നദികൾ ജീവദാതാക്കളാണ്

 

നാം ആരാധിക്കുന്നവരെ ശ്രദ്ധിക്കുകയാണെങ്കിൽ, അവർ ശിവനോ, രാമനോ, കൃഷ്ണനോ ആവട്ടെ, അവരെല്ലാം ഒരു കാലത്ത് ഈ ഭൂമിയിൽ ജീവിച്ചവരാണെന്നു കാണുവാൻ സാധിക്കും.

സാധാരണ മനുഷ്യർക്ക് നേരിടേണ്ടി വരുന്നതിനേക്കാൾ കൂടുതൽ പരീക്ഷണങ്ങളും, ദുരിതങ്ങളും അവർക്ക് അനുഭവിക്കേണ്ടി വന്നു. എന്നിട്ടും നാം അവരെ പൂജിക്കുന്നതിന്‍റെ കാരണം ഇതാണ് - അവർക്കു ചുറ്റും എന്തെല്ലാം സംഭവിച്ചാലും, ജീവിതം എന്തെല്ലാം വെല്ലുവിളികൾ അവർക്കു മുൻപിൽ ഇട്ടാലും, അവർ അവരുടെ ആന്തരിക സത്യാവസ്ഥയിൽ നിന്നും ഒട്ടും വ്യതിചലിച്ചില്ല. അവർ യാതൊന്നിനെയും തങ്ങളെ സ്പര്‍ശിക്കുവാൻ അനുവദിച്ചില്ല എന്നത് കൊണ്ടാണ് നാം അവരെ ആരാധിക്കുന്നത്. പല തരത്തിലും ഒരു നദിയും അങ്ങിനെ തന്നെയാണ് : ഏതു തരം ആളുകൾ അതിനെ സ്പർശിച്ചാലും നദി ശുദ്ധമായി തന്നെ ഇരിക്കുന്നു; എന്തെന്നാൽ അതിന്‍റെ സ്വഭാവം ഒഴുകുക എന്നതാണ്.

നമ്മുടെ സംസ്കാരം അനുസരിച്ച് നദികൾ വെറും ജലാശയങ്ങളല്ല. അവയെ ജീവൻ നൽകുന്ന ദേവി-ദേവന്മാരായിട്ടാണ് നമ്മൾ കാണുന്നത്. ചിന്തകളുടെ ന്യായ വാദത്തിൽ കുരുങ്ങി കിടക്കുന്ന മനസ്സുകൾക്ക് ഇത് വിഡ്ഢിത്തമോ, തികച്ചും പ്രാഥമികമായ തോന്നലോ ആണെന്ന് തോന്നാം. " നദി ഒരു നദി മാത്രമാണ്; അതെങ്ങിനെ ഒരു ദേവിയാകും?" ഇങ്ങനെ പറയുന്ന ഒരാളെ മൂന്നു ദിവസം ഒരു മുറിയിൽ കുടിക്കുവാൻ വെള്ളം കൊടുക്കാതെ അടച്ചിട്ട് കഴിഞ്ഞിട്ട് ഒരു ഗ്ലാസ് വെള്ളം കാണിച്ചാൽ, അയാൾ അതിനെ താണു വണങ്ങും - നദിയെ അല്ല , വെറും ഒരു ഗ്ലാസ് വെള്ളത്തെ ! ജലം, വായു, ഭക്ഷണം, നാം നടക്കുന്ന ഈ ഭൂമി- ഇവയെല്ലാം വില്പനചരക്കുകളല്ല. നാം നദികളെ ഒരിക്കലും ഭൂമിശാസ്ത്രപരമായ വസ്തുക്കളായി കണ്ടില്ല. നാം അവയെ ജീവൻ ഉണ്ടാക്കുന്ന വസ്തുവായിട്ടാണ് കണ്ടത്; എന്തെന്നാൽ നമ്മുടെ ശരീരത്തിന്‍റെ 70 ശതമാനത്തിലധികവും വെള്ളമാണ്. ജീവിതം തിരയുമ്പോഴെല്ലാം ഒരു തുള്ളി വെള്ളമാണ് നാം ആദ്യം തിരയുന്നത്.

നമ്മുടെ സംസ്കാരം അനുസരിച്ച് നദികൾ വെറും ജലാശയങ്ങളല്ല. അവയെ ജീവൻ നൽകുന്ന ദേവി-ദേവന്മാരായിട്ടാണ് നമ്മൾ കാണുന്നത്.

ഇന്ന് ലോകത്താകമാനം ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നത് കണ്ടാൽ, നാം എല്ലാവരും രോഗികളാകും എന്നാണ് പ്രതീക്ഷ എന്ന് തോന്നും. പണ്ട് ഒരു കാലത്ത് ഒരു നാട്ടിൽ ഒരു ഡോക്ടർ മാത്രം മതിയായിരുന്നു. ഇന്ന് ഒരു വഴിയിൽ അഞ്ചു ഡോക്ടർമാർ ഉണ്ടായിട്ടും തികയുന്നില്ല. നാം എങ്ങിനെ ജീവിക്കുന്നു എന്നത് ഇതിൽ നിന്നും മനസ്സിലാക്കാം. എങ്ങിനെ ജീവിക്കണമെന്നത് നാം മറന്നു പോകുമ്പോൾ, നമ്മുടെ ജീവിതത്തിന്‍റെ ഭാഗമാകുന്നതിനെ ,- നാം നടക്കുന്ന ഈ ഭൂമി, നാം ശ്വസിക്കുന്ന വായു, നാം കുടിക്കുന്ന വെള്ളം, നമ്മെ സ്വസ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്ന ഇടം എന്നിവയെ എല്ലാം - നാം ബഹുമാനിക്കാതിരിക്കുമ്പോൾ അവ നമുക്കുള്ളിൽ എങ്ങിനെ പ്രവർത്തിക്കുന്നു എന്നത് നിശ്ചയിക്കുവാൻ സാധ്യമല്ല.

