കുഞ്ഞുങ്ങളുടെ പരിപാലനത്തിന് അത്യന്താപേക്ഷിതമായ അഞ്ചുപായങ്ങള്‍
 
 

सद्गुरु

ഉത്തമ മാതാപിതാക്കളായിരിക്കുക എന്നതേവരുടേയും ആഗ്രഹമാണ്. പക്ഷെ എങ്ങിനെയതു നന്നായി ചെയ്യാനാകും എന്നതൊരുകാലത്തും ആരും നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വസ്തുതയാണ്. പന്ത്രണ്ടു മക്കളുണ്ടെങ്കില്‍പോലും നിങ്ങളിപ്പോഴുമൊരുത്തമ രക്ഷിതാവാകാന്‍വേണ്ടുന്ന അടവുകള്‍ അഭ്യസിച്ചുകൊണ്ടിരിക്കുകയാവും.

മക്കളെ (ചെറിയ കുട്ടികളോ കൌമാരക്കാരോ ആവട്ടെ) വളര്‍ത്തുന്ന കാര്യത്തില്‍ വളരെ വ്യത്യസ്തമായൊരു കാഴ്ചപ്പാടാണ്, യോഗിയും മിസ്റ്റിക്കും ദാര്‍ശനികനുമായ സദ്ഗുരു ഈ ലേഖനത്തിലൂടെ അവതരിപ്പിക്കുന്നത്. സന്തതിപാലനത്തെ സംബന്ധിച്ച് സദ്ഗുരു നല്‍കുന്ന ഉപദേശങ്ങള്‍ മക്കളും മാതാപിതാക്കളും തമ്മില്‍ സ്വസ്ഥമായൊരു ബന്ധം വളര്‍ത്തിയെടുക്കാന്‍ വളരെയേറെ സഹായകമാവും. നമുക്ക് ഓരോന്നും പരിശോധിച്ചു നോക്കാം

സദ്ഗുരു: ഒത്തിരിനേരമ്പോക്കുള്ള സംഗതിയാണ് മാതാപിതാക്കളായിരിക്കുകയെന്നത്. എങ്ങിനെയതു നന്നായി ചെയ്യും എന്നതൊരുകാലത്തും ആരും നേരാംവണ്ണം മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വസ്തുതയാണ്. പന്ത്രണ്ടു മക്കളുണ്ടെങ്കില്‍പോലും നിങ്ങളിപ്പോഴുമൊരുത്തമ രക്ഷിതാവാവാന്‍വേണ്ടുന്ന അടവുകളഭ്യസിച്ചുകൊണ്ടിരിക്കുകയാവും. പതിനൊന്നു സന്തതികളെയും നന്നായി വളര്‍ത്തിയെടുത്തിരുന്നിരിക്കാം, പക്ഷേ, പന്ത്രണ്ടാമത്തേതിനു നിങ്ങളെ വെള്ളം കുടിപ്പിക്കാന്‍കഴിഞ്ഞുവെന്നു വരും.

നിങ്ങള്‍ ചിന്തിക്കാന്‍പോലും ഒരുമ്പെടാത്ത എന്തെങ്കിലും നിങ്ങളുടെ കുട്ടി നിശ്ചയമായും ചെയ്തിരിക്കണം. അപ്പോള്‍മാത്രമേ ഈ ലോകം പുരോഗമിക്കുകയുള്ളു.

