ഇക്കാലത്ത് മനുഷ്യബുദ്ധി ഉപയോഗിക്കപ്പെടുന്നത് വളരെ വികലമായ രീതിയിലാണ്. അതു നിരന്തരം ഓര്‍മ്മകളുടെ ശേഖരത്തിലേയ്ക്ക് വീഴുന്നു. നിങ്ങള്‍ കുന്നുകൂട്ടിയിട്ടുള്ള ഓര്‍മ്മകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് നിങ്ങളുടെ ബുദ്ധി പ്രവര്‍ത്തിക്കുന്നതെങ്കില്‍, നിങ്ങള്‍ കേവലമൊരു ''റീസൈക്ലിങ് ബിന്‍'' മാത്രമാണ്. ഓര്‍മ്മകളുടെ പല വിധമായ ക്രമീകരണങ്ങളിലൂടെയും സമ്മിശ്രണങ്ങളിലൂടെയും ഒരേ കാര്യം തന്നെ സദാ സംഭവിച്ചു കൊണ്ടിരിക്കുന്നു.

ആത്മാന്വേഷണത്തിന്‍റെ പാതയില്‍ നിങ്ങള്‍ ശ്രദ്ധ വെയ്ക്കേണ്ട ഒരു മുഖ്യസംഗതി, ഓര്‍മ്മകളുടെ ശേഖരത്തില്‍ നിങ്ങള്‍ കൈകടത്താതിരിക്കണമെന്നതാണ്. കര്‍മ്മമെന്നാല്‍ ഓര്‍മ്മകളാണ്. കര്‍മ്മത്തെക്കുറിച്ചും അതിന്‍റെ ബന്ധനത്തില്‍ നിന്നും പുറത്തു കടക്കേണ്ടതിനെപ്പറ്റിയും നമ്മള്‍ ഇത്രയേറെ സംസാരിക്കുന്നുണ്ടല്ലോ. ഓര്‍മ്മകളുടെ ശേഖരത്തില്‍ കൈകടത്തുന്ന നിമിഷത്തില്‍ നിങ്ങളുടെ ജീവിതം ചാക്രികഗതി പ്രാപിക്കുന്നുവെന്നതാണതിനു കാരണം. ഒരിക്കല്‍ നിങ്ങളുടെ ജീവിതം ചാക്രികമായാല്‍ ഒരു വൃത്തത്തിലെന്നതു പോലെ നിങ്ങള്‍ സഞ്ചരിച്ചു കൊണ്ടിരിയ്ക്കും. നിങ്ങള്‍ ഒരിടത്തുമെത്തില്ലെന്നാണ് ഇതിനര്‍ത്ഥം. ഇതിനെ നമ്മള്‍ ഭേദിയ്‌ക്കേണ്ടതുണ്ട്. അപ്രകാരം ചെയ്യണമെങ്കില്‍ സഞ്ചിതമായ ഓര്‍മ്മകളില്‍ നിന്നും നമ്മുടെ ബുദ്ധി സ്വതന്ത്രമാകണം. അല്ലാത്തപക്ഷം, ചക്രങ്ങള്‍ തകരുന്നതിനു പകരം, അവ സൃഷ്ടിക്കപ്പെടുകയാകും ചെയ്യുക. ഓര്‍മ്മകളിലേക്കുള്ള കൈകടത്തുന്നതിന് അനുസൃതമായി ചക്രങ്ങള്‍ കുറുകി വരികയും സാവധാനത്തില്‍ നിങ്ങള്‍ക്കു ചിത്തഭ്രമം പിടിപെടുകയും ചെയ്യുന്നു.

ആത്മാന്വേഷണത്തിന്‍റെ പാതയില്‍ നിങ്ങള്‍ ശ്രദ്ധ വെയ്ക്കേണ്ട ഒരു മുഖ്യസംഗതി, ഓര്‍മ്മകളുടെ ശേഖരത്തില്‍ നിങ്ങള്‍ കൈകടത്താതിരിക്കണമെന്നതാണ്. കര്‍മ്മമെന്നാല്‍ ഓര്‍മ്മകളാണ്.

