ചോദ്യം: ആദിശങ്കരന്‍ ഒരു രാജാവിന്‍റെ ശരീരത്തില്‍ പ്രവേശിയ്ക്കുകയും ഒരു നിശ്ചിതകാലം അതില്‍ വസിയ്ക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു. വാസ്തവത്തില്‍ ഇതു സാദ്ധ്യമാണോ? ആണെങ്കില്‍ എങ്ങനെ? ഏതു തരം യോഗവൈഭവമാണ് ഇത്തരമൊരു അസാധാരണ കൃത്യം സാദ്ധ്യമാക്കുന്നത്?  

സദ്ഗുരുഃ ആദിശങ്കരന്‍ ഒരു മനുഷ്യനുമായി വാദപ്രതിവാദത്തിലേര്‍പ്പെടുകയും അതില്‍ വിജയിയ്ക്കുകയും ചെയ്തു. ആ മനുഷ്യന്‍റെ ഭാര്യ അപ്പോള്‍ തന്ത്രപൂര്‍വ്വം ആ വാദപ്രതിവാദത്തില്‍ ഇടപെട്ടു - നിങ്ങള്‍ക്കു സ്ത്രീകളെ അറിയാമല്ലോ! യുക്തിചിന്തയുടെ ഒരു പ്രത്യേക തലത്തിലെത്തിയിട്ടുള്ള വ്യക്തിയാണ് ആദിശങ്കരന്‍ - അത്തരത്തിലുള്ള ഒരാളുമായി നിങ്ങള്‍ക്കു വാദപ്രതിവാദത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല. എന്നാല്‍ ആ സ്ത്രീ കൗശലപൂര്‍വ്വം ആ വാദപ്രതിവാദത്തില്‍ പങ്കാളിയായി. അവര്‍ പറഞ്ഞു;''നിങ്ങളെന്‍റെ ഭര്‍ത്താവിനെ തോല്‍പ്പിച്ചു. എന്നാല്‍ അദ്ദേഹം പൂര്‍ണ്ണനല്ല. അദ്ദേഹവും ഞാനും ഒരേ സത്തയുടെ രണ്ടു പകുതികളാണ്. അതുകൊണ്ട് നിങ്ങള്‍ എന്നോടും വാദിച്ചേ മതിയാകൂ.''എങ്ങനെയാണു നിങ്ങള്‍ക്ക് ഈ യുക്തിയെ പരാജയപ്പെടുത്താന്‍ കഴിയുക? അതു കൊണ്ട് ശങ്കരന്‍ ആ സ്ത്രീയുമായി വാദപ്രതിവാദത്തിനു തുടക്കമിട്ടു. അപ്പോള്‍ താന്‍ പരാജയപ്പെടുകയാണെന്ന് അവര്‍ മനസ്സിലാക്കി. അതു കൊണ്ട് അവര്‍ അദ്ദേഹത്തോട് മനുഷ്യന്‍റെ ലൈംഗികതയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ചോദിയ്ക്കാന്‍ തുടങ്ങി. ശങ്കരന്‍ എന്തൊക്കെയോ പറഞ്ഞു. അപ്പോള്‍ അവര്‍ കൂടുതല്‍ വിശദാംശങ്ങളിലേയ്ക്കു കടന്നു;''നിങ്ങള്‍ക്ക് അനുഭവം കൊണ്ട് എന്താണറിയാവുന്നത്?'' കൊള്ളാം! ശങ്കരന്‍ ഒരു ബ്രഹ്മചാരിയാണ്. ഇത് തന്നെ തോല്പ്പിയ്ക്കാനുള്ള ഒരു സൂത്രമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. അതു കൊണ്ട് അദ്ദേഹം പറഞ്ഞു;''എനിയ്ക്ക് ഒരു മാസത്തെ ഇടവേള വേണം. അതിനു ശേഷം നമുക്കു നിര്‍ത്തിയിടത്തു നിന്നും തുടങ്ങാം.''.”

