല്ലാം ഉൾകൊള്ളുന്ന ഒരാളാണ്. ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ മാറിവരുന്ന ജീവിത രീതികൾ പലേ വെല്ലുവിളികളും നമുക്ക് മുൻപിൽ ഉയർത്തിയിട്ടുണ്ട്. ജീവിത രീതിയുമായി ബന്ധപെട്ടു വരുന്ന അസുഖങ്ങൾ, സമ്മർദം മൂലമുണ്ടാകുന്ന രോഗങ്ങൾ ഇവയെല്ലാം കൂടി വരുകയാണ്. പകർച്ച വ്യാധികൾ നമുക്ക് തടയാം; പക്ഷെ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാത്ത ഇത്തരം രോഗങ്ങളെ എങ്ങിനെ തടയും?

സ്വയം സമാധാനം കണ്ടെത്താൻ സാധിക്കാത്ത ആളുകൾ മദ്യവും മയക്കു മരുന്നുകളും ഉപയോഗിക്കുന്നതിനെ കുറിച്ച് വായിക്കുമ്പോൾ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത ദുഖമാണ് തോന്നുന്നത്. ഇന്ന് ലോകത്തിനു വേണ്ടത് സമാധാനമാണ് - അത് യുദ്ധങ്ങളിൽ നിന്നും അതിക്രമങ്ങളിൽ നിന്നും ഉള്ള രക്ഷ മാത്രമല്ല, മനസ്സമാധാനമാണ് ലോകത്തിനു വേണ്ടത്. സമ്മർദത്തിന് ഇന്ന് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നത്. സമ്മർദം ഇല്ലാതാക്കാൻ ഏറ്റവും നല്ല ആയുധം യോഗയാണ്. സമ്മർദവും മറ്റു തീരാവ്യാധികളും ചെറുക്കുവാൻ യോഗാഭ്യാസം കൊണ്ട് സാധിക്കും എന്നതിന് ധാരാളം തെളിവുകളുണ്ട്. മനസ്സിന്റെ ക്ഷേത്രമാണ് ശരീരമെങ്കിൽ, സുന്ദരമായ ഒരു ക്ഷേത്രം പണിയുവാൻ യോഗ നമ്മെ സഹായിക്കും.

അതുകൊണ്ടാണ് ഞാൻ യോഗയെ ആരോഗ്യത്തിന്റെ ഉറപ്പ് എന്ന് വിളിക്കുന്നത്. രോഗങ്ങൾക്കുള്ള പ്രതിവിധി എന്നതിനുപരി അത് സ്വാസ്ഥ്യത്തിലേക്കുള്ള മാർഗമാണ്. യോഗ - രോഗമുക്തിയും, ഭോഗമുക്തിയും ആണ്, രോഗങ്ങളിൽ നിന്നുള്ള മോചനവും, ഭൗതിക അത്യാഗ്രഹങ്ങളിൽ നിന്നുള്ള മുക്തിയും, നേടാനുള്ള ഉപാധിയാണ്.

യോഗ ഒരു വ്യക്തിയെ ചിന്തയിലും, പ്രവൃത്തിയിലും, അറിവിലും ഭക്തിയിലും കൂടുതൽ നല്ലവനാക്കുന്നു. ശരീരത്തെ പരിരക്ഷിക്കുന്നതിനുള്ള ഒരു വ്യായാമമായി മാത്രം യോഗയെ കാണുന്നത് സങ്കടകരമാണ്. ശരീരം പലതരത്തിൽ വളക്കുകയും തിരിക്കുകയും ചെയ്യുന്ന പലരെയും നിങ്ങൾ കണ്ടിട്ടുണ്ടായിരിക്കും. പക്ഷെ അവരെല്ലാം യോഗികളല്ല.

