सद्गुरु

പ്രായമേറെയായെങ്കിലും, സിംഹത്തിന്‍റെ ഗാംഭീര്യമുണ്ടായിരുന്ന മലാടിഹള്ളി സ്വാമികളുടെ അരികില്‍ നിന്നും അഭ്യസിച്ച യോഗാഭ്യാസം മുടങ്ങാതെ ചെയ്‌തുപോന്നു. ആ സമയത്തും ആത്മീയ കാര്യങ്ങളില്‍ താല്‍പര്യമൊന്നും അദ്ദേഹത്തിനു തോന്നിയിരുന്നില്ല.

ആ യുവാവിന്‌ ഏകദേശം 20 വയസ്സായിരിക്കാം. മലകളിലും വനങ്ങളിലും കണ്ണുകളില്‍ അന്വേഷണ ത്വരയോടുകൂടി അലഞ്ഞു നടക്കുകയായിരുന്നു അയാള്‍. പക്ഷികളുടെ ഭാഷ ഗ്രഹിച്ചുകൊണ്ട്‌, വൃക്ഷലതാദികളോട്‌ മൌന ഭാഷയില്‍ സംസാരിച്ചുകൊണ്ട്‌ അവന്‍ സന്തോഷവാനായി കഴിയുകയായിരുന്നു. ഒരിക്കല്‍ കര്‍ണ്ണാടകയിലെ ബിലഹരി രങ്കണ്ണാ മലനിരകളില്‍ കറങ്ങിത്തിരിഞ്ഞു നടന്ന ആ യുവാവ്‌ മഴയിലും ചേറിലും നനഞ്ഞ്‌ ക്ഷീണിച്ചു. അല്‍പ്പമെങ്കിലും ആഹാരം ലഭിച്ചാല്‍ മാത്രമേ ഇനിയും നടക്കാന്‍ സാധിക്കുകയുള്ളൂ എന്നു തോന്നിയപ്പോള്‍ അടുത്തുകണ്ട ആശ്രമത്തിലേക്ക് കയറിച്ചെല്ലാന്‍ അയാള്‍ തീരുമാനിച്ചു. ചെളി നിറഞ്ഞ ശരീരത്തെപ്പറ്റി ചിന്തിക്കാതെ അയാള്‍ ആശ്രമത്തിലേക്കു ചെന്നു. ശരീരം മുഴുവന്‍ ചെളിനിറഞ്ഞു ഭയപ്പെടുത്തുന്ന രൂപത്തില്‍ കയറിവന്ന യുവാവിനെ കണ്ട്‌ ആശ്രമത്തിലുണ്ടായിരുന്ന സ്വാമി നിര്‍മലാനന്ദ എന്ന യോഗി പുറത്തുവന്ന്‍ യുവാവിന്‍റെ ചെളിനിറഞ്ഞ പാദങ്ങളില്‍ സ്‌പര്‍ശിച്ച്‌ തന്‍റെ കണ്ണുകളില്‍ വച്ചു. ആ യോഗി എന്തിനാണങ്ങനെ ചെയ്‌തതെന്ന്‍ യുവാവിന്‌ മനസ്സിലായില്ല. യുവാവ്‌ അത്ഭുതം കൂറി നിന്നു. പക്ഷേ അസാധാരണനാണ്‌ ആ യുവാവ്‌ എന്ന കാര്യം യോഗി മനസ്സിലാക്കിയതിന്‍റെ പ്രതിഫലനമായിരുന്നു അത്‌. ആ യുവാവിന്‍റെ നാമം ജഗദീഷ്‌ എന്നായിരുന്നു.

ശരീരം മുഴുവന്‍ ചെളിനിറഞ്ഞു ഭയപ്പെടുത്തുന്ന രൂപത്തില്‍ കയറിവന്ന യുവാവിനെ കണ്ട്‌ ആശ്രമത്തിലുണ്ടായിരുന്ന സ്വാമി നിര്‍മലാനന്ദ എന്ന യോഗി പുറത്തുവന്ന്‍ യുവാവിന്‍റെ ചെളിനിറഞ്ഞ പാദങ്ങളില്‍ സ്‌പര്‍ശിച്ച്‌ തന്‍റെ കണ്ണുകളില്‍ വച്ചു

