सद्गुरु

തന്‍റെതന്നെ ഉള്ളിലെ സൃഷ്ടിയുടെ ഉറവിടവുമായി ബന്ധമുണ്ടെങ്കില്‍ മാത്രമേ മനുഷ്യന് അത്യത്ഭുതകരമായ രീതിയില്‍ അവന്‍റെ ജീവിതം നയിക്കുവാന്‍ കഴിയുകയുള്ളു.

ഒരു വ്യക്തിയുടെ ഭൗതികമായ സൃഷ്ടിയുമായി ഉറ്റബന്ധമുള്ള അംശം അയാളുടെ ശരീരം തന്നെയാകുന്നു. അയാളുടെ ബോധത്തിലെ ആദ്യത്തെ വരദാനം അതാണ്. മാത്രമല്ല, അത് ആ വ്യക്തിക്ക് ഒന്നേ ലഭിക്കുന്നുള്ളൂ എന്ന പ്രത്യേകതയുമുണ്ട്. യോഗശാസ്ത്രങ്ങളില്‍ മനസ്സ്, ശരീരം എന്നിങ്ങനെ വേറെവേറെ ഒന്നുമില്ല. ഏറ്റവും സ്ഥൂലം മുതല്‍ അതിസൂക്ഷ്മംവരെ അനുഭവപ്പെടുന്ന എല്ലാകാര്യങ്ങളും ശരീരത്തിന്‍റെ തന്നെ പലതലങ്ങളില്‍ പ്രത്യക്ഷമാകുന്ന പ്രതിഭാസങ്ങള്‍ എന്നുമാത്രം. ശരീരത്തിന് ഇപ്രകാരം അഞ്ച് ഉറകള്‍ അഥവാ വ്യത്യസ്ത തലങ്ങള്‍ ഉണ്ട്.

ഇപ്പോള്‍ നമുക്ക് ഈ ഭൗതികശരീരത്തെ ശ്രദ്ധിക്കാം. നിങ്ങളുടെ കാര്യമായ പങ്കാളിത്തമൊന്നുമില്ലാതെ തന്നെ സ്വയം പ്രവര്‍ത്തിച്ചുകൊള്ളും എന്ന നിലയിലാണ് അതിന്‍റെ ഘടനയും പ്രവര്‍ത്തനവും. ഹൃദയത്തെ നിങ്ങള്‍ ചലിപ്പിക്കേണ്ടതില്ല. കരള്‍ നടത്തുന്ന രാസപ്രക്രിയകള്‍, ശ്വാസോച്ഛ്വാസപ്രവര്‍ത്തനങ്ങള്‍ എന്നിവ തുടങ്ങി നിങ്ങളുടെ ഭൗതികനിലനില്പിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും സ്വയമേവ തന്നെ നടന്നു കൊള്ളും.


ഭൗതിക ശരീരമെന്നത് സ്വംയംപര്യാപ്തവും വളരെ സമ്പൂര്‍ണവുമായ ഒരു ഉപകരണമാണ്. നിങ്ങള്‍ അത്ഭുതഉപകരണങ്ങളില്‍ കൗതുകമുള്ള ആളാണെങ്കില്‍ മനുഷ്യശരീരത്തേക്കാള്‍ അത്ഭുതകരമായ മറ്റൊരുപകരണമില്ല എന്നു കാണാം.

