തെറ്റായ ചിന്തകളോട് നിങ്ങൾ എങ്ങനെ പോരാടും ?

തെറ്റായ ചിന്തകളോട് നിങ്ങൾ എങ്ങനെ പോരാടും ?
 

സദ്ഗുരു : അടുത്തിടെ ആരോ അവരുടെ മനസ്സിൽ നിന്ന് തെറ്റായ ചിന്തകളെ എങ്ങനെ നീക്കം ചെയ്യാമെന്ന് എന്നോട് ചോദിച്ചു. ഒരു ചിന്ത, നിങ്ങൾ സൃഷ്ടിച്ച ഒന്നാണ്. നിങ്ങൾ അതിനെ  തെറ്റെന്നോ ശരിയെന്നോ തിരിച്ചറിയേണ്ടതില്ല. ഇത് ഒരു ചിന്ത മാത്രമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ, അതിന് ശക്തിയില്ല. ഇത് യാഥാർത്ഥ്യമാണെന്ന് നിങ്ങൾ കരുതുന്നതോടെ, അത് നിങ്ങളെ നശിപ്പിക്കുന്നു.

നിങ്ങൾ ചിന്തിക്കാത്തതിനാൽ നിങ്ങളുടെ ചിന്തകൾ യഥാർത്ഥമാണെന്ന് നിങ്ങൾ വിശ്വസിക്കുന്നു. “ചിന്തിക്കുക” എന്ന വാക്ക് സൂചിപ്പിക്കുന്നത് നിങ്ങൾ ബോധപൂർവ്വം നിങ്ങളുടെ ചിന്താപ്രക്രിയ നടത്തുന്നു എന്നാണ്. എന്നാലിപ്പോൾ നിങ്ങളുടെ മനസ്സ്, മാനസിക വയറിളക്കമുള്ള ഒരു അവസ്ഥയിലാണ്. നിങ്ങൾ എന്ത് തന്നെ വിചാരിച്ചാലും- അത് പിശാചിനെക്കുറിച്ചോ ദൈവത്തെക്കുറിച്ചോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ ആകട്ടെ- പക്ഷെയതിൽ തെറ്റെന്നും ശെരിയെന്നും ഒന്നില്ല. ഉള്ളടക്കമല്ല ഏറ്റവും തെറ്റായ കാര്യം, മറിച്ചു നിങ്ങളുടേ ചിന്താ പ്രക്രിയ അബോധാവസ്ഥയിൽ സംഭവിക്കുന്നു എന്നുള്ളതാണ്.


അവർ ചിന്തിക്കുന്ന ആ ചിന്തകൾ തെറ്റാണെന്ന് വിചാരിക്കുന്നതിനാൽ, അതിനെ തടയാനും പോരാടാനും ശ്രമിക്കുന്ന ധാരാളം ആളുകൾ സ്വയം നശിപ്പിക്കുകയാണ്. അവർ ഈ ചിന്തകൾ സൃഷ്ടിച്ചു, തുടർന്ന് അവരുമായി തന്നെ യുദ്ധം ചെയ്യുന്നു!

ഞാൻ ഒരു കഥ  പറയാം. ഒരിക്കൽ, വളരെ എളിമയുള്ള ഒരാൾ ആശുപത്രിയിൽ പരിശോധനയ്ക്കായി പോയി. വസ്ത്രങ്ങൾ അഴിപ്പിക്കുകയും, ഭാരം, ഉയരം, ത്രെഡ്‌മില്ല് തുടങ്ങിയ അത്തരത്തിലുള്ള അതും ഇതുമൊക്കെ ചെയ്യിക്കുന്ന വിശദമായ പരിശോധനയൊന്നും അദ്ദേഹത്തിന് ശീലമായിരുന്നില്ല. എന്നിട്ട് അദ്ദേഹത്തെ ഒരു മുറിയിൽ കിടത്തി. ഏതോ കാരണവശാൽ അവർ അദ്ദേഹത്തെ ശൗചാലയം ഉപയോഗിക്കാൻ സമ്മതിച്ചില്ല. അങ്ങനെ ശൗചാലയത്തിൽ നടക്കേണ്ടതായ കാര്യങ്ങൾ ആ കട്ടിലിൽ സംഭവിച്ചു! അയാളൊരു മാന്യനായിരുന്നു. അദ്ദേഹം അവിടെ കാണിച്ചു കൂട്ടിയ വൃത്തികേട് കാരണം, അദ്ദേഹത്തെ പരിചരിക്കുന്ന സുന്ദരിയായ യുവ നഴ്സ്, അദ്ദേഹത്തെ ആ നിലയിൽ കാണരുതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അവൾ വാതിലിൽ മുട്ടുന്നത് അയാൾ കേട്ടപ്പോൾ  എന്തു ചെയ്യണമെന്ന് അറിയാതെ ഭയപ്പെട്ടു. അതിനാൽ, അദ്ദേഹം ഷീറ്റ് എടുത്ത് മൂന്നാം നിലയിലെ ജനാലയിലൂടെ വലിച്ചെറിഞ്ഞു.


