ആദിയോഗിയും സപ്തഋഷികളും, യോഗയുടെ 7 തലങ്ങളും
എന്തു കൊണ്ടാണ് ആദിയോഗി സപ്തര്‍ഷികളില്‍ ഓരോരുത്തര്‍ക്കും, യോഗയുടെ ഏഴു തലങ്ങളില്‍ ഓരോന്നു മാത്രം പകര്‍ന്നു നല്‍കിയത്? ഊര്‍ജ്ജശരീരത്തെ ശക്തിപ്പെടുത്തുകയെന്ന ഏറെ സമയമെടുക്കുന്ന കര്‍മ്മത്തെക്കുറിച്ച് സദ്ഗുരു ചര്‍ച്ച ചെയ്യുന്നു. സപ്തര്‍ഷികളുടെ ഗുരുദക്ഷിണയെക്കുറിച്ചുള്ള കഥയും അദ്ദേഹം പറയുന്നു.
എഡിറ്ററുടെ കുറിപ്പ്: ജൂലൈ 27ന് ഈശ യോഗ കേന്ദ്രത്തില്‍ സദ്ഗുരുവിന്‍റെ കൂടെ, ആദിയോഗിയുടെ സാന്നിധ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷിക്കാം. നേരിട്ട് പങ്കെടുക്കൂ, അല്ലെങ്കില്‍ സൗജന്യ ലൈവ് വെബ് സ്ട്രീം കാണാം.
ലൈവ് സ്ട്രീമിനായി രജിസ്റ്റര്‍ ചെയ്യാം
ചോദ്യം: സദ്ഗുരു, സപ്തര്‍ഷികളില്‍ ഓരോരുത്തര്‍ക്കും ആദിയോഗി യോഗയുടെ ഏഴു തലങ്ങളില്‍ ഒരോന്നു മാത്രമാണു പകര്‍ന്നുനല്‍കിയതെന്ന് അങ്ങു പറയുന്നു. എന്തു കൊണ്ടാണ് സപ്തര്‍ഷികളില്‍ ഓരോരുത്തരും ആദിയോഗിയുടെ ജ്ഞാനത്തെ പൂര്‍ണ്ണമായി സ്വീകരിയ്ക്കുന്നതിനു പ്രാപ്തരല്ലാതിരുന്നത്? ഒരു സാധാരണ മനുഷ്യശരീരത്തിന് എന്തെങ്കിലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനു പരിധിയുണ്ടോ?
സദ്ഗുരു; ഇതിനു പല വശങ്ങളുമുണ്ട്. മനുഷ്യശരീരത്തിന്, നമുക്കറിയാവുന്നതു പ്രകാരം, പല അടരുകള്‍ അഥവാ തലങ്ങളുണ്ട്. അതിലുള്ള 114 ചക്രങ്ങളെക്കുറിച്ച് നമ്മള്‍ പല തവണ സംസാരിച്ചിട്ടുണ്ട്. ഈ 114 ചക്രങ്ങളും പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു മനുഷ്യശരീരത്തിന് 114 സാദ്ധ്യതകളാണ്. എന്നാല്‍, 21 ചക്രങ്ങള്‍ മാത്രമാണു പ്രവര്‍ത്തിയ്ക്കുന്നതെങ്കില്‍പ്പോലും, ഒരു വ്യക്തിയ്ക്ക് തികവുറ്റ ഒരു ശാരീരിക ജീവിതം നയിയ്ക്കാന്‍ കഴിയും. നിങ്ങള്‍ക്ക് എല്ലാം നന്നായി പോകും. നിങ്ങളുടെ ശരീരവും തലച്ചോറും ആരോഗ്യത്തോടെ പ്രവര്‍ത്തിയ്ക്കുകയും, നിങ്ങള്‍ എല്ലാ രംഗങ്ങളിലും തൃപ്തികരമായ വിജയം കൈവരിയ്ക്കുകയും ചെയ്യും. ഏതാനും ചക്രങ്ങള്‍ കൂടി പ്രവര്‍ത്തന നിരതമാണെങ്കില്‍, ആ വ്യക്തി പെട്ടെന്നു തന്നെ ഏതെങ്കിലും വിധത്തില്‍ ശ്രദ്ധേയനായിത്തീരും. കൂടുതല്‍ ചക്രങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന പക്ഷം, അയാളൊരു അസാധാരണ വ്യക്തിയാണെന്ന് ആളുകള്‍ക്ക് തോന്നും.