ഇപ്പോള്‍ നമ്മള്‍ ശാരീരിക പരിശീലനത്തിന്‍റെതായ ഒരു പ്രത്യേക തലം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ഉപരിതലസ്പര്‍ശിയായ പ്രസ്തുത തലത്തോടൊപ്പം ആത്മീയസാധനയുടേതായ ഒരു സവിശേഷ തലത്തെയും ചേര്‍ത്ത് നമ്മള്‍ സൂര്യക്രിയയെന്നു വിളിക്കുന്നു. കഴിഞ്ഞ നാലു മുതല്‍ അഞ്ചു വരെ മാസങ്ങളില്‍ നമ്മുടെ എല്ലാ ബ്രഹ്മചാരികളും സൂര്യക്രിയ ചെയ്തു വരികയാണ്. അവരിപ്പോഴും തങ്ങളുടെ പരീശീലനത്തിലെ തെറ്റുകുറ്റങ്ങള്‍ തീര്‍ക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ പരിശീലനം, ജ്യാമിതീയമായി, നൂറു ശതമാനം തികവോടെ പൂര്‍ത്തീകരിച്ചു കഴിയുമ്പോള്‍, ഒരു പ്രത്യേക വിധത്തില്‍ നമ്മള്‍ സൂര്യക്രിയയിലേക്ക് ദീക്ഷ കൊടുക്കും. ശാരീരികവും മാനസികവുമായ ആരോഗ്യം കൈവരിക്കുന്നതിനുള്ള വളരെ ശക്തിമത്തായ ഒരു സാധനാരീതിയായിരിക്കുമിത്. ഒപ്പം, ആത്മീയമായി ഉയരുന്നതിനുള്ള ഒരു വലിയ സാദ്ധ്യതയും ഇതു തുറന്നു തരും . ശാരീരിക പരിശീലനത്തിന്‍റെ മേല്‍ച്ചൊന്ന വിധത്തിലുള്ള തികവിലേയ്‌ക്കെത്താന്‍ നിശ്ചിത അളവോളം സമയവും പരിശ്രമവുമാവശ്യമായി വരും. അതിനുശേഷം മാത്രമേ സൂര്യക്രിയക്കുള്ള ദീക്ഷ നല്‍കല്‍ പ്രയോജനം ചെയ്യൂ. കാരണം, അത് ശക്തിമത്തായ ഒരു പ്രക്രിയയാണ്. വേണ്ടത്ര കാര്യക്ഷമതയോടെ നിര്‍വ്വഹിയ്‌ക്കേണ്ടുന്ന ഒരു കൃത്യം.

സൂര്യക്രിയ സൂര്യനമസ്‌കാരത്തില്‍ നിന്നും വ്യത്യസ്തമാണ്. ഇവയില്‍ യഥാര്‍ത്ഥ പരിശീലനം സൂര്യക്രിയയാണ്. നിങ്ങളെ സുര്യനുമായി പൊരുത്തപ്പെടുത്തുന്ന ഒരു സാധനാക്രമമാണിത് ഏറെ സംസ്‌കരിക്കപ്പെട്ടതുമാണ്. ശരീരത്തിന്‍റെ ജ്യാമിതി സംബന്ധിച്ച് അത്യധികമായ ശ്രദ്ധ ഇതിന്‍റെ പരിശീലനത്തിനാവശ്യമാണ്. സൂര്യക്രിയയുടെ നാട്ടിന്‍ പുറത്തുകാരിയായ ബന്ധുവാണ് സുര്യനമസ്‌കാരം. സൂര്യശക്തിയെന്ന മറ്റൊരു സാധനാക്രമം കൂടിയുണ്ട്. ഇതാകട്ടെ, സൂര്യക്രിയയുടെ ഒരകന്ന ബന്ധുവും. ശരീരപേശികളെ ബലപ്പെടുത്തുന്നതിനുള്ള, ശാരീരികമായ കരുത്തുനേടുന്നതിനുള്ള, കേവലമൊരു ശാരീരിക വ്യയാമമാണു നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ സൂര്യശക്തി പരിശീലിക്കുക. ശരീരപേശികളെ ശക്തിപ്പെടുത്തുന്നതിന്, അരോഗദൃഢഗാത്രനായിരിക്കുന്നതിന്, നിങ്ങള്‍ എയറോബിക് വ്യായാമം ചെയ്യാറുണ്ടല്ലോ. ഇതു വഴി നിങ്ങളുടെ ഹൃദയം ശക്തിപ്പെടുന്നു. ഇതോടൊപ്പം ആത്മീയതയുടെ ഒരു തലമുണ്ടായിരിക്കാന്‍ നിങ്ങളാഗ്രഹിക്കുന്നുവെങ്കില്‍ സൂര്യനമസ്‌കാരം പരിശീലിക്കുക. നിങ്ങളേര്‍പ്പെടുന്ന ശാരീരിക പരിശീലനസമ്പ്രദായത്തല്‍ ശക്തമായ ഒരു ആത്മീയ സാധനാ ക്രമം കൂടി ഉള്‍ക്കൊണ്ടിരിക്കാനാഗ്രഹിക്കുന്ന പക്ഷം, നിങ്ങള്‍ സൂര്യക്രിയ പരിശീലിക്കുകയാണു വേണ്ടത്.

