logo

ശിവൻ എന്ന സംഹാരകൻ

സാധാരണയായി ജനങ്ങൾ സംരക്ഷണത്തിനും സമൃദ്ധിക്കുമായി ദൈവത്തെ സമീപിക്കാറുണ്ട്, എന്നാൽ യോഗ സംസ്കൃതിയിൽ ശിവനെ സംഹാരകനായി ആരാധിക്കുന്നു. ഈ വ്യത്യസ്തമായ സമീപനത്തിന് പിന്നിലെ ജ്ഞാനം എന്താണ് എന്നറിയാം.

ചോദ്യം: യോഗയുടെ മുഴുവൻ ലക്ഷ്യവും മുക്തിയാണ് അല്ലെങ്കിൽ മോചനമാണെന്നാണ് ഞാൻ കരുതിയത് , പിന്നെ എന്തുകൊണ്ടാണ് ആദിയോഗിയായ ശിവൻ സംഹാരകനായി അറിയപ്പെടുന്നത്? എന്താണ് അദ്ദേഹം നശിപ്പിക്കാൻ ശ്രമിക്കുന്നത്?

സദ്ഗുരു: മറ്റൊരു ഗ്രഹത്തിൽ നിന്ന് മറ്റൊരു തരം ജീവി വരുന്നുണ്ടെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ എന്താണ് നിങ്ങൾ ചിന്തിക്കുക? "ഒരുപക്ഷേ അവന് എട്ട് കൈകളുണ്ടാകും. അവൻ ഒരു നായയെ പോലെയോ ആനയെ പോലെയോ കാണപ്പെടുമായിരിക്കാം!" നിങ്ങളുടെ എല്ലാ ചിന്താപ്രക്രിയകളും ഇതുവരെ നിങ്ങൾ അനുഭവിച്ചതിൽ നിന്ന് മാത്രമേ ഉടലെടുക്കൂ. അതുകൊണ്ട് നമുക്ക് ഇതുവരെ അനുഭവിക്കാത്ത മുക്തിയെ കുറിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കാം.

സംഹാരകനായ ശിവന്റെ പ്രാധാന്യം

ആദ്യം നമുക്ക് ബന്ധനം എന്താണെന്ന് മനസ്സിലാക്കാം. ബന്ധനം എന്താണെന്ന് മനസ്സിലാക്കി അത് ഇല്ലാതാക്കാൻ പ്രവർത്തിച്ചാൽ, അതാണ് മോചനം. ഒരു തരത്തിൽ ആത്മീയ പ്രക്രിയ ഒരു നെഗറ്റീവ് പ്രവർത്തനമാണ്. അതുകൊണ്ടാണ് ഇന്ത്യയിൽ നാം എപ്പോഴും ശിവനെ സംഹാരകനായി ആരാധിച്ചത്, കാരണം അത് നിങ്ങളെത്തന്നെ ഇല്ലാതാക്കുന്നതിനുള്ള ഒരു മാർഗ്ഗമാണ്. നിങ്ങളുടെ വ്യക്തിത്വത്തിന്റെ രൂപത്തിൽ നിങ്ങൾ സ്വയം സൃഷ്ടിച്ച പരിമിതമായ അളവ് - ഇപ്പോൾ നിങ്ങൾ നിങ്ങളെന്ന് കരുതുന്നതെന്തോ അതിനെ - നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയുമെങ്കിൽ, അതാണ് മോചനം.

നിങ്ങളുടെ മുഴുവൻ വ്യക്തിത്വവും- നിങ്ങളെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നതെന്നും നിങ്ങൾ എന്താണെന്ന് വിശ്വസിക്കുന്നതെന്നും, ശരീരവുമായും മനസ്സുമായുമുള്ള നിങ്ങളുടെ ആഴത്തിലുള്ള താദാത്മ്യം കൊണ്ട് മാത്രമാണ് നിങ്ങളിലേക്ക് വന്നത്. അഞ്ച് ഇന്ദ്രിയങ്ങളിലൂടെ മാത്രമാണ് നിങ്ങൾ ജീവിതം അനുഭവിക്കുന്നത് എന്നതുകൊണ്ടാണ് ഈ താദാത്മ്യം ഇത്ര ശക്തമായത്. അഞ്ച് ഇന്ദ്രിയങ്ങൾ ഉറങ്ങിപ്പോയാൽ, നിങ്ങളുടെ അനുഭവത്തിൽ നിങ്ങളോ ലോകമോ നിലനിൽക്കുന്നില്ല. ഇപ്പോൾ, ഇന്ദ്രിയങ്ങളുടെ പരിമിതമായ അനുഭവം മാത്രമാണ് നിങ്ങൾക്ക് ചുറ്റുമുള്ള ലോകവും നിങ്ങൾക്കുള്ളിലുള്ളതും അനുഭവിക്കാനുള്ള ഏക മാർഗ്ഗം.

