എന്താണ് ശൂന്യതയുടെ പ്രാധാന്യം?  ശൂന്യ എന്ന വാക്കിനെ ഇംഗ്ലീഷിൽ “emptiness” എന്നാണ് തർജ്ജമ ചെയ്യാനാവുക. അതിനർത്ഥം “ഒഴിഞ്ഞത്” എന്നാണ്. എന്നാൽ ആ വിവർത്തനം നീതിപൂർവ്വകമല്ല. ഒഴിഞ്ഞത് എന്ന വാക്കിന് ഒരു നെഗറ്റീവ് ധ്വനിയുണ്ട്. ഉണ്ടായിരിക്കേണ്ട എന്തോ ഒന്നിൻ്റെ അസാന്നിധ്യമാണ് ആ വാക്കുകൊണ്ടർത്ഥമാക്കുന്നത്. ശൂന്യത ഒരിക്കലും ഒരസാന്നിധ്യമല്ല. അത് അനന്തതയുടെ സാന്നിധ്യമാണ്. ശൂന്യം അഥവാ പൂജ്യം കണ്ടുപിടിച്ചത് ഭാരതത്തിലാണ്. പൂജ്യം കണ്ടുപിടിച്ചപ്പോൾ ഏതെങ്കിലും തരത്തിലുള്ള ഇല്ലായ്മയെക്കുറിക്കുന്നതായല്ല, പൂർണ്ണമായ ഉണ്മയെക്കുറിക്കുന്ന അക്കമായാണ് നമ്മളതിനെ കണ്ടത്. പൂജ്യമെന്നാൽ ശൂന്യം. എന്നാൽ എത്ര അക്കത്തെ വേണമെങ്കിലും അതിനോടു കൂട്ടിച്ചേർക്കാം. ശൂന്യതയും അതുപോലെയാണ്. പ്രപഞ്ചത്തെക്കുറിച്ച് പഠിക്കുന്നവർ പറയുന്നത് ഈ പ്രപഞ്ചാസ്തിത്വത്തിൻ്റെ 99 ശതമാനവും ഒന്നുമില്ലായ്മയാണെന്നാണ്. ഇതിനെയാണ് നമ്മൾ ശൂന്യത എന്നു വിളിക്കുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഈ മഹാശൂന്യതയിലെ അണുജീവിയായി കഴിയാം. അല്ലെങ്കിൽ എല്ലാ സൃഷ്ടിയുടെയും ഉറവിടമായ ശൂന്യതയായി സ്വയം പരിവർത്തനപ്പെടാം. അതിനുവേണ്ടിയാണ് നമ്മൾ ശൂന്യമെഡിറ്റേഷൻ രൂപപ്പെടുത്തിയിട്ടുള്ളത്.

നിങ്ങളുടെ കാഴ്ചപ്പാടിൽ, നിങ്ങളാണ് ഈ പ്രപഞ്ചത്തിലെ പ്രമുഖ സൃഷ്ടി. നിങ്ങളുടെ കുടുംബത്തിൽ അത് ശരിയായിരിക്കാം. നിങ്ങളുടെ ഗ്രാമത്തിലും നിങ്ങൾ കുറച്ചൊക്കെ പ്രധാനിയായിരിക്കാം. പക്ഷേ, നിങ്ങളില്ലെങ്കിലും അവിടെ കാര്യങ്ങളൊക്കെ നടക്കും. നിങ്ങളുടെ രാജ്യത്തെ മൊത്തത്തിലെടുത്താൽ അവിടെ നിങ്ങളുടെ പ്രാധാന്യം തുലോം കുറവായിരിക്കും. നിങ്ങളൊരു ദിവസം ഇല്ലാതെയായാലും അധികമാരും അത് ഗൌനിക്കുകയില്ല. ലോകത്തെ മൊത്തത്തിലെടുത്താൽ നിങ്ങളൊരു ചെറുകണം മാത്രമാണ്. പ്രപഞ്ചത്തെ ആകമാനം പരിഗണിച്ചു പറയുകയാണെങ്കിൽ നിങ്ങൾക്കൊരു നിലനില്പുണ്ടെന്നേ തോന്നുകയില്ല. നിങ്ങളിതിനെക്കുറിച്ചൊന്നും ഗൌരവമായി ചിന്തിക്കുന്നില്ലെങ്കിൽ പോലും എല്ലാവരുടെയും ഉള്ളിലെവിടെയോ ആഴത്തിൽ ഈ ബോധ്യങ്ങളുണ്ട്. അതുകൊണ്ടാണ് സകല വീറും വാശിയും ആർഭാടവുമൊക്കെ കാണിച്ചുകൊണ്ട് സ്വന്തം പ്രാധാന്യം ഉറപ്പുവരുത്തി ഈ നിരാശയെ മറികടക്കാൻ ശ്രമിക്കുന്നത്.

