ബദരിനാഥിനെക്കുറിച്ച് ഒരു ഐതിഹ്യമുണ്ട്. ഇവിടെയാണ് ശിവനും പാർവതിയും താമസിച്ചിരുന്നത്. ഹിമാലയത്തിൽ ഏകദേശം 10,000 അടി ഉയരത്തിലുള്ള മനോഹരമായ സ്ഥലമാണിത്. ഒരു ദിവസം നാരദൻ വിഷ്ണുവിനെ സമീപിച്ച് പറഞ്ഞു, "നിങ്ങൾ മനുഷ്യർക്ക് ഒരു മോശം ഉദാഹരണമാണ്. എല്ലായ്പ്പോഴും നിങ്ങൾ ആദിശേഷനിൽ കിടക്കുകയാണ്, നിങ്ങളുടെ ഭാര്യ ലക്ഷ്മി നിങ്ങളെ സേവിച്ച് വഷളാക്കുന്നു. ഭൂമിയിലെ മറ്റ് ജീവജാലങ്ങൾക്ക് നിങ്ങൾ ഒരു നല്ല മാതൃകയല്ല. സൃഷ്ടിയിലെ മറ്റെല്ലാ ജീവികൾക്കും വേണ്ടി നിങ്ങൾ അർത്ഥവത്തായ എന്തെങ്കിലും ചെയ്യണം."
ഈ വിമർശനത്തിൽ നിന്ന് രക്ഷപ്പെടാനും സ്വയം ഉന്നമനത്തിനായും വിഷ്ണു തന്റെ സാധനയ്ക്ക് അനുയോജ്യമായ സ്ഥലം തേടി ഹിമാലയത്തിലേക്ക് പോയി. അദ്ദേഹം ബദരിനാഥ് കണ്ടെത്തി - താൻ ആഗ്രഹിച്ചതുപോലെ എല്ലാം ഉള്ള ഒരു മനോഹരമായ ഇടം - സാധനയ്ക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം.
അവിടെ ഒരു വീട് കണ്ടെത്തി അദ്ദേഹം അതിനുള്ളിൽ കയറി. എന്നാൽ ഇത് ശിവന്റെ വാസസ്ഥലമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു - ആ മനുഷ്യൻ അപകടകാരിയാണ്. അദ്ദേഹം ദേഷ്യപ്പെട്ടാൽ, നിങ്ങളുടെ കഴുത്ത് മാത്രമല്ല, സ്വന്തം കഴുത്ത് പോലും മുറിക്കാൻ മടിക്കാത്ത ആളാണ്. ആ മനുഷ്യൻ വളരെ അപകടകാരിയാണ്.
അതിനാൽ വിഷ്ണു തന്നെത്തന്നെ ഒരു കൊച്ചുകുട്ടിയായി മാറ്റി വീടിന് മുന്നിൽ ഇരുന്നു. നടക്കാൻ പോയിരുന്ന ശിവനും പാർവതിയും വീട്ടിലേക്ക് മടങ്ങി വന്നു. അവർ തിരിച്ചെത്തിയപ്പോൾ, വീടിന്റെ പ്രവേശനകവാടത്തിൽ ഒരു കൊച്ചുകുട്ടി കരയുന്നുണ്ടായിരുന്നു. ഹൃദയം തകർന്ന് കരയുന്ന ഈ കുട്ടിയെ കണ്ടപ്പോൾ, പാർവതിയുടെ മാതൃവാത്സല്യം ഉണർന്നു, അവർ കുട്ടിയെ എടുക്കാൻ ആഗ്രഹിച്ചു. ശിവൻ അവരെ തടഞ്ഞുകൊണ്ട് പറഞ്ഞു, "ആ കുട്ടിയെ തൊടരുത്." പാർവതി മറുപടി നൽകി, "എത്ര ക്രൂരമാണിത്. അങ്ങനെ പറയാൻ എങ്ങനെയാണ് സാധിക്കുന്നത്?"