“ഇവന്‍ തിരിച്ചുവരും” എന്നറിയിച്ചിട്ട്‌ വെള്ളിയങ്കിരിയില്‍ ശരീരം ഉപേക്ഷിച്ച സദ്‌ഗുരു ശ്രീബ്രഹ്മയുടെ ആത്മാവ്‌ മൈസൂറില്‍ താമസിച്ചിരുന്ന ഡോക്‌ടര്‍ വാസുദേവിന്‍റെ പത്‌നിയായ സുശീലയുടെ ഗര്‍ഭത്തില്‍ കയറി. കടപ്പാ ക്ഷേത്രത്തില്‍ ശ്രീബ്രഹ്മ പദ്ധതി ആവിഷ്‌കരിച്ചതിനനുസരിച്ച്‌ നടന്ന കാര്യങ്ങള്‍ തന്നെയാണത്‌. ആ ദമ്പതിമാരുടെ അവസാനത്തെ കുഞ്ഞായി അവതരിച്ച ആളാണ്‌ ജഗദീഷ്‌. ഇളം പ്രായത്തില്‍ത്തന്നെ ജഗദീഷിന്‍റെ പ്രവൃത്തികള്‍ അസാധാരണമായിരുന്നു. 'ജഗദീഷ്‌ എവിടെ?’ എന്ന്‍ അമ്മ അന്വേഷിച്ചു നടക്കുമ്പോള്‍ ജഗദീഷ്‌ ഏതെങ്കിലും വൃക്ഷ ശിഖരത്തില്‍ കയറി ഇരിക്കുകയായിരിക്കും. ജഗദീഷിന്‍റെ സഹപാഠികള്‍ പുസ്‌തകങ്ങളുമായി നടക്കുമ്പോള്‍ ജഗദീഷിന്‌ പഠനത്തില്‍ താല്‍പര്യം ഉണ്ടായില്ല. ഫുട്‌ബോള്‍, കബടി, ക്രിക്കറ്റ്‌ എന്നീ കളികളിലായിരുന്നു കൂടുതല്‍ താല്‍പര്യം. ജഗദീഷിന്‌ അതിശയിക്കത്തക്കവിധത്തിലുള്ള ഓര്‍മശക്തിയും കേട്ട മാത്രയില്‍ത്തന്നെ ഗ്രഹിക്കാനുള്ള ശേഷിയും ഉണ്ടായിരുന്നു. അതുകൊണ്ട് പ്രത്യേകിച്ചു പഠിത്തമൊന്നും ഇല്ലായിരുന്നെങ്കിലും, പരീക്ഷകളില്‍ തോല്‍ക്കാതെ ജയിച്ച്‌ ഉയര്‍ന്ന ക്ലാസുകളിലെത്തി. പാഠപുസ്‌തകങ്ങളെ വൃക്ഷച്ചുവട്ടില്‍ വച്ചിട്ട്‌ വൃക്ഷശിഖരത്തില്‍ ഇരിക്കുന്ന ജഗദീഷ്‌, സ്‌കൂള്‍ ബെല്ലടിച്ച ഉടന്‍ വീട്ടിലേയ്ക്കോടുന്ന കുട്ടികളുടെ ബഹളവും മറ്റും കേട്ടാല്‍ താഴേക്കിറങ്ങി വന്ന്‍ വീട്ടിലേയ്‌‌ക്കു പോകും.

മകന്‍റെ ഇത്തരം നടപടികളാല്‍ മാതാപിതാക്കള്‍ വ്യസനിച്ചു. മാതാവായ സുശീല ഒരു തികഞ്ഞ ഈശ്വര ഭക്തയായിരുന്നു. തന്‍റെ ചെറുപ്രായത്തില്‍ അവര്‍ക്ക്‌ നന്ദിമലയിലെ ഒരു സന്യാസിയില്‍നിന്നും ദീക്ഷ ലഭിച്ചിരുന്നു. അതുകൊണ്ട്‌ ജഗദീഷിന്‌ തന്‍റെ മാതാവിനോട്‌ ഒരു പ്രത്യേക ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു. എപ്പോഴും വൃക്ഷശിഖരത്തിലിരുന്ന്‍ ആലോചന ചെയ്യുന്ന പുത്രനോട്‌ പിതാവായ ഡോക്‌ടര്‍ വാസുദേവ്‌, “നന്നായിട്ടു പഠിച്ചാല്‍ മാത്രമേ ഡോക്‌ടറാകാന്‍ സാധിക്കൂ” എന്നു കൂടെക്കൂടെ പറയുമായിരുന്നു. ഒരു ഡോക്‌ടറാകണം എന്ന്‍ പുത്രമനസ്സില്‍ ആഗ്രഹം ഉണ്ടാക്കാന്‍ വേണ്ടിയായിരുന്നു അദ്ദേഹം അങ്ങനെ ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരുന്നത്‌. പക്ഷേ ജഗദീഷ്‌ അതില്‍ താല്‍പര്യം കാണിച്ചതേയില്ല. പകരം എല്ലാ വിഷയങ്ങളിലും അറിവു നേടാനായിരുന്നു താല്‍പര്യം. പിതാവിന്‍റെ കൂട്ടുകാരോടും, വീട്ടില്‍ വരുന്ന ബന്ധുക്കളോടും അദ്ധ്യാപകന്മാരോടും പല ചോദ്യങ്ങളും ചോദിച്ചു. ആ ചോദ്യങ്ങളില്‍ അറിയാനുള്ള ജിജ്ഞാസ ഉണ്ടായിരുന്നു. പലരും ജഗദീഷിന്‍റെ ചോദ്യങ്ങള്‍ക്കു ഉത്തരം പറയാനാവാതെ ബുദ്ധിമുട്ടി.