അതിനു ശേഷം അദ്ദേഹം ഒരു ഗുഹയില്‍ പ്രവേശിച്ചിട്ട് തന്‍റെ ശിഷ്യന്മാരോടു പറഞ്ഞു;''എന്തു സംഭവിച്ചാലും ആരെയും ഈ ഗുഹയില്‍ പ്രവേകിപ്പിയ്ക്കാതിരിയ്ക്കുക. കാരണം ഞാനെന്‍റെ ശരീരം വിട്ട് കുറച്ചുകാലത്തേയ്ക്കു മറ്റൊരു സാദ്ധ്യത അന്വേഷിയ്ക്കാന്‍ പോകുകയാണ്.''

അഞ്ചു തലങ്ങളിലാണ് പ്രാണന്‍ അഥവാ ജീവോര്‍ജ്ജങ്ങള്‍ പ്രത്യക്ഷമാകുന്നത്: പ്രാണവായു, സമാന, അപാന, ഉദാന, വ്യാന. പ്രാണന്‍റെ ഈ അഞ്ച് ആവിഷ്‌ക്കരണങ്ങള്‍ക്കും വെവ്വേറെ ധര്‍മ്മങ്ങളാണുള്ളത്. പ്രാണവായുവിന് ശ്വസനത്തിന്‍റെയും ചിന്താപ്രക്രിയകളുടെയും സ്പര്‍ശനത്തിന്റേതുമായ ചുമതലയാണുള്ളത്. ഒരാള്‍ക്കു ജീവനുണ്ടോ മരണപ്പെട്ടോയെന്ന് എങ്ങനെയാണു നമ്മള്‍ പരിശോധിച്ചറിയുക? അയാളുടെ ശ്വാസം നിലച്ചിട്ടുണ്ടെങ്കില്‍ അയള്‍ മരണപ്പെട്ടുവെന്നു നിങ്ങള്‍ പറയും. പ്രാണവായു ശരീരം വിടാന്‍ തുടങ്ങുന്നതു കൊണ്ടാണു ശ്വാസം നിലച്ചത്. പ്രാണവായു പൂര്‍ണ്ണമായും ശരീരം വിടുന്നതിന് ഒന്നര മണിക്കൂറെടുക്കും. ഇക്കാരണത്താലാണ്, ഒരാളുടെ ശ്വാസം നിലച്ചതിനു ശേഷം മറവു ചെയ്യുന്നതിനു മുന്‍പായി ചുരുങ്ങിയ പക്ഷം ഒന്നര മണിക്കൂര്‍ നിര്‍ബന്ധമായും കാത്തിരിയ്ക്കണമെന്ന വ്യവസ്ഥ വെച്ചിരിയ്ക്കുന്നത്. കാരണം, മറ്റു പല വിധത്തിലും അയാള്‍ അപ്പോഴും ജീവനോടെയുണ്ടായിരിയ്ക്കും. അയാളുടെ ചിന്താപ്രക്രിയയും ശ്വാസോച്ഛ്വാസവും സംവേദനങ്ങളും അപ്രത്യക്ഷമാകുന്നതിനായി നിങ്ങള്‍ ഒന്നര മണിക്കൂര്‍ കാത്തിരിയ്ക്കുന്നു.അയാള്‍ക്കു തീപ്പൊള്ളല്‍ അനുഭവപ്പെടാതിരിയ്ക്കുകയെന്നതാണ് ഇതിന്‍റെ ഉദ്ദേശ്യം. പ്രാണന്‍റെ അവശേഷിയ്ക്കുന്ന ഭാഗം അപ്പോള്‍ അവിടെയുണ്ടായിരിയ്ക്കും. പ്രാണന്‍റെ അവസാനത്തെ തലമായ വ്യാനന് പന്ത്രണ്ടു മുതല്‍ പതിനാലു ദിവസം വരെ നിലനില്‍ക്കാന്‍ കഴിയും. ശരീരത്തിന്‍റെ പരിപാലനവും കെട്ടുറപ്പും വലിയൊരളവില്‍ ആശ്രയിച്ചിരിയ്ക്കുന്നത് ശരീരവ്യവസ്ഥയിലെ വ്യാനപ്പ്രാണന്‍റെ പ്രവര്‍ത്തനത്തെയാണ്. അതു കൊണ്ട്, ശങ്കരന്‍ ശരീരം വിട്ടപ്പോള്‍ ശരീരവ്യവസ്ഥയിലെ വ്യാനനെയാണ് അദ്ദേഹം വിട്ടിട്ടു പോയത്. ശരീരത്തിന്‍റെ പരിപാലനത്തിനു വേണ്ടിയായിരുന്നു ഇത്.