ശിവൻ പറഞ്ഞു, "ഇതൊരു നല്ല കുട്ടിയല്ല. എന്തിനാണ് ഇവൻ തനിയെ നമ്മുടെ വാതിൽക്കൽ എത്തിയത്? ചുറ്റും ആരുമില്ല, മഞ്ഞിൽ മാതാപിതാക്കളുടെ കാൽപ്പാടുകളും ഇല്ല. ഇതൊരു സാധാരണ കുട്ടിയല്ല." എന്നാൽ പാർവതി പറഞ്ഞു, "വേണ്ട! എന്നിലെ അമ്മയ്ക്ക് ഈ കുട്ടിയെ ഇങ്ങനെ വിടാൻ കഴിയില്ല," അവർ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി.
കുട്ടി വളരെ സന്തോഷത്തോടെ അവരുടെ മടിയിൽ ഇരുന്ന്, ശിവനെ നോക്കി ആനന്ദത്തോടെ ചിരിച്ചു. ഇതിന്റെ പരിണിതഫലം ശിവനറിയാമായിരുന്നു, എന്നാൽ അദ്ദേഹം പറഞ്ഞു, "ശരി, എന്താകുമെന്ന് നോക്കാം."
പാർവതി കുട്ടിയെ ആശ്വസിപ്പിച്ച് ഭക്ഷണം നൽകി വീട്ടിൽ വിട്ടിട്ട് സമീപത്തെ ചൂടുള്ള നീരുറവയിൽ കുളിക്കാൻ ശിവനോടൊപ്പം പോയി. അവർ തിരിച്ചെത്തിയപ്പോൾ, വാതിലുകൾ അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് കണ്ടു. പാർവതി ഞെട്ടിപ്പോയി. "ആരാണ് വാതിൽ അടച്ചത്?" ശിവൻ പറഞ്ഞു, "ഞാൻ നിന്നോട് പറഞ്ഞില്ലേ, ഈ കുട്ടിയെ എടുക്കരുതെന്ന്. നീ കുട്ടിയെ വീട്ടിലേക്ക് കൊണ്ടുവന്നു, ഇപ്പോൾ അവൻ വാതിൽ പൂട്ടിയിരിക്കുന്നു."
പാർവതി ചോദിച്ചു, "നമ്മൾ എന്താണ് ചെയ്യേണ്ടത്?"
ശിവന് രണ്ട് മാർഗങ്ങളുണ്ടായിരുന്നു: ഒന്ന്, തന്റെ മുന്നിലുള്ളതെല്ലാം കത്തിച്ചുകളയുക. മറ്റൊന്ന്, വേറൊരു വഴി കണ്ടെത്തി പോകുക. അങ്ങനെ അദ്ദേഹം പറഞ്ഞു, "നമുക്ക് മറ്റെവിടെയെങ്കിലും പോകാം. കാരണം അത് നിന്റെ പ്രിയപ്പെട്ട കുട്ടിയായതുകൊണ്ട്, എനിക്കതിനെ തൊടാൻ കഴിയില്ല."
ഇങ്ങനെയാണ് ശിവന് തന്റെ സ്വന്തം വീട് നഷ്ടപ്പെട്ടതും ശിവനും പാർവതിയും "അനധികൃത താമസക്കാരായതും"! അവർ താമസിക്കാൻ ഒരു ഉത്തമമായ സ്ഥലം തേടി നടന്ന് ഒടുവിൽ കേദാർനാഥിൽ സ്ഥിരതാമസമാക്കി. അദ്ദേഹത്തിന് അത് അറിയില്ലായിരുന്നോ എന്ന് നിങ്ങൾ ചോദിച്ചേക്കാം. പല കാര്യങ്ങളും നിങ്ങൾക്കറിയാം, എന്നിട്ടും അവ സംഭവിക്കാൻ നിങ്ങൾ അനുവദിക്കുന്നു.
