കോപം കര്‍മ്മമല്ല, ചൂണ്ടുപലക മാത്രമാണ്‌
കോപം മാത്രമായി നിന്നാല്‍ അതൊരു കര്‍മ്മമാകുന്നില്ല, എന്നാല്‍ ബഹിഷ്‌കരണമാണ്‌ വലിയ കര്‍മ്മം. കോപം പുറത്തു വരുന്നത്‌ ഈ ബഹിഷ്‌കരണം കൊണ്ടാണ്‌. കോപം കര്‍മ്മമല്ല, ചൂണ്ടുപലക മാത്രമാണ്‌. ഉദ്ദേശം ഒരു വലിയ കര്‍മ്മമാണ്‌.
 
 

सद्गुरु

അന്വേഷി: ജീവിതത്തില്‍ പലപ്പോഴും മറ്റുള്ളവരോട്‌ കോപം തോന്നാറുണ്ട്‌, ചില സന്ദര്‍ഭങ്ങളില്‍ അങ്ങയോടും. ഇതും കര്‍മ്മം തന്നെയല്ലേ?

 

 

സദ്‌ഗുരു: നോക്കൂ, മറ്റൊരാളോട്‌ ദേഷ്യംതോന്നുക എന്ന ചോദ്യം ഉദിക്കുന്നില്ല. നിങ്ങള്‍ക്ക്‌ ഒരുത്തരോടും കോപം തോന്നുന്നില്ല, നിങ്ങള്‍ കോപിഷ്‌ഠനാണ്‌ അത്രമാത്രം. മറ്റൊരാളുമായി അതിനൊരു ബന്ധവുമില്ല, അത്‌ നിങ്ങളെപ്പറ്റിയാണ്‌. നിങ്ങള്‍ കോപം കാട്ടുന്നത്‌ കല്ലിനോടോ, ദൈവത്തോടോ, നിങ്ങളുടെ ഗുരുവിനോടോ ആരോടായാലും, കോപം എന്നാല്‍ കോപം മാത്രം. ഇതാദ്യമായി മനസ്സിലാക്കണം. നിങ്ങളുടെ കോപത്തിന്‌ നിങ്ങള്‍ മാത്രമാണ്‌ ഉത്തരവാദി. അതിന്‌ മറ്റൊരാള്‍ ഉത്തരവാദിയാണ്‌ എന്ന തോന്നലാണ്‌ വീണ്ടും വീണ്ടും കോപിഷ്‌ഠനാവാന്‍ കാരണം. നിങ്ങള്‍ മാത്രമാണ്‌ അതിനുത്തരവാദി എന്നറിവുണ്ടായിരുന്നെങ്കില്‍ അത്‌ ഇത്രകാലം നിലനില്‍ക്കുമായിരുന്നില്ല.

ഞാനോ മറ്റാരെങ്കിലുമോ പറയുന്നതിനോട്‌ കോപം തോന്നുന്നത്‌, ഒരാള്‍ക്ക്‌ ഇഷ്‌ടാനിഷ്‌ടങ്ങള്‍ ശക്തമായി നിലനില്‍ക്കുന്നതുകൊണ്ടാണ്‌. നിങ്ങളുടെ ഉള്ളില്‍ ആഴത്തില്‍ വേരോടിയിട്ടുള്ള, നിങ്ങള്‍ ശരിയെന്ന്‍ വിശ്വസിക്കുന്ന, ആശയങ്ങളും വികാരങ്ങളും ജീവിതരീതികളുമെല്ലാം തന്നെയാണ്‌ ഈ ഇഷ്‌ടാനിഷ്‌ടങ്ങള്‍. ഒരു തരത്തില്‍ ഇത്‌ ജീവിതത്തെ നിരാകരിക്കലാണ്‌. ഇത്‌ ഞാന്‍ വളരെയധികം ഇഷ്‌ടപ്പെടുന്നു എന്ന്‍ ഞാന്‍ പറയുമ്പോള്‍, പ്രപഞ്ചത്തിലെ മറ്റെല്ലാത്തിനേയും ആ സമയത്ത്‌ ഞാന്‍ നിരാകരിക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ കൂടുതല്‍ ശക്തമാകുമ്പോള്‍, ബഹിഷ്‌കരണവും കൂടുതല്‍ ആഴത്തിലാവും. എന്നാല്‍ മോചനത്തിന്‍റെ വഴി ബഹിഷ്‌കരണമല്ല, ഉള്‍ക്കൊള്ളലാണ്‌. ബഹിഷ്‌കരണത്താല്‍ നിങ്ങള്‍ കെണിയില്‍ വീഴും; ഉള്‍ക്കൊള്ളല്‍ നിങ്ങളെ മോചിപ്പിക്കും.