അതുകൊണ്ട്, ഈയര്‍ത്ഥത്തില്‍, ശരാശരി മനുഷ്യന്‍ പര്യവേഷണം ചെയ്യാത്തതായി ഇനിയും ഏറെ കാര്യങ്ങളുണ്ട്. അനുഭവത്തിന്‍റെയും പര്യവേഷണവുമായി ബന്ധപ്പെട്ട സാദ്ധ്യതകളുടെയുമടിസ്ഥാനത്തില്‍ പരിശോധിയ്ക്കുകയാണെങ്കില്‍, ഈ വിഷയത്തില്‍ ഇതുവരെ അറിവായിരിയിക്കുന്നത് കേവലം ഒരു ശതമാനത്തിലും കുറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. ഇതു സംബന്ധിച്ച് ഒരു ശരാശരി മനുഷ്യനുള്ള ജ്ഞാനവും ഇത്ര തന്നെ. തൊണ്ണൂറ്റിയൊന്‍പതു ശതമാനത്തിലുമധികം കാര്യങ്ങള്‍ ഇനിയും പര്യവേഷണ വിധേയമാകേണ്ടിയിരിയ്ക്കുന്നു.
ഈ ഏഴു സപ്തര്‍ഷികളോടും ഏഴു വ്യത്യസ്ത തലങ്ങളിലേയ്ക്കുള്ള കാര്യങ്ങള്‍ ചെയ്യാന്‍ ആദിയോഗി ആവശ്യപ്പെട്ടു. അവര്‍ മഹാത്മാക്കളും, ഒരു പക്ഷേ, പരിശീനം സിദ്ധിച്ചിരുന്നവരും ആയിരുന്നുവെങ്കിലും, അവര്‍ക്ക് അതിനാവശ്യമായ സമയമുണ്ടായിരുന്നിരിക്കില്ല. അതു കൊണ്ട്, ഏഴു വ്യത്യസ്ത തലങ്ങളിലോരോന്നും ഓരോ ഋഷിയെ വീതം പരിശീലിപ്പിച്ച് ലോകമെമ്പാടുമെത്തിയ്ക്കുന്നതായിരിക്കാം കൂടുതലെളുപ്പം.
ഒരു ഭൗതിക ശരീരം തയ്യാറാക്കുകയെന്ന ഏറെ സമയമെടുക്കുന്ന പ്രക്രിയ പരിമിതികളുള്ളതാണെന്ന് നിശ്ചയമായും ആദിയോഗി കണ്ടിരിയ്ക്കാം. ഞാന്‍ ശാരീരികമായ കരുത്തിനെക്കുറിച്ചല്ല പറയുന്നത്. ഊര്‍ജ്ജശരീരത്തിന് ഒരു നിശ്ചിചിത വിതാനത്തിളുള്ള കരുത്തും ചൈതന്യവും കെവരുത്തുന്നതിനു വേണ്ടത്ര സമയമാവശ്യമാണ്. പല വിധത്തിലും, എക്കാലത്തെയും തലമുറകളെയപേക്ഷിച്ച് നമ്മുടേത് ഏറ്റവും ശക്തിഹീനമായ തലമുറയാണ്. കായിക പ്രയത്‌നത്തിന്‍റെ അഭാവം ഹേതുവായി, ശരീരപേശികളുടെ കാര്യത്തില്‍ മുന്‍തലമുറകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ തലമുറ അങ്ങേയറ്റം ബലഹീനരാണ്. മാത്രമല്ല, ഊര്‍ജ്ജശരീരത്തിന്‍റെ കാര്യത്തിലും ഇപ്രകാരം തന്നെ. തങ്ങളുടെയുള്ളില്‍ മൂല്യവത്തായതെന്തെങ്കിലും പ്രവര്‍ത്തിക്കുന്നതിന് ആളുകളെ തയ്യാറെടുപ്പിക്കണമെങ്കില്‍, നിങ്ങള്‍ മാസങ്ങളോളം കാത്തിരിക്കേണ്ടി വരും. അല്ലാത്ത പക്ഷം, തങ്ങളുടെ സംതുലനം നഷ്ടപ്പെട്ട് അവര്‍ തകര്‍ന്നു പോകുകയായിരിക്കും ഫലം. കഴിഞ്ഞ അഞ്ചു മുതല്‍ ആറു തലമുറയോളമായി, നമ്മള്‍ പ്രകൃതിയില്‍ നിന്നുമകന്ന് കൂടുതല്‍ സുരക്ഷിതമായ ചുറ്റുപാടുകളിലേയ്ക്കു ചേക്കേറിയിരിയ്ക്കുകയാണ്. ഇക്കാരണത്താല്‍, നമ്മുടെ ഊര്‍ജ്ജശരീരം വളരെ ദൃഢത കുറഞ്ഞതും ശക്തി ഹീനവുമായിത്തീര്‍ന്നിരിയ്ക്കുന്നു.