യോഗ പാരമ്പര്യത്തിൽ ശിവന്റെ വിവേചനരഹിതമായ കരുണയെയും, മറ്റുള്ളവരുടെ ആഗ്രഹത്തോടുള്ള കുട്ടികളെപ്പോലെയുള്ള പ്രതികരണത്തെയും കുറിച്ച് നിരവധി കഥകളുണ്ട്. ഒരിക്കൽ, ഗജേന്ദ്രൻ എന്ന് പേരുള്ള ഒരു അസുരനുണ്ടായിരുന്നു. ഗജേന്ദ്രൻ നിരവധി തപസ്സുകൾ ചെയ്ത് ശിവനിൽ നിന്ന് ഒരു വരം നേടി - അദ്ദേഹം വിളിക്കുമ്പോഴെല്ലാം ശിവൻ അവനോടൊപ്പം ഉണ്ടാകുമെന്ന വരം.
ഗജേന്ദ്രൻ തന്റെ ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്കെല്ലാം ശിവനെ വിളിക്കുന്നത് കണ്ട് നാരദൻ, ഗജേന്ദ്രനോട് ഒരു കുസൃതി കാട്ടി. അദ്ദേഹം ഗജേന്ദ്രനോട് പറഞ്ഞു, "എന്തിനാണ് നീ ശിവനെ ഇടയ്ക്കിടെ വിളിക്കുന്നത്? നിന്റെ എല്ലാ വിളികൾക്കും അദ്ദേഹം പ്രതികരിക്കുന്നുണ്ട്. എന്തുകൊണ്ട് നീ അദ്ദേഹത്തോട് നിന്നിലേക്ക് പ്രവേശിച്ച് എല്ലായ്പ്പോഴും അവിടെതന്നെ താമസിക്കാൻ ആവശ്യപ്പെടുന്നില്ല, അങ്ങനെയെങ്കിൽ അദ്ദേഹം എപ്പോഴും നിന്റേതായിരിക്കില്ലേ?"ഗജേന്ദ്രൻ അത് ഒരു നല്ല ആശയമാണെന്ന് കരുതി അതനുസരിച്ച് ശിവനെ ആരാധിച്ചു. ശിവൻ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടപ്പോൾ, അവൻ പറഞ്ഞു "നീ എന്നിൽ താമസിക്കണം. നീ എവിടേക്കും പോകരുത്." ശിവൻ, ഒരു കുട്ടിയെപ്പോലെ അതിനോട് പ്രതികരിച്ച് ലിംഗരൂപത്തിൽ ഗജേന്ദ്രനിലേക്ക് പ്രവേശിച്ച് അവിടെ താമസിച്ചു.
കാലം മുന്നോട്ടുപോയപ്പോൾ, പ്രപഞ്ചം മുഴുവനും ശിവന്റെ അസാന്നിധ്യം അനുഭവപ്പെട്ടു. അദ്ദേഹം എവിടെയാണെന്ന് ആർക്കും അറിയില്ലായിരുന്നു. എല്ലാ ദേവന്മാരും ഗണങ്ങളും ശിവനെ തേടിനടന്നു. ഒരുപാട് തിരച്ചിലിന് ശേഷവും അദ്ദേഹം എവിടെയാണെന്ന് കണ്ടെത്താനാകാതെ വന്നപ്പോൾ, അവർ പരിഹാരം കണ്ടെത്താൻ വിഷ്ണുവിനെ സമീപിച്ചു. വിഷ്ണു സ്ഥിതിഗതികൾ നോക്കി പറഞ്ഞു, "അദ്ദേഹം ഗജേന്ദ്രനിലാണ്." പിന്നീട് ദേവന്മാർ അദ്ദേഹത്തോട് ചോദിച്ചു, ശിവനെ എങ്ങനെ ഗജേന്ദ്രനിൽ നിന്ന് പുറത്തെടുക്കാനാകും, കാരണം ശിവനെ തന്നിൽ വഹിച്ചുകൊണ്ട് ഗജേന്ദ്രൻ അമരനായിത്തീർന്നിരുന്നു.