1. സമുചിതമായ അന്തരീക്ഷം ഒരുക്കുക

അവശ്യം വേണ്ടുന്ന പരിതസ്ഥിതി ഒരുക്കുക എന്നത് മാതാപിതാക്കളുടെ ഏറ്റവും പ്രാധാന്യമുള്ള ധര്‍മ്മമാണ്. അതായത്, വീട്ടിലും, നിങ്ങളുടെയുള്ളിലും ആനന്ദത്തിന്‍റെയും, സ്നേഹത്തിന്‍റെയും, ശ്രദ്ധയുടെയും, അച്ചടക്കത്തിന്‍റെയും മനോഭാവം നിലനിര്‍ത്തുക. അവന് സ്നേഹവും പിന്‍ബലവും നല്‍കുകയെന്നതാണ് സ്വന്തം കുട്ടിക്കുവേണ്ടി നിങ്ങള്‍ക്കു ചെയ്യാവുന്ന ഒരേയൊരു കാര്യം. അവന്‍റെ ബുദ്ധി നൈസര്‍ഗ്ഗികമായി വിടര്‍ന്നു വികസിക്കാന്‍പോന്ന സ്നേഹാന്തരീക്ഷം ഒരുക്കികൊടുക്കുക. ഈശ്വരതുല്യമായ വിശുദ്ധിയോടെയാണ് ശിശു ജീവിതത്തെ കാണുന്നത്. അതുകൊണ്ട് നിങ്ങളും കുട്ടിയോടൊപ്പമിരുന്ന് അവന്‍ ചെയ്യുന്നതുപോലെ, ജീവിതത്തെ ആദ്യമായിട്ടെന്നോണം വീക്ഷിക്കുക. നിങ്ങളുടെ മകനെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ സ്വന്തം ജീവിതത്തില്‍ ചെയ്തതെന്താണോ, അതുതന്നെ അവനും ചെയ്യുക എന്നതിലെന്തു പ്രസക്തിയാണുള്ളത്? നിങ്ങള്‍ ചിന്തിക്കാന്‍പോലും ഒരുമ്പെടാത്ത എന്തെങ്കിലും നിങ്ങളുടെ കുട്ടി നിശ്ചയമായും ചെയ്തിരിക്കണം. അപ്പോള്‍മാത്രമേ ഈ ലോകം പുരോഗമിക്കുകയുള്ളു, ഈ ലോകത്തിലെന്തെങ്കിലുമൊക്കെ സംഭവിക്കുകയുള്ളു.

അടുത്ത തലമുറ എന്നേക്കാളും നിങ്ങളേക്കാളും മുന്നിലാണെന്ന് ഉറപ്പാക്കുകയാണ് മനുഷ്യരാശി നിറവേറ്റേണ്ട അടിസ്ഥാന ചുമതല. അടുത്ത തലമുറ ആനന്ദത്തോടു കൂടിയിരിക്കണമെന്നതു പോലെ തന്നെ, ഭയം, സങ്കീര്‍ണ്ണത, ശത്രുത, കഷ്ടത ഇവയില്‍നിന്നൊക്കെയൊഴിഞ്ഞുമാറി വേണം ജീവിക്കേണ്ടതെന്നത് വളരെ പ്രധാനപ്പെന്ന സംഗതിയാണ്. നിശ്ചയമായും നാം ലക്ഷ്യമിടേണ്ടതതിനുവേണ്ടിയായിരിക്കണം. നിങ്ങളേക്കാള്‍ അല്‍പമെങ്കിലും മെച്ചപ്പെട്ട ഒരു മനുഷ്യജീവിയെ ഉത്പാദിപ്പിക്കുക എന്നതായിരിക്കണം അടുത്ത തലമുറയ്ക്ക് നിങ്ങള്‍ നല്‍കേണ്ട സംഭാവന.

