ആള്‍ദൈവം എന്ന്‍ ഒന്നില്ല
എപ്പോഴെങ്കിലും ആരെങ്കിലും താനൊരു ആള്‍ദൈവമാണെന്ന അവകാശവാദമുന്നയിക്കുമെന്നു ഞാന്‍ കരുതുന്നില്ല. അത് മാധ്യമങ്ങളുടെ സൃഷ്ടിയാവണം.
 
 

सद्गुरु

ഉണ്ണി ബാലകൃഷ്ണന്‍ : സദ്‌ഗുരു, നമ്മുടെ രാജ്യത്ത് നിരവധി ആള്‍ദൈവങ്ങളെ കാണാന്‍ കഴിയും. ഗ്രാമപ്രദേശങ്ങളിലൂടെ യാത്രചെയ്തു നോക്കിയാല്‍ മതി, മിക്കവാറും എല്ലാ ഗ്രാമങ്ങളിലും ഒരു ആള്‍ദൈവമെങ്കിലും ഉണ്ടെന്ന് കാണാം. മനുഷ്യന് ആള്‍ദൈവമാകാന്‍ കഴിയുമെന്ന് താങ്കള്‍ വിശ്വസിക്കുന്നുണ്ടോ?

സദ്‌ഗുരു : ഈ ആള്‍ദൈവം ആരാണെന്ന് എനിക്കറിയില്ല. ഞാനിതുവരെ അങ്ങനെ ഒരാളെ കണ്ടിട്ടില്ല (ചിരി). ഞാന്‍ ആളുകളെ കണ്ടിട്ടുണ്ട്, ഒന്നിനും കൊള്ളരുതാത്ത ആളുകളെയും കണ്ടിട്ടുണ്ട്, പക്ഷേ, ഒരു അള്‍ദൈവത്തിനെ ഇതുവരെ കണ്ടിട്ടില്ല. അതു മാധ്യമങ്ങള്‍ സൃഷ്ടിച്ച ഒരു വാക്കാണെന്നാണ് എനിക്ക് തോന്നുന്നത്. എപ്പോഴെങ്കിലും ആരെങ്കിലും താനൊരു ആള്‍ദൈവമാണെന്ന് അവകാശപ്പെട്ടിട്ടുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. അതേ സമയം, മനുഷ്യര്‍ക്ക് സ്വയം ഉയര്‍ന്ന ബോധതലത്തിലേക്ക്, ഉന്നതമായ കഴിവുകളിലേക്ക് വളര്‍ന്നുവരാന്‍ കഴിയും, തീര്‍ച്ചയായും കഴിയും. നിങ്ങള്‍ കാണുന്ന അത്തരം ആളുകളെല്ലാം ആ അവസ്ഥയിലേക്ക് എത്തിചേര്‍ന്നിട്ടുണ്ടോ എന്നത് ഒരു ചോദ്യമാണ്. പക്ഷേ, അത് സാധ്യമാണോ എന്നാണ് ചോദ്യമെങ്കില്‍ തീര്‍ച്ചയായും സാധ്യമാണ്, കാരണം, മനുഷ്യന്‍റെ അസ്തിത്വത്തിന്‍റെ പരമമായ പ്രകൃതംതന്നെ ശാസ്ത്രമാണ്. മനുഷ്യവര്‍ഗമെന്ന നിലയില്‍ നമ്മള്‍ ആരാണ്, മറ്റു ജീവജാലങ്ങള്‍ ആരാണ് എന്നതിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ് അത്.

അന്യ ജീവജാലങ്ങള്‍ക്കൊക്കെ പ്രകൃതി രണ്ടു വരകള്‍ വരച്ചിട്ടുകൊടുത്തിട്ടുണ്ട്. അതിനുള്ളില്‍ വേണം അവ ജീവിക്കാന്‍. മനുഷ്യരുടെ കാര്യത്തില്‍ താഴെത്തെ വര മാത്രമേ ഉള്ളു, മുകളില്‍ വരയില്ല.