പതിവുപോലെ, വിഷ്ണു ഒരു തന്ത്രം കണ്ടെത്തി. ദേവന്മാർ ശിവഭക്തരുടെ വേഷം ധരിച്ച് ഗജേന്ദ്രന്റെ രാജ്യത്തെത്തി വലിയ ഭക്തിയോടെ ശിവസ്തുതികൾ പാടാൻ തുടങ്ങി.
ശിവന്റെ മഹാഭക്തനായ ഗജേന്ദ്രൻ, ഇവരെ തന്റെ കൊട്ടാരത്തിൽ വന്ന് പാടാനും നൃത്തം ചെയ്യാനും ക്ഷണിച്ചു. ശിവഭക്തരുടെ വേഷത്തിലുള്ള ഈ ദേവന്മാരുടെ സംഘം വന്ന് വലിയ വികാരത്തോടെയും ഭക്തിയോടെയും പാടുകയും നൃത്തം ചെയ്യുകയും ചെയ്തു. ഗജേന്ദ്രനുള്ളിൽ ഇരുന്ന ശിവന് സ്വയം പിടിച്ചുനിർത്താൻ കഴിഞ്ഞില്ല, അദ്ദേഹത്തിന് പ്രതികരിക്കേണ്ടിയിരുന്നു. അങ്ങനെ അദ്ദേഹം ഗജേന്ദ്രനെ കഷണങ്ങളാക്കി കീറി പുറത്തുവന്നു!
ദൈവങ്ങളും രാക്ഷസന്മാരും, ദേവന്മാരും അസുരന്മാരും, ഉയർന്നവരും താഴ്ന്നവരും - എല്ലാവരും ശിവനെ ആരാധിക്കുന്നു, എല്ലാവർക്കും അദ്ദേഹമാണ് ദൈവം. വിഷ്ണു തന്നെ അദ്ദേഹത്തെ ആരാധിച്ചിരുന്നു. വിഷ്ണു എത്തരത്തിലുള്ള ഒരു ശിവ ഭക്തനായിരുന്നു എന്നതിനെക്കുറിച്ച് ഒരു മനോഹരമായ കഥയുണ്ട്.
ഒരിക്കൽ, വിഷ്ണു ശിവന് 1008 താമരപ്പൂക്കൾ സമർപ്പിക്കാമെന്ന് വാക്ക് നൽകി. അദ്ദേഹം താമരപ്പൂക്കൾ തിരഞ്ഞുപോയി, ലോകം മുഴുവനും തിരഞ്ഞശേഷം 1007 താമരപ്പൂക്കൾ മാത്രമേ കണ്ടെത്താൻ കഴിഞ്ഞുള്ളൂ. ഒരു പൂ കുറവായിരുന്നു. അദ്ദേഹം വന്ന് എല്ലാം ശിവന്റെ മുന്നിൽ വച്ചു. ശിവൻ കണ്ണ് തുറന്നില്ല, ഒരു പൂ കുറവായതിനാൽ അദ്ദേഹം വെറുതെ പുഞ്ചിരിച്ചു.
അപ്പോൾ വിഷ്ണു പറഞ്ഞു, "ഞാൻ കമലനയനൻ എന്നാണ് അറിയപ്പെടുന്നത്, അതായത് താമരക്കണ്ണുകൾ ഉള്ളവൻ. എന്റെ കണ്ണുകൾ താമരപ്പൂവിനെപ്പോലെ സുന്ദരമാണ്. അതുകൊണ്ട് ഞാൻ എന്റെ ഒരു കണ്ണ് സമർപ്പിക്കാം", ഉടനെ അദ്ദേഹം തന്റെ വലതുകണ്ണ് പിഴുതെടുത്ത് ലിംഗത്തിൽ വച്ചു. ഈ സമർപ്പണത്തിൽ സന്തുഷ്ടനായി ശിവൻ വിഷ്ണുവിന് പ്രസിദ്ധമായ സുദർശന ചക്രം നൽകി.