യോഗ ഒരു വ്യക്തിയെ ചിന്തയിലും, പ്രവൃത്തിയിലും, അറിവിലും ഭക്തിയിലും കൂടുതൽ നല്ലവനാക്കുന്നു

യോഗ ശാരീരിക വ്യായാമത്തിനേക്കാൾ വളരെ ഉന്നതമാണ്. യോഗയിലൂടെ നമുക്കൊരു പുതുയുഗം സൃഷ്ടിക്കാം - ഐക്യത്തിന്റെയും സമാധാനത്തിന്റെയും ഒരു യുഗം. അന്തർദേശീയമായി ഒരു യോഗാദിനം എന്ന ആശയം ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ അവതരിപ്പിച്ചപ്പോൾ തുറന്ന മനസ്സോടെയാണ് അത് സ്വീകരിക്കപ്പെട്ടത്.

രണ്ടായിരത്തി പതിനഞ്ചിലും പതിനാറിലും ജൂൺ ഇരുപത്തിയൊന്നിന് രണ്ട് യോഗ ദിനങ്ങൾ ലോകം ആവേശത്തോടെ ആചരിച്ചു.
ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും, കൊറിയയിലും കാനഡയിലും, സ്വീഡനിലും, ദക്ഷിണാഫ്രിക്കയിലും, സൂര്യോദയത്തെ സ്വാഗതം ചെയ്തുകൊണ്ട് യോഗികൾ യോഗാഭ്യാസം ചെയ്തു.

ഇത്രയധികം രാഷ്ട്രങ്ങൾ യോഗ ദിനത്തിൽ ഒന്ന് ചേർന്നു എന്നത് യോഗയുടെ ശരിയായ സത്തയെ, ഐക്യത്തെ ആണ് പ്രതിഫലിപ്പിക്കുന്നത് - പുതിയ ഒരു യുഗത്തെ സൃഷ്ടിക്കുവാൻ യോഗയ്ക്ക് കഴിവുണ്ട്. അത് സമാധാനത്തിന്റെയും, ദയയുടെയും, സാഹോദര്യത്തിന്റെയും മാനവ രാശിയുടെ സർവോന്മുഖമായ പുരോഗതിയുടെയും യുഗമായിരിക്കും.

സദ്ഗുരു ചെയ്തിട്ടുള്ള ഒരു പ്രശംസാർഹമായ കാര്യം, സാധാരണ മനുഷ്യരെ യോഗികളാക്കി എന്നതാണ്. കുടുംബത്തോടൊപ്പം കഴിയുന്നവർ, പല ജോലികളിൽ ഏർപ്പെട്ടിട്ടുള്ളവർ, അവരവർക്കുള്ളിൽ ഏറ്റവും ഉന്നതമായ അവസ്ഥ കൈവരിച്ചു, ദിവസേനയെന്യേ ഗാഢവും, അത്ഭുതകരവുമായ അനുഭവങ്ങൾ ആസ്വദിച്ചു. ഒരാൾ എവിടെയായാലും, ഏതുതരം ജീവിതത്തിലായാലും, അയാൾക്ക് ഒരു യോഗിയാകാം.

തിളങ്ങുന്ന, സന്തോഷം നിറഞ്ഞ മുഖങ്ങളാണ് ഞാൻ ഇവിടെ കാണുന്നത്. അത്യന്തം ശ്രദ്ധയോടും, സ്നേഹത്തോടും കൂടിയാണ് ആളുകൾ ഇവിടെ പ്രവർത്തിക്കുന്നത്. ഏറ്റവും ചെറിയ കാര്യങ്ങൾക്കു പോലും അതീവ ശ്രദ്ധ അവർ കൊടുക്കുന്നുണ്ട്. മഹത്തായ ഒരു കാര്യത്തിനായി സ്വയം അർപ്പിക്കുന്ന ഊർജ്വസ്വലരായ ആളുകളെയാണ് ഞാൻ ഇവിടെ കാണുന്നത്.

അനേകം തലമുറകളെ യോഗ പരിശീലിക്കുവാൻ ആദിയോഗി പ്രേരിപ്പിക്കും. ഇത് ഞങ്ങൾക്കായി കൊണ്ട് വന്നതിനു ഞാൻ സദ്ഗുരുവിനോട് നന്ദി പറയുന്നു.

നന്ദി, എല്ലാവർക്കും നന്ദി. പ്രണാമം, വണക്കം.