താഴെയുള്ള തെരുവിൽ അപ്പോഴാണ് ഒരു മദ്യപാനി നടക്കുന്നുണ്ടായിരുന്നത്, മാത്രവുമല്ല ഗ്രഹത്തിന്റെ ആകൃതി കണ്ടെത്താൻ കഷ്ടപ്പെടുകയും ചെയ്യുന്നുണ്ടായിരുന്നു. ഒപ്പം ഈ വെള്ള ഷീറ്റ് വന്നു അവന്റെ മേൽ വീണു! അയാൾ കൈകാലുകൾ വീശി വാശിയോടെ, രക്ഷപ്പെടാൻ ശ്രമിച്ചു. ഒടുവിൽ ഷീറ്റ് താഴെ വീണു. അയാൾ മലിനമായ ഷീറ്റിലേക്ക് നോക്കി. കണ്ടുനിന്ന ആരോവന്നു ചോദിച്ചു, "എന്ത് പറ്റി?" അയാൾ താഴേക്ക് നോക്കിക്കൊണ്ട് പറഞ്ഞു, “എൻ്റെ മർദ്ദനം കാരണം, പ്രേതം, മലമൂത്രം വിസർജിച്ചിട്ട് ഓടി രക്ഷപ്പെട്ടുവെന്ന് തോന്നുന്നു.” 


അത് നിങ്ങളുടെ ചിന്തയാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴെല്ലാം അത് പുറന്തള്ളാനും തിരികെ വലിച്ചെടുക്കാനും നിങ്ങൾക്ക് കഴിയണം. പക്ഷെ ഇപ്പോൾ, നിങ്ങളുടെ സ്വന്തം പ്രേതങ്ങൾ വളരെ വലുതായിത്തീർന്നിരിക്കുന്നു, അവയോട് പോരാടാൻ നിങ്ങൾ ആഗ്രഹിക്കുന്നു. നിങ്ങൾ വിജയിച്ചാൽ, നിങ്ങൾ ശരിക്കും തോറ്റുപോയി. കാരണം, നിങ്ങൾ സത്യമല്ലാത്ത ഒരു കാര്യത്തിനെതിരെ പോരാടുകയും വിജയിക്കുകയും ചെയ്താൽ, നിങ്ങൾ ശരിക്കും പരാജയപ്പെട്ടു. തെറ്റായ അല്ലെങ്കിൽ ശരിയായ ചിന്ത എന്നിങ്ങനെ ഒന്നുമില്ല. ഒന്നുകിൽ അത് ബോധപൂർവമായ ഒരു ചിന്തയാണ് അല്ലെങ്കിൽ അതിസാരം. നിങ്ങൾക്ക് ശാരീരിക വയറിളക്കമുണ്ടെന്ന് കരുതുക, നിങ്ങൾ ആദ്യം ചെയ്യേണ്ടത് മോശം ഭക്ഷണം നിർത്തുക എന്നതാണ്. മറ്റെല്ലാ ചികിത്സകളും അതിനുശേഷമേ  വരുന്നുള്ളൂ. മാനസിക വയറിളക്കം എന്ന് പറയുമ്പോൾ, മോശം ഭക്ഷണം എന്നുദ്ദേശിക്കുന്നത് നിങ്ങളല്ലാത്ത എന്തിനോടെങ്കിലും നിങ്ങൾ സ്വയം തിരിച്ചറിഞ്ഞു. നിങ്ങൾ ഈ അവസ്ഥയിൽ എത്തിക്കഴിഞ്ഞാൽ എന്ത് തന്നെ ചെയ്തിട്ടും- ഏതെങ്കിലും മന്ത്രം ചൊല്ലുകയൊ, ആഗ്രഹിക്കുന്ന ഏതെങ്കിലും ദൈവത്തെയൊ ചിന്തിച്ചാലും, ചിന്താ പ്രക്രിയയെ നിങ്ങൾക്ക് തടയാൻ കഴിയില്ല. നിങ്ങളല്ലാത്ത എന്തെങ്കിലും ഉപയോഗിച്ച് നിങ്ങൾ സ്വയം തിരിച്ചറിയുന്ന നിമിഷം, നിങ്ങൾക്ക് നിങ്ങളുടെ മനസ്സിനെ നിർത്താൻ കഴിയില്ല.