ഭൂമിയിലുള്ള സര്‍വ്വതും, മനുഷ്യരുള്‍പ്പെടെയുള്ള സകല ജീവജാലങ്ങളും, ശക്തി സംഭരിക്കുന്നത് സൗരോര്‍ജ്ജത്തില്‍ നിന്നുമാണ്. സൗരചക്രത്തിന്‍റെ പരിക്രമണം പന്ത്രണ്ടു മുതല്‍ പന്ത്രണ്ടര വരെ വര്‍ഷത്തെ കാലയളവില്‍ ചാക്രികമായി സംഭവിക്കുന്നു. ഈ ചക്രങ്ങളെ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായിരിക്കുകയെന്നത് നമ്മുടെ സ്വാസ്ഥ്യവുമായി ബന്ധപ്പെട്ട ഒരനിവാര്യതയാണ്. അപ്രകാരം നമുക്കു സാധിക്കാതെ വന്നാല്‍ പ്രസ്തുത പരിക്രമണങ്ങള്‍ നമ്മളെ തച്ചുടയ്ക്കും.

സൂര്യനും ഭൂമിക്കും ചന്ദ്രനും മനുഷ്യ ശരീരത്തിന്‍റെ നിര്‍മ്മിതിയില്‍ മുഖ്യമായ ഒരു പങ്കുണ്ട്. സൗരചക്രത്തിന്‍റെ പ്രസ്തുത പരിക്രമണത്തെ ഉപയോഗപ്പെടുത്തുന്ന ഒരു സാധനാ സമ്പ്രദായമാണ് സൂര്യക്രിയ. ഇതിന്‍റെ പരിശീലനം വഴി, സൗരചക്രങ്ങളെ ഉപയോഗിച്ച് നമ്മുടെ ശരീരത്തിന്‍റെ ചാക്രിക ഗതി പന്ത്രണ്ടേകാല്‍ മുതല്‍ പന്ത്രണ്ടര വര്‍ഷം വരെ കാലദൈര്‍ഘ്യമുള്ള ചക്രങ്ങളിലേക്ക് കൊണ്ടു വരികയാണു നമ്മള്‍ ചെയ്യുന്നത്. സ്വന്തം ജീവിതത്തെ ശ്രദ്ധാപുര്‍വ്വം നിരീക്ഷിച്ചാല്‍, ചില പ്രത്യേക കാലഘട്ടങ്ങളില്‍, ഉദാഹരണത്തിന് യൗവ്വനാരംഭം മുതല്‍, നമ്മളഭിമുഖീകരിക്കുന്ന സാഹചര്യങ്ങള്‍ക്ക് ഒരു തരം ആവര്‍ത്തന സ്വഭാവമുള്ളതായി നമുക്കു മനസ്സിലാക്കാന്‍ കഴിയും. മാനസിക തലത്തില്‍ നമുക്കുണ്ടാകുന്ന അനുഭവങ്ങളും നമ്മളില്‍ വൈകാരിക പ്രതികരണമുളവാക്കുന്ന സാഹചര്യങ്ങളും ചാക്രിക സ്വഭാവമുളളവയാണ്. ഒരാള്‍ കടന്നു പോകുന്നത് പന്ത്രണ്ടു വര്‍ഷത്തെ കാലദൈര്‍ഘ്യമുള്ള ചാക്രിക പരിക്രമണത്തിലൂടെയാകാം. മറ്റൊരാള്‍ ആറോ മൂന്നോ വര്‍ഷത്തെയോ, പതിനെട്ടോ ഒന്‍പതോ ആറോ മാസത്തെയോ കാലയളവുള്ള ചാക്രിക പരിവൃത്തിയിലുടെ കടന്നു പോകുകയാകാം. എന്നാല്‍, ഒരാള്‍ മൂന്നു മാസത്തിലും കുറഞ്ഞ കാലദൈര്‍ഘ്യമുള്ള ചാക്രിക പരിക്രമണത്തിലൂടെയാണു കടന്നു പോകുന്നതെങ്കില്‍ അതിനര്‍ത്ഥം അയാള്‍ നിശ്ചയമായും മനോരോഗ ചികിത്സയാവശ്യമുള്ള ഘട്ടത്തിലാണെന്നാണ്.