ഇതിനിടെ ഒരു രാജാവ് മൂര്‍ഖന്‍പാമ്പിന്‍റെ കടിയേറ്റു മരണപ്പെട്ടിരുന്നു. മൂര്‍ഖന്‍റെ വിഷം നിങ്ങളുടെ ശരീരത്തില്‍ പ്രവേകിച്ചു കഴിഞ്ഞാല്‍ രക്തം കട്ടപിടിയ്ക്കാന്‍ തുടങ്ങുകയും ശ്വസനം ദുഷ്‌ക്കരമായിത്തീരുകയും ചെയ്യുന്നു. രക്ത ചംക്രമണം ആയാസകരമാകുമ്പോള്‍ ശ്വസനത്തിനു വിഷമം നേരിടുന്നതാണ് ഇതിനു കാരണം. പ്രാണവായു ശരീരം വെടിയുന്നതിനു മുന്‍പായി ശ്വാസം പൂര്‍ണ്ണമായി നിലയ്ക്കുന്നു. ആ ശരീരത്തില്‍ പ്രവേകിയ്ക്കുന്നതിനാഗ്രഹിയ്ക്കുന്ന ഒരു സത്തയെ സംബന്ധിച്ചിടത്തോളം ഇത് പല വിധത്തിലും ഏറ്റവുമനുയോജ്യമായ ഒരു സാഹചര്യമാണ്.

സാധാരണഗതിയില്‍ ഇത്തരമൊരു സന്ദര്‍ഭത്തില്‍ ഒന്നര മണിക്കൂര്‍ സമയം മാത്രമേ നിങ്ങള്‍ക്കു ലഭിയ്ക്കൂ. എന്നാല്‍, ഏതെങ്കിലുമൊരു വ്യക്തിയുടെ ശരീരത്തില്‍ മൂര്‍ഖന്‍റെ വിഷം കയറിക്കഴിഞ്ഞാല്‍ നിങ്ങള്‍ക്കു നാലരമണിക്കൂര്‍ വരെ സമയംലഭിയ്ക്കുന്നു. അങ്ങനെ ശങ്കരന് ഈ അവസരം ലഭിയ്ക്കുകയും, വളരെ അനായാസമായി അദ്ദേഹം ആ രാജാവിന്‍റെ ശരീരത്തില്‍ പ്രവേശിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ഉദ്ദിഷ്ട പ്രക്രിയയിലൂടെ കടന്നു പോകുകയും അനുഭവത്തിന്‍റെയടിസ്ഥാനത്തില്‍ത്തന്നെ അദ്ദേഹത്തിന് അത്തരം ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ കഴിയുകയും ചെയ്തു. ആ രാജാവിന്‍റെ കൂട്ടത്തില്‍ ജ്ഞാനികളായ ഏതാനും വ്യക്തികളുണ്ടായിരുന്നു. മരണപ്പെട്ടുവെന്ന് ആളുകള്‍ പ്രഖ്യാപിച്ച ഒരു മനുഷ്യന്‍ പൊടുന്നനെ പൂര്‍ണ്ണ ഊര്‍ജ്ജസ്വലതയോടെ എഴുന്നേറ്റിരിയ്ക്കുന്നതു കണ്ടപ്പോള്‍, അയാള്‍ അതേ മനൂഷ്യനല്ലെന്നും മറ്റൊരാള്‍ അയാളുടെ ശരീരത്തില്‍ പ്രവേശിച്ചിരിയ്ക്കുന്നതാണെന്നും അവര്‍ തിരിച്ചറിഞ്ഞു.