2. കുട്ടിക്ക് ആവശ്യമുള്ളതെന്താണെന്നു മനസ്സിലാക്കുക

ചില മാതാപിതാക്കള്‍, മക്കളെ അങ്ങേയറ്റം മിടുക്കരാക്കുക എന്ന അതിമോഹം കൊണ്ട് അവരെ വളരെ കഷ്ടപ്പെടുത്താറുണ്ട്. എന്താണോ തങ്ങള്‍ക്കാവാന്‍കാഴിയാതെ പോയത്, തങ്ങളുടെ മക്കളതായിത്തീരണമെന്നാണവര്‍ ആഗ്രഹിക്കുന്നത്. സ്വന്തം അതിമോഹങ്ങള്‍ മക്കളിലൂടെ സഫലീകരിക്കാന്‍വേണ്ടി മക്കളോട് ചില മാതാപിതാക്കള്‍ അങ്ങേയറ്റം ക്രൂരത കാട്ടിയിട്ടുണ്ട്, വേറെ ചില മാതാപിതാക്കളാവട്ടെ, സ്നേഹം പകരുകയാണെന്ന ധാരണയില്‍ മക്കളെ അമിതമായി ലാളിച്ചു ശക്തിഹീനരും, അതുവഴി ഈ ലോകത്തില്‍ ഒന്നിനും കൊള്ളരുതാത്തവരുമാക്കി മാറ്റിയിട്ടുണ്ട്.

പണ്ട്, കാശ്മീര്‍ശൈവസമ്പ്രദായത്തില്‍പ്പെട്ട ഒരു യോഗി ഉണ്ടായിരുന്നു. (വളരെ ശക്തമാണ് സപ്തയോഗങ്ങളിലൊന്നായ ഈ സമ്പ്രദായം. പൊതുവേ കാശ്മീരിലെ ഭാഗങ്ങളില്‍ നിലനിന്നതുകൊണ്ട് അതിന് ആ പേരു കൈവന്നുവെന്നുമാത്രം.) ഒരു ദിവസം, ലേശം ഉടഞ്ഞയൊരു ശലഭക്കൂട് ഈ യോഗിയുടെ ശ്രദ്ധയില്‍പ്പെട്ടു. ആ അറയ്ക്കുള്ളിലിരുന്ന ശലഭക്കുഞ്ഞു പുറത്തുകടക്കുവാന്‍വേണ്ടി ബുദ്ധിമുട്ടുകയായിരുന്നു. കാരണം, ആ അറയുടെ പുറംചട്ട നല്ല കടുപ്പമുള്ളതായിരുന്നു. പൊതുവേ, തുടര്‍ച്ചയായി 48 മണിക്കൂര്‍ മല്ലടിച്ചശേഷമാവും അറയില്‍നിന്നു പുറത്തുവരാന്‍ ശലഭത്തിനു കഴിയുക. പുറത്തുവരാന്‍ കഴിഞ്ഞില്ലെങ്കിലോ, അതിന്‍റെ ജീവന്‍ പോവുമെന്ന കാര്യം ഉറപ്പ്. ഇതു കണ്ടിട്ടലിവു തോന്നിയ ആ യോഗി ശലഭത്തിന് അനായാസം പുറത്തുവരാന്‍ പാകത്തില്‍ തന്‍റെ നഖംകൊണ്ട് അറ സ്വല്‍പം തുറന്നുവയ്ക്കുകയും, അത് പുറത്തുവരികയും ചെയ്തു. പക്ഷേ, പുറത്തുവന്ന ശലഭത്തിന് പറക്കാന്‍ ശേഷി ഉണ്ടായിരുന്നില്ല. അറയില്‍നിന്നു പുറത്തുകടക്കാന്‍വേണ്ടി നടത്തുന്ന മല്ലിടലാണ് ചിത്രശലഭത്തിന് പറക്കാന്‍ ശക്തി നല്‍കുന്നത്. പറക്കാന്‍ കഴിയാത്ത ചിത്രശലഭത്തെ എന്തിനു കൊള്ളാം? സ്നേഹം കൊടുക്കുകയാണെന്ന ധാരണയിലൊത്തിരിയാളുകള്‍ സ്വന്തം മക്കളെ ഈ വിധത്തിലാക്കിയിട്ടുണ്ട്. അത്തരത്തിലുള്ള കുട്ടികള്‍ക്കു ജീവിത്തില്‍ പറന്നുയരാനേയാവുന്നില്ല.