ശൂന്യത നിങ്ങളുടെ ശരീരത്തിലെ ഒരോ അണുവിലും ഓരോ കോശത്തിലും നിറഞ്ഞിരിക്കുന്നതാണ്. അതുകൊണ്ടാണ് ശൂന്യതയെ നമ്മൾ ധ്യാനത്തോട് ചേർക്കുന്നത്. പണവും പഠിപ്പും പ്രതാപവും അഭിമാനബോധവും കുടുംബവുമെല്ലാം ചേർന്ന് ജീവിതം ഭദ്രമാണെന്ന ഒരു തോന്നലൊക്കെ നിങ്ങൾക്കുണ്ടാക്കിയെന്നു വരാം. എന്നാൽ നിങ്ങളുടെ ശരീരത്തിലെ ഓരോ അണുവും 99 ശതമാനവും ശൂന്യമാണ്. ഈ പ്രപഞ്ചവും 99 ശതമാനവും ശൂന്യമാണ്. അതായത് സൃഷ്ടിയുടെ ഉറവിടത്തിലെ ശൂന്യത നിങ്ങളുടെ ഓരോ കോശത്തിലും ത്രസിച്ചുകൊണ്ടിരിക്കുകയാണ്. അതൊരു സചേതനാനുഭവമായിത്തീർന്നാൽ തീർച്ചയായും നിങ്ങൾ മറ്റൊരു വിധത്തിലായിരിക്കും ജീവിക്കുക. അന്നേരം രാജാവ് യാചകനായി ജീവിച്ചെന്നുവരാം. ഗൌതമബുദ്ധൻ ഒരു യാചകനെപ്പോലെ അലഞ്ഞിട്ടുണ്ട്. ശിവൻ ഭിക്ഷാടകനായിട്ടുണ്ട്. ഇതിനർത്ഥം, പുറംമോടികളോ തൊങ്ങലുകളോ ആവശ്യമില്ലാത്ത ഉത്തമമായ എന്തോ ഒന്ന് അവർ കണ്ടെത്തിയെന്നാണ്. പ്രപഞ്ചമാകെ നിറഞ്ഞിരിക്കുന്നതാണത്. ഇവിടെ ഇങ്ങനെ വെറുതെയിരിക്കുമ്പോൾ പോലും പരിപൂർണ്ണമാണത്.

 

ശൂന്യത നിങ്ങളുടെ ശരീരത്തിലെ ഒരോ അണുവിലും ഓരോ കോശത്തിലും നിറഞ്ഞിരിക്കുന്നതാണ്. അതുകൊണ്ടാണ് ശൂന്യതയെ നമ്മൾ ധ്യാനത്തോട് ചേർക്കുന്നത്.

 

