ഒന്നിനു വേണ്ടിയും അന്വേഷിക്കാതിരിക്കുക - വെറുതേ നിരീക്ഷിക്കാന്‍ ശീലിക്കുക.

ആത്മീയതയെന്നത് ദൈവത്തേയോ സത്യത്തേയോ പരമമായതിനേയോ അന്വേഷിക്കലല്ലെന്നും വെറുതെ നിരീക്ഷിക്കാന്‍ പഠിക്കലാണെന്നും സദ്ഗുരു പറയുന്നു. ആളുകളുടെ വീക്ഷണപാടവത്തെ പോഷിപ്പിക്കുന്നതിനെ കുറിച്ച് അദ്ദേഹം ചര്‍ച്ച ചെയ്യുന്നു. എന്തെങ്കിലും ഉദ്ദേശ്യം കൂടാതെയുളള ശ്രദ്ധ നല്‍കലിനെ സംബന്ധിച്ച് തന്‍റെ കുട്ടിക്കാലത്ത് നിന്നുമുള്ള അനുഭവങ്ങള്‍ അദ്ദേഹം പങ്കുവെയ്ക്കുന്നു.
 

സദ്ഗുരു: ഭൗതികം മുതല്‍ മതപരം വരെയുള്ള ജീവിതത്തിന്‍റെ എല്ലാ മണ്ഡലങ്ങളേയും ഭരിയ്ക്കുന്നത് നിഗമനങ്ങളാണ്. ഇക്കാലത്ത് ഇതൊരു വലിയ പ്രശ്‌നമായിരിക്കുകയാണ്. ആത്മീയ യാത്രയെ ഞാന്‍ ''അന്വേഷണം എന്നു വിളിയക്കുമ്പോള്‍ ആളുകളുടെ പെട്ടെന്നുളള വിചാരം, ഞാനവരെ ദൈവാന്വേഷണത്തിന് പ്രേരിപ്പിക്കുകയെന്നാണ്. എന്നാല്‍ ദൈവവും ഒരു നിഗമനമാണ്. നിഗമനങ്ങളോടുള്ള ഈ അഭിനിവേശം, കാര്യങ്ങള്‍ ഏറ്റവും നല്ലപോലെ മനസ്സില്‍പ്പതിയുന്ന കാലം മുതല്‍, കുട്ടിക്കാലം മുതല്‍, നമ്മളില്‍ കുത്തി നിറയ്ക്കപ്പെടുന്നു.

[pullquote align="right"]വളര്‍ന്ന് വരുമ്പോള്‍ ഞാനൊരു പിടിവാശിക്കാരനായ അവിശ്വാസിയായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ പോലും, കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോയിരുന്നപ്പോള്‍, എനിയ്ക്ക് സംശയങ്ങളുണ്ടായിരുന്നു.[/pullquote]

വളര്‍ന്ന് വരുമ്പോള്‍ ഞാനൊരു പിടിവാശിക്കാരനായ അവിശ്വാസിയായിരുന്നു. അഞ്ചാമത്തെ വയസ്സില്‍ പോലും, കുടുംബത്തോടൊപ്പം ക്ഷേത്രത്തില്‍ പോയിരുന്നപ്പോള്‍, എനിയ്ക്ക് സംശയങ്ങളുണ്ടായിരുന്നു. ആരാണ് ദൈവം? അവിടെ മുകളിലാണോ? എവിടെയാണ് ഈ മുകള്‍? അതു കൊണ്ട് ഞാനൊരിക്കലും ക്ഷേത്രത്തില്‍ പ്രവേശിച്ചിരുന്നില്ല.

തന്മൂലം മാതാപിതാക്കള്‍ എന്നെ സ്ഥിരമായി ക്ഷേത്രത്തിന് വെളിയിലുളള ചെരിപ്പ് സൂക്ഷിപ്പുകാരന്‍റെ കാവലില്‍ വിട്ടിരുന്നു. അദ്ദേഹമാകട്ടെ എപ്പോഴും എന്‍റെ കയ്യില്‍ മുറുകെ പിടിച്ചിരുന്നു. താന്‍ മറ്റൊരു വശത്തേക്ക് നോക്കിയാല്‍ ഞാന്‍ പോയ്ക്കളയുമെന്ന് അദ്ദേഹത്തിനറിയാമായിരുന്നു. ഭക്ഷണശാലകളില്‍ നിന്നും വെളിയില്‍ വരുന്നവരുടെ മുഖം, എപ്പോഴും ക്ഷേത്രദര്‍ശനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനേക്കാള്‍ സന്തോഷം നിറഞ്ഞതായിരുന്നുവെന്ന് പിന്നീടുളള ജീവിതത്തില്‍ ഞാന്‍ നിരീക്ഷിച്ചറിഞ്ഞു. അതെന്നില്‍ ജിജ്ഞാസയുളവാക്കി.