എല്ലാ കുട്ടികള്‍ക്കും പറ്റിയ ഏകീകൃതമായൊരു നിയമമില്ല. ഓരോ വിധത്തിലാണ് ഓരോ കുട്ടിയും. ഇവിടെ പ്രധാനം, നമ്മുടെ തന്നെ വിവേകം ഉപയോഗിക്കുകയെന്നതാണ്. എത്രത്തോളം ആവാം എത്രത്തോളം പാടില്ല എന്നൊക്കെ കൃത്യമായി വരച്ചു കാട്ടാനാവില്ല. ഓരോ കുട്ടിയെയും ഓരോ രീതിയില്‍വേണം ശ്രദ്ധിക്കുകയും സ്നേഹിക്കുകയും ശാസിക്കുകയും ചെയ്യേണ്ടത്. ഞാന്‍ തെങ്ങിന്തോപ്പില്‍ നില്‍ക്കുമ്പോള്‍ നിങ്ങളെന്‍റടുത്തുവന്ന്, ഒരു ചെടിക്കെത്ര വെള്ളമൊഴിക്കണം എന്നു ചോദിച്ചാല്‍, കുറഞ്ഞത് 50 ലിറ്ററെന്നാവും എന്‍റെ മറുപടി. അതു കേട്ടിട്ട് നിങ്ങള്‍ വീട്ടില്‍പോയി ഒരു റോസാച്ചെടിയുടെ ചോട്ടില്‍ 50 ലിറ്റര്‍ വെള്ളമൊഴിച്ചാലോ... അതുവേരറ്റുപോയതു തന്നെ! വീട്ടിലുള്ളതേതു തരം ചെടിയാണെന്ന കാര്യം വേണം ആദ്യം കണക്കിലെടുക്കേണ്ടത്.

Mother

3. കുട്ടിയില്‍നിന്നു പഠിക്കുക

കുഞ്ഞു പിറന്നു കഴിഞ്ഞാല്‍ മിക്ക മുതിര്‍ന്നവരും കരുതുന്നത്, തങ്ങള്‍ക്കവനെ പഠിപ്പിക്കാന്‍ തുടങ്ങാന്‍ സമയമായിയെന്നാണ്. പുതിയൊരു ശിശു നിങ്ങളുടെ ഭവനത്തിലെ അംഗമായി എത്തുന്ന വേള പഠിപ്പിക്കാനുള്ളതല്ല, മറിച്ച് നിങ്ങള്‍ക്കു പഠിക്കാനുള്ളതാണ്, കാരണം, നിങ്ങള്‍ നിങ്ങളെത്തന്നെയും, കുട്ടിയെയും മാറിമാറി നിരീക്ഷിച്ചാല്‍ വ്യക്തമാവും, നിങ്ങളേക്കാള്‍ ആനന്ദമുള്ളത് ആ കുട്ടിക്കാണെന്ന്, അല്ലേ? അപ്പോള്‍, നിങ്ങളവരില്‍നിന്ന് പഠിക്കേണ്ടുന്ന സമയമാണിത്, മറിച്ചല്ല. നിങ്ങള്‍ക്കു കുട്ടിയെ പഠിപ്പിക്കാവുന്ന ഒരേയൊരു കാര്യം (അതൊരു പരിധിവരെ നിങ്ങള്‍ ചെയ്യുകയും വേണം) എങ്ങിനെ അതിജീവനം നടത്താമെന്നതാണ്. യാഥാര്‍ത്ഥ ജീവിതത്തിലേക്ക് എത്തിക്കഴിയുമ്പോള്‍, അനുഭവതലത്തിലൂടെ ഒരുപാടു കാര്യങ്ങള്‍ കുട്ടി സ്വയം മനസ്സിലാക്കിക്കൊള്ളും. അവന്‍റേതാണ് ജീവിതം, അവനതറിയുകയും ചെയ്യാം. നിങ്ങളുടെ കാര്യത്തില്‍ത്തന്നെ, മനസ്സില്‍കെട്ടി വരിഞ്ഞിട്ടിട്ടുള്ള ബന്ധനങ്ങളെയെടുത്തു കളയുകയാണെങ്കില്‍, നിങ്ങള്‍ എങ്ങിനെയാണു നിലനില്‍ക്കേണ്ടതെന്ന് നിങ്ങളുടെ ജീവോര്‍ജത്തിനറിയാം, നിങ്ങളുടെ മനസ്സിനു മാത്രമാണതറിയാത്തത്. മുതിര്‍ന്ന വ്യക്തികള്‍ പല യാതനകളും നേരിടുന്നു, ഒട്ടുമുക്കാലും സാങ്കല്‍പികമാണെന്നുമാത്രം. ശിശുക്കളാവട്ടെ, ഇനിയും ആ ഒരവസ്ഥയിലേക്ക് കടന്നിട്ടില്ല. അതുകൊണ്ടുതന്നെ, ഇത് പഠിക്കാനുള്ള സമയമാണ്, പഠിപ്പിക്കാനുള്ളതല്ല.

