രാഷ്ട്രം എന്നു കേള്‍ക്കുമ്പോള്‍ ഒരു പ്രത്യേകതരം ജനത, ഒരു പ്രത്യേക ഭാഷ, ഗോത്രം അല്ലെങ്കില്‍ ഒരു പ്രത്യേക സംസ്‌കാരം എന്നൊക്കെയാണ് പൊതുവായി ധരിച്ചുവച്ചിരിക്കുന്നത്.ഭാരതം പല സംസ്‌കാരങ്ങളുടെയും, പല ഭാഷകളുടെയും, പല വംശങ്ങളുടെയും, പല മതങ്ങളുടെയും ഒരു സമ്മിശ്രണമാണ്. എന്നിട്ടും നമ്മള്‍ ഒരു രാഷ്ട്രമായി നില കൊള്ളുന്നു, ഒരുപക്ഷേ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ രാഷ്ട്രം. എണ്ണായിരമോ പതിനായിരമോ വര്‍ഷങ്ങള്‍ക്കിങ്ങോട്ട് നോക്കിയാല്‍, ചിലപ്പോഴൊക്കെ നമ്മള്‍ ഇരുനൂറോളം നാട്ടുരാജ്യങ്ങളായി നിലകൊണ്ടിട്ടുണ്ടെങ്കിലും, ഈ ഉപഭൂഖണ്ഡത്തിനകത്തും പുറത്തും ആളുകള്‍ ഇതിനെ ഒരു രാഷ്ട്രമായാണ് പരിഗണിച്ച് പോന്നിരുന്നത്. ഇത് എപ്പോഴും ഭാരതം എന്നാണ് അറിയപ്പെട്ടിരുന്നത്, ചിലപ്പോഴൊക്കെ ഹിന്ദുസ്ഥാന്‍ എന്നും. ഈ പറഞ്ഞത് ഒന്നുകൂടി വ്യക്തമാക്കേണ്ടതുണ്ടെന്നു തോന്നുന്നു. ഹിന്ദുസ്ഥാന്‍-അത് മതങ്ങള്‍ക്കെല്ലാം മുമ്പ് തന്നെ ഉണ്ടായിരുന്നതാണ്. നമ്മള്‍ ഒരു പ്രത്യേക വിഭാഗം  ആളുകളെക്കുറിച്ചല്ല  പറഞ്ഞിരുന്നത്. ഭൂമിശാസ്ത്രപരമായി ഒരു അടയാളമായിരുന്നു അത്-ഹിമാലയത്തിനും, ഇന്തു സരോവരത്തിനും ഇടയിലുള്ള ഒരു ഭൂവിഭാഗം. ഇതിനെ ഹിന്ദുസ്ഥാന്‍ എന്ന് വിളിച്ചു പോന്നു, അതാണ് ഹിന്ദു. ഇത് മതങ്ങള്‍ക്കെല്ലാം മുന്‍പേ ഉണ്ടായിട്ടുള്ളതാണ്.