ഈ പ്രപഞ്ചത്തെ മുഴുവനും നിങ്ങളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴേ മോചനം സാധ്യമാവൂ. ബഹിഷ്‌കരണത്തിലൂടെ നിങ്ങള്‍ വേര്‍പെടുന്നു. ചിലതരം ബഹിഷ്‌കരണങ്ങള്‍ ഉണ്ട്‌, അവ അന്തിമമായ മോചനത്തിലേക്ക്‌ നയിക്കും. `നേതി, നേതി, നേതി’ എന്ന്‍ നാം ഇവിടെ പറയുന്ന രീതി, `ഞാന്‍ ഇതല്ല, ഞാന്‍ ഇതല്ല, ഞാന്‍ ഇതല്ല’, എല്ലാറ്റിനേയും തന്നില്‍നിന്ന്‍ വേര്‍തിരിക്കുന്നു. ചിലപ്പോള്‍ നിരാകരിക്കല്‍ എന്ന വാക്ക്‌ തെറ്റിദ്ധാരണ ഉണ്ടാക്കിയേക്കാം. എന്നാല്‍ ഇവിടെ ഉദ്ദേശിക്കുന്നത്‌ അവനവനെ, `ഞാന്‍ ശരീരമല്ല, വസ്‌ത്രമല്ല, ഞാന്‍ ചിന്തയല്ല, ഞാന്‍ വികാരമല്ല, ഞാന്‍ വിദ്യയല്ല, ഞാന്‍ സംസ്‌കാരമല്ല’ എന്നിങ്ങനെ എല്ലാറ്റില്‍നിന്നും വേര്‍തിരിച്ചറിയുക എന്നതാണ്‌. ‘

ഞാന്‍ ഇതല്ല, ഞാന്‍ ഇതല്ല, ഞാന്‍ ഇതല്ല’, നിങ്ങള്‍, ഈ കാണുന്നതോ, അറിയുന്നതോ, ആയ ഒന്നുമല്ല എന്ന്‍ തിരിച്ചറിയുമ്പോള്‍, നിങ്ങള്‍ ഒരിക്കല്‍കൂടി എല്ലാറ്റിനേയും ഉള്‍ക്കൊള്ളുന്നതായിത്തീരുന്നു. അതുകൊണ്ട് ‌ കോപം എന്ന വികാരം നിങ്ങളെങ്ങോട്ടാണ്‌ പോവുന്നത്‌ എന്നതിന്‍റെ സൂചനയാണ്‌. കോപം മാത്രമായി നിന്നാല്‍ അതൊരു കര്‍മമാകുന്നില്ല, എന്നാല്‍ ബഹിഷ്‌കരണമാണ്‌ വലിയ കര്‍മം. കോപം പുറത്തു വരുന്നത്‌ ഈ ബഹിഷ്‌കരണം കൊണ്ടാണ്‌, എന്തെന്നാല്‍ മറ്റൊരാളെയോ, മറ്റൊന്നിനെയോ സ്വന്തമായി ഉള്‍ക്കൊണ്ടിട്ടില്ല. കോപം കര്‍മമല്ല, ചൂണ്ടുപലക മാത്രമാണ്‌. ഉദ്ദേശം ഒരു വലിയ കര്‍മമാണ്‌.

കോപം പുറത്തു വരുന്നത്‌ ബഹിഷ്‌കരണം കൊണ്ടാണ്‌, എന്തെന്നാല്‍ മറ്റൊരാളെയോ, മറ്റൊന്നിനെയോ സ്വന്തമായി ഉള്‍ക്കൊണ്ടിട്ടില്ല. കോപം കര്‍മമല്ല, ചൂണ്ടുപലക മാത്രമാണ്‌.

അന്വേഷി: ഇത്‌ എന്നെ ഭയപ്പെടുത്തുന്നു, സദ്‌ഗുരോ! എന്‍റെ ചിന്തകള്‍പോലും കര്‍മത്തിന്‌ കാരണമാവുന്നു – ജീവിക്കുന്നത്‌ പോലും ബുദ്ധിമുട്ടാവും, കാരണം എന്‍റെ മനസ്സില്‍ അനേകമനേകം ചിന്തകളും, അനാവശ്യ വികാരങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുന്നു.