ആദിയോഗിയ്ക്കു ചുറ്റും കൂടുതല്‍ മെച്ചപ്പെട്ട ശരീരങ്ങള്‍ ഉണ്ടായിരുന്നുവെന്ന കാര്യത്തില്‍ എനിക്കുറപ്പുണ്ട്. എങ്കില്‍പ്പോലും, നിശ്ചയമായും, തന്‍റേതായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് കൂടുതലെളുപ്പമെന്ന് അദ്ദേഹം ദര്‍ശിച്ചിരിയ്ക്കാം. തുടര്‍ന്ന്, ഓരോ ഋഷിയ്ക്കും ഓരോ തലം സംബന്ധിച്ച പരിശീലനം ലഭിയ്ക്കുകയും, അവരതു ലോകത്തില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിന്‍റെ തീരുമാനമാണ്. എനിക്കു ചോദ്യം ചെയ്യാനാകില്ല. അപ്പോള്‍ സാദ്ധ്യമായിരുന്ന ഏറ്റവുമുചിതമായ കാര്യമാണ് അദ്ദേഹം പ്രവര്‍ത്തിച്ചതെന്ന് എനിയ്ക്കുറപ്പുണ്ട്.
ആദിയോഗിക്കുള്ള ഗുരുദക്ഷിണ
സപ്തര്‍ഷികള്‍, തങ്ങള്‍ക്കു ലഭിച്ച ജ്ഞാനം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രചരിപ്പിയ്ക്കുന്നതിനായി പുറപ്പെടുന്നതിനു തൊട്ടു മുന്‍പ്, പതിവില്ലാത്ത വിധം ആദിയോഗി ചോദിച്ചു; “ഗുരുദക്ഷിണ എവിടെ? ഫീസ് എവിടെ?” അവര്‍ അമ്പരന്നുപോയി; “ഫീസ്! അവിടുന്നാണു ഞങ്ങളുടെ ജീവന്‍. ഞങ്ങള്‍ക്കെന്താണു നല്‍കാനാകുക?” അവര്‍ അക്കാലമത്രയും അദ്ദേഹത്തോടൊപ്പമായിരുന്നു. അവരുടെ പക്കല്‍ ആകപ്പാടെയുണ്ടായിരുന്നത് തങ്ങള്‍ ധരിച്ചിരുന്ന കൗപീനം മാത്രമായിരുന്നു. നല്‍കാന്‍ മറ്റെന്താണുള്ളത്? ആദിയോഗി പ്രതിഫലം ചോദിക്കുന്നുവെന്നത് അവര്‍ക്കു വിശ്വസിയ്ക്കാനായില്ല! അതു പതിവല്ലാത്തതായിരുന്നു.