എന്റെ ശരീരം എന്ന് നിങ്ങൾ വിളിക്കുന്നത് ഭക്ഷണത്തിന്റെ ശേഖരണമാണ്. എന്റെ മനസ്സ് എന്ന് നിങ്ങൾ വിളിക്കുന്നത് അഭിപ്രായങ്ങളുടെയും വിവരങ്ങളുടെയും ശേഖരണമാണ്. നിങ്ങൾ ശേഖരിക്കുന്നതെന്തും, അത് നിങ്ങളുടേതാണെന്ന് പറയാൻ കഴിയും, പക്ഷേ “ഇത് ഞാനാണ്” എന്ന് നിങ്ങൾ പറയുന്നതോടെ, നിങ്ങൾക്ക് ചികിത്സ ആവശ്യമാണ്. ഉദാഹരണത്തിന്, “ഇതെൻ്റെ കാറാണ്” എന്ന് നിങ്ങൾ പറഞ്ഞാൽ വളരെ ശരിയാണ്. “ഞാനാണ് കാർ” എന്ന് നിങ്ങൾ പറഞ്ഞാൽ, ഇതിന് അടിയന്തിര ചികിത്സ ആവശ്യമാണ്.

നിങ്ങളുടേത് നിങ്ങളുടെ കൈവശമുള്ളതാണ്, എന്നാലിപ്പോൾ ഇത് നിങ്ങളാണെന്ന് കരുതുന്നു.  നിങ്ങളേതാണെന്നും നിങ്ങളല്ലാത്തത് ഏതാണെന്നും നിങ്ങൾക്ക് വ്യക്തമായറിയില്ലെങ്കിൽ, ഇത് ആശയക്കുഴപ്പത്തിന്റെ ഭയാനകമായ അവസ്ഥയാണ്. നിങ്ങളും നിങ്ങളല്ലാത്തതും വ്യക്തമാക്കുക   എന്നതാണ് ഏതൊരു ആത്മീയ പ്രക്രിയടേതും ആവശ്യം. ഈ ജീവിതത്തിന്റെ പ്രകൃതത്തെക്കുറിച്ച് നമ്മൾ കുറച്ചെങ്കിലും ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.

നമുക്കാവശ്യമുള്ള രീതിയിൽ ബാഹ്യസാഹചര്യങ്ങൾ സൃഷ്ടിക്കാനായി ശാസ്ത്രസാങ്കേതികവിദ്യ ഉള്ളതുപോലെ, ആന്തരിക സാഹചര്യങ്ങൾ നമുക്കാവശ്യമുള്ള പോലെ സൃഷ്ടിക്കുന്നതിനുള്ള മുഴുവൻ ശാസ്ത്രവും സാങ്കേതികവിദ്യയുമുണ്ട്. പുറം ലോകത്തെ നമ്മൾ ആവശ്യമുള്ള രീതിയിൽ എഞ്ചിനീയറിംഗ് ചെയ്തതുപോലെ, നമ്മുടെ ആന്തരിക സാഹചര്യത്തെ നമുക്ക് ആവശ്യമുള്ള രീതിയിൽ എഞ്ചിനീയറിംഗ് ചെയ്യാനാവും. സത്യമായും നിങ്ങളുടെ ജീവിതനിലവാരം ഉയർത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഈ നടപടി സ്വീകരിക്കുകയും നിങ്ങളുടെ ആന്തരിക ക്ഷേമത്തിനായി കുറച്ച് സമയം നിക്ഷേപിക്കാൻ തയ്യാറാകുകയും വേണം. ഇത് ചെയ്താൽ‌, നിങ്ങൾ‌ പ്രവർത്തിക്കുന്ന രീതിയിൽ ഒരു നാടകീയമായ മാറ്റം നിങ്ങൾക്ക് കാണാനാവും. ആവശ്യമായ സാങ്കേതികവിദ്യയുണ്ട്- അതിനെ ഇന്നർ എഞ്ചിനീയറിംഗ് എന്ന് വിളിക്കുന്നു, ക്ഷേമത്തിൻ്റെ പരമോച്ചാവസ്ഥ.

 

Editors Note: -  ഇന്നർ എഞ്ചിനീയറിംഗ് ഓൺലൈൻ പ്രോഗ്രാം ഇപ്പോൾ മലയാളത്തിൽ ലഭ്യമാണ്. സന്ദർശിക്കൂ :- https://isha.sadhguru.org/in/ml/inner-engineering-online/overview