അങ്ങനെ അവര്‍ നഗരത്തിന്‍റെ എല്ലാ ഭാഗത്തേയ്ക്കും പട്ടാളത്തെ അയയ്ക്കുകയും, എവിടെയെങ്കിലും ഒരു ശരീരം കിടക്കുന്നതു കാണുകയാണെങ്കില്‍ തത്ക്ഷണം അഗ്നിയ്ക്കിരയാക്കാനാവശ്യപ്പെടുകയും ചെയ്തു. അപ്രകാരമായാല്‍, പ്രസ്തുത ശരീരം അവരുടെ രാജാവിന്‍റെ ശരീരത്തില്‍ പ്രവേശിച്ചിരിയ്ക്കുന്ന ആളുടേതാണെങ്കില്‍ അയാള്‍ക്ക് അദ്ദേഹത്തിന്‍റെ ശരീരമുപേക്ഷിച്ച് തിരികെപ്പോകാനാകില്ല. കാരണം, അവരുടെ രാജാവ് ഇപ്പോള്‍ ജീവനോടെയിരിയ്ക്കുന്നു - അദ്ദേഹമിപ്പോള്‍ വ്യത്യസ്തനായ ഒരു പുള്ളിക്കാരനാണ്, അതു കൊണ്ടെന്ത്? എന്നാല്‍ അവര്‍ വിജയിച്ചില്ല, ശങ്കരന്‍ മടങ്ങിപ്പോകുകയും ചെയ്തു.

ഇത്തരമൊരു കാര്യം സാദ്ധ്യമാണോ? ഉവ്വ്, വളരെയധികം സാദ്ധ്യമാണ്. ഇതൊരു അദ്ഭുതകൃത്യമാണോ? ശരിയ്ക്കു പറഞ്ഞാല്‍ അല്ല. ഇതിന് നിങ്ങള്‍ക്കുള്ളില്‍ ജീവന്‍ എങ്ങനെ സംഭവിയ്ക്കുന്നുവെന്നതിനെക്കുറിച്ചുള്ള യന്ത്രവിദ്യസംബന്ധിച്ച അല്പമൊരു ധാരണയുണ്ടായിരുന്നാല്‍ മതി. എന്നാല്‍, ജീവനുള്ള ഒരാളുടെ ശരീരത്തില്‍ ആരെങ്കിലും പ്രവേശിയ്ക്കാനാഗ്രഹിയ്ക്കുന്നുവെങ്കില്‍, അതിന് അത്യധികമായ പരിജ്ഞാനം ആവശ്യമായി വരും. അല്പം മുന്‍പ് മരണപ്പെട്ട ഒരാളുടെ ശരീരത്തില്‍ പ്രവേകിയ്ക്കുകയെന്നത് വളരെയെളുപ്പമാണ്. ആദ്യത്തെ ഒന്നര മണിക്കൂറാണ് ഏറ്റവുമനുയോജ്യമായ സമയം. കാരണം, അപ്പോള്‍ ആവശ്യമായ ശൂന്യത സൃഷ്ടിയ്ക്കപ്പെടുന്നു. അതേ സമയം മറ്റെല്ലാ കാര്യങ്ങളും നടന്നു കൊണ്ടിരിയ്ക്കുകയും ചെയ്യും.

ഇക്കാരണത്താലാണ് ഇന്ത്യയില്‍ ആരുടെയെങ്കിലും ശ്വാസം പിന്‍വാങ്ങാന്‍ തുടങ്ങുമ്പോള്‍, അയാളെ വീടിനു വെളിയില്‍ കിടത്തുന്നത്. അവര്‍ സാമ്പ്രാണി പുകയ്ക്കുകയും ഏതെങ്കിലും സ്തുതിയോ കീര്‍ത്തനമോ ആലപിയ്ക്കാന്‍ തുടങ്ങുകയും ചെയ്യുന്നു. മരണപ്പെട്ടു കൊണ്ടിരിയ്ക്കുന്ന ആള്‍ക്ക് സാന്ത്വനം പകരുകയും, മറ്റാരെങ്കിലും അയാളുടെ ശരീരത്തില്‍ കയറിക്കൂടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും ചെയ്യുന്നതിനാണിത്. ഇത്തരം കാര്യങ്ങള്‍ സംഭവിയ്ക്കാതിരിയ്ക്കുന്നതിനായി പല വിധത്തിലുള്ള ക്രമീകരണങ്ങളും സംരക്ഷണോപാധികളും സൃഷ്ടിയ്ക്കപ്പെടുന്നു. എന്നാല്‍ ഇക്കാലത്ത് ഇത് വളരെ അപൂര്‍വ്വമായ ഒരു സംഭവമാണ്. അതു കൊണ്ട് ആളുകള്‍ ഇതിനെ ഒരു അദ്ഭുത കൃത്യമെന്നു വിശേഷിപ്പിയ്ക്കുന്നു. .”