അന്യ ജീവജാലങ്ങള്‍ക്കൊക്കെ പ്രകൃതി രണ്ടു വരകള്‍ വരച്ചിട്ടുകൊടുത്തിട്ടുണ്ട്. അതിനുള്ളില്‍ വേണം അവ ജീവിക്കാന്‍. മനുഷ്യരുടെ കാര്യത്തില്‍ താഴെത്തെ വര മാത്രമേ ഉള്ളു, മുകളില്‍ വരയില്ല. അതു കൊണ്ടാണ് മനുഷ്യന്‍ എപ്പോഴും സംശയാലുവായിരിക്കുന്നത്. ഇതേ കാരണം കൊണ്ട്, ജീവിതത്തില്‍ എന്തൊക്കെ നേടിയാലും, മനുഷ്യന്‍ വീണ്ടും ആഗ്രഹിച്ചുകൊണ്ടേയിരിക്കും. കൂടുതല്‍ നേടണമെന്ന് ആശിച്ചു കൊണ്ടേയിരിക്കും. മുകളിലത്തെ വരയില്ലാത്തതുകൊണ്ട് എപ്പോഴും നിങ്ങള്‍ അപൂര്‍ണമാണെന്ന് തോന്നും. അതുണ്ടായിരുന്നുവെങ്കില്‍ മനുഷ്യര്‍ സന്തുഷ്ടരാകുമായിരുന്നു. അതു തന്നെയാണ് മനുഷ്യവര്‍ഗത്തിന്‍റെ സൗന്ദര്യവും. കാരണം, പരിധികളില്ലാത്തത് കൊണ്ട് അവന് അതിരുകളില്ലാതെ വളരാന്‍ കഴിയും. ഇനി, സ്വന്തം ജീവിതത്തില്‍ ഒരുപാടു വളര്‍ച്ചനേടിയ ഒരാള്‍ അതിന് വേണ്ടി അതിയായി ആഗ്രഹിക്കുന്ന മറ്റൊരാളെ സഹായിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതൊരു മോശമായ കാര്യമല്ല. ഇപ്പോള്‍ താങ്കള്‍ പറയുന്ന, ഇത്തരം ആളുകളെ ആള്‍ദൈവങ്ങളായി വിളിക്കുന്നതും അതുമായി ബന്ധപ്പെട്ട മറ്റു സ്ഥിതി വിശേഷങ്ങളും ആത്മീയതയുമായോ മതവുമായോ ബന്ധപ്പെട്ട കാര്യങ്ങളല്ല.

നമ്മുടെ നാട്ടില്‍ ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ഉണ്ടായിട്ടുള്ള മൂല്യമില്ലായ്മയുടെ ഭാഗമാണ് സത്യത്തില്‍ അത്. ധര്‍മനിഷ്ഠ നിരന്തരം നഷ്ടമായികൊണ്ടിരിക്കുകയാണ് നമുക്ക്. എല്ലാ രംഗത്തും മൂല്യത്തിന്റെ അഭാവമുണ്ടാക്കുന്നു. നമുക്കിടയില്‍ വ്യാജ ഡോക്ടര്‍മാരുണ്ട്, വക്കീല്‍മാരുണ്ട്, പോലീസുകാരുണ്ട്, എഞ്ചിനിയര്‍മാരുണ്ട്, രാഷ്ട്രീയക്കാരുണ്ട്, മാധ്യമ പ്രവര്‍ത്തകരുമുണ്ട്. അതുപോലെ, നിര്‍ഭാഗ്യവശാല്‍ ആത്മീയത നേടിയിട്ടുണ്ടെന്ന് നടിക്കുന്നവരുമുണ്ട്. ഇത് ഏതെങ്കിലുമൊരു പ്രവര്‍ത്തന മണ്ഡലത്തിന്‍റെ മാത്രം കാര്യമല്ല. നമ്മുടെ രാജ്യത്ത് പൊതുവായി ഉണ്ടാവുന്ന മൂല്യച്യുതിയുടെ ഭാഗമാണത്. മിക്കവര്‍ക്കും ധര്‍മനിഷ്ഠ എന്താണെന്ന് അറിയാത്തതാണ് പ്രശ്നമെന്ന് ഞാന്‍ പറയും.