പക്ഷേ ഈ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ ചേര്‍ന്ന് ഒരു രാഷ്ട്രം നിര്‍മിക്കാന്‍ ഉണ്ടാക്കിയ ഘടകം എന്താണ്? ഈ രാജ്യത്തിലൂടെ അന്‍പത് മൈല്‍ സഞ്ചരിക്കുകയാണെങ്കില്‍ ഭാഷ, വേഷം, ഭക്ഷണം തുടങ്ങി എന്തിലും ഏതിലും വ്യത്യസ്ഥരായ ആളുകളെയാണ് നിങ്ങള്‍ക്ക് കാണാനാവുക. എന്നിട്ടും ഇത് ഒരു രാജ്യമായി തീര്‍ന്നത് എന്തുകൊണ്ടാണ്? ഇത് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒരു സവിശേഷതയാണിത്. ഈ ഭൂവിഭാഗം വിശ്വാസികളുടേതല്ല. മറ്റു സ്ഥലങ്ങളിലെല്ലാം എന്തെങ്കിലും ഒന്നിലുള്ള വിശ്വാസം മൂലമാണ് ആളുകള്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുന്നത്, മതത്തിലോ, ഭാഷയിലോ, നിറത്തിലോ ഒക്കെയുള്ള ഏതോ ചില വിശ്വാസങ്ങള്‍ അവരെ ഒരുമിച്ചു നിര്‍ത്തി. പക്ഷേ ഇന്ത്യ എല്ലാ കാലത്തും അന്വേഷികളുടെ ഒരു നാടായാണ് അറിയപ്പെട്ടുപോന്നിട്ടുള്ളത്. അന്വേഷികള്‍ വിശ്വാസികളല്ല, കാരണം ജീവിതത്തെക്കുറിച്ച് ഒരു ചുക്കും അറിയില്ല എന്ന തിരിച്ചറിവ് ഉണ്ടാവുമ്പോഴാണ് ഒരാള്‍ ഒരു അന്വേഷിയായി തീരുന്നത്. ജീവിതത്തെകുറിച്ച് യഥാര്‍ത്ഥത്തില്‍ കാര്യമായൊന്നും അറിയില്ല, അതുകൊണ്ട് അന്വേഷിക്കുന്നു, അത്തരക്കാര്‍ ജീവിതത്തിലുടനീളം അന്വേഷണത്തിലാണ്-സത്യത്തെയും സ്വാതന്ത്ര്യത്തെയും അന്വേഷിക്കുന്നവര്‍. ഇന്നും ഈ രാജ്യത്തിലെ വലിയ വിഭാഗം ജനങ്ങളുടെയും പരമമായ ലക്ഷ്യം സ്വാതന്ത്ര്യം അഥവാ മുക്തിയാണ്. ദൈവമോ സ്വര്‍ഗമോ അല്ല. എല്ലാ കാലത്തും ഇവിടെ അങ്ങനെയായിരുന്നു. മുക്തിയാണ് അത്യന്തികമായ ലക്ഷ്യം. ദൈവ വിശ്വാസത്തില്‍ നിന്നുപോലുമുള്ള മുക്തി, അഥവാ വിമോചനം, അതായിരുന്നു ലക്ഷ്യം.

ഒരു രാജ്യത്തിലുള്ള സകലമാനപേരും ഒരേ കാര്യത്തില്‍ വിശ്വസിച്ചാല്‍, നാട്ടില്‍ ഒരുമയുണ്ടാകും എന്ന സങ്കല്‍പ്പം വിഡ്ഢിത്തമാണ്. ലോകത്തെല്ലായിടത്തും ഒരേ ദൈവത്തിലോ, ഒരേ പ്രത്യയശാസ്ത്രത്തിലോ വിശ്വസിക്കുന്ന ജനങ്ങള്‍ തമ്മിലടിച്ചു കൊണ്ടിരിക്കുകയാണ്. വിശ്വാസ പ്രമാണങ്ങളൊന്നും തന്നെയില്ലെങ്കില്‍, അതിനര്‍ഥം നിങ്ങള്‍ ആശയങ്ങളുടെ കോണ്‍ക്രീറ്റ് പാളികള്‍ തലയില്‍ ചുമന്നു നടക്കുന്നില്ല എന്നതാണ്. ജീവിതമാണ് നിങ്ങളുടെ ഗുരു. ജീവിതത്തില്‍ നിന്നും പഠിക്കാന്‍ ശ്രമിക്കുന്നു, ആശയങ്ങളുടെ കോണ്‍ക്രീറ്റ് മതില്‍കെട്ട് ഇല്ലാത്തതിനാല്‍ പുതിയതായി പഠിക്കാനും, അഭ്യസിക്കാനും നിങ്ങള്‍ സന്നദ്ധരാണ്. ഇന്നവഴിക്കു പോകണമെന്ന് നിങ്ങള്‍ മുന്‍കൂറായി തീരുമാനിച്ചിട്ടില്ല, ജീവിതത്തിലെ ഓരോ ചുവടിലും, നിങ്ങള്‍ നിങ്ങളുടെ മാര്‍ഗ്ഗം അന്വേഷിക്കുന്നു.