അവസാനമില്ലാത്ത ശ്രദ്ധ

ഒരു അവിശ്വാസിയായിരുന്നപ്പോള്‍ തന്നെ ആ ഒരു നിര്‍വചനവുമായും ഞാനൊരിക്കലും താദാത്മ്യപ്പെട്ടിരുന്നില്ല. എനിയ്ക്ക് ധാരാളം ചോദ്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഏതെങ്കിലും നിഗമനങ്ങളില്‍ എത്തിച്ചേരണമെന്ന് ഒരിയ്ക്കലും തോന്നിയിരുന്നില്ല. എനിയ്ക്ക് ഒന്നിനെക്കുറിച്ചും യാതൊന്നുമറിഞ്ഞു കൂടെന്ന് വളരെ നേരത്തെ ഞാന്‍ തിരിച്ചറിഞ്ഞു. എല്ലാ കാര്യങ്ങളിലും ഞാന്‍ വലിയ ശ്രദ്ധ നല്‍കുന്നതിന് ഇത് ഇടവരുത്തി. ഒരു ഗ്ലാസ് വെള്ളത്തിലും, ഒരു ഇലയിലും ഇരുളിന് നേര്‍ക്കു പോലും അവസാനമില്ലാതെ ഉറ്റു നോക്കുന്നതിന് എനിയ്ക്ക് കഴിയുമായിരുന്നു.

ഭാഷയെന്നത് മനുഷ്യര്‍ തന്ത്രപൂര്‍വ്വം മെനഞ്ഞെടുത്ത ഒരു ഉപജ്ഞാപത്തില്‍ കവിഞ്ഞ യാതൊന്നുമല്ലെന്ന് ക്രമേണ ഞാന്‍ തിരിച്ചറിഞ്ഞു. ആരോ സംസാരിച്ചപ്പോള്‍, അയാള്‍ വെറും ശബ്ദങ്ങള്‍ മാത്രമാണുണ്ടാക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഞാനവയക്ക് അര്‍ത്ഥങ്ങള്‍ കല്പിക്കുകയായിരുന്നു. അതുകൊണ്ട് അര്‍ത്ഥങ്ങള്‍ നല്‍കുന്നത് ഞാനവസാനിപ്പിച്ചു. അപ്പോള്‍ ആ ശബ്ദങ്ങള്‍ അങ്ങേയറ്റം രസാവഹമായി. അവരുടെ വായില്‍ നിന്ന് ഊര്‍ജ്ജ മാതൃകകള്‍ നിര്‍ഗ്ഗമിക്കുന്നത് എനിയ്ക്ക് കാണാനായി. ഞാന്‍ ഉറ്റുനോക്കല്‍ തുടര്‍ന്നിരുന്നുവെങ്കില്‍, ആ വ്യക്തി ഉടഞ്ഞ് തകര്‍ന്ന് ഒരു ഊര്‍ജ്ജ കണമായി മാറിയേനേ. അപ്പോള്‍ ആകെക്കൂടി ശേഷിക്കുന്നത് രൂപമാതൃകകള്‍ മാത്രമാകും.

എന്‍റെ കണ്ണുകള്‍ തുറന്നിരുന്നപ്പോള്‍ എല്ലാം എനിയ്ക്കാകര്‍ഷകമായിരുന്നു. എന്നാല്‍ എന്നെ വിസ്മയിപ്പിച്ചു കൊണ്ട്, എന്‍റെ കണ്ണുകള്‍ അടഞ്ഞിരുന്നപ്പോള്‍, അതില്‍ കൂടുതല്‍ കാര്യങ്ങള്‍ എന്‍റെ ശ്രദ്ധപിടിച്ചു പറ്റിയതായി ഞാന്‍ കണ്ടറിഞ്ഞു. ശരീരം സ്പന്ദിക്കുന്നതും അവയവങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്നതും അന്തര്‍മണ്ഡലത്തിലെ ഊര്‍ജ്ജങ്ങള്‍ ചലിക്കുന്നതും ശരീരഘടന വിന്യസിക്കപ്പെട്ടിരിക്കുന്നതുമായ വിധം. അതിരുകളുടെ പരിമിതി വാസ്തവത്തില്‍ ബാഹ്യലോകത്ത് മാത്രമാണെന്ന് ഞാന്‍ കണ്ടു. ഞാന്‍ ''ഇതാണ്'' ''അതാണ്'' എന്നെല്ലാമുള്ള അതിലളിതമായ തീര്‍പ്പുകളിലെത്തിച്ചേരുന്നതിനു പകരം, ഇച്ഛിക്കുകയാണെങ്കില്‍ എനിയ്ക്ക് എന്തുമായിരിക്കാന്‍ കഴിയുമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാന്‍ എന്ന നിശ്ചയാത്മകത പോലും തകര്‍ന്നടിഞ്ഞു. ഞാനൊരു സ്വയം നിര്‍ണ്ണയാവകാശമുള്ള വ്യക്തിയാണെന്ന എന്‍റെ ധാരണയെ ഈ അഭ്യാസം ഉരുക്കിയുടച്ചു. ഞാന്‍ മേഘം പോലെയുള്ള ഒരു ജീവിയായി മാറി.