അതുകൊണ്ട് നിങ്ങളുടെ ആദ്യ പ്രവർത്തി ഭൗതിക ശരീരവുമായും മനസ്സുമായുമുള്ള താദാത്മ്യം ഇല്ലാതാക്കുക എന്നതാണ്, അത് തന്നെയാണ് യോഗ ചെയ്യുന്നത്. യോഗയിലെ ആദ്യ പടി എപ്പോഴും ഇന്ദ്രിയാനുഭവങ്ങൾക്കതീതമായി എങ്ങനെ പോകാം എന്നതാണ്. ഇന്ദ്രിയാനുഭവങ്ങൾക്കപ്പുറം ജീവിതം അനുഭവിക്കാൻ തുടങ്ങുമ്പോൾ, സ്വാഭാവികമായും ശരീരവുമായും മനസ്സുമായുമുള്ള താദാത്മ്യം കുറഞ്ഞുവന്ന് പതുക്കെ അപ്രത്യക്ഷമാകുന്നു.

താദാത്മ്യം നശിപ്പിക്കുന്ന ശിവൻ

യോഗയുടെ ആദ്യ ഗുരുവായ ശിവൻ ഒരു സംഹാരകനായി വിശേഷിപ്പിക്കപ്പെടുന്നു, കാരണം ഈ താദാത്മ്യം നശിപ്പിക്കാതെ, ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും വിലപ്പെട്ടത് നശിപ്പിക്കാതെ, അതിനപ്പുറമുള്ളത് സംഭവിക്കില്ല; അതാണ് ഏറ്റവും വലിയ തടസ്സം. നിങ്ങൾ പുറത്തുവരാൻ വിസമ്മതിക്കുന്ന ഒരു കുമിളയാണത്. അത് പൊട്ടിപ്പോകുമോ എന്നതാണ് നിങ്ങളുടെ ഭയം. എന്നാൽ അതേസമയം, അതിരുകളില്ലാതെ ആകാൻ ആഗ്രഹിക്കുന്ന എന്തോ ഒന്ന് നിങ്ങൾക്കുള്ളിലുണ്ട്.

നിങ്ങൾ ആത്മീയത എന്ന് കരുതുന്നത് അതിരുകളില്ലാത്ത ഒരു കുമിള ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്. യഥാർത്ഥത്തിൽ അതിരുകളില്ലാത്ത കുമിള എന്ന് ഒന്നില്ല. ഏക കാര്യം കുമിള കുത്തിപ്പൊട്ടിക്കുക എന്നതാണ്. മുഴുവൻ പ്രപഞ്ചത്തെയും ഉൾക്കൊള്ളാൻ കഴിയുന്ന വിധം ഈ കുമിള വലുതാക്കേണ്ട ആവശ്യമില്ല. അത് കുത്തിപ്പൊട്ടിച്ചാൽ, നിങ്ങൾ അതിരുകളില്ലാത്തവനാകും. എല്ലാ അതിരുകളും ഇല്ലാതാകും.

ശരീരവുമായും മനസ്സുമായും താദാത്മ്യം ഇല്ലാതിരിക്കുക എന്നാൽ കീറി പറിഞ്ഞ വസ്ത്രം ധരിക്കുക, കുളിക്കാതിരിക്കുക, ദുർഗന്ധത്തോടെ നടക്കുക, ചുറ്റുമുള്ളവർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുക എന്നൊക്കെയാണെന്നാണ് സാധാരണ ആളുകൾ കരുതുന്നത്. അല്ല. താദാത്മ്യം ഇല്ലാതിരിക്കുക എന്നത് ഒന്ന്; അത് പരിപാലിക്കാതിരിക്കുക എന്നത് മറ്റൊന്ന്. നിങ്ങൾ അതുമായി താദാത്മ്യം പുലർത്തുന്നില്ല, എന്നാൽ അതുമായി ബന്ധപ്പെട്ട് ചെയ്യേണ്ടതെല്ലാം നിങ്ങൾ ചെയ്യുന്നുമുണ്ട്.  ഇങ്ങനെയാണെങ്കിൽ ശരീരത്തിന്റെയും മനസ്സിന്റെയും പ്രക്രിയയിൽ നിന്ന് സ്വതന്ത്രനാകും. നിങ്ങളുടെ ജീവിതത്തിലെ ഈ രണ്ട് പരിമിതികൾ അല്ലെങ്കിൽ ബന്ധനങ്ങൾ മാത്രമാണുള്ളത്. ഈ രണ്ടിനെയും മറി കടന്നാൽ, നിങ്ങൾ അതിരുകളില്ലാത്തവനാകും. നിങ്ങൾ സ്വയം അതിരുകളില്ലാത്ത ജീവിയായി അനുഭവിച്ചാൽ, നിങ്ങൾ സ്വയം മുക്തനെന്ന് വിളിക്കില്ലേ?

    Share

Related Tags

Get latest blogs on Shiva