സദ്‌ഗുരു: ശരിയാണ്‌, എന്നാല്‍ അതില്‍ ഭയപ്പെടേണ്ട കാര്യമില്ല. എന്തെന്നാല്‍ ഓരോ നിമിഷവും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് ‌. ഇപ്പോള്‍ നിങ്ങളുടെ അടുത്തിരിക്കുന്ന ആളെ നോക്കൂ. അവളുടെ ഇരിപ്പിന്‍റെ രീതി കാണുമ്പോള്‍ നിങ്ങളുടെ മനസ്സ്‌ മന്ത്രിക്കുന്നുണ്ടാവും, ``അവള്‍ക്കെന്തോ കുഴപ്പമുണ്ട്‌, എനിക്ക്‌ അവളെ ഇഷ്‌ടപ്പെടുന്നില്ല.’ നിങ്ങള്‍ക്ക്‌ വേണമെങ്കില്‍ ഈ ചിന്തയ്ക്ക്‌ അമിത പ്രാധാന്യം കൊടുക്കാം, അല്ലെങ്കില്‍ ഒരു പ്രാധാന്യവും കൊടുക്കാതിരിക്കാം. അതിനുള്ള സ്വാതന്ത്ര്യം നിങ്ങള്‍ക്കുണ്ട് ‌. നിങ്ങള്‍ ജനിച്ചുവളര്‍ന്ന ചുറ്റുപാടുകളാണ്‌ അങ്ങിനെയൊരു ചിന്തയ്ക്കു കാരണമെന്നതിനാല്‍, ആ ചിന്ത മനസ്സില്‍ ഉണ്ടാവുന്നത്‌ ഒരു അനിവാര്യതയാണെങ്കിലും, അതിന്‌ എന്തെങ്കിലും പ്രാധാന്യം കൊടുക്കണമോ വേണ്ടയോ എന്ന തീരുമാനം എല്ലായ്‌പ്പോഴും നിങ്ങളുടേത്‌ തന്നെയാണ്‌. ആ സ്വാതന്ത്ര്യം നിങ്ങള്‍ ഉപയോഗിച്ചില്ലെങ്കില്‍, ശരിയാണ്‌, അപ്പോള്‍ ഓരോ ചിന്തയും ഒരു വലിയ കര്‍മമായിത്തീരാം, ഓരോ ചിന്തയും ഒരു കെണിയായിത്തീരാം, ഓരോ ചിന്തയും സ്വന്തം നാശത്തിന്‌ കാരണമായിത്തീരാം.

അന്വേഷി: സാക്ഷാത്‌കാരം ലഭിച്ച മഹാത്മാക്കളും കര്‍മ്മം സൃഷ്‌ടിക്കുമോ? ഉദാഹരണത്തിന്‌ യേശുവിന്‌ കോപം വന്നപ്പോള്‍ അത്‌ കര്‍മത്തിന്‌ കാരണമായോ, സദ്‌ഗുരോ?

സദ്‌ഗുരു: ഒരു പ്രത്യേക സന്ദര്‍ഭത്തിലാണ്‌ യേശു അത്‌ ചെയ്‌തത്‌. ജൂതദേവാലയത്തില്‍ കയറി അവിടെ കച്ചവടം ചെയ്‌തിരുന്നവരെ അദ്ദേഹം പുറത്താക്കി. അവരെ ബലമായി പുറന്തള്ളുകയായിരുന്നു. മറ്റു പലരേയും അക്കൂട്ടത്തില്‍ പുറത്താക്കി. കോപാന്ധനായിത്തീര്‍ന്ന അദ്ദേഹത്തെ ആരാലും തടയുവാന്‍ സാധ്യമായിരുന്നില്ല. അദ്ദേഹം ക്രുദ്ധനായിരുന്നു എന്നത്‌ ശരി, എന്നാല്‍ ആവശ്യം കഴിയുമ്പോള്‍ ആ ക്രോധത്തില്‍നിന്ന്‍ മുക്തനാവാമെന്നതും അദ്ദേഹത്തിനറിയാമായിരുന്നു. കുറെ നേരത്തെ തീവ്രമായ പ്രവൃത്തികള്‍ക്കു ശേഷം അദ്ദേഹം പറഞ്ഞു, ``എനിക്ക്‌ മലമുകളില്‍ പോകാനുളള സമയമായിരിക്കുന്നു.”