നിരീക്ഷിക്കാന്‍ പഠിയ്ക്കല്‍

ഈ അതിരുകളില്ലാത്ത അജ്ഞതയുടെ അവസ്ഥയില്‍ എന്തിനും എന്‍റെ ശ്രദ്ധയെ പിടിച്ചെടുക്കാന്‍ കഴിഞ്ഞിരുന്നു. ഇത് ഡോക്ടറായ എന്‍റെ പിതാവിനെ പരിഭ്രാന്തനാക്കുകയും എനിയ്ക്ക് മനോരോഗ ചികിത്സയാവശ്യമാണെന്ന നിഗമനത്തില്‍ എത്തിക്കുകയും ചെയ്തു. ''എനിയ്ക്കറിഞ്ഞു കൂടാ'' എന്ന അവസ്ഥയുടെ മഹിമ ലോകര്‍ മനസ്സിലാക്കുന്നില്ലെന്ന് എനിയ്ക്കപ്പോഴും വിചിത്രമായിത്തോന്നി. വിശ്വാസങ്ങള്‍ കൊണ്ടും ധാരണകള്‍കൊണ്ടും ആ അവസ്ഥയെ നശിപ്പിക്കുന്നവര്‍ വിസ്മരിക്കുന്നത്, ''എനിയ്ക്കറിഞ്ഞു കൂടാ'' എന്നത് വലിയൊരു കവാടമാണെന്ന സത്യത്തെയാണ്- അറിയലിന്‍റെ പ്രക്രിയയിലേക്കുള്ള ഒരേയൊരു കവാടം.

[pullquote align="right"]എന്തെങ്കിലും ഉദ്ദേശ്യം കൂടാതെയുള്ള നിരീക്ഷണത്തിനുളള കഴിവ് ഇക്കാലത്ത് ആളുകള്‍ക്ക് നഷ്ടമായിരിക്കുകയാണ്. എല്ലാവരും ബുദ്ധിജീവികളാണ്. എല്ലാറ്റിനും അര്‍ത്ഥമാരോപിക്കാന്‍ ആഗ്രഹിക്കുന്നവര്‍.[/pullquote]​​​​​​​

എന്തെങ്കിലും ഉദ്ദേശ്യം കൂടാതെയുള്ള നിരീക്ഷണത്തിനുളള കഴിവ് ഇക്കാലത്ത് ആളുകള്‍ക്ക് നഷ്ടമായിരിക്കുകയാണ്. എല്ലാവരും ബുദ്ധിജീവികളാണ്. എല്ലാറ്റിനും അര്‍ത്ഥമാരോപിക്കാന്‍ ആഗ്രഹിക്കുന്നവര്‍.

ആത്മീയതയെന്നത് ദൈവപരമായതിനേയോ പരമമായതിനേയോ അന്വേഷിപ്പിക്കലല്ല. നിങ്ങളുടെ വീക്ഷണപാടവത്തെ, കാണുന്നതിനുള്ള ശരിയായ കഴിവിനെ പരിപോഷിപ്പിക്കലാണത്. ജീവിതത്തിലൊരിക്കലും ഞാന്‍ യാതൊന്നിനേയും തേടിയിട്ടില്ല. ഇക്കാര്യം ആളുകളെ പഠിപ്പിക്കുകയെന്നതു മാത്രമാണ് എന്‍റെ ജീവിത യജ്ഞം. ആത്മീയത എന്തെന്നത് നിങ്ങള്‍ക്ക് ശരിക്കറിയണമെങ്കില്‍, ഒന്നിനു വേണ്ടിയും അന്വേഷിക്കാതിരിക്കുക. വെറുതെ നിരീക്ഷിക്കാന്‍ ശീലിക്കുക.

 
 
 
 
  0 Comments
 
 
Login / to join the conversation1