ജീവിതത്തിൻ്റെ ഈ തലത്തിലേയ്ക്കെത്താൻ ഒട്ടേറെ കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇക്കാലത്ത് ആളുകൾ അത്രമാത്രം സമയം ചെലവഴിക്കാൻ തയ്യാറല്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഗുരു നേരിടുന്ന ദുരവസ്ഥയാണത്. അതുകൊണ്ട്, നിങ്ങളുടെ ശരീരത്തിലെ ഒരോ അണുവിലും ഓരോ കോശത്തിലും ശൂന്യതയെ അടക്കം ചെയ്തിട്ടുള്ളതുപോലെ ധ്യാനമാർഗ്ഗത്തിൽ നമ്മൾ ശൂന്യതയെ അടക്കം ചെയ്തിരിക്കുന്നു. അതൊരു ഗുളിക പരുവത്തിലാണ്. ഇങ്ങനെ പറയുന്നത് പരിഹാസ്യമാണെന്നറിയാം. എന്നാൽ അധികമാളുകളും ജീവിക്കുന്നത് ഇതിലും പരിഹാസ്യമായിട്ടാണ്. ഈ വിശാലമായ പ്രപഞ്ചത്തിൽ നിങ്ങൾ വളരെ ചെറുതാണ്. പക്ഷേ, നിങ്ങൾ കരുതുന്നത് നിങ്ങൾ ഏറെ വലുതാണെന്നാണ്. ഞാനങ്ങനെ ഒരുപാടാളുകളെ കണ്ടിട്ടുണ്ട്. അവർക്ക് അവരുടെ വീട്, കുടുംബം, സ്വത്ത്, സ്വർണ്ണം തുടങ്ങി സകല അസംബന്ധങ്ങളും പരമ പ്രധാനമായിരുന്നു. മരിക്കുന്നതുവരെ അവരതിനുവേണ്ടി പൊരുതിക്കൊണ്ടിരുന്നു. എന്നിട്ട് പെട്ടെന്നൊരു ദിവസമങ്ങ് മരിച്ചുപോയി. അവർ ജീവിച്ചിരിക്കുമ്പോൾ ഞാനിതൊക്കെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചതാണ്. പക്ഷേ, അവർക്കതിലൊന്നും താല്പര്യമുണ്ടായിരുന്നില്ല. നിർഭാഗ്യവശാൽ മരണമെത്തുമ്പോൾ മാത്രമേ പലർക്കും ബോധമുദിക്കൂ.

നിങ്ങൾക്കൊരു പരീക്ഷയ്ക്ക് 99 ശതമാനം മാർക്ക് ലഭിച്ചുവെന്നിരിക്കട്ടെ. നിങ്ങളാ 99 ശതമാനത്തിൽ വളരെ സന്തോഷവാനും ബാക്കിയുള്ള ഒരു ശതമാനം അവഗണിക്കാൻ തയ്യാറുമായിരിക്കും. ആ പറഞ്ഞ 99 ശതമാനമാണ് ശൂന്യത. ശേഷിച്ച ഒരു ശതമാനമാണ് സൃഷ്ടി. ശൂന്യധ്യാനത്തിൽ നിങ്ങൾ ആ ഒരു ശതമാനത്തെ തൽക്കാലത്തേയ്ക്ക് മാറ്റിവെയ്ക്കുകയും 99 ശതമാനത്തെ ആസ്വദിക്കുകയും ചെയ്യുന്നു. ഇത്രയും കാലം നിങ്ങൾ 99 ശതമാനത്തെയാണ് അവഗണിച്ചിരുന്നത്. അതൊരു മണ്ടത്തരമാണ്. എല്ലാം നേടാനും നിറയ്ക്കാനുമുള്ള പരക്കം പാച്ചിലിൽ ഒരുപാട് മോഹഭംഗങ്ങൾ സംഭവിക്കും. ആരുടെയെങ്കിലും പോക്കറ്റ് നിങ്ങളുടേതിനേക്കാൾ നിറഞ്ഞിരുന്നാൽ നിങ്ങൾ നിരാശപ്പെടുന്നു. മറ്റുള്ളവരുടെ സമ്പാദ്യം നിങ്ങളുടേതിനേക്കാൾ കൂടുതലാണെങ്കിൽ നിറഞ്ഞിരുന്നാൽ നിങ്ങൾ നിരാശപ്പെടുന്നു. ആരുടെയെങ്കിലും ഹൃദയം നിങ്ങളുടേതിനേക്കാൾ നിറഞ്ഞിരുന്നാലും നിങ്ങൾ നിരാശപ്പെടുന്നു. അതുകൊണ്ടാണ് നിങ്ങൾക്കെങ്ങനെയായാലും വിജയിക്കാനാവുന്ന ഒരു വിദ്യ ഞങ്ങൾ പഠിപ്പിക്കുന്നത്. എന്തായാലും ശൂന്യമാക്കൽ നിറയ്ക്കുന്നതിനേക്കാൾ എളുപ്പമാണ്.