നിങ്ങൾ തന്നെ ഒരു ജലാശയമാണ്. ഈ ലോകത്ത് നമുക്ക് ഏറ്റവും അടുപ്പം തോന്നുന്ന ജലാശയങ്ങൾ നദികളാണ്. പക്ഷെ കഴിഞ്ഞ കുറച്ചു പതിറ്റാണ്ടുകൾ കൊണ്ട് നമ്മുടെ നദികൾ വളരെ അധികം ശോഷിച്ചു പോയി. രണ്ട് തലമുറകളുടെ കാലം കൊണ്ട് തന്നെ എത്രയോ ലക്ഷം കൊല്ലങ്ങളായി എന്നും ഒഴുകികൊണ്ടിരുന്ന നമ്മുടെ നദികൾ - മഴക്കാലത്ത്‌ മാത്രം ഒഴുകുന്നവയായി മാറി കഴിഞ്ഞു. ഈ ഭൂമിയെ നാം ഒരു മരുഭൂമിയായി മാറ്റികൊണ്ടിരിക്കുകയാണ്. ആയിരകണക്കിന് വര്ഷങ്ങളായിട്ട്, ഈ നദികളാണ് നമ്മെ വളർത്തിക്കൊണ്ട് വന്നത്. ഇന്നിപ്പോൾ അവയെ നാം സംരക്ഷിച്ച് വളർത്തിക്കൊണ്ട് വരേണ്ട കാലം വന്നിരിക്കുകയാണ്.

ജലമുള്ളതുകൊണ്ടാണ് മരങ്ങൾ വളരുന്നത് എന്നാണു മനുഷ്യരുടെ വിചാരം. എന്നാൽ വാസ്തവം അങ്ങിനെയല്ല. മരങ്ങൾ ഉള്ളതുകൊണ്ടാണ് ജലം ഉണ്ടാകുന്നത്. കാടുകൾ ഇല്ലാതായാൽ കുറച്ചു കഴിയുമ്പോൾ നദികളും ഇല്ലാതാകും. ഇന്ത്യയിൽ ഭൂരിഭാഗം ഭൂമിയും കൃഷിഭൂമിയാണ്. അതിനെ വനവത്കരിക്കുവാൻ സാധ്യമല്ല. ഇതിനൊരു പരിഹാരമായി ഓരോ നദിയുടെയും ഇരു കരകളിലും ഒരു കിലോമീറ്റർ വീതിയിൽ - ഉപ നദികളാണെങ്കിൽ അര കിലോമീറ്റർ വീതിയിൽ - മരങ്ങൾ വച്ച് പിടിപ്പിക്കണം. സർക്കാർ ഭൂമിയുള്ളിടത്ത് വനവത്കരണം നടത്തണം. സ്വകാര്യ ഭൂമിയാണെങ്കിൽ, അവിടം ഫലവൃക്ഷങ്ങള്‍ നടാന്‍ സർക്കാർ ധനസഹായം നൽകണം. കർഷകർക്ക് ഇതുമൂലം സാമ്പത്തിക ലാഭവും ലഭിക്കും - അഞ്ചു വർഷം കൊണ്ട് വരുമാനം ഇപ്പോഴുള്ളതിന്‍റെ ഇരട്ടിയാകും.

നദികളെ എങ്ങിനെ ചൂഷണം ചെയ്യാം എന്ന ചിന്തയിൽ നിന്നും മാറി അവയെ എങ്ങിനെ വീണ്ടെടുക്കാം എന്നതിലേക്ക് നാം എത്തേണ്ട കാലം വന്നിരിക്കുന്നു.

നദികളെ എങ്ങിനെ ചൂഷണം ചെയ്യാം എന്ന ചിന്തയിൽ നിന്നും മാറി അവയെ എങ്ങിനെ വീണ്ടെടുക്കാം എന്നതിലേക്ക് നാം എത്തേണ്ട കാലം വന്നിരിക്കുന്നു. നമ്മുടെ നദികളെ രക്ഷിക്കുവാൻ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് എല്ലാവരെയും മനസ്സിലാക്കി കൊടുക്കണം. ഈ സന്ദേശം എല്ലാവരിലും എത്തിക്കുകയും, പൊതുവായ ഒരു പരിപാടി ആവിഷ്കരിക്കുകയും അത് നടപ്പാക്കുകയും ചെയ്‌താൽ നമ്മുടെ രാജ്യത്തിന്‍റെ ഭാവിക്കും വരും തലമുറകളുടെ സൗഖ്യത്തിനും വേണ്ടിയുള്ള ശരിയായ ഒരു കാൽ വെപ്പായിരിക്കും.

കുറിപ്പ് : ഈ പദ്ധതിയിൽ നിങ്ങൾക്ക് എങ്ങിനെ പങ്കെടുക്കാമെന്നും , "നദികളെ രക്ഷിക്കൂ" എന്ന നദീ സംരക്ഷണത്തിനുള്ള രാജ്യ വ്യാപകമായ പ്രചാരണ പരിപാടിയിൽ പങ്കെടുക്കുവാനും RallyForRivers.org എന്ന സൈറ്റ് സന്ദർശിക്കുക .