ഇതിനുള്ള പരിഹാരം, ധര്‍മനിഷ്ഠ വളര്‍ത്തുക എന്നതാത്. ധര്‍മനിഷ്ഠയില്ലാത്തവരുമായി ദൈനംദിന ജീവിതത്തില്‍ നടത്തുന്ന എല്ലാ ഇടപാടുകളും, അതു കച്ചവടമായാലും കുടുംബ കാര്യങ്ങളായാലും മറ്റെന്തായാലും, അങ്ങേയറ്റം ദുര്‍ഘടവും നിന്ദ്യവുമായിരിക്കും. നിങ്ങളുടെ മുന്നിലിരിക്കുന്ന ആളെ നിങ്ങള്‍ക്ക് പൂര്‍ണമായും വിശ്വസിക്കാന്‍ കഴിയുമെങ്കില്‍ അയാളുമായി കച്ചവടം നടത്തുന്നത് എളുപ്പമാകും, അയാളോടാപ്പം പ്രവര്‍ത്തിക്കുന്നത് എളുപ്പമാകും, അയാള്‍ക്കൊപ്പം ജീവിക്കുന്നതും എളുപ്പമാകും. മുന്നോട്ട് പോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, അത് ആത്മീയതയുള്‍പ്പെടെ ജീവിതത്തിന്‍റെ ഏതു മേഖലയിലാണെങ്കിലും, ധര്‍മനിഷ്ഠ തിരികെ കൊണ്ടുവരണം.

നിങ്ങള്‍ ആള്‍ദൈവമെന്ന വകുപ്പില്‍ പെടുത്തിയിരിക്കുന്നവരില്‍ നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന, അതിശയകരമായ ശേഷിയുള്ള പലരേയും ഞാന്‍ കണ്ടിട്ടുണ്ട്. ചീഞ്ഞ ആപ്പിളുകള്‍ മാത്രമേ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുന്നുള്ളു എന്നതാണ് സത്യം, അതുകൊണ്ട് മാധ്യമങ്ങളുടെ ധര്‍മനിഷ്ഠയും ഒരു ചിന്താവിഷയമാണ്, കാരണം അവര്‍ എപ്പോഴും ചീഞ്ഞ ആപ്പിളുകള്‍ക്കു വേണ്ടിയുള്ള ഓട്ടത്തിലായിരിക്കും, എല്ലാ ആപ്പിളുകളും അവര്‍ ചീത്തയാക്കുകയും ചെയ്യും.

ചീഞ്ഞ ആപ്പിളുകള്‍ മാത്രമേ മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തുന്നുള്ളു എന്നതാണ് സത്യം, അതുകൊണ്ട് മാധ്യമങ്ങളുടെ ധര്‍മനിഷ്ഠയും ഒരു ചിന്താവിഷയമാണ്

ഉണ്ണി ബാലകൃഷ്ണന്‍ : എങ്ങിനെയാണ് ഇതിനെ വേര്‍തിരിച്ച് കാണാന്‍ കഴിയുന്നത്?

സദ്‌ഗുരു : നിങ്ങളുടെ ചുറ്റുമൊന്ന് നോക്കു. ഒരുപാട് പേര്‍ നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. അതൊക്കെ നിങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. പക്ഷേ, അതൊന്നും വാര്‍ത്തയല്ലല്ലോ! ആരെങ്കിലും വിവാദത്തില്‍പെടുമ്പോഴല്ലേ വാര്‍ത്തയാകൂ. അതാണ് മൂല്യനാശം എന്ന് ഞാന്‍ പറഞ്ഞത്, അതായത് മൂല്യനാശം ഒരിടത്ത് മാത്രമല്ല, നിര്‍ഭാഗ്യവശാല്‍ ഇത് എല്ലായിടത്തുമുണ്ട്.

(സദ്‌ഗുരു ജഗ്ഗി വാസുദേവും മാത്രുഭൂമി ടിവിയുടെ അറിയപ്പെടുന്ന സംഭാഷണചതുരന്‍ ഉണ്ണി ബാലകൃഷ്ണനുമായുള്ള അഭിമുഖസംഭാഷണത്തില്‍ നിന്ന്)

 
 
  0 Comments
 
 
Login / to join the conversation1