ഭൗതിക ശരീരമെന്നത് സ്വംയംപര്യാപ്തവും വളരെ സമ്പൂര്‍ണവുമായ ഒരു ഉപകരണമാണ്. നിങ്ങള്‍ അത്ഭുതഉപകരണങ്ങളില്‍ കൗതുകമുള്ള ആളാണെങ്കില്‍ മനുഷ്യശരീരത്തേക്കാള്‍ അത്ഭുതകരമായ മറ്റൊരുപകരണമില്ല എന്നു കാണാം. ശരീരത്തിന്‍റെ ഏതൊരു ചെറിയ ഭാഗം പരിഗണിച്ചാലും അവിശ്വസനീയമായ രീതിയിലാണതു പ്രവര്‍ത്തിക്കുന്നത് എന്നു മനസ്സിലാകും. ഈ ലോകത്തിലെ ഏറ്റവും മെച്ചമായ സൂക്ഷ്മോപകരണമാണത്. നിങ്ങള്‍ക്കു സങ്കല്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ ഉയര്‍ന്ന നിലയിലുള്ള യന്ത്രതന്ത്രം, നിങ്ങള്‍ക്കു ചിന്തിക്കാന്‍ കഴിയുന്നതിനെക്കാള്‍ ഉപരിയായ ഇലക്ട്രോണിക്സ്, നിങ്ങള്‍ക്കു സ്വപ്നം കാണാന്‍ പോലും കഴിയാത്ത തരത്തിലുള്ള സൂക്ഷ്മമായ വൈദ്യുതകണക്ഷനുകള്‍, നിങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്തത്ര ഉയര്‍ന്ന നിലവാരത്തിലുള്ള കമ്പ്യൂട്ടര്‍ മികവുകള്‍ ഒക്കെയാണ് അതിലുള്ളത്.

ഉച്ചകഴിഞ്ഞ് നിങ്ങള്‍ ഒരു വാഴപ്പഴം കഴിച്ചുവെന്നു കരുതുക. വൈകുന്നേരമാകുമ്പോള്‍ അതു നിങ്ങളുടെ ഭാഗമായി. ഒരു കുരങ്ങിനെ മനുഷ്യനായി പരിണമിപ്പിക്കുവാന്‍ പ്രകൃതി ദശലക്ഷക്കണക്കിനു വര്‍ഷങ്ങളെടുത്തു എന്നാണ് ചാള്‍സ് ഡാര്‍വിന്‍ നമ്മോടു പറയുന്നത്. എന്നാല്‍ ഒരു വാഴപ്പഴത്തെ ഏതാനും മണിക്കൂറുകള്‍ കൊണ്ട് മനുഷ്യന്‍റെ ഭാഗമായി മാറ്റാന്‍ നിങ്ങള്‍ക്കു കഴിയും. അത് ഒരു ചെറിയ കാര്യമല്ല. അതായത് സൃഷ്ടിയുടെ ആദ്യപടിതന്നെ നിങ്ങളുടെ ഉള്ളില്‍ നിന്നാണ് ആരംഭിക്കുന്നത്.

നിങ്ങളുടെ ഉള്ളില്‍ ഒരു പ്രത്യേക നിലവാരത്തിലുള്ളബുദ്ധിശക്തിയും കാര്യക്ഷമതയും നിലവിലുണ്ട്. അതു സാധാരണയുക്തിചിന്തയ്ക്കും അതീതമാണ്. വാഴപ്പഴത്തെ സാങ്കേതിക മേന്മയായി പരിവര്‍ത്തനം ചെയ്യുന്നതിനുള്ള കഴിവാണത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ വാഴപ്പഴത്തെ മനുഷ്യനാക്കിത്തീര്‍ക്കുന്നതിനുള്ള ആ കഴിവ്, ആ ബുദ്ധിസാമര്‍ത്ഥ്യം, ആ നിലവാരത്തിലെത്തിച്ചേരുകയാണ് യോഗ എന്നത്.

ആ പരിണാമത്തിലേക്ക് ബോധപൂര്‍വം നിങ്ങള്‍ക്ക് എത്തിച്ചേരുവാന്‍ കഴിയുകയാണെങ്കില്‍, ആ സാമര്‍ത്ഥ്യത്തിന്‍റെ അല്പാംശമെങ്കിലും നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ എത്തിക്കുവാന്‍ കഴിയുകയാണെങ്കില്‍, നിങ്ങള്‍ക്ക് അത്ഭുതമുളവാക്കുന്ന വിധത്തില്‍ ജീവിക്കുവാനാകും. ദുഃഖിതനായി ജീവിതം നയിക്കേണ്ടി വരില്ല.