എല്ലാ കുട്ടികള്‍ക്കും പറ്റിയ ഏകീകൃതമായൊരു നിയമമില്ല. ഓരോ വിധത്തിലാണ് ഓരോ കുട്ടിയും.

4. അവനെ അവനായിരിക്കാന്‍വിടുക

മക്കള്‍ക്ക് മാതാപിതാക്കളെ ഒരിക്കലും ആവശ്യമേ ആവാത്ത രീതിയില്‍ത്തന്നെ വേണം അവരെ വളര്‍ത്തിക്കോണ്ടു വരുവാന്‍, മാതാപിതാക്കള്‍ മക്കളെക്കുറിച്ചു നേരായും ശ്രദ്ധയുള്ളവരാണെങ്കില്‍ മക്കളെ പരതന്ത്രരാക്കാന്‍ പോന്നതാക്കരുത്, മറിച്ച് സ്വതന്ത്രരാക്കാന്‍ പോന്നതാക്കണം. ശിശു ജനിച്ചു കഴിഞ്ഞാല്‍ ചുറ്റുപാടുകള്‍ നിരീക്ഷിക്കാനും, പ്രകൃതിയോടൊത്ത് സമയം പങ്കിടാനും, സ്വയം നിരീക്ഷിക്കാനുമൊക്കെ അവനെ അനുവദിക്കുക. സ്നേഹത്തിന്‍റെയും സംരക്ഷണത്തിന്‍റെയും അന്തരീക്ഷമൊരുക്കുകയും, അതേസമയം, നിങ്ങളുടെ സദാചാരങ്ങളും ആശയങ്ങളും മതവുമൊന്നും ഒരു വിധത്തിലും അവനില്‍ അടിച്ചേല്‍പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. കുട്ടിയെയും കുട്ടിയുടെ ബുദ്ധിയെയും വളരാനനുവദിക്കുകയും, താന്‍ പ്രത്യേക കുടുംബത്തിലേതാണെന്നോ, സമ്പത്തിന്‍റെ ഉടമയാണെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും മനസ്സില്‍കയറിക്കൂടാത്തവിധം മനുഷ്യജീവി മാത്രമായി, തന്‍റേതായ കാഴ്ചപ്പാടില്‍ ജീവിതത്തെ വീക്ഷിക്കാനവനെ സഹായിക്കുകയും ചെയ്യുക. ജീവിതത്തെ ഒരു സാധാരണ മനുഷ്യന്‍റെ കാഴ്ചപ്പാടില്‍ വീക്ഷിക്കാന്‍ സഹായിക്കുക എന്നത് കുട്ടിയുടെയും ലോകത്തിന്‍റെയും ക്ഷേമത്തിനത്യാവശ്യമാണ്. തനിക്കുവേണ്ടി ചിന്തിക്കുവാനും, എന്താണു തനിക്കത്യുത്തമമായിട്ടുള്ളതെന്നു തിരിച്ചറിയാനായി, സ്വന്തം ബുദ്ധി ഉപയോഗിക്കാനും, കുട്ടിയെ പ്രോത്സാഹിപ്പിക്കുക. അതാണ് കുട്ടി നന്നായി വളര്‍ന്നു വരാന്‍വേണ്ടി, എപ്പോഴും നിങ്ങള്‍ക്കു നിക്ഷേപിക്കാവുന്ന ഏറ്റവും നല്ല ഇന്‍ഷുറന്‍സ്!