തങ്ങള്‍ ഏതു പാര്‍ട്ടിക്ക് വോട്ട് ചെയ്യും, ഏത് ജാതിക്ക് വോട്ട് ചെയ്യും, ഏത് വംശത്തിന് വോട്ട് ചെയ്യും എന്നൊക്കെ ആളുകള്‍ മുന്നേക്കൂട്ടി നിശ്ചയിച്ചിരിക്കുകയാണെങ്കില്‍, ന്യായമായ രീതിയില്‍ ജനാധിപത്യം സംഭവിക്കുകയില്ല. ഞങ്ങള്‍ ഇതാണ് അല്ലെങ്കില്‍ അതാണ് എന്ന് നമ്മള്‍ മുന്‍കൂറായി നിശ്ചയിക്കുകയാണെങ്കില്‍ ജനാധിപത്യം ഒരു വ്യഥാ വ്യായാമമാണ്. വോട്ട് ചെയ്യാനുള്ള അവസരം മുന്നില്‍ വരുമ്പോള്‍, നമ്മള്‍ ഓരോരുത്തരും നമ്മുടെ യുക്തിബോധം ഉപയോഗപ്പെടുത്തി ചിന്തിച്ച് തീരുമാനത്തില്‍ എത്തിച്ചേരാന്‍ സന്നദ്ധരാകണം-ഇന്നതിനാണ് താന്‍ വോട്ട് ചെയ്യാന്‍ പോകുന്നത്. അപ്പോഴെ ജനാധിപത്യ പ്രക്രിയ സാര്‍ഥകമാവുകയുള്ളു. ഞാന്‍ ഒരു പ്രത്യേക കുടുംബത്തിലോ, ജാതിയിലോ, മതത്തിലോ, വംശത്തിലോ അതല്ല ഏതെങ്കിലും സംസ്‌കാരിക വിഭാഗത്തിലോ പെട്ടതാണ് എന്ന ഒറ്റ കാരണം കൊണ്ട് ഇങ്ങനെയേ വോട്ട് ചെയ്യൂ എന്ന് മുന്‍കൂട്ടി തീരുമാനിക്കുകയാണെങ്കില്‍, അവിടെ ഡെമോക്രസി ഇല്ലാതാകുന്നു. അത് മറ്റൊരു തരത്തിലുള്ള ഫ്യൂഡലിസമായി തീരുന്നു.

ആളുകള്‍ ഒന്നിലും ശക്തമായി വിശ്വസിക്കാതിരിക്കുകയാണെങ്കില്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യം നിലവില്‍ വരുകയുള്ളു. എല്ലാം ഒരു പുതുമയോടെ നോക്കിക്കാണുമ്പോള്‍, വ്യക്തികള്‍ തങ്ങളുടെ ബുദ്ധിശക്തി ഉപയോഗപ്പെടുത്തി വോട്ട് ചെയ്യുമ്പോള്‍ മാത്രമേ ജനാധിപത്യ പ്രക്രിയ സംഭവിക്കുകയുള്ളു. ഒരു സംഘം ആളുകള്‍ ഒരു പോലെ വോട്ട് ചെയ്യുകയാണെങ്കില്‍, അതായത് ഇനിയൊരാള്‍ക്ക് നന്നായറിയാം നിങ്ങള്‍ ഇന്ന പാര്‍ട്ടിക്കാണ് വോട്ട് ചെയ്യാന്‍ പോകുന്നത് എങ്കില്‍, രഹസ്യ ബാലറ്റിന്റെ ആവശ്യമെന്താണ്? നിങ്ങള്‍ കൈ ഉയര്‍ത്തിയാല്‍ മാത്രം പോരെ? രഹസ്യ ബാലറ്റ് കൊണ്ടുള്ള ഗുണം ഓരോ തവണയും നിങ്ങള്‍ക്ക് മൂല്യ നിര്‍ണയം നടത്താം എന്നതാണ്. ഒരു വ്യക്തി എന്ന നിലയ്ക്ക് നിങ്ങള്‍ക്ക് കാര്യങ്ങള്‍ നോക്കി കണ്ട് വിലയിരുത്താം. നിങ്ങള്‍ ഒരാള്‍ക്ക് വോട്ട് ചെയ്യുന്നു, നിങ്ങളുടെ ഭാര്യ മറ്റൊരാള്‍ക്ക്, കുട്ടികള്‍ വേറൊരാള്‍ക്ക്; ഇങ്ങനെ തികച്ചും വ്യക്തിപരമായി വോട്ട് ചെയ്യാനാകുമ്പോള്‍ മാത്രമാണ് യഥാര്‍ഥ ജനാധിപത്യം ഉണ്ടാവുക. അങ്ങനെയുള്ള ആദര്‍ശപരമായ ഒരു ജനാധിപത്യം ഈ ഭൂമുഖത്ത് നാമ്പെടുക്കേണ്ടിയിരിക്കുന്നു.