അപ്പോള്‍ ഏറ്റവും ഹ്രസ്വകായനായ അഗസ്ത്യമുനി കാര്യം ഗ്രഹിച്ചു. സ്വന്തം ഗുരുവിനു നിങ്ങള്‍ക്ക് എന്തെങ്കിലും നല്‍കണമെങ്കില്‍, നിശ്ചയമായും അതു നിങ്ങള്‍ക്ക് ഏറ്റവും വിലപ്പെട്ടതെന്തെങ്കിലുമാകണം. അതു കൊണ്ട് അഗസ്ത്യമുനി പറഞ്ഞു; “ഈ ശരീരം എനിക്കു യാതൊന്നുമല്ല. അല്ലാത്ത പക്ഷം അതു ഞാന്‍ അവിടുത്തേക്കു നല്‍കിയേനെ. പല വര്‍ഷങ്ങളിലായി ഞാന്‍ അങ്ങയില്‍ നിന്നുമാര്‍ജ്ജിച്ച ഈ ജ്ഞാനം തന്നെയാണ് വാസ്തവത്തില്‍ എനിക്കേറ്റവും വിലപ്പെട്ടത്. ഇവിടെ, അദ്ദേഹം ഞങ്ങള്‍ക്കു നല്‍കിയ ജ്ഞാനത്തിന്‍റെ പതിനാറു തലങ്ങള്‍ തന്നെയാണ് അവിടുത്തേയ്ക്കുള്ള എന്‍റെ ഗുരുദക്ഷിണ.” അദ്ദേഹമത് ആദിയോഗിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചു. സൂചന മനസ്സിലാക്കിയ മറ്റുള്ള ആറു ഋഷിമാരും അതേ പോലെ തന്നെ ചെയ്തു. അപ്പോള്‍ ആദിയോഗി പറഞ്ഞു; “നിശ്ചയമായും നിങ്ങള്‍ യാത്ര തുടങ്ങുക.”
അവര്‍ പല ദശകങ്ങളായി അവിടുത്തോടൊപ്പമായിരുന്നു. അവര്‍ക്കതു സഹസ്രാബ്ദങ്ങള്‍ പോലെ തോന്നിച്ചിരുന്നു. അവര്‍ അദ്ദേഹത്തെയൊഴികെ മറ്റൊന്നുമറിഞ്ഞിരുന്നില്ല. ഇപ്പോള്‍, അനേകം വര്‍ഷത്തെ കഠിന പ്രയത്‌നത്തിലൂടെ തങ്ങള്‍ സ്വായത്തമാക്കിയ ജ്ഞാനം അദ്ദേഹത്തിന് നല്‍കിയിട്ട് അവര്‍ വെറും കയ്യോടെ നടന്നകന്നു.
അവര്‍ ഒഴിഞ്ഞ കയ്യോടെ നടന്നകന്നതിനാല്‍, അദ്ദേഹത്തിന്‍റെ സാനിദ്ധ്യത്തില്‍ ആ 112 മാര്‍ഗ്ഗങ്ങളും അവരില്‍ സന്നിഹിതമായി. ആദിയോഗി അവരില്‍ സജീവമായി. അല്ലാത്തപക്ഷം, അവയുടെ സംഖ്യ കേവലം 16 മാത്രമായേനെ. അവയുടെ സംഖ്യ അനന്തമായിത്തിര്‍ന്നു. കാരണം, അവര്‍ വളരെ വര്‍ഷം കൊണ്ട് തീവ്രപരിശ്രമത്തിലൂടെ നേടിയ ജ്ഞാനം ആദിയോഗിയുടെ പാദങ്ങളില്‍ സമര്‍പ്പിച്ചിട്ട് വെറും കയ്യോടെ നടന്നകലുകയായിരുന്നു ചെയ്തത്.
എഡിറ്ററുടെ കുറിപ്പ്: ജൂലൈ 27ന് സദ്ഗുരുവിന്‍റെ കൂടെ, ആദിയോഗിയുടെ സാന്നിധ്യത്തില്‍ ഗുരു പൂര്‍ണിമ ആഘോഷിക്കാം. നേരിട്ട് പങ്കെടുക്കൂ, അല്ലെങ്കില്‍ സൗജന്യ ലൈവ് വെബ് സ്ട്രീം കാണാം.