മലമുകളില്‍പോയി തന്‍റെ ദേഷ്യം ശമിച്ച്‌ സാധാരണ രീതിയിലായതിനുശേഷം മാത്രമേ അദ്ദേഹം തിരിച്ചുവന്നുള്ളു. തീവ്രമായ പ്രവൃത്തികള്‍ക്കുശേഷം ഇടവേള ആവശ്യമാണ്‌, എന്നാല്‍ ആ പ്രവൃത്തികള്‍കൊണ്ട് ‌ അദ്ദേഹം എന്തെല്ലാം അനുഭവിക്കേണ്ടി വന്നു എന്ന്‍ നിങ്ങള്‍ക്കറിയാം. അത്‌ ചെയ്യാതിരുന്നാലും അദ്ദേഹം ബുദ്ധിമുട്ടുമായിരുന്നു. ഒരുത്തരും രക്ഷപെടുന്നില്ല, ഒരുത്തരെയും വെറുതെ വിടുന്നില്ല. നിയമം നിയമമാണ്‌. നിയമത്തിനനുസരിച്ചുള്ളതാണ്‌ ശരിയായ വഴി. നിയമം ലംഘിച്ചാല്‍ അതിനുള്ള വില നല്‍കണം. ഈ നിയമം നിങ്ങള്‍ മനസ്സിലാക്കുന്നുവെങ്കില്‍ ഈ നിമിഷംതന്നെ ആ കതക്‌ തുറന്ന്‍ നിങ്ങള്‍ക്ക്‌ രക്ഷപ്പെടാം. ആ നിയമം നിങ്ങള്‍ മനസ്സിലാക്കുന്നില്ല എങ്കില്‍ കോടാനുകോടി ജന്മങ്ങളെടുത്താലും കാര്യമില്ല.

ഒരുത്തരും രക്ഷപെടുന്നില്ല, ഒരുത്തരെയും വെറുതെ വിടുന്നില്ല. നിയമം നിയമമാണ്‌. നിയമത്തിനനുസരിച്ചുള്ളതാണ്‌ ശരിയായ വഴി. നിയമം ലംഘിച്ചാല്‍ അതിനുള്ള വില നല്‍കണം

ഒരിക്കല്‍ ബുദ്ധിയില്‍ ഇത് തെളിഞ്ഞുകഴിഞ്ഞാല്‍ പിന്നെ അനുഭവതലങ്ങളിലേക്ക്‌ കടക്കാം. ബുദ്ധിയില്‍ തെളിയുക എന്നത് അനുപേക്ഷണീയമാണെന്ന്‍ പറയുന്നില്ല. നേരേ അനുഭവതലത്തിലേക്ക്‌ കടക്കാന്‍ കഴിഞ്ഞാല്‍ ഉള്‍ക്കാഴ്‌ച താനേ ഉണ്ടായിക്കോളും. അതും ശരിയാണ്‌. ബുദ്ധിയില്‍കൂടി ഇതു മനസ്സിലാക്കണമെന്ന്‍ പറയാന്‍ കാരണം, സാധാരണ മനുഷ്യര്‍ അവര്‍ക്ക്‌ മനസ്സിലാകാത്തതൊന്നും ചെയ്യാന്‍ താല്‍പര്യം കാട്ടാറില്ല എന്നതിനാലാണ്‌. അവര്‍ അതിന്‌ തയ്യാറല്ല. ഒരു ചുവടുപോലും വയ്ക്കാന്‍ തയ്യാറാവാത്തപ്പോള്‍ നാം അവരോട്‌ പറയും, "അതങ്ങിനെയാണ്‌, ഇങ്ങിനെ ചെയ്‌താല്‍, അവസാനം അത്‌ പിടികിട്ടും" എന്നെല്ലാം. വിശ്വാസവും സ്‌നേഹവുമുണ്ടെങ്കില്‍, ബുദ്ധിപരമായി ഇതൊന്നും മനസ്സിലാക്കേണ്ട കാര്യമില്ല, അല്ലാത്തപ്പോള്‍ അത്‌ പറഞ്ഞു കൊടുക്കേണ്ടിവരും. വിശ്വാസവും സനേഹവുമുള്ളപ്പോള്‍ സ്വയം നിങ്ങള്‍ക്ക്‌ ഈശ്വരനില്‍ ലയിക്കാനാവും. ഇതാര്‍ക്കെങ്കിലും കൊടുക്കണമെങ്കില്‍ പൂര്‍ണ ധാരണ ആവശ്യമാണ്‌.

 
 
  0 Comments
 
 
Login / to join the conversation1