ശൂന്യ എന്നാൽ ഒഴിഞ്ഞിരിക്കുന്നത്, കുറച്ചുകൂടി കൃത്യമായി പറഞ്ഞാൽ, ഒന്നുമില്ലായ്മ. അതായത് ഇല്ല-ഒന്നും. എന്നുവെച്ചാൽ ഭൌതികതയ്ക്ക് അപ്പുറമാണത്. ശൂന്യ യഥാർത്ഥത്തിൽ യാതൊന്നും ചെയ്യാതിരിക്കലാണ്. “ഒന്നും ചെയ്യരുത്… ഒന്നും ചെയ്യരുത്” എന്നു ഞാൻ നിങ്ങളോടു പറഞ്ഞുകൊണ്ടിരുന്നാൽ നിങ്ങൾക്കു വട്ടുപിടിക്കും. ഒന്നും ചെയ്യാതിരിക്കാൻ നിങ്ങൾ കൂടുതൽ കൂടുതൽ ശ്രമിക്കും തോറും നിങ്ങളുടെ വട്ടും കൂടിക്കൂടിവരും. കാരണം നിങ്ങൾക്കതിന് സഹായം ആവശ്യമാണ്. നിങ്ങൾക്ക് ശൂന്യതയുടെ തടാകത്തിൽ നീന്തണമെങ്കിൽ ഞങ്ങളൊരു പിടിവള്ളി നൽകാം. എന്തുതരം വള്ളിയായിരിക്കുമത്? ഒന്നും- ഇല്ലായ്മ എന്നതിന് നിശ്ശബദ്ത എന്നുമർത്ഥമുണ്ട്. അപ്പോൾ ഉണ്മ എന്നതിന് ശബ്ദം എന്നർത്ഥം. ഞങ്ങൾ നിങ്ങൾക്കു നൽകുന്ന പിടിവള്ളി ശബ്ദത്തിൻ്റേത് അഥവാ മന്ത്രത്തിൻ്റേത് ആണ്. ശൂന്യതയിൽ മുങ്ങിപ്പോകാൻ തുടങ്ങുമ്പോൾ നിങ്ങൾക്ക് ആ ശബ്ദത്തിൽ മുറുകെപ്പിടിക്കാം.

പല തരത്തിലുള്ള മന്ത്രങ്ങളുണ്ട്. നിങ്ങൾക്കെല്ലാം പരിചിതമായ ഒരു മന്ത്രം ആഉം ആണ്. വ്യക്തമായി ഉറക്കെ ഉച്ചരിച്ചാൽ ശക്തിപൂർണ്ണമായ ഒരു മന്ത്രമാണത്. ബീജമന്ത്രങ്ങളെന്നറിയപ്പെടുന്ന വേറെയും ചില മന്ത്രങ്ങളുണ്ട്. അർത്ഥരഹിതമായ ശുദ്ധനാദമാണ് ബീജമന്ത്രം. ബീജമെന്നാൽ വിത്തെന്നർത്ഥം. വിത്ത് സവിശേഷരീതിയിലാണ് സൂക്ഷിക്കുക. ഒരിക്കൽ അത് മണ്ണുമായി സമ്പർക്കത്തിലായാൽ, നിങ്ങളതിന് ആവശ്യത്തിനുള്ള ഈർപ്പം നൽകണം, എങ്കിലേ അത് മുളയ്ക്കുകയുള്ളൂ. വിത്ത് അതിനാവശ്യമായ കാര്യങ്ങൾ ചെയ്തുകൊള്ളും. മണ്ണ് ചെയ്യേണ്ടകാര്യങ്ങൾ മണ്ണും ചെയ്തുകൊള്ളും. നിങ്ങൾ അതിനാവശ്യമായ സാഹചര്യമൊരുക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ. ശൂന്യ ധ്യാനവും അപ്രകാരമാണ് - നിങ്ങളത് വേണ്ടവിധം കൈകാര്യം ചെയ്താൽ അത് മുളയ്ക്കുകയും വളരുകയും വലിയൊരു മരമായി ഫലം തരികയും ചെയ്യും.

Love & Grace