9

5. മാതാപിതാക്കള്‍ ആഹ്ലാദത്തോടെയും ശാന്തിയോടെയും നിലകൊള്ളുക

കുട്ടിയെ നന്നായി വളര്‍ത്തിയെടുക്കാനാദ്യം വേണ്ടത് നിങ്ങള്‍ സന്തോഷവാന്മാരായിരിക്കുക എന്നതാണ്. എങ്ങിനെയാണ് ആഹ്ലാദത്തോടെ വര്‍ത്തിക്കുകയെന്നത് നിങ്ങള്‍ക്കു തന്നെയറിയില്ലായെന്നതാണ് പക്ഷെ പ്രശ്നം. കുട്ടി എന്നും സ്വഭവനത്തില്‍ കാണുന്നത് പിരിമുറുക്കവും, കോപവും, ഭീതിയും, ആശങ്കയും, അസൂയയും ഒക്കെയാണെങ്കില്‍ എന്താവും അവന് സംഭവിക്കാന്‍പോവുന്നത്? ഇതൊക്കെയല്ലേ അവനും പഠിക്കൂ? കുട്ടിയെ നന്നായി വളര്‍ത്തണമെന്ന് നിങ്ങള്‍ നേരായും ഉദ്ദേശിക്കുന്നുവെങ്കില്‍ നിങ്ങള്‍തന്നെ സ്നേഹവും ആഹ്ലാദവും ശാന്തിയും പ്രസരിപ്പിക്കുന്ന ഒരാളായി മാറിയേ തീരൂ. നിങ്ങള്‍ക്കു സ്വയം പരിവര്‍ത്തിപ്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍, പിന്നെ നല്ല രീതിയിലെങ്ങിനെ ഒരു കുട്ടിയെ വളര്‍ത്തിയെടുക്കാനാകും? കുട്ടികളെ നന്നായി വളര്‍ത്തണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ആദ്യം, സ്വന്തം കാര്യത്തില്‍ എന്തെങ്കിലും ചെയ്യാനാവുമോ എന്നു നോക്കുക. മാതാവോ പിതാവോ ആവാന്‍ ആഗ്രഹിക്കുന്ന ഓരോ വ്യക്തിയും ചെറിയൊരു പരീക്ഷണം നടത്തണം. സ്വസ്ഥമായൊന്നിരുന്നിട്ട്, സ്വജീവിതത്തിലെ കുഴപ്പമെന്താണ് സ്വജീവിതത്തിനെയെങ്ങിനെ നന്നാക്കിയെടുക്കാന്‍പറ്റും എന്നൊക്കെയൊന്നാലോചിച്ചു നോക്കുക. ബാഹ്യലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടിനെക്കുറിച്ച്, നിങ്ങളുടെ പെരുമാറ്റം, സംസാരം പ്രവര്‍ത്തനരീതി, ശീലങ്ങള്‍ ഇവയൊക്കെ മൂന്നു മാസങ്ങള്‍കൊണ്ടു മാറ്റിയെടുക്കാനാവുമെങ്കില്‍, നിങ്ങള്‍ക്ക് സ്വന്തം മക്കളെയും വിവേകപൂര്‍വ്വം കൈകാര്യം ചെയ്യാന്‍കഴിയും.

 
 
  0 Comments
 
 
Login / to join the conversation1