ജനാധിപത്യമെന്ന പദം കൊണ്ട് അര്‍ഥമാക്കുന്നത് ജനങ്ങളാണ് അധിപന്മാര്‍ എന്നാണല്ലോ. നമ്മള്‍ ഏതെങ്കിലും ഒരു അധിപനെ തിരഞ്ഞെടുക്കുകയല്ല, ഇവിടെ ജനങ്ങളാണ് ആധിപത്യം വഹിക്കുന്നത്, അപ്പോള്‍ ജനങ്ങളാണ് തീരുമാനങ്ങള്‍ എടുക്കേണ്ടത്. ദശലക്ഷകണക്കിനാളുകള്‍ പാര്‍ലമെന്റില്‍ പോയി ഇരിക്കുന്നത് പ്രായോഗികമല്ലാതതിനാല്‍ നമ്മള്‍ അഞ്ഞൂറ്റിനാല്‍പ്പതു പേരെ അങ്ങോട്ട് പറഞ്ഞയക്കുന്നു. പക്ഷേ ജനങ്ങളാണ് നായകന്മാര്‍. പാര്‍ലമെന്റില്‍ പോകുന്ന ആള്‍ പ്രതിനിധി മാത്രമാണ്. ജനങ്ങളുടെ തീരുമാനം അവിടെ അറിയിക്കേണ്ട ആള്‍. പക്ഷേ പൊതുവേ നമ്മള്‍ കരുതുന്നത്, അവരെ തിരഞ്ഞെടുത്ത് അങ്ങോട്ട് പറഞ്ഞയച്ചു കഴിഞ്ഞാല്‍, നമ്മുടെ ജോലി തീര്‍ന്നു എന്നാണ്. തിരഞ്ഞെടുപ്പ് ദിവസം നമ്മുടെ നാട്ടില്‍ അവധിദിനം ആയതിനാല്‍ നമ്മള്‍ വോട്ട് ചെയ്യാന്‍ പോവുകയോ അല്ലെങ്കില്‍ പിക്‌നിക്കിനു പോവുകയോ ചെയ്യുന്നു. ഇതിലേതെങ്കിലും ഒന്ന് ചെയ്യുന്നതിലൂടെ ജനാധിപത്യപരമായ കടമ നിര്‍വഹിക്കപ്പെട്ടു കഴിഞ്ഞു എന്ന് നിങ്ങള്‍ കരുതുന്നു. അങ്ങനെയല്ല ആവേണ്ടത്. ജനങ്ങളാണ് അധിപന്മാര്‍ എങ്കില്‍ ഇതുമായി ബന്ധപ്പെട്ട അവശ്യമായ വിദ്യാഭ്യാസം ജനങ്ങള്‍ക്ക് നല്‍കേണ്ടത് വളരെ പ്രധാനമാണ്, സ്‌കൂള്‍ തലം മുതല്‍ തന്നെ.

ജനാധിപത്യ സമ്പ്രദായത്തിന്റെ പ്രവര്‍ത്തനത്തില്‍ നമ്മളോരോരുത്തരും ഏതുവിധം പങ്കാളിയാകണമെന്നതിനെ കുറിച്ചുള്ള വ്യക്തമായ ധാരണ എല്ലാവരിലും എത്തേണ്ടതുണ്ട്. അതില്ലാതെപോകുന്ന പക്ഷം അഞ്ഞൂറ്റി  ചില്ല്യാനം പേര്‍ നമ്മെ ഭരിക്കുന്നു എന്ന അവസ്ഥയിലേക്ക് പോകും കാര്യങ്ങള്‍. അപ്പോള്‍ അത് ഫ്യൂഡലിസത്തിന്റെ മറ്റൊരു രൂപം മാത്രമാകും.