ഒരാള്‍ തികഞ്ഞ ആരോഗ്യത്തിലും സംതുലനത്തിലും നിന്ന് പൂര്‍ണ്ണമായ തകര്‍ച്ചയിലേക്കു പോകുകയാണെങ്കില്‍, ആ മാറ്റത്തില്‍ അയാള്‍ക്കു തന്‍റെയുള്ളില്‍ സംഭവിക്കുന്ന ചാക്രികപരിക്രമണത്തിന്‍റെ ദൈര്‍ഘ്യത്തെ നിരീക്ഷിച്ചറിയാന്‍ കഴിയും. സ്ത്രീകളുടെയുള്ളില്‍ നടക്കുന്ന മേല്‍ച്ചൊന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അല്‍പം കൂടി കാലപ്പൊരുത്തമുള്ളത്, ചന്ദ്രന്‍ ചക്രങ്ങളുമായാണ്. തന്മൂലം, സൗരചക്രത്തിന്‍റെ പരിക്രമണത്തെ അവര്‍ വേണ്ടത്ര ശ്രദ്ധിച്ചുവെന്നു വരില്ല. കാരണം, അവര്‍ കൂടുതലും ശ്രദ്ധ നല്‍കുന്നത് ചന്ദ്രന്‍റെ ചക്രങ്ങളോടാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ചന്ദ്രന്‍റെ പരിക്രമണത്തിന് ബാഹ്യതലത്തില്‍ സൗരചക്രത്തിന്‍റെ പരിവൃത്തിയേക്കാള്‍ പ്രാധാന്യമുണ്ടെന്നതു വാസ്തവം തന്നെ. എന്നാല്‍, മനുഷ്യശരീരത്തിന്‍റെ അടിസ്ഥാനപകൃതത്തിന് മൗലികമായ പൊരുത്തമുള്ളത് സൂര്യന്‍റെ ചക്രങ്ങളോടാണ്. അതു കൊണ്ട്, തന്‍റെയുള്ളിലും തനിക്കു ചുറ്റിലും ഒരിടം സൃഷ്ടിക്കുന്നതിന് ഒരുവനെ സൂര്യക്രിയ പ്രാപ്തനാക്കുന്നു. ഇതിന്‍റെ സാധന ഒരിക്കലും ജീവിതത്തിന്‍റെ സ്വച്ഛന്ദമായ ഒഴുക്കിലേയ്ക്ക് അതിക്രമിച്ചു കടക്കുന്ന ഒന്നല്ല. അതിനു തടസ്സം സൃഷ്ടിക്കുന്നതുമല്ല.

ഏഴോ പത്തോ പതിനഞ്ചോ വര്‍ഷമായി ദിവസേന സാധന ചെയ്തു വരുന്ന ബ്രഹ്മചാരികള്‍, തങ്ങളുടെ പരിശീലനത്തിലെ തെറ്റുകുറ്റങ്ങള്‍ നാലുമാസം കൊണ്ടു പരിഹരിച്ചതിനു ശേഷം, ശരീരനിലകള്‍ ശരിയാക്കുന്നതിനാവശ്യമായ കാര്യങ്ങള്‍ മനസ്സിലാക്കിത്തുടങ്ങുകയാണ്. പതിനഞ്ചുവര്‍ഷത്തോളമായി അവര്‍ സൂര്യനമസ്‌കാരം ചെയ്യുന്നു. തങ്ങളതു ശരിയായി ചെയ്യുന്നുണ്ടെന്നാണ് അവരുടെ വിശ്വാസം. പൊതുവില്‍ അവരതു ശരിയായി ചെയ്യുന്നുമുണ്ട്. എന്നാല്‍, ശരീരനിലകള്‍ കൃത്യമാക്കുകയെന്നത് ലളിതമായ ഒരു കാര്യമല്ല. അവ കുറ്റമറ്റതാക്കുകയാണെങ്കില്‍, അഖിലപ്രപഞ്ചത്തിലെയും മുഴുവന്‍ വിവരങ്ങളും നമുക്കു “ഡൗണ്‍ലോഡ്” ചെയ്യാന്‍ കഴിയും. ഇതിനു വളരെയേറെ യത്‌നമാവശ്യമാണ് ശരീരനിലകള്‍ തികച്ചും കൃത്യമാക്കുന്നതിനുള്ള ക്രമീകരണവും പുനക്രമീകരണവും. അങ്ങനെയൊരു ഘട്ടമെത്തുമ്പോള്‍ നമ്മള്‍ ദീക്ഷ നല്‍കാന്‍ തുടങ്ങുന്നു. ഈ പ്രക്രിയ ശാരീരികവും മാനസികവുമായ തലങ്ങളില്‍ സാക്ഷാത്തായ സ്വാസ്ഥ്യം കൊണ്ടു വരികയും, സൗരചക്രങ്ങളെ കൈകാര്യം ചെയ്യുന്നതിനുതകുന്ന ശക്തമായ ഒരു സാധനയായി മാറുകയും ചെയ്യുന്നു.

Love & Grace