ജഗദീഷ്‌ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌ കാറല്‍ മാര്‍ക്‌സിന്‍റെ “ദാസ്‌ കാപ്പിറ്റല്‍” വായിക്കുകയും അത്‌ അദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്‌തു. സമൂഹത്തിന്‍റെ താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ പുരോഗമനത്തിനു സഹായിച്ച്‌ ഒരു സമത്വസുന്ദര സമൂഹം ഉണ്ടാക്കണമെന്ന്‍ ജഗദീഷിന്‌ തോന്നി

ഉയര്‍ന്ന ക്ലാസ്സുകളില്‍ ചെല്ലുംതോറും ജഗദീഷിന്‌ താന്‍ വൃഥാ സമയം കളയുന്നുവോ എന്നൊരു തോന്നലുണ്ടായി. ജഗദീഷ്‌ പത്താം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത്‌ കാറല്‍ മാര്‍ക്‌സിന്‍റെ “ദാസ്‌ കാപ്പിറ്റല്‍” വായിക്കുകയും അത്‌ അദ്ദേഹത്തെ സ്വാധീനിക്കുകയും ചെയ്‌തു. സമൂഹത്തിന്‍റെ താഴേത്തട്ടില്‍ ഉള്ള ജനങ്ങളുടെ പുരോഗമനത്തിനു സഹായിച്ച്‌ ഒരു സമത്വസുന്ദര സമൂഹം ഉണ്ടാക്കണമെന്ന്‍ ജഗദീഷിന്‌ തോന്നി. അങ്ങിനെ പൊതുമീറ്റിങ്ങുകള്‍ക്കു പോകുക, പോസ്റ്ററുകള്‍ പതിക്കുക തുടങ്ങിയ കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിത്തുടങ്ങി.

അങ്ങനെയിരിക്കുമ്പോള്‍, വാര്‍ദ്ധക്യത്തിന്‍റെ പിടിയിലും ഒരു സിംഹത്തിന്‍റെ ഗാംഭീര്യമുണ്ടായിരുന്ന മലാടിഹള്ളി സ്വാമികളുടെ അരികില്‍ നിന്നും അഭ്യസിച്ച യോഗാഭ്യാസം മുടങ്ങാതെ ചെയ്‌തുപോന്നു. അങ്ങനെ യോഗ ചെയ്‌തുകൊണ്ടിരുന്നെങ്കിലും ആത്മീയ കാര്യങ്ങളില്‍ താല്‍പര്യമൊന്നും അദ്ദേഹത്തിനു തോന്നിയിരുന്നില്ല. പകരം ജനങ്ങളുടെ ഇടയിലുള്ള ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ചിന്തകളാണ്‌ അദ്ദേഹത്തിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നിരുന്നത്‌. ഇക്കാലത്ത്‌ അദ്ദേഹം പ്രീ യൂണിവേഴ്സിറ്റി ജയിച്ച്‌ ഡിഗ്രിക്കു പഠിക്കുവാന്‍ യോഗ്യത നേടി. നേരാംവണ്ണം ക്ലാസുകളൊന്നും അറ്റന്‍ഡു ചെയ്‌തില്ലെങ്കിലും മകന്‍ പി.യു.സി ജയിച്ചതില്‍ പിതാവായ ഡോക്‌ടര്‍ വാസുദേവിനു വളരെ സന്തോഷം ഉണ്ടായി.

അദ്ദേഹം മകനോട്‌ `എം.ബി.ബി.എസ്‌ സീറ്റിനു ശ്രമിക്കട്ടെ?” എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം നിഷേധാര്‍ത്ഥത്തിലാണ്‌ മറുപടി പറഞ്ഞത്‌.

അപ്പോള്‍, “എന്നാല്‍ നിനക്കിഷ്‌ടമുള്ള വിഷയമെടുത്ത്‌ ബിരുദത്തിനു പഠിക്ക്” എന്ന്‍ ഡോക്‌ടര്‍ വാസുദേവ്‌ പറഞ്ഞു.

“ബിരുദമോ? എനിക്കങ്ങനെയൊരു ചിന്ത ഇല്ലേ ഇല്ല. നിങ്ങള്‍ക്കുമതു വേണ്ട” എന്ന്‍ മകന്‍ പറഞ്ഞ മറുപടി കേട്ട്‌ ഡോക്‌ടര്‍ വാസുദേവ്‌ വിഷണ്ണനായി നിന്നു.