രാഷ്ട്രീയക്കാര്‍ പല രീതിയിലും ഫ്യൂഡലിസ്റ്റുകളെ പോലെ ആകുന്നതിന്റെ പിന്നിലെ ലളിതമായ കാരണം തിരഞ്ഞെടുപ്പ് ദിവസമല്ലാതെ സജീവമായ ബഹുജന പങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ ഉണ്ടാവുന്നില്ല എന്നതാണ്. ജനപങ്കാളിത്തം ജനാധിപധ്യത്തില്‍ ഇല്ലാതെ പോകുന്ന പക്ഷം തിരഞ്ഞെടുപ്പ് പോലും ഒരു പ്രഹസനം മാത്രമായിരിക്കും.

ജനാധിപത്യ പ്രക്രിയ എന്നു പറയുമ്പോള്‍ നമ്മള്‍ ഉദ്ദേശിക്കുന്നത് നിയമസ്ഥാപനങ്ങളുടെ (institutions) ഭരണത്തെക്കുറിച്ചാണ്, രാഷ്ട്രനിര്‍മാണത്തിനു വേണ്ടി നിയമസ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിനെപറ്റി. ഇത് വ്യക്തികളുടെ ഭരണമല്ല, നിയസ്ഥാപനങ്ങളുടെ ഭരണമാണ്. നമ്മള്‍ വ്യക്തികളെ തിരഞ്ഞെടുക്കുന്നത് ശക്തിയും  സ്ഥിരതയുമുള്ള നിയമസ്ഥാപനങ്ങള്‍ സൃഷ്ടിക്കുവാന്‍ വേണ്ടി മാത്രമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളിള്‍ ഉചിതമായ തീരുമാനം ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ഉണ്ടാകാത്ത പക്ഷം, ആളുകള്‍ നിരത്തിലിറങ്ങി കലാപത്തിലൂടെയും, മറ്റ് അക്രമമാര്‍ഗങ്ങളിലൂടെയും സ്വയം തീരുമാനങ്ങളെടുത്ത് അത് നടപ്പിലാക്കി തുടങ്ങും. അതുകൊണ്ട് നിയമസ്ഥാപനങ്ങള്‍ കാലവിളംബം കൂടാതെ കാര്യക്ഷമമായി പ്രവൃത്തിക്കേണ്ടതുണ്ട്.

ഓരോ വ്യക്തിയും, തന്റെ യുക്തിക്കും വിവേകത്തിനും അനുസരിച്ച് ജനപ്രതിനിധികളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. ഒരു വ്യക്തി എന്ന നിലക്കല്ലാതെ, ജാതി, മതം, വംശീയത തുടങ്ങിയ വിഭാഗീയ ചിന്താഗതികളുടെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നത് ജനാധിപത്യത്തിന് ഗുണകരമല്ല. എന്തിന്, ഒരു കുടുംബം ഒരുമിച്ച് വോട്ട് ചെയ്യുന്നതുപോലും ശരിയല്ല, രഹസ്യബാലറ്റ് ആയതുകൊണ്ട് അതിന്റെ സ്വകാര്യത ഉറപ്പുവരുത്തേണ്ടതുണ്ട്. അതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ വശം. ജനാധിപത്യപ്രക്രിയയില്‍ ഒരു ജനപ്രതിനിധിയുടെ കുലം ഏതെന്നതോ, അച്ഛന്‍ ആരെന്നതോ, ആ വ്യക്തി എവിടെ നിന്ന് വരുന്നു എന്നതോ ഒന്നും തന്നെ പ്രസക്തമല്ല. ആ വ്യക്തി ആരാണ് എന്നതിനു മാത്രമേ പ്രാധാന്യമുള്ളു. ഓരോ പൗരനും, തന്റെ ഇച്ഛാനുസരണം ജീവിതം വാര്‍ത്തെടുക്കാനുള്ള അവസരം ലഭ്യമാകേണ്ടതുണ്ട്, നിങ്ങള്‍ ഏതെങ്കിലും ഒരു വിഭാഗീയതയുടെ പക്ഷത്ത് അണി ചേരുകയാണെങ്കില്‍, മറ്റ് ചില ഘടകങ്ങളായിരിക്കും നിങ്ങള്‍ എന്തായിതീരണം എന്ന് നിര്‍ണയിക്കുക, നിങ്ങളുടെ അഭിലാഷങ്ങള്‍ പോലും നിങ്ങളുടെതായിരിക്കില്ല.

ഭാഷാ, വേഷം, ഭക്ഷണം തുടങ്ങി സകലതിലും വ്യത്യസ്ഥരായിട്ടും നമ്മളെ ഒരുമിച്ച് നിലനിര്‍ത്തി പോരുന്ന ഘടകം എന്താണെന്ന് നമ്മള്‍ തിരിച്ചറിയേണ്ടതുണ്ട്. എങ്കില്‍ മാത്രമേ നമ്മുടെ ജനാധിപത്യം സജ്ജീവവും സചേതനവുമായി നിലനില്‍ക്കുകയുള്ളു. സത്യവും, സ്വാതന്ത്ര്യവും തേടുന്നതില്‍ അതിഷ്ഠിതമായ നമ്മുടെ ആത്മീയതയാണ് നമ്മെ ഒരുമിപ്പിക്കുന്ന ആ ഘടകം. ഞാന്‍ ഇത് വ്യക്തമാക്കേണ്ടതുണ്ടെന്ന് തോന്നുന്നു, ഇവിടെ ആത്മീയത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഏതെങ്കിലും ഒരു പ്രത്യേക മതത്തേയോ, വിശ്വാസപ്രമാണങ്ങളെയോ അല്ല, മറിച്ച മനുഷ്യന്റെ ബാഹ്യവും ആന്തരികവുമായ നന്മയെ ലക്ഷ്യംവയ്ക്കുന്ന ശാസ്ത്രീയ രീതികളെക്കുറിച്ചാണ് ഞാന്‍ പറയുന്നത്.

മതങ്ങള്‍ക്കും സങ്കുചിത ചിന്തകള്‍ക്കും വിഭാഗീയതകള്‍ക്കും അതീതമായി ഓരോ മനുഷ്യന്റെയും നന്മയ്ക്കുതകും വിധമുള്ള ഒരു ആത്മീയബോധം ഭാരതം വീണ്ടെടുക്കേണ്ടിയിരിക്കുന്നു. ഈ ആത്മീയബോധം നിലനില്‍ക്കുകയാണെങ്കില്‍ ജനാധിപത്യത്തിന് എളുപ്പത്തില്‍ വേരോടാനാകും. കാരണം, അപ്പോള്‍ നിങ്ങളുടെ  മതമെന്താണെന്നതോ പൈതൃകം എന്താണെന്നതോ, പണ്ട് നിങ്ങള്‍ എന്താണ് ചെയ്തിരുന്നതെന്നതോ ഒന്നും തന്നെ നിങ്ങളെ ഏറ്റവും മികച്ചതിനായി  ആഗ്രഹിക്കുന്നതില്‍ നിന്നും വിലക്കില്ല. ഭൗതികമായും, ആത്മീയമായും നിങ്ങളുടെ ഇച്ഛയ്ക്കനുസരിച്ച് ഏറ്റവും മികച്ചതു തന്നെ നിങ്ങള്‍ക്ക് ആഗ്രഹിക്കാനാവും, അതിനു വേണ്ടി പ്രവൃത്തിക്കാനാവും.

പല രാജ്യങ്ങളിലും ജനാധിപത്യം അടിച്ചേല്‍പ്പിക്കാന്‍ നോക്കുന്നുണ്ട്, അത് പ്രാവൃത്തികമാവുകയില്ല. ആരാണ് തങ്ങളുടെ നന്മ ആഗ്രഹിക്കാത്തത്? ഭൂമുഖത്ത് ആരും  തന്നെ തങ്ങളുടെ നന്മയ്ക്ക് എതിരല്ല. പക്ഷേ ആരായാലും, അത് തങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതിന് എതിരായിരിക്കും. എത്ര തന്നെ നല്ല കാര്യമാണെങ്കിലും, അത് തങ്ങള്‍ക്കുമേല്‍ അടിച്ചേപ്പിക്കുന്നത് ഒരു ജനതയും ഇഷ്ടപെടുകയില്ല. മനുഷ്യന്റെ അടിസ്ഥാനപരമായ ഒരു സ്വഭാവമാണത്. ഈ സ്വഭാവസവിശേഷതയെ മാനിക്കേണ്ടതുണ്ട്. അതുതന്നെയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശിലയും. അതായത് ഒന്നും തന്നെ ഒരു വ്യക്തിയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്-ഓരോരുത്തര്‍ക്കും തങ്ങളുടെ നന്മയ്ക്കുതകുന്നത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണം. താന്‍ എന്താണ് എന്നുള്ളത് ഒരാള്‍ക്ക് സ്വയം നിര്‍ണയിക്കാനാവണം.

ഇന്നത്തെ കാലത്ത് അന്താരാഷ്ട്ര ഇടപാടുകള്‍ കൂടുതല്‍ വിപുലമായിട്ടുണ്ട്. വാണിജ്യം രാജ്യത്തിന്റെ അതിരുകളെ ഭേദിച്ചിരിക്കുന്നു, വിഭിന്നരാജ്യങ്ങളിലെ ആളുകള്‍ പല രീതികളില്‍ പരസ്പരം ഇന്ന് സംവദിക്കുന്നു, ഇന്ത്യയിലേയും പാകിസ്താനിലേയും സ്ത്രീ പുരുഷന്മാര്‍ തമ്മില്‍ പ്രണയത്തിലാവുന്നു. സാങ്കേതികവിദ്യയും, സാമുഹ്യമാധ്യമങ്ങളും ഇന്റര്‍നെറ്റും രാജ്യങ്ങളുടെ അതിര്‍ത്തികളെ അപ്രസക്തമാക്കികൊണ്ടിരിക്കുന്നു. ഇതാണ് ശരിയായ സമയം, നാളത്തെ നന്മയ്ക്കുവേണ്ടി കാര്യമായി എന്തെങ്കിലുമൊക്കെ ചെയ്യാനുള്ള സമയമാണിത്. രാജ്യത്തിന്റെ അതിരുകള്‍ക്ക് അതീതരാകാന്‍ കഴിയുന്ന അദ്ധ്യാപകരേയും, നേതാക്കന്മാരേയും സൃഷ്ടിക്കേണ്ടതുണ്ട്. ഇന്ന് ക്യാപറ്റലിസം അപ്രസക്തമായിരിക്കുന്നു. വിപണിയില്‍ അധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ നിലവില്‍ വന്നതോടെ, ആശയവും, സംഘാടക പാടവവും ഉള്ള ആര്‍ക്കും മൂലധനം പ്രാപ്യമായിരിക്കുന്നു, ഒരു പരിധി വരെയെങ്കിലും. നൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പാണെങ്കില്‍, അമേരിക്കയില്‍ അന്‍പതോളം കുടുംബങ്ങള്‍ക്കു മാത്രമേ മൂലധനം ലഭ്യമായിട്ടുണ്ടായിരുന്നുള്ളു, ഇന്ത്യയിലാകട്ടെ ഏതാനും രാജ്യകുടുംബങ്ങള്‍ക്കു മാത്രം. ഇന്ന് ആ സ്ഥിതിവിശേഷം മാറിയിരിക്കുന്നു. സാമ്പത്തികവ്യവസ്ഥയില്‍ ഏറെക്കുറെ ജനാധിപത്യം വന്നിരിക്കുന്നു. ഇത് മാനവരാശിയെ ഉന്നതിയിലേയ്ക്ക് നയിക്കണമെങ്കില്‍, നമ്മള്‍ എപ്പോഴും ഒരു രാജ്യം എന്ന നിലയില്‍ മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയാവുകയില്ല. രാജ്യങ്ങള്‍ എപ്പോഴും ആവശ്യം തന്നെ. പക്ഷേ വാണിജ്യ, വ്യവസായ, സാമൂഹിക, സാംസ്‌കാരിക മേഖലകളില്‍ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കതീതമായ സമന്വയം സംഭവിച്ചു തുടങ്ങിയിരിക്കുന്നു. രാഷ്ട്രീയത്തില്‍ മാത്രമാണ് ഇനിയും അത് സംഭവിക്കേണ്ടിയിരിക്കുന്നത്. രാഷ്ട്രീയക്കാര്‍ കൂടി രാജ്യത്തിന്റെ സീമകള്‍ക്കതീതമായി മാനവരാശിയുടെ നന്മയ്ക്കുവേണ്ടി ചിന്തിക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയവും രാജ്യസീമകള്‍ക്കതീതമാവുക എന്നത് ഒരു സുപ്രഭാതത്തില്‍ പൊടുന്നന്നേ സംഭവിക്കാന്‍ പോകുന്നില്ല. പക്ഷേ വാണിജ്യത്തിലും ഉദ്യോഗസ്ഥവൃന്ദങ്ങളിലും  സാമൂഹികമായും ഒക്കെ വ്യത്യസ്തരാജ്യങ്ങളിലെ ആളുകളെ പരസ്പരം ഇടപെടാന്‍ അനുവദിച്ചാല്‍ ഗവണ്‍മെന്റുകള്‍ക്കിടയില്‍ ഒരു ബന്ധം ഉടലെടുക്കുക തന്നെ ചെയ്യും. എല്ലാവര്‍ക്കും തുല്യമായ അവകാശമാണ് ഉള്ളതെന്നും ലോകത്ത് പൊതുവായ നിയമവ്യവസ്ഥ വേണമെന്നുമുള്ള തിരിച്ചറിവ് സംഭവിക്കും. 

നമ്മള്‍ ലോകത്തുടനീളം മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവൃത്തിക്കുകയാണ്. എല്ലാവരും ഒരേ നിയമവ്യവസ്ഥയെ അഭിമുഖീകരിക്കേണ്ടതുണ്ട്. തുല്യമായ അവകാശവും ലോകത്തെല്ലായിടത്തും ഓരോ വ്യക്തിക്കും കിട്ടേണ്ടതുണ്ട്. ഇങ്ങനെ നമ്മുക്ക് രാഷ്ട്രങ്ങളെ ഒരുമിപ്പിക്കാവുന്നതാണ്. രാജ്യങ്ങളുടെ അതിരുകള്‍ ഇല്ലാതാക്കുന്നതിനെക്കുറിച്ച് ഇപ്പോള്‍ നമ്മുക്ക് ചിന്തിക്കാനാവില്ല. പക്ഷേ, വിട്ടുനില്‍ക്കുന്ന എല്ലുകളെ ശരീരം സ്വയം കൂട്ടിയോജിപ്പിക്കുന്നതു പോലത്തെ ഒരു ജൈവപരമായ പ്രക്രിയക്ക് തുടക്കമിടാനാകും. അപ്പോള്‍ മാത്രമേ കൂടുതല്‍ മികച്ച ഒരു മാനവരാശിക്ക് വേണ്ടി നമ്മുക്ക് പ്രവൃത്തിക്കാനാകൂ, കാരണം ഇന്ന് നമ്മള്‍ പല മേഖലകളില്‍ ആയി സൃഷ്ടിച്ചെടുത്തിട്ടുള്ള പ്രതിഭാശാലികള്‍ക്ക്, അവരുടെ കഴിവുകള്‍ പ്രകടമാക്കണമെങ്കില്‍, അവര്‍ അതിരുകള്‍ക്ക് അതീതരാകേണ്ടതുണ്ട്. രാജ്യങ്ങളുടെ അതിരുകള്‍ക്ക് അതീതമായി ചിന്തിക്കുവാന്‍ തുടങ്ങിയാല്‍ മാത്രമേ യഥാര്‍ത്ഥ ജനാധിപത്യം മാനവരാശിക്ക് പ്രയോജനപ്രദമായ ഒരു പ്രക്രിയയായി ഭവിക്കുകയുള്ളു.

സദ്ഗുരു
(2014 ഒക്ടോബർ 30ന്, ഐക്യ രാഷ്ട്ര സഭ ആസ്ഥാനത്ത് വെച്ച് "ബഹുസ്വരതയും ജനാധിപത്യവും" എന്ന വിഷയത്തെ ആസ്‍പദമാക്കി സദ്ഗുരു നടത്തിയ പ്രഭാഷണത്തിന്റെ